UPDATES

സര്‍വ്വത്ര ഉപ്പാണിവിടെ; വേനലില്‍ ഉപ്പു തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട കാസര്‍ഗോട്ടെ മനുഷ്യര്‍

ഉപ്പുവെള്ളം കയറി ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യന്ത്രം തകരാറിലായതിന് പിന്നാലെ വെള്ളവും ലഭിക്കാതെ വന്നതോടെ ഇവിടെ ഡയാലിസിസ് ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തി

കേരളത്തില്‍ ഏറ്റവുമധികം പുഴകളൊഴുകുന്ന ജില്ലയാണ് കാസര്‍ഗോഡ്. ചന്ദ്രഗിരി, ഷിറിയപ്പുഴ, ഉപ്പളപ്പുഴ, മധുവാഹിനി, പയസ്വിനി, തേജസ്വിനി, കാര്യങ്കോട് പുഴ… ഇങ്ങനെ നീളുന്നു പുഴകളുടെ നിര. പുഴകളാല്‍ ചുറ്റപ്പെട്ട പ്രദേശമെങ്കിലും, മാര്‍ച്ച് മുതല്‍ വേനല്‍ക്കാലം അവസാനിക്കുന്നതുവരെയും ഉപ്പുവെള്ളം കുടിക്കേണ്ടുന്ന ഗതികേടിലാണ് ഇവിടുത്തെ നാട്ടുകാര്‍. വെള്ളം വെള്ളം സര്‍വ്വത്ര… തുള്ളികുടിക്കാന്‍ ഇല്ലത്ര…  ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് കാസര്‍കോടിന്റെ അവസ്ഥ.

മധൂര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും, കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലും നിത്യോപയോഗത്തിനുള്ള കുടിവള്ളം നല്‍കുന്ന ബാവിക്കര കുടിവെള്ള പദ്ധതി ജില്ലയിലെ ജനങ്ങളുടെ തോരാക്കണ്ണീരായി മാറിയിരിക്കുവാണ് ഇവിടെ. ഫെബ്രുവരി അവസാന വാരത്തോടെ ആരംഭിക്കുന്ന ഉപ്പുവെള്ള ഭീഷണി ഇത്തവണ കഴിഞ്ഞ കാലങ്ങളേക്കാള്‍ രൂക്ഷമായി ജില്ലയെ ബാധിച്ചു. ഉപ്പിന്റെ അംശം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ വെള്ള വിതരണം ഇവിടെ നിര്‍ത്തിക്കളഞ്ഞു. ഉപ്പുവെള്ളം കാരണം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലെ ഉപകരണങ്ങള്‍ കേടാവുകയും ഡയാലിസിസ് സേവനം ആശുപത്രിയില്‍ അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഉപ്പുവെള്ളം കയറി ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യന്ത്രം തകരാറിലായതിന് പിന്നാലെ വെള്ളവും ലഭിക്കാതെ വന്നതോടെ ഇവിടെ ഡയാലിസിസ് ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഡയാലിസിസിനെത്തിയ രോഗികളെയെല്ലാം വള്ളമില്ലാത്തതിനാല്‍ ജീവനക്കാര്‍ തിരിച്ചയക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരടക്കം, 29 പേരാണ് പതിവായി ഇവിടെ നിന്നും സൗജന്യ ഡയാലിസിസ് ചെയ്തു മടങ്ങന്നത്. നഗരത്തിലെ ആറ് ആശുപത്രികളിലാണ് നിലവില്‍ ഡയാലിസിസ് ചെയ്തു വരുന്നത്. എല്ലാ ആശുപത്രികളിലും പതിവ് രോഗികളുണ്ടെന്നിരിക്കെയാണ് ജനറല്‍ ആശുപത്രിയിലെ പ്രശ്‌നമെന്നതും പരിഗണിക്കണം.

വലിയ പിടിപാടുകളൊന്നുമില്ലാത്ത സാധാരണ ജനങ്ങള്‍ അവരുടേതായ രീതിയില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയാണ്. നഗരസഭയിലെ 21-ആം വാര്‍ഡായ തളങ്കരയിലെ ഹൊമൂലയില്‍ താമസിച്ചുവരുന്ന 26 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ബോര്‍വെല്ലും ജലസംഭരണിയും, മോട്ടോറും നോക്കുകുത്തിയായതോടെ വെള്ളം വരാത്ത പൈപ്പിന് മുന്നില്‍ കുടങ്ങള്‍ നിരത്തി ഒരുകൂട്ടം വീട്ടമ്മമാര്‍ സമരം ചെയ്തു. സൗധ, റജീന, റുസാന, ശാരദ, ജമീല, സൗമ്യ, രമ്യ, രാധഗിരിജ, ജയ, ഷംല തുടങ്ങിയവര്‍ മുന്‍ നിരയില്‍ നിന്നു. കുടിക്കാനാ വെള്ളം വേണം മക്കളേ… രണ്ടു കൊല്ലം കയിഞ്ഞില്ലേ… എല്ലാം ശരിയാക്കിത്തരാന്ന് പറഞ്ഞ് പോയിറ്റ്…. ഉപ്പുവെള്ളോം ഇപ്പം കിട്ടാണ്ടായി. എന്നാ ചെയ്യാപ്പാ… പൈശകൊട്ത്ത് എത്രകാലം വെള്ളം മേങ്ങും? സമരത്തിനിടയില്‍ അവരോരുത്തരും വിളിച്ചു പറഞ്ഞത് മുദ്രാവാക്യങ്ങളായിരുന്നില്ല; എണ്ണി നിരത്തിയത് കണ്ണീരിന്റെ കഥകള്‍ മാത്രം.

“നഗര പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും വൃത്തിയാക്കി വരികയാണ്. ജനറല്‍ ആശുപത്രിയിലെ വെള്ള പ്രശ്‌നം അധികൃതര്‍ അറിയിക്കാത്തതിനാലാണ് ഡയാലിസിസ് ഡിപ്പാര്‍ട്ട്മെന്റിന് പ്രശ്‌നങ്ങള്‍ നേരിട്ടത്. അതിന് ഇപ്പോള്‍ നഗരസഭ പരിഹാരം കണ്ടിട്ടുണ്ട്”. നഗരസഭാ ചെയര്‍പേഴ്‌സണ്‍  ബീപാത്തിമ ഇബ്രാഹിം പറയുന്നു.

എന്നാല്‍ ഭരണ കക്ഷികള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പോലും വേര്‍തിരിവ് കാട്ടുകയാണെന്ന ആക്ഷേപവും ജില്ലയില്‍ ശക്തമാണ്. “ഞങ്ങള്‍ക്ക് വേണ്ടത് ഉപ്പുവെള്ളത്തില്‍ നിന്നും എന്നെന്നേക്കുമായുള്ള ശാപമോക്ഷമാണ്. ഇവിടുത്തെ ഓരോരുത്തരും അതാഗ്രഹിക്കുന്നു. മുപ്പത് കൊല്ലത്തിലേറെ പഴക്കമുള്ള കാസറഗോടിന്റെ ഈ ദു:ഖം അധികൃതര്‍ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. ഒരുമഴക്കാലം കൊണ്ടു തീരുന്നതല്ല ഈ മണ്ണിന്റെ ദാഹമെന്ന് ആദ്യം തിരിച്ചറിയുക. വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വര്‍ഗ്ഗീയം കളിക്കുന്ന നേരത്ത് ഉപ്പുകുടിച്ച് മടുത്ത ജനങ്ങള്‍ക്ക് താങ്ങായിനില്‍ക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്നത് കാണാന്‍ കൊതിക്കുന്ന സ്വന്തം വോട്ടര്‍മാരെ കണ്ണുനിറച്ച് കാണുക. ഇനി വരും വേനലിലെങ്കിലും നാടിനെ ഉപ്പുവെള്ളം കുടിപ്പിച്ച് കരയിക്കാതിരിക്കട്ടെ…” അവര്‍ പറയുന്നു.

“ഓരോ വോട്ടിന്റെം നേരം നോക്കി യോറ് വന്നിറ്റ് ഉപ്പില്ലാത്ത വെള്ളം തെരാന്ന് പറയും. ഞാള് വിജാരിക്കും, യോറ് പറീന്നത് ശെരിയെന്ന്… വോട്ട് കുത്തും. ഒരെ പിന്നെ കാണൂല… എത്ര കൊല്ലം കൊണ്ട് ഇതിങ്ങനെയീടെ… ഉപ്പ് തിന്ന് ഞാളെല്ലാം ചത്ത് പോയാലേ യോറ് പഠിക്കൂലൂ… പൈശ കൊട്ത്ത് മേങ്ങുന്ന വെള്ളത്തിന്റെ ഒര് കുപ്പിക്ക് 60 ഉര്‍പ്യ ഇത്രോട്ടം മേങ്ങാനാകും കുഞ്ഞീ ഇങ്ങനെ വെള്ളം..”. ചെന്നിക്കരയിലെ മൈമുന സങ്കടം പറയുന്നു.

1992-93 മുതല്‍ കരാറുകാരെവെച്ച് പണി നടന്നുവരുന്ന ബാവിക്കര സ്ഥിരം തടയണയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തോട്‌ അടുത്തതുപോലുമില്ല എന്നതാണ് വാസ്തവം. 92-93 കാലയളവില്‍ 95 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കാനൊരുങ്ങിയ സ്ഥിരം തടയണ കാലക്രമേണെ 2016-ലെത്തുമ്പോഴേക്കും 23 കോടിരൂപ പിന്നിട്ടിരിക്കുന്നു. കാസറഗോഡ് നഗരസഭയിലേയും പരിസര പഞ്ചായത്തുകളിലേയും ഒരു ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളാണ് ഉപ്പുവെള്ളക്കെതിയില്‍ നരകിക്കുന്നത്. 2005ല്‍ പുഴയില്‍ രണ്ട് തൂണുകള്‍ പുതുക്കിയശേഷം കരാറുകാരന്‍ പാതിവഴിയില്‍ പണി ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് 2012ല്‍ എസ്റ്റിമേറ്റ് പുതുക്കുകയും, 2013 ഫെബ്രുവരിയോടെ പണിയുടെ 20 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. അതിന് ശേഷം ബണ്ടു കെട്ടുന്നതിന് സ്ഥലം അനുയോജ്യമല്ലെന്നും പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിജിലന്‍സ് റിപ്പോര്‍ട്ടും ഇതേ ആവശ്യം പറഞ്ഞതോടെ, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പണി നിര്‍ത്തി.

1980 മുതല്‍ പയസ്വിനിക്ക് കുറുകെ പദ്ധതി പ്രദേശമായ ആലൂരില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍, ഓരോ വര്‍ഷവും വേനലടുക്കുന്നതോടെ താത്ക്കാലിക തടയണ കെട്ടിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. അര ലക്ഷം രൂപയില്‍ തുടങ്ങിയ തടയണനിര്‍മ്മാണത്തിന്റെ ചിലവ് ഇപ്പോള്‍ 12 ലക്ഷംവരെ ഉയര്‍ന്നുകഴിഞ്ഞു. നദിക്ക് കുറുകേ വയ്ക്കുന്ന ചാക്കുകള്‍ക്കണെങ്കില്‍ ദിവസങ്ങളുടെ ആയുസ്സ് മാത്രമേ കാണുകയുമുള്ളൂ. എന്നാല്‍ കാസര്‍ഗോഡ് എംഎല്‍എ പതിവുപോലെ കരാറുകാരനെ കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. മാറിമാറി വരുന്ന ഒരു ഭരണകൂടത്തിനും തടയണ നിര്‍മ്മാണം ആവശ്യമുള്ള പ്രവര്‍ത്തിയാണെന്ന് അറിയാത്തതല്ല, മറിച്ച് കരാറുകാരുടെ പിടിപ്പുകേടും അലംഭാവവുമാണ് ഇത്രയധികം പണം ഖജനാവില്‍ നിന്ന് ഒഴുകിയതിന് കാരണമെന്നുമാണ് സ്ഥലം എംഎല്‍എയുടെ വാക്കുകള്‍.

വര്‍ഷാവഷം വേനലെത്തുതിന് മുന്‍പ് തന്നെ തടയണയെക്കുറിച്ച് ചര്‍ച്ച തുടങ്ങും. പിന്നാലെ സിമന്റും പൂഴിയും രാസവളങ്ങളും കൊണ്ടുവരുന്ന ചാക്ക് ഒന്ന് കഴുകുക പോലും ചെയ്യാതെ മണല്‍ നിറച്ച് തടയണ കെട്ടുന്നതാണ് തുടര്‍ന്നു വരുന്ന രീതി. എന്നാല്‍ പരിസ്ഥിതിയെക്കൂടി പരിഗണിക്കുമ്പോള്‍, ഓരോ വര്‍ഷവും പുതിയ തടയണ കെട്ടുന്ന സമയത്ത് പഴയ തടയണയ്ക്കായി പുഴയിലെത്തിച്ച ചാക്കുകളെല്ലാം എടുത്തു കളഞ്ഞശേഷം മാത്രമേ പുതിയ തടയണ കെട്ടാന്‍ പാടുള്ളൂ. എന്നാല്‍ ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ചാക്ക് കെട്ടുകള്‍ തുടക്കകാലം മുതല്‍ എടുത്ത് കളയാതെ പുഴയില്‍ കെട്ടിക്കിടക്കുകയാണ്. 1980 മുതല്‍ ഇതുവരെ ഇവിടെ യാതൊരുവിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡിനെ മറ്റൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന ഗതികേടിലേക്ക് തള്ളിവിടുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

അളവില്‍ കവിഞ്ഞ ഉപ്പിന്റെ സാനിധ്യം കുടിവെള്ളത്തില്‍ കാണു സമയത്ത്, വെള്ളം ഉപയോഗിക്കരുതെന്ന് പത്രത്തില്‍ പരസ്യം നല്‍കി ഉദ്യോഗസ്ഥര്‍ കയ്യൊഴിയും. നാട്ടുകാരുടെ പ്രക്ഷോഭം വര്‍ധിച്ചതോടെ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു. ഇതോടെ ജനം പൂര്‍ണ്ണമായും ജലക്ഷാമത്തിലായി. വരള്‍ച്ചാക്കാലത്ത് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കളക്ടറേറ്റില്‍ യോഗം വിളിക്കുകയും സൗജന്യമായി പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റിക്കും നിരവധി വാട്ടര്‍ ടാങ്കുകള്‍ നല്‍കി സഹായിക്കാമെന്നുമുള്ള നിലപാടിലെത്തി. പഞ്ചായത്തുകള്‍ക്കെല്ലാം ടാങ്കറുകള്‍ അനുവദിച്ചുവെങ്കിലും, വാഹനങ്ങള്‍ വിട്ടു നല്‍കാന്‍ ഭരണകൂടത്തിനായില്ല. സ്വകാര്യ വ്യക്തികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നുവെങ്കിലും ഓഫര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇനി വളരെ കഷ്ടപ്പെട്ട് വണ്ടി ലഭ്യമായാലും ആവശ്യത്തിന് വിതരണം ചെയ്യാനുള്ള വെള്ളം പലയിടത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭിക്കാറില്ല. ഭൂഗര്‍ഭ ജലം പതിവിനേക്കാളേറെ താഴ്ചയിലേക്ക് പോകുന്ന സാഹചര്യത്തില്‍ പലരും കുടിവെള്ളം വിട്ടുനല്‍കാനും തയാറല്ല.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍