UPDATES

ട്രെന്‍ഡിങ്ങ്

തലസ്ഥാനത്ത് ഇനി കുടിവെള്ളം 22 ദിവസത്തേക്ക് കൂടി മാത്രം; ബദല്‍ മാര്‍ഗ്ഗം തേടി സര്‍ക്കാര്‍

നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം മുട്ടി കഴിഞ്ഞു. ബാക്കിയുള്ള ഇടങ്ങളില്‍ മുട്ടി മുട്ടിയില്ല എന്ന അവസ്ഥയില്‍ മുന്നോട്ട് പോവുകയാണ്. തലസ്ഥാനത്ത് പലയിടത്തും രൂക്ഷമായ ജലക്ഷാമമുണ്ട്. ഉള്ള വെള്ളം എല്ലായിടത്തും എത്തിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ മാസം ആദ്യം മുതല്‍ നഗരത്തിനുള്ളിലും വര്‍ഷങ്ങള്‍ക്ക് ശേഷം ജലക്ഷാമം രൂക്ഷമായി. 2013-ല്‍ ജലക്ഷാമമുണ്ടായിരുന്നുവെങ്കിലും വേനല്‍മഴ തുണച്ചത് അന്ന് നഗരവാസികള്‍ക്ക് ആശ്വാസമായിരുന്നു. നഗരത്തിലേക്ക് ജലം എത്തിക്കുന്നതിലെ പ്രധാന ജല സംഭരണി പേപ്പാറയിലയിലെയാണ്. പേപ്പാറ ഡാമിലെ ജലനിരപ്പ് താഴ്ന്നതാണ് ജല നിയന്ത്രണത്തിന് വാട്ടര്‍ അതോറിറ്റി നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.

ജലക്ഷാമം രൂക്ഷമായത്തിനായില്‍ ജില്ലാകളക്ടറോടും കോര്‍പ്പറേഷന്‍ അധികൃതരോടും ബന്ധപ്പെട്ട് അടിയന്തരനടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ജി ശ്രീകുമാര്‍ പറഞ്ഞത്‌. ശ്രീകുമാര്‍ അഴിമുഖത്തോട്- ‘നഗരത്തില്‍ രണ്ടേകാല്‍ ലക്ഷം വാട്ടര്‍ കണക്ഷനുകളാണുള്ളത്. സാധാരണ 300 എംഎല്‍ഡി വെള്ളമാണ് വിതരണം ചെയ്യുന്നത്. മുമ്പ് വിതരണം ചെയ്യുന്നതുപോലെ ചെയ്താല്‍ മെയ് 17 വരെയെ ജനങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ സാധിക്കൂ. ഇതു കാരണം അതോറിറ്റി ജല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ പമ്പിങ് 50 ശതമാനമാക്കി. ബാക്കിയുള്ള ദിവസങ്ങളില്‍ 24 മണിക്കൂര്‍ വിതരണം ചെയ്യും. ഇപ്പോള്‍ തന്നെ 51 ഇടങ്ങളില്‍ ജലം ലഭിക്കുന്നില്ല. ഇവിടെങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യാനാണ് തീരുമാനം. നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആറു ദിവസം കൂടി കൂടുതല്‍ നഗരത്തില്‍ വെള്ളം വിതരണം ചെയ്യാന്‍ സാധിക്കും. മെയ് 23-ന് ശേഷം നെയ്യാര്‍ ഡാമില്‍ നിന്ന് അരുവിക്കരയില്‍ വെള്ളം എത്തിച്ച് വിതരണം ചെയ്യും.


നഗരത്തില്‍ വെള്ളം വിതരണം ചെയ്യുന്നത് പേപ്പാറ ഡാമിലെ ജലം ഉപയോഗിച്ചാണ്. 91 മീറ്ററാണ് ഡാമിന്റെ ജല നിരപ്പെങ്കിലും പമ്പ് ചെയ്യാവുന്ന പരമാവധി ജല നിരപ്പ് 86 മീറ്ററാണ്. നിലവിലെ സ്ഥിതി അനുസരിച്ച് പരമാവധി 22 ദിവസം കൂടിയെ ഇവിടെ നിന്ന് വെള്ളം ലഭിക്കൂ. അതുകൊണ്ട് ജലസേചന വകുപ്പുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. നെയ്യാര്‍ ഡാമില്‍ നിന്ന് കാപ്പുക്കാട് ഭാഗത്തൂടെ ഒന്നര കിലോമീറ്ററോളം പുതിയ പൈപ്പിട്ട് കുമ്പിള്‍ മൂട് തോട്ടിലെത്തിക്കുകയും അവിടുന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെ അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ സംഭരണിയിലേക്ക് വെള്ളം എത്തിക്കാനുമാണ് പദ്ധതി. ഒരു ദിവസം 100 എംഎല്‍ഡി വെള്ളം ഇങ്ങനെ പമ്പ് ചെയ്യും.

നെയ്യാര്‍ ഡാമില്‍ നിന്ന് അരുവിക്കരയിലേക്ക് വെള്ളം എത്തിക്കുന്നതിനായി കാപ്പുകാട് ഭാഗത്തെ ജലാശയത്തില്‍ ബുധനാഴ്ച രാവിലെ ഡ്രഡ്ജര്‍ ഇറക്കി വെള്ളം പമ്പുചെയ്ത് ക്ഷമത ഉറപ്പാക്കി കഴിഞ്ഞു. ഡ്രഡ്ജര്‍, വെള്ളം പമ്പുചെയ്യാന്‍ തീരുമാനിക്കുന്ന സ്ഥലത്ത് പ്ലാറ്റ്‌ഫോമില്‍ ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഡ്രഡ്ജര്‍ കൂടി സ്ഥാപിക്കുന്നുണ്ട്. ഇത് സ്ഥാപിച്ചാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം പമ്പു ചെയ്തു തുടങ്ങും. വെള്ളം കൊണ്ടു വരേണ്ട കുമ്പിള്‍മൂട് തോട് അണിയില കടവ് വരെ വൃത്തിയാക്കുകയും ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ നന്നാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഈ താല്‍ക്കാലിക പദ്ധതി തുടരുന്ന കാര്യം ചര്‍ച്ചയിലുണ്ട്. വാട്ടര്‍ അതോറിറ്റി നഗരത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടെങ്കിലെ ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കൂ. ജലം ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അനാവശ്യമായി ജലം പഴാക്കാതെ ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഈ ക്ഷാമത്തെ നമ്മുക്ക് മറികടക്കാം. പക്ഷെ ജനങ്ങളുടെ ഭാഗത്ത് നിന്ന് അത്രത്തോളം സഹകരണം ഉറപ്പായും ഉണ്ടാവണം.’

വാട്ടര്‍ അതോറിറ്റി കൃത്യമായി പഠിച്ച ശേഷമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നതെങ്കിലും നെയ്യാര്‍ ഡാമില്‍ ആവിശ്യത്തിന് വെള്ളമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഡാമില്‍ 13 മില്ല്യണ്‍ മീറ്റര്‍ ക്യൂബ് വെള്ളം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഡാമില്‍ വന്‍ തോതില്‍ മണ്ണിടിഞ്ഞ് കിടപ്പുണ്ട്. ഇനി ഡാമില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ സാധിച്ചെങ്കില്‍ തന്നെ വെള്ളം കുമ്പിള്‍മൂട് തോട് വഴി കൊണ്ടു പോകുന്നത് എത്രത്തോളം പ്രായോഗികമാകുമെന്നത് ചിന്തിക്കേണ്ടതാണ്. നഗരത്തിലേക്ക് ദിവസം ആവശ്യമായ വെള്ളത്തിന്റെ പകുതി മാത്രമായിരിക്കും ഈ താല്‍കാലിക സംവിധാനം വഴി എത്തിക്കാന്‍ കഴിയൂ. വാട്ടര്‍ അതോറിറ്റി തന്നെ പറയുന്നത് സാധാരണ ജല വിതരണം നടത്തുമ്പോള്‍ പല രീതിയില്‍ 30 ശതമാനത്തോളം വെള്ളം നഷ്ടപ്പെടുമെന്നാണ്. അങ്ങനെയെങ്കില്‍ ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുമോ? ജൂണില്‍ മഴ ലഭിക്കുമെന്ന കണകൂട്ടിലിലാണ് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ച മഴ ജൂണില്‍ കിട്ടിയില്ലെങ്കില്‍ നഗരത്തിലെ ജലവിതരണത്തിന്റെ അവസ്ഥ കൂടുതല്‍ ദുരിതത്തിലാവും.


ഈ അടിയന്തര പദ്ധതി നടപ്പിലാക്കാന്‍ എത്ര തുക ചെലവാകുമെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ചീഫ് എഞ്ചിനിയര്‍ പറഞ്ഞത്. ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതിക്കായി ആറുകോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. ദുരന്തലഘൂകരണ അതോറിറ്റിയില്‍ നിന്നാണ് പണം അനുവദിക്കുക. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജല അതോറിറ്റി ടെന്‍ഡര്‍ ക്ഷണിക്കാതെയാണ് പദ്ധതികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിന് ബുധനാഴ്ചത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആറുകോടിയില്‍ നിന്ന് ആവശ്യമായ പണം ഇതിനായി നല്‍കും. കൂടാതെ കുടിവെള്ളം എത്തിക്കുന്നതിന് എത്ര തുകവേണമെങ്കിലും വിനിയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ആലപ്പുഴയില്‍ നിന്ന് ജലസേചനവകുപ്പിന്റെ ഡ്രഡ്ജര്‍ എത്തിച്ചതിനുള്ള ചെലവും ക്രെയിന്‍ വാടകയും കുഴല്‍ സ്ഥാപിക്കുന്നതിനടക്കമുള്ള മറ്റുചെലവുകളുമാണ് ജലഅതോറിറ്റി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ബാക്കി ചെലവുകള്‍ ജലഅതോറിറ്റി കണക്കാക്കി വരുന്നതേയുള്ളൂ.

തലസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് ഒരു തുള്ളിവെള്ളം പോലും പാഴാക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി ജനങ്ങളോട് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. കാരണം ജല വിനിയോഗത്തില്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ അതിരൂക്ഷമായ ഫലങ്ങളായിരിക്കും ജനങ്ങള്‍ നേരിടേണ്ടി വരുക. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് 51 കിയോസ്‌കുകള്‍ സ്ഥാപിച്ച് മുന്‍സിപ്പാലിറ്റിയുടെയും ഫയര്‍ ഫോഴ്‌സിന്റെയും ടാങ്കറുകളില്‍ ജലം ലഭ്യമാക്കി വരുന്നുണ്ട്. അന്‍പത് പുതിയ കിയോസ്‌കുകള്‍ കൂടി സ്ഥാപിച്ച് ജലവിതരണം നടത്താനും നടപടിയായിട്ടുണ്ട്. അത്യാവിശ്യഘട്ടത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ ടാങ്കറുകള്‍ അനുവദിക്കുമെന്നും വരള്‍ച്ചാ അവലോകന യോഗത്തില്‍ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍