ജോര്‍ജ് കര്‍ണാടകത്തിലാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെ തന്നോടു സൂചിപ്പിച്ചിട്ടുള്ളതായും, അന്വേഷണം ത്വരിതപ്പെടുത്താന്‍ പൊലീസ് മടിക്കുന്നതായി സംശയിക്കുന്നുവെന്നും ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും എസ്.സി./ എസ്.ടി മോണിട്ടറിംഗ് കമ്മറ്റിയംഗവുമായ അമ്മിണി പറയുന്നു.
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിനെ പിടികൂടാത്തതില്‍ പ്രതിഷേധം കടുപ്പിക്കാനുറച്ച് ആദിവാസി സംഘടനകള്‍. വാര്‍ത്ത പുറത്തു വന്ന് എട്ടു ദിവസത്തോളമായിട്ടും ഒളിവിലുള്ള ജോര്‍ജിനെ കണ്ടെത്തി അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് ആദിവാസി അവകാശ പ്രവര്‍ത്തകരുടെ പരാതി. വീട്ടില്‍ ജോലിക്കെത്തിയിരുന്ന പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തോളമായി പീഢനത്തിനിരയാക്കിയ ജോര്‍ജ്, തനിക്കെതിരെ ചൈല്‍ഡ് ലൈനില്‍ പരാതിയെത്തി എന്നറിഞ്ഞതിനെത്തുടര്‍ന്ന് ഒളിവിലാണുള്ളത്.
ജോര്‍ജ് കര്‍ണാടകത്തിലാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെ തന്നോടു സൂചിപ്പിച്ചിട്ടുള്ളതായും, അന്വേഷണം ത്വരിതപ്പെടുത്താന്‍ പൊലീസ് മടിക്കുന്നതായി സംശയിക്കുന്നുവെന്നും ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും എസ്.സി./ എസ്.ടി മോണിട്ടറിംഗ് കമ്മറ്റിയംഗവുമായ അമ്മിണി പറയുന്നു. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ടെങ്കിലും, കേസ് ഒത്തുതീര്‍പ്പാക്കാനായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ ഇടപെടുന്നതായും ആരോപണമുയര്‍ന്നിരുന്നു. ദിവസങ്ങളോളമായി പല തരത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കൊപ്പം, ജോര്‍ജിന്റെ ബന്ധുക്കളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അമ്മിണി ചൂണ്ടിക്കാട്ടുന്നത്.
‘കേസ് തേയ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൂന്നേക്കര്‍ സ്ഥലം നല്‍കാമെന്നും, വീടു വച്ചുകൊടുക്കാമെന്നും, പെണ്‍കുട്ടിയെ നല്ലൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചോളാമെന്നും വീട്ടുകാരോട് ഓഫര്‍ ചെയ്യുന്നുണ്ട്. ഒ.എം ജോര്‍ജിന്റെ ബന്ധുക്കളാണ് ഇടപെടുന്നത്. മുന്‍കൂര്‍ ജാമ്യം എടുക്കുക എന്ന ഉദ്ദേശത്തിലാണ് ഒളിവില്‍ പോയിരിക്കുക. അറസ്റ്റു വൈകുന്നതിനിടെ കേസില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിചേര്‍ക്കലും അന്വേഷണവുമൊക്കെ കൃത്യമായി നടക്കുകയും, കുറച്ചു കാലം കഴിയുമ്പോള്‍ ഒഴിവാക്കിക്കളയുകയും ചെയ്യുന്ന രീതി ഇത്തരം കേസുകളില്‍ എത്രയോ തവണയായി ആവര്‍ത്തിക്കപ്പെടുന്നുണ്ട്. മുന്‍പുണ്ടായിരുന്ന കേസുകളിലെല്ലാം ഇതാണ് അവസ്ഥ എന്നറിയാവുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കാനുള്ള ധൈര്യം ഇവര്‍ക്കു കിട്ടുന്നത്.’
പെണ്‍കുട്ടിയെ മയക്കുഗുളികകള്‍ കൊടുത്ത ശേഷമാണ് പീഡിപ്പിച്ചതെന്നും വീടിനു പുറത്തുള്ളയിടങ്ങളിലെത്തിച്ചും ഉപദ്രവിച്ചിട്ടുണ്ടെന്നും നേരത്തേ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇടയ്ക്കിടെ സാമ്പത്തിക സഹായമെത്തിച്ചും പെണ്‍കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചു നല്‍കിയുമാണ് പീഡിപ്പിച്ചിരുന്നത്. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ജോര്‍ജിന്റെ സ്വാധീനം കേസിനെ പ്രതീകൂലമായി ബാധിച്ചേക്കും എന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് വാഗ്ദാനങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ച് കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുന്നതെന്ന് അമ്മിണി പറയുന്നു. ജോര്‍ജിന്റെ ഒളിത്താവളത്തെക്കുറിച്ച് പൊലീസില്‍ പലര്‍ക്കും വ്യക്തമായ അറിവുണ്ടെന്നും, ബോധപൂര്‍വം അറസ്റ്റു വൈകിപ്പിക്കുകയാണെന്നുമാണ് അമ്മിണിയുടെ പക്ഷം.
2007ല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ ആദിവാസി പെണ്‍കുട്ടിയെ കണ്ടെത്താന്‍ 2013 വരെ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടി വന്നതിനെക്കുറിച്ചും, 2006 നവംബറില്‍ കൂലിപ്പണിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആദിവാസി സ്ത്രീയുടെ തിരോധാനത്തെത്തുറിച്ചും, സമാനമായ 15ഓളം കേസുകള്‍ തെളിയിക്കാതെ കിടക്കുന്നതും ചൂണ്ടിക്കാണിച്ചാണ് അമ്മിണി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ‘എസ്.സി/ എസ്.ടി മോണിറ്ററിംഗ് യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും ആരും മുഖവിലയ്ക്കെടുക്കാറില്ല. സര്‍ക്കാര്‍ വാങ്ങിത്തരുന്ന ചായ കുടിക്കാനല്ല ഞങ്ങള്‍ അവിടെപ്പോയിരിക്കുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുക, അതു പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കാണാതാകുന്ന ആദിവാസി പെണ്‍കുട്ടികളെല്ലാം ലൈംഗിക ചൂഷണത്തിന് വിധേയരാകുകയാണ്. ഇവരെ പറഞ്ഞു മനസ്സുമാറ്റി, ദേഹപരിശോധനയ്ക്ക് സമ്മതമല്ലെന്നും താന്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പറയിച്ചിട്ടുള്ള പൊലീസുകാരും ഇവിടെയുണ്ട്. പട്ടിണി കിടക്കുന്നവരെ ഭക്ഷണം കൊടുത്തു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക എന്നതൊക്കെ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മറുപക്ഷത്ത് രാഷ്ട്രീയ നേതാവായതുകൊണ്ടാണ് ഈ മെല്ലെപ്പോക്ക്. നേരെ മറിച്ച് ഒരു ആദിവാസി പയ്യന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തെന്നറിഞ്ഞാല്‍ പോക്സോ ചുമത്തുന്ന പൊലീസിന് എല്ലാ കാര്യത്തിലും വലിയ വേഗമാണ്. എവിടെയായിരുന്നാലും കണ്ടെത്തി അറസ്റ്റു ചെയ്യും എന്ന് സംശയമില്ല.’
ജോര്‍ജിന്റെ വീടിനു തൊട്ടടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ അവധി ദിവസങ്ങളില്‍ ജോലിക്കെത്തിയിരുന്നപ്പോഴാണ് ഉപദ്രവിക്കുന്നത്. മാനസിക സംഘര്‍ഷം കാരണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും തടസ്സപ്പെട്ടു. കഴിഞ്ഞയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. പോക്സോ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം ചാര്‍ത്തിയിട്ടുള്ളത് ജാമ്യമില്ലാക്കുറ്റങ്ങളാണെങ്കിലും ഇതുവരെ ജോര്‍ജിനെ പിടികൂടാനായിട്ടില്ല. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ പ്രതികരണം. എസ്.എം.എസ് ഡി.വൈ.എസ്.പിയാണ് കേസന്വേഷിക്കുന്നത്. വിഷയത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ആദിവാസി സംഘടനകളുടെ യോഗവും വരുംദിവസങ്ങളില്‍ നടക്കും. പോക്സോ കേസുകളില്‍ പൊലീസ് സ്വീകരിക്കുന്ന നിസ്സംഗതയെ എതിര്‍ക്കാന്‍ വലിയ പ്രതിഷേധപരിപാടികള്‍ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ആസൂത്രണം ചെയ്യാനും ശ്രമമുണ്ട്.