UPDATES

നിലതെറ്റിയ കുന്നുകള്‍ നിലവിളിക്കുന്നു; മറക്കരുത്, പരിസ്ഥിതി ലോലമാണ് വയനാട്

കനത്തു പെയ്ത മഴയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞുപോയ സർവ്വതിനേയും തിരിച്ചുപിടിക്കാൻ ഒറ്റ മനസ്സോടെ ഒരുങ്ങുകയാണ് വയനാട്- ഭാഗം 1

സർവ്വ മേഖലകളിലും അതിവർഷം വിതച്ച നാശങ്ങളിൽ നിന്ന് പതുക്കെ കരകയറാനുള്ള നിശ്ചയദാർഢ്യത്തിന്റെ പുതുവഴികളിലാണ് വയനാട്. കാലങ്ങളായി ചേർത്തു പിടിച്ചതെല്ലാം ഒന്നോ രണ്ടോ ദിനങ്ങളിലെ ഉരുൾപൊട്ടലിലും കനത്ത മഴയിലും തകർന്നടിഞ്ഞു പോയവർക്ക് ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. വീടുകളും കൃഷിയിടങ്ങളും വളർത്തു മൃഗങ്ങളും എല്ലാം നഷ്ടപ്പെട്ട ഒരുപാട് ജീവിതങ്ങൾ വയനാട്ടിലുണ്ട്. സ്വന്തം അവസ്ഥകൾ വിവരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ടെങ്കിലും ജീവനെങ്കിലും തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിൽ അവർ ഒരു പുതിയ ജീവിതത്തിന്റെ ദിനങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു നാട് മുഴുവൻ അവർക്കൊപ്പം നിൽക്കുന്നു എന്നതാണ് അവരുടെ കരുത്ത്.

കൽപ്പറ്റയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം കുന്നിൻ ചെരിവുകളും തേയില തോട്ടങ്ങളും നിറഞ്ഞ മേഖലയാണ് പൊഴുതന ഗ്രാമപഞ്ചായത്ത്. ഏറ്റവും സാധാരണക്കാരായ തൊഴിലാളി വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശം. കുറിച്യർമല അടക്കമുള്ള വലിയ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശങ്ങൾ. മഴ മഹാപ്രളയമായി മാറിയ ഓഗസ്റ്റിലെ ആദ്യ ആഴ്ചകളിലാണ് ഈ മല അടക്കമുള്ള പൊഴുതനയിലെ വലിയൊരു ഭാഗം അതിശക്തമായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചു പോയത്. ഏകദേശം ഇരുന്നൂറ് ഏക്കറോളം വരുന്ന പ്രദേശങ്ങളിലൂടെ മലവെള്ളവും വലിയ പാറകളും ചെളിയും മണ്ണും മരങ്ങളും കുതിച്ചെത്തിയപ്പോൾ ആ മേഖല പാടെ തകർന്നു. വീടുകളും കൃഷിയിടങ്ങളും എല്ലാം നശിച്ചു. ജനവാസം കുറവായതിനാലും അപകട സാധ്യത തിരിച്ചറിഞ്ഞതിനാലും ആളപായം സംഭവിക്കാതെ രക്ഷപ്പെട്ടു എന്ന് പറയാം. കുറിച്യർമല, മേൽമുറി, സേട്ടുക്കുന്നു പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ വ്യാപകമായ നാശം വിതച്ചത്. ഒന്നിന് പിറകെ ഒന്നായി ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈ ഭാഗങ്ങളിൽ ഉണ്ടായി.

പൊഴുതനയിലെ താഴ്ന്ന പ്രദേശമായ ആറാം മൈലിൽ നിന്ന് വലിയ കുന്നിലൂടെയുള്ള റോഡ് വഴി വേണം മേൽമുറി അടക്കമുള്ള പ്രദേശങ്ങളിൽ എത്താൻ. ഈ കുന്നുകളിൽ തന്നെയാണ് ചെറുതും വലുതുമായ വീടുകളും. മേൽമുറിയിൽ എത്തുന്നതിനു തൊട്ടുമുൻപ് ഒരു മദ്രസ്സയുണ്ട്. അതിന്നൊരു എൽപി സ്കൂൾ ആണ്; കുറിച്യർമല എൽ പി സ്കൂൾ. ഉരുൾപൊട്ടലിൽ ശക്തമായ തോതിൽ ചെളി ഒഴുകിയെത്തി പുതഞ്ഞു പോയ സ്കൂളിന് പകരം അവിടുത്തെ 92 കുട്ടികൾക്ക് പഠനം തുടരാൻ ഒരുക്കിയ താത്ക്കാലിക വിദ്യാലയം.

മദ്രസ്സ സ്കൂളായതിനു പിന്നിലും ആ നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിന്റെ വലിയൊരു കഥയുണ്ട്. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നെത്തിയ ഒരുകൂട്ടം യുവാക്കളുടെ ആത്മസമർപ്പണത്തിന്റെ കഥയാണത്. 72 മണിക്കൂർ കൊണ്ടാണ് സൗകര്യം തീരെ കുറവായിരുന്ന മദ്രസ്സയെ അവർ ഒരു സ്കൂൾ ആക്കി മാറ്റിയത്; നാട്ടുകാരുടെ പൂർണ സഹായത്തോടെ. ചെറുപ്പക്കാരുടെ ആ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത് അനീസ് നാടോടി എന്ന ചേളാരി സ്വദേശിയായ കലാകാരനാണ്.

ഇപ്പോൾ മദ്രസ്സാ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തനം തുടങ്ങിയ കുറിച്യർമല എൽ.പി സ്കൂൾ, യു.പി സ്കൂൾ ആക്കി ഉയർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് സ്കൂൾ സന്ദർശിച്ച സി.കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നേരത്തെയുള്ള ഒരു കോടി നാല്പത്തൊന്നു ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങും.

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ വീടുകളും കൃഷിയിടങ്ങളും നശിച്ചു പോയവരുടെ പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ദുരിത ബാധിതർക്കൊപ്പം നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലരുടെയും നല്ല മനസ്സുകൂടി ഉണ്ടായിരിക്കുന്നത് പൊഴുതനയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

താത്ക്കാലികമായ സ്കൂളിൽ കുട്ടികൾ പാട്ടുപാടിയും കളിച്ചും ചിരിച്ചും സ്വയം മറക്കുമ്പോൾ ഉള്ളിൽ നീറുന്ന നഷ്ടബോധത്തിന്റെ കണ്ണീരുമായാണ് രക്ഷിതാക്കൾ കുട്ടികളുടെ ആഹ്ലാദത്തിൽ പങ്കുചേർന്നത്. സ്വസ്ഥമായി കിടന്നുറങ്ങിയിരുന്ന കിടപ്പാടം നഷ്ടമായത്തിന്റെ വേദന ആയിരുന്നു അവരുടെ മുഖങ്ങളിൽ.

ചെളിയിൽ പുതഞ്ഞ സ്കൂളിന് മദ്രസ്സയിൽ പുതിയ രൂപമാകുമ്പോൾ അതിനു പിന്നിൽ അലിഗഢ് മുസ്ലിം യുണിവേഴ്സിറ്റിയിലെയും പോണ്ടിച്ചേരി യുണിവേഴ്സിറ്റിയിലെയും ജെഎൻയുവിലയും വിദ്യാർത്ഥികളുടെ സഹായം കൂടി ലഭ്യമായിരുന്നു എന്നറിയുമ്പോഴാണ് ഒരു നാടിന്റെ പ്രതീക്ഷകൾക്ക് ജീവനേകുന്നത്. അനീസിന്റെ നേതൃത്വത്തിലുള്ള 45 പേര് നാട്ടുകാരുടെ സഹായത്തോടെ താത്ക്കാലികമായി സ്കൂളൊരുക്കി. ഗ്രീൻ പാലിയേറ്റീവ് എന്ന കൂട്ടായ്മയും ഇതിനു പിന്നിലുണ്ട്. ഉരുൾപൊട്ടലിൽ ചെളി വന്നു മൂടിയ കുറിച്യർമല എൽ പി സ്കൂൾ ഇനി ഒരു സ്മാരകം പോലെ നിലനിർത്താനുള്ള അഭിപ്രായം ജില്ലാ കളക്ടർ അടക്കമുള്ളവർ മുന്നോട്ട് വച്ചിട്ടുണ്ട്.

ഈ താത്കാലിക സ്കൂളും പിന്നിട്ട് വീണ്ടും വലിയ കുന്നു കയറിയാലാണ് ഉരുൾപൊട്ടൽ ഏറ്റവും നാശം വിതച്ച മേൽമുറി അടക്കമുള്ള പ്രദേശങ്ങളിൽ എത്തുക. പതിനഞ്ചിലേറെ തവണ ഉരുൾപൊട്ടിയപ്പോൾ മേല്‍മുറിയിലെയും സേട്ടുക്കുന്നിലെയും പതിനൊന്നിലേറെ വീടുകളാണ് തകർന്നത്. മേല്‍മുറിയിലെ പുതിയ പറമ്പിൽ നൗഫലിന്റെ ഗൃഹപ്രവേശം കാത്തിരുന്ന വീടും ഇക്കൂട്ടത്തിൽ നാമാവശേഷമായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി ഈയടുത്ത് പൂർത്തിയാക്കിയ വീട് കുറിച്യർമലയിലെ ഉരുൾപൊട്ടലിൽ പൂർണമായും തകർന്നു.

ഇരുപത്തിരണ്ടാം വയസ്സിൽ വീട് പണി തുടങ്ങിയതാണ് നൗഫൽ. ഇപ്പോൾ മുപ്പത്തിമൂന്ന് വയസ്സായി. കൂലിപ്പണിയിലെ തുച്ഛമായ വരുമാനവും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായവും പലപ്പോഴായി കൂടി ചേർന്നപ്പോൾ വീട് എന്ന സ്വപ്നം പതുക്കെ യാഥാർഥ്യമായത് കഴിഞ്ഞ മാസം. വീടിന്റെ തേപ്പ് ജോലികൾ മാത്രമായിരുന്നു ബാക്കി. കയറിക്കൂടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നൗഫലിന്റെ വീടിനെ ഉരുൾപൊട്ടൽ തുടച്ചു നീക്കിയത്. ഭാര്യ റുബീനയും കുഞ്ഞു മക്കളായ അൻസിയാ ബാനുവും മുഹമ്മദ് അൻസാരിയും അടങ്ങുന്ന നൗഫലിന്റെ കുടുംബം ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു.

സമീപത്തെ എട്ട് വീട്ടുകാരുടെ സഹകരണത്തോടെ നൗഫലിന്റെ വീട്ടിലേക്ക് എത്താൻ റോഡ് നിര്‍മ്മിച്ചിരുന്നു. ഇതും തകർന്നു. സമീപവാസികളായ പുതിയ പറമ്പിൽ ലത്തീഫിനും അഷ്രഫിനും പറയാനുള്ളത് സമാനമായ അനുഭവങ്ങൾ തന്നെ. ഉണ്ടായിരുന്ന വീട് മുഴുവൻ തകർന്നവർ. രണ്ട് ഏക്കറോളം വരുന്ന ഇവരുടെ പുരയിടത്തിൽ ഇനി ഉള്ളത് നാല്പത് സെന്റോളം മാത്രം. ബാക്കിയെല്ലാം ഒലിച്ചു പോയി. ആഗസ്ത് 9 ന് രാവിലെ പത്തരയോടെ ആയിരുന്നു ഇവരുടെ ജീവിതം തകർത്ത ഉരുൾപൊട്ടൽ. തൊട്ടു താഴെയുള്ള പി പി മൊയ്തുവിന്റെ വീട് തകർന്നതോടൊപ്പം ഏക വരുമാന മാർഗമായിരുന്ന ഏഴ് പശുക്കളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇവരുടെ പുരയിടം പോലും ഇപ്പോൾ കാണാനില്ല. ബന്ധുവീട്ടിലാണിപ്പോൾ മൊയ്തുവും കുടുംബവും.

മുളയംപറമ്പിൽ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള സ്ഥലം മുഴുവൻ ഒഴുകിപ്പോയി. സി കെ സൂപ്പി, കോടിയാടൻ സിദ്ധിഖ്, മലായി കുഞ്ഞിമ്മ, സി കെ മുഹമ്മദ്, പാറക്കാടൻ അലവി ഇങ്ങനെ ഇങ്ങനെ അഞ്ചു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുടെ വീടുകളും സ്ഥലങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു. ഇവരെല്ലാം ഇപ്പോൾ താത്കാലിക ഇടങ്ങളിൽ താമസിക്കുകയാണ്. ഇങ്ങനെ നിരവധി പേര് ഉരുൾപൊട്ടൽ അവശേഷിപ്പിച്ച നഷ്ടത്തിന്റെ കണ്ണീരിൽ കഴിയുന്നുണ്ട് ഈ പ്രദേശങ്ങളിൽ.

പൊഴുതനയുടെ ഒരു ഭാഗം വലിയ വനമാണ്. അതിനു സമീപം തന്നെയാണ് വലിയ പാറകൾ നിരന്നു നിൽക്കുന്ന കുറിച്യർമലയുടെ ഭാഗം. ഒരുപക്ഷെ അപകടത്തിന്റെ വ്യാപ്തി അല്പമെങ്കിലും കുറഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണം ഈ പാറക്കെട്ടുകളുടെ സുരക്ഷാ കവചമാണെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ഓഫീസർ പി യു ദാസ് പറയുന്നു. “കഴിഞ്ഞ അമ്പത് വർഷത്തിനിടെ വയനാട് ജില്ലയിൽ ഇതുവരെ കാണാത്ത മഴയാണ് പെയ്തത്. ഒന്നര വര്‍ഷം കിട്ടിയിരുന്ന മഴയ്ക്ക് സമമാണ് കഴിഞ്ഞ എൺപത് ദിവസം കൊണ്ട് പെയ്തത്. വയനാടിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ശരാശരി മഴ അളവ് 2400 മില്ലീ മീറ്റർ ആണ്. ഈ വര്‍ഷം ജൂൺ ഒന്ന് മുതൽ ഏകദേശം ഈയടുത്ത ദിവസം വരെയുള്ള കണക്കെടുത്താൽ 3850 മില്ലീ മീറ്റർ മഴയാണ് പെയ്തത്. കുറിച്യർമലയിൽ മാത്രം ഇത് ഏകദേശം 4800-നു മുകളിലാണ്. ഉരുള്‍പൊട്ടലുണ്ടായ പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറൻ ചെരിവും കിഴക്കൻ ചെരിവും നിൽക്കുന്ന കുറിച്യർമലയിലെ അതിർത്തി കണക്കാക്കി രേഖപ്പെടുത്തിയതാണ് ഇത്രയും അളവിലുള്ള മഴ. ഒരു തവണ മാത്രമേ പൊഴുതനയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളൂ. അതിനു ശേഷം ഉണ്ടായതെല്ലാം മണ്ണിടിച്ചിൽ ആണ്. ആദ്യ ഉരുള്‍പൊട്ടലിനു ശേഷം ബാലൻസ് തെറ്റി നിൽക്കുന്ന കുന്നായിരുന്നു കുറിച്യർമല. വീണ്ടും ശക്തമായ മഴ പെയ്തപ്പോൾ ദുർബലമായ ഭാഗങ്ങൾ ഇടിഞ്ഞു. ആ ചെളിയും മണ്ണുമാണ് കുറിച്യർമല സ്കൂളിന്റെ മുറ്റം വരെ എത്തിയത്.

ചില ദിവസങ്ങളിൽ പൊഴുതന ഭാഗത്ത് 440 മില്ലീ മീറ്റർ മഴ പെയ്തിരുന്നു. അതിതീവ്രമായ മഴയായിരുന്നു അത്. ഇതാണ് പാരിസ്ഥിതികമായ വലിയ പ്രശ്നങ്ങൾക്കിടയാക്കിയത്. പരിസ്ഥിതിലോലമാണ് വയനാട് എന്ന വസ്തുതയാണ് ഇതോടെ വ്യക്തമാവുന്നത്. ഈ തവണ വേനൽ മഴ വളരെ ശക്തമായിരുന്നു. മണ്ണ് കുതിർന്നു നിൽക്കുന്ന അവസ്ഥ. വലിയ ഇടവേളയില്ലാതെയാണ് ഈ മഴ തുടങ്ങിയത്. അതോടെ മണ്ണ് മുഴുവനും കുതിർന്നു. അങ്ങനെയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്”– പി യു ദാസ് പറഞ്ഞു.

പൊഴുതന പ്രദേശങ്ങളിലെ ഭൂവിനിയോഗം ഇനിയെങ്കിലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണെന്ന അഭിപ്രായവും വിദഗ്ധർ മുന്നോട്ട് വെക്കുന്നു. വലിയ കുന്നിൻ ചെരിവുകളിൽ അടുത്തടുത്തായാണ് ഇവിടങ്ങളിൽ രണ്ട് നില വീടുകളടക്കം പണിതിരിക്കുന്നത്. മേല്‍മുറിയിലടക്കം ഇങ്ങനെ കാണാവുന്നതാണ്. ഹിമാചല്‍ പ്രദേശിലേത് പോലെയുള്ള ചെറിയ വീടുകൾ എന്ന ലക്ഷ്യം ഈ പ്രദേശങ്ങളിൽ നടപ്പാക്കാനായാൽ ഇനിയെങ്കിലും അപകടങ്ങളുടെ വ്യാപ്തി കുറക്കാം എന്ന നിർദേശവും ഉയരുന്നുണ്ട്.

കുറിച്യർമല, വൈത്തിരി തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണ് വ്യാപകമായി നിരങ്ങി നീങ്ങിയിട്ടുണ്ട്. ഏക്കര്‍ കണക്കിന് വയലുകൾ കൃഷിയോഗ്യമല്ലാതായി. മറ്റു സ്ഥലങ്ങൾ വാസയോഗ്യമല്ലാതായി. അശാസ്ത്രീയമായ ഭൂവിനിയോഗവും പലതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കുന്നിടിക്കലും മണ്ണ് ഖനനം ചെയ്തതുമാണ് ഒരു പരിധി വരെ ദുരന്തങ്ങൾക്ക് വഴി വെച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മണ്ണിന്റെ സ്വാഭാവിക നില തെറ്റിയതാണ് മണ്ണ് നിരങ്ങി നീങ്ങുന്ന പ്രതിഭാസത്തിന് ഇടയാക്കിയത്.

നാല് മാസം മുൻപ് നടന്ന ഒരു പഠനത്തിൽ വയനാട്ടിൽ കഴിഞ്ഞ നാല്പത്തഞ്ചു വർഷത്തിനിടെ രൂപപ്പെട്ട നീർച്ചാലുകൾ എഴുപത് ശതമാനവും നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുകയുണ്ടായി. പ്രകൃതിദത്തമായ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുന്നത് വയനാടിന്റെ ഭൂഘടനയ്ക്കു ആപത്കരമാണ്. ഇത്തരത്തിൽ നീരൊഴുക്ക് മുഴുവൻ നശിച്ചത് അശാസ്ത്രീയമായ നിർമാണ പ്രവർത്തങ്ങളിലൂടെയാണ്. അത്തരം ഇടപെടലുകൾ ഒഴിവാക്കുക എന്ന വലിയ പാഠം കൂടി പ്രളയമൊഴിയുന്ന വയനാട് നമ്മെ പഠിപ്പിക്കുന്നുണ്ട്.

കനത്തു പെയ്ത മഴയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞുപോയ സർവ്വതിനേയും തിരിച്ചുപിടിക്കാൻ ഒറ്റ മനസ്സോടെ ഒരുങ്ങുകയാണ് വയനാട്. നഷ്ടബോധത്തിന്റെ നിരാശ പ്രകടമെങ്കിലും ഏതൊക്കെയോ നാടുകളിൽ നിന്ന്, ഇതുവരെ കാണാത്ത മനുഷ്യരിൽ നിന്ന്, സർക്കാരിൽ നിന്ന് സഹായത്തിന്റെ കരങ്ങളെത്തുമ്പോൾ വായനാട്ടുകാരുടെ പ്രതീക്ഷയും വാനോളമാണ്.

(തുടരും)

മദ്രസ കെട്ടിടത്തില്‍ സ്‌ക്കൂളൊരുക്കി വയനാട് കുറിച്യര്‍മല നിവാസികള്‍ വീഡിയോ കാണാം

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍