UPDATES

വയലില്‍ നിന്ന് റോഡിലേക്ക് കയറിവന്ന ആനയെ രാഘവന്‍ കണ്ടില്ല; വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടു; ഊരുപേടിച്ച് ജനം

കാടും നാടും തമ്മിലുള്ള വേര്‍തിരിവാണ് തങ്ങളാവശ്യപ്പെടുന്നതെന്നും ഫോറസ്റ്റുകാര്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

ക്ഷീര കര്‍ഷകനായിരുന്നു പനമരം കൈതക്കല്‍ ആറുമൊട്ടം കുന്നിലെ രാഘവന്‍. പുലര്‍ച്ചെ ആറുമണിയോടെ അല്പമകലെയുള്ള സൊസൈറ്റിയില്‍ പാല്‍ അളന്നുകൊടുക്കാനുള്ള നടത്തം പതിവാണ് രാഘവന്. അത്തരമൊരു പ്രഭാത നടത്തത്തിനിടെയാണ്, അധ്വാനിച്ച് ജീവിക്കുന്ന ഒരു കര്‍ഷകനായി നാട്ടുകാര്‍ക്ക് പരിചയമുള്ള രാഘവനെ കഴിഞ്ഞ ദിവസം കാട്ടാന ആക്രമിക്കുന്നത്. അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍പ്പെട്ടുപോയ രാഘവന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിനിരയായി വയനാട്ടില്‍ കൊല്ലപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ പട്ടികയില്‍ ഒടുവിലത്തെ പേരാണ് രാഘവന്റേത്. വയനാടിന്റെ പല ഭാഗങ്ങളിലും ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങിയുള്ള ശല്യങ്ങളും ഭീതിയും വ്യാപകമാണെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലായി ഇതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

പൂതാടി കേണിച്ചിറ, കയ്യൂന്നി എന്നിവിടങ്ങളില്‍ നിന്നെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേള്‍ക്കുന്നത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചുവെന്ന വാര്‍ത്തകളാണ്. പലയിടത്തും ജീവന്‍ കൈയില്‍ പിടിച്ചു ജീവിക്കുന്ന ജനം, നേരമിരുട്ടിയാല്‍ പുറത്തിറങ്ങാന്‍ തന്നെ മടിക്കുകയാണ്. ഒട്ടും ഭയമില്ലാതെ കാട്ടാനക്കൂട്ടം വയലുകളിലും വാഴത്തോട്ടങ്ങളിലും നേരം പുലര്‍ന്ന ശേഷവും വിഹരിക്കുകയാണിവിടെയെല്ലാം. മിക്കപ്പോഴും വനപാലകരുടെ സംഘത്തിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളത്. വേനല്‍ക്കാലമായതോടെ ആനകള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെങ്കിലും സംയമനം പാലിച്ചിരുന്ന ജനങ്ങളെല്ലാം, രാഘവന്റെ മരണത്തോടെ പരിഭ്രാന്തരായിരിക്കുകയാണ്. നടുറോഡില്‍ ഇറങ്ങിനിന്ന ആനയ്ക്ക് രാഘവനെ കൊലപ്പെടുത്താമെങ്കില്‍, ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിവരുന്ന കാട്ടാനക്കൂട്ടങ്ങള്‍ തങ്ങളെയും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ് വയനാട്ടിലെ ജനത.

ക്ഷീരകര്‍ഷകനായ രാഘവന്‍ സൊസൈറ്റിയില്‍ പാല്‍ അളന്നുകൊടുത്ത് മടങ്ങുന്ന വഴിക്കാണ് വീടിന് നാനൂറു മീറ്റര്‍ മാത്രമകലെ വച്ച് ആക്രമിക്കപ്പെടുന്നത്. സൊസൈറ്റിയില്‍ നിന്നും വീട്ടിലേക്കുള്ള പ്രഭാത നടത്തത്തിനിടെ ദിനപത്രം വാങ്ങിച്ചു വായിക്കുന്ന ശീലം രാഘവനുണ്ടായിരുന്നു. പതിവു പോലെ ദിനപത്രം വായിച്ചു നടക്കുന്നതിനിടെ, വയലില്‍ നിന്നും റോഡിലേക്കു കയറിവന്ന ആനയ്ക്കു മുന്നില്‍പ്പെടുകയായിരുന്നിരിക്കാമെന്നാണ് നാട്ടുകാരുടെ പക്ഷം. അല്പം അധികം മഞ്ഞുണ്ടായിരുന്ന അന്ന്, ആനയുടെ തൊട്ടടുത്തെത്തുന്നവരെ രാഘവന്‍ ശ്രദ്ധിച്ചിരിക്കാനുമിടയില്ല. പ്രദേശവാസിയായ ബിന്ദു പറയുന്നതിങ്ങനെ: “പാലുംതൂക്കവും വച്ച് പത്രവും വായിച്ചു നടന്നുചെന്ന രാഘവന്‍ ചേട്ടന്‍ റോഡില്‍ത്തന്നെ നിന്നിരുന്ന ആനയുടെ മുന്നില്‍ച്ചെന്നു പെട്ടുപോയതാണ്. തുമ്പിക്കൈകൊണ്ട് അടിക്കുകയോ മറ്റോ ചെയ്തിട്ടുള്ളൂ. ആള്‍ വീണുപോയി. പ്രായമുള്ളയാളല്ലേ. ഈ പ്രദേശത്ത് ആനയെ കണ്ട ആളുകള്‍ അപ്പോഴേക്കും പരിസരത്തുള്ളവരെയെല്ലാം ഫോണില്‍ വിളിച്ച് വിവരമറിയിക്കുന്നുണ്ടായിരുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ആനയിറങ്ങിയ വിവരം കൈമാറുന്നതിനിടെയാണ് രാഘവന്‍ ചേട്ടന്‍ ഈ വഴിക്കുവരുന്നത്. സൊസൈറ്റിയിലേക്ക് ഫോണ്‍വിളിയെത്തിയപ്പോഴേക്കും ആള്‍ അവിടുന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. അങ്ങനെ അറിയാതെപോയതാണ്. സംഭവം നടന്ന സമയത്ത് ബഹളം കേട്ട് അടുത്തുള്ള ഫോറസ്റ്റ് ഓഫീസര്‍ വീട്ടില്‍ നിന്നും വാതില്‍ തുറന്ന് ഇറങ്ങുമ്പോഴേക്കും ഇത് സംഭവിച്ചുപോയി. ഇതിനു ശേഷം ഹെല്‍ത്ത് സെന്റര്‍ പരിസരത്തും ടൗണിനടുത്തുമെല്ലാം കറങ്ങി നിന്ന ആന കാട്ടിലേക്ക് തിരികെപ്പോകാന്‍ തയ്യാറായിരുന്നില്ല. അവസാനം ഫോറസ്റ്റുകാരൊക്കെ എത്തിയാണ് കാട്ടിലേക്ക് കയറ്റിവിട്ടത്. ഇന്നലെ വരെ പേടിച്ച് ഇവിടെയാരും ഉറങ്ങിയിട്ടില്ല. ആന തിരികെ ഈ പ്രദേശത്തേക്കു തന്നെ കയറിയിട്ടുണ്ടെന്ന വ്യാജപ്രചരണമൊക്കെയുണ്ടായിരുന്നു. എല്ലാവരും ആകെ പേടിച്ചു പോയി.”

രാഘവനെ ആക്രമിച്ച ആനയെ ഉച്ചയായിട്ടും കാട്ടിലേക്ക് തിരികെ കയറ്റാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സബ് കളക്ടര്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. കാട്ടിലേക്ക് ഓടിച്ചുവിടാനുള്ള ശ്രമത്തിനിടെ പലതവണ ആന തിരിച്ചാക്രമിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ക്കും പരിക്കേറ്റിരുന്നു. ഒടുവില്‍ ഉച്ചതിരിഞ്ഞാണ് രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിവിട്ടത്. പ്രദേശത്ത് വ്യാപകമാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ വനം വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ച ജനകീയ പ്രതിഷേധ സമിതി, ഒടുവില്‍ എംഎല്‍എ അടക്കമുള്ളവരെത്തി രാഘവന്റെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം കൈമാറിയതോടെയാണ് പ്രതിഷേധത്തിന് അന്ത്യമായത്. ആനയിറങ്ങുന്ന മേഖലകളില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കുകയും, രാത്രികാലങ്ങളില്‍ വനം വകുപ്പില്‍ നിന്നുള്ള സംഘത്തെ റോന്തു ചുറ്റാന്‍ നിയോഗിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട് അധികൃതര്‍.

Also Read: ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്; ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും

കഴിഞ്ഞ ദിവസം വരെ കൈതക്കല്‍ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ സാന്നിധ്യവുമുണ്ടായിരുന്നു. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുന്‍പാണ് ഇതേതരത്തില്‍ കൈതക്കലില്‍ ആനയിറങ്ങി ഭീതി പടര്‍ത്തിയിരുന്നത്. കൈതക്കല്‍ മാത്രമല്ല, ആനയിറങ്ങിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്ന കേണിച്ചിറയടക്കമുള്ള പ്രദേശങ്ങളൊന്നും വനമേഖലയോട് ചേര്‍ന്നുകിടക്കുന്നതല്ല. അധികം മുന്‍പുവരെയൊന്നും കാട്ടാനശല്യം നേരിട്ടിട്ടില്ലാത്തവര്‍ക്കാണ് ഇപ്പോള്‍ ഏറ്റവും ആനപ്പേടിയില്‍ കഴിയേണ്ടിവരുന്നതെന്നതാണ് വാസ്തവം. വയലില്‍ നിന്നും കയറിവന്ന ആന രാഘവന്റെ ജീവനെടുത്തതോടെ, വയനാട്ടിലെ ആനപ്പേടി മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ബത്തേരിക്കാരുടെ പേടിസ്വപ്‌നമായിരുന്ന, ആദിവാസി ബാലനെയടക്കം നിരവധി പേരെ ജനവാസമേഖലയിലെത്തി കൊലപ്പെടുത്തിയിട്ടുള്ള വടക്കനാട് കൊമ്പനെ തന്ത്രപരമായി പിടികൂടി മുത്തങ്ങയിലേക്ക് മാറ്റിയ വാര്‍ത്ത കഴിഞ്ഞയാഴ്ച ഏറെ ആശ്വാസത്തോടെയാണ് വയനാട്ടുകാര്‍ കേട്ടത്. വാര്‍ത്തയുടെ ആശ്വാസമൊടുങ്ങും മുന്‍പാണ് പനമരത്തുനിന്നും ഒട്ടും ശുഭകരമല്ലാത്ത ഇത്തരം വാര്‍ത്തകളുമെത്തുന്നത്.

1981 മുതല്‍ 2019 വരെയുള്ള മുപ്പത്തിയെട്ടു വര്‍ഷക്കാലത്തിനിടെ ആനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടത് 141 പേരാണെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍. ഫോറസ്റ്റ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2015-2016 കാലഘട്ടത്തില്‍ കേരളത്തിലൊട്ടാകെ ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗവും വയനാട്ടിലാണു താനും. വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട് ഡിവിഷന്‍, സൗത്ത് വയനാട് ഡിവിഷന്‍ എന്നിങ്ങനെ മൂന്നു വനമേഖലകളാണ് ജില്ലയിലുള്ളത് ഇതില്‍ത്തന്നെ ഏറ്റവും വിസ്തൃതിയുള്ള, തിരുനെല്ലിയടക്കമുള്‍പ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവുമധികം ആക്രമണങ്ങളും മരണങ്ങളും ഉണ്ടായിട്ടുള്ളത് എന്നതാണ് വാസ്തവം. 2006 മുതല്‍ 2016 വരെയുള്ള പത്തുവര്‍ഷക്കാലത്തില്‍ വയനാട് ജില്ലയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 42 പേരാണെന്നതാണ് ഔദ്യോഗിക കണക്കുകള്‍. അതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടെ മറ്റു പത്തു പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത കണക്കുകളുണ്ട്. ചുരുക്കത്തില്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വയനാട്ടില്‍ കൊല്ലപ്പെട്ട പത്തിലധികം പേരില്‍ ഏറ്റവുമൊടുവിലത്തെയാളാണ് കൈതക്കലിലെ രാഘവന്‍. കൊല്ലപ്പെട്ടതിലുമധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്വത്തും കൃഷിയും നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ വനം വകുപ്പ് പ്രതിവര്‍ഷം ചെലവിടുന്നത്.

Also Read: രണ്ടു വര്‍ഷത്തെ തയാറെടുപ്പുകള്‍, നൂറോളം ഉദ്യോഗസ്ഥര്‍; വടക്കനാട് കൊമ്പനെ പിടികൂടിയതിങ്ങനെ

കാടും നാടും തമ്മിലുള്ള വേര്‍തിരിവാണ് തങ്ങളാവശ്യപ്പെടുന്നതെന്നും, ഫോറസ്റ്റുകാര്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പട്ട ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകനായ പനമരത്തെ സെബാസ്റ്റ്യന്‍ പറയുന്നു. “കാടിനെയും നാടിനെയും വേര്‍തിരിച്ച്, വന്യമൃഗങ്ങളെ കാട്ടില്‍ത്തന്നെ നിലനിര്‍ത്തുക എന്നതാണ് ഈ പ്രശ്‌നത്തിനൊരു പരിഹാരമായി നാട്ടുകാര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. ഇതിനായി വയര്‍ ഫെന്‍സിംഗ് അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അടിയന്തിരമായി സര്‍ക്കാര്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. പനമരം ഭാഗത്ത് മുന്‍പും ഒന്നു രണ്ട് കൊലപാതകങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. അതില്‍ ഒന്ന് ഒരു പത്തുപതിനഞ്ചു കൊല്ലം മുന്‍പാണ്. പനമരം ടൗണില്‍ വച്ച് ഒരാളെ ഇതുപോലെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. വയനാട് ജില്ലയിലെ തൊണ്ണൂറു ശതമാനം പ്രദേശങ്ങളിലുള്ളവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് വന്യമൃഗശല്യം. ആന മാത്രമല്ല, കാട്ടുപന്നിയും കുരങ്ങുമടക്കമുള്ള വന്യമൃഗങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കര്‍ഷകരെല്ലാം ദുരിതത്തിലാണ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയായതിനാല്‍ ബാങ്കില്‍ നിന്നും ലോണ്‍ പോലും ലഭിക്കുന്നില്ല. കൈയിലുള്ള ഭൂമിയുടെ ഒരു ഭാഗം വിറ്റ് മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ചെലവിനുള്ള തുക കണ്ടെത്താമെന്നു കരുതിയാല്‍ അതും നടക്കില്ല. സ്ഥലം ആരുമെടുക്കില്ല. കൃഷിനാശം തടയാന്‍ ഫോഴ്‌സിനെയൊക്കെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമൊന്നുമില്ല. ആന ഒന്നു തിരിയുമ്പോഴേക്കും നാലു വാഴ പോകും. പിന്നെ ഇവരെത്തിയിട്ട് എന്തു ചെയ്യാനാണ്? കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആനകള്‍ ഇപ്പോള്‍ കടന്നുവരുന്നുണ്ട്. വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നൂറ്റിയഞ്ചോളം ആനകള്‍ ചെതലയം വനത്തില്‍ മാത്രമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആനകള്‍ തിരിച്ചു പോകുന്നുമില്ല.”

വയനാട്ടില്‍ ജനവാസം ആരംഭിച്ച കാലംതൊട്ടു തന്നെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ബലാബലം ആരംഭിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ ആനകള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളാണ് കണ്ടെത്തേണ്ടത്. കാടുകയറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും വിഭവചൂഷണവും തന്നെയായിരിക്കും ആ കാരണങ്ങളില്‍ പ്രധാനമെന്നതിലും തര്‍ക്കമില്ല. എങ്കില്‍പ്പോലും, തുടരെത്തുടരെ ഇത്തരം സംഭവങ്ങള്‍ വയനാട്ടില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും, ആളപായങ്ങള്‍ പോലുമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയം ഗൗരവത്തിലെടുക്കേണ്ടത് അത്യാവശ്യമാണുതാനും. ഉറങ്ങാതെ നേരം വെളുപ്പിക്കേണ്ടി വരികയും, അത്യാവശ്യഘട്ടത്തില്‍പ്പോലും ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ എത്താന്‍ വിസമ്മതിക്കുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് തങ്ങള്‍ കടന്നു പോകുന്നതെന്നും, തങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും നേരത്തേ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായ കേണിച്ചിറ ടൗണിലുള്ളവര്‍ പറയുന്നു. രാഘവന്റെ മരണവാര്‍ത്തയറിഞ്ഞതോടെ, ദിവസവും റോഡുവക്കില്‍ കാട്ടാനക്കൂട്ടത്തെ കാണുന്ന ഇവര്‍ പരിഭ്രാന്തരാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ആനകളെ തുരത്താനും റേഡിയോ കോളര്‍ വെച്ചു നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ പിടികൂടി കൊട്ടിലിലടയ്ക്കാനും വനംവകുപ്പ് സന്നദ്ധമാണെന്ന് വനപാലകരും പറയുന്നു. എന്നാല്‍, നാളിതുവരെ പിന്തുടര്‍ന്നു പോന്നിട്ടുള്ള നയങ്ങളില്‍ മാറ്റം വരുത്തി ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താതെ വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഒടുങ്ങുകയില്ല എന്നതാണ് വാസ്തവം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍