UPDATES

ഇനിയും ഗൗരിമാരുണ്ടാകും, അവര്‍ ഞങ്ങളെയും കൊല്ലും; ഈ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തോട് പറയുകയാണ്‌

കഴിഞ്ഞ ദിവസമാണ് ഗൌരി കൊല്ലപ്പെട്ടത്; അന്വേഷണം എങ്ങുമെത്തിയിട്ടില്ല

‘ഇനിയും നിരവധി ഗൗരിമാരുണ്ടായേക്കാം ഈ നമ്പര്‍ വണ്‍ കേരളത്തില്‍. ഇത് ഒരു ഗൗരിയില്‍ തീരില്ല’ ട്രാന്‍സ്ജന്‍ഡറായ പ്ലിങ്കു പറഞ്ഞത് കടുത്ത നിരാശയിലാണ്. ട്രാന്‍സജെന്‍ഡറായ ഗൗരിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പ്ലിങ്കുവിനെയും കാവ്യയേയും ദീക്ഷയേയും കാണുന്നത്. മൂവരും പങ്കുവച്ചത് തൊട്ടുകൂടായ്മയുടെ, സുരക്ഷിതത്വമില്ലായ്മയുടെ, ഏത് സമയത്തും തെരുവില്‍ ഒരു കത്തിമുനയില്‍ തീരാവുന്ന ജീവിതത്തിന്റെ അരക്ഷിതാവസ്ഥയുടെ, ഭീതിയുടെ, ചൂഷണങ്ങളുടെ കഥകളാണ്. ഒരുപക്ഷേ പുരോഗമന കേരളം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കഥകള്‍.

പ്ലിങ്കുവിനോ കൂട്ടുകാര്‍ക്കോ ഗൗരിയെ അറിയില്ല. എറണാകുളത്ത് ചേക്കേറിയ ട്രാന്‍സജെന്‍ഡര്‍മാരില്‍ ഒരാളാണെന്ന് മാത്രമറിയാം. പക്ഷെ ഗൗരി സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്ന പ്രശ്‌നം, ‘അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. ഓരോ നിമിഷവും തെരുവില്‍ മരിച്ചു വീഴാവുന്ന ജീവിതങ്ങളാണ് ഞങ്ങളെന്നറിയാം. ഗൗരി എന്നത് ഞങ്ങളുടെ പ്രതിനിധി മാത്രമാണ്. അവര്‍ കൊല്ലപ്പെട്ട കാരണം അറിയില്ല. പക്ഷെ ഇത്തരത്തില്‍ കൊല്ലപ്പെടാവുന്ന സാഹചര്യങ്ങളിലൂടെയാണ് ഞങ്ങള്‍ ഓരോരുത്തരും കടന്നുപോകുന്നത്. ഒരു പക്ഷേ ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അത് തന്നെയാവാം ഗൗരിയെയും കൊലപ്പെടുത്തിയത് എന്നു തന്നെയെന്നാണ് വിശ്വാസം’ പ്ലിങ്കുവും ദീക്ഷയും കാവ്യയും തുടരുന്നു.

തൊട്ടുകൂടായ്മ ഇന്ന് ഇങ്ങനെയും
‘അയിത്തം എന്നത് ഇന്ന് പല രൂപത്തിലാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോട് ഇന്ന് കേരള സമൂഹം കാണിക്കുന്നത് അയിത്തമല്ലാതെ മറ്റൊന്നുമല്ല. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സമൂഹമാണ്. പക്ഷെ ഞങ്ങളെ കണ്ടുകൂട, തൊട്ടുകൂട, മരിച്ചാല്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പോലും ഒന്നു മടിക്കും. സമൂഹത്തിന് മുന്നില്‍ ഞങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ്. ശരിയാണ്. ഞങ്ങളില്‍ 99ശതമാനം പേരും ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ്. അത് ഞങ്ങളുടെ ശാരീരിക ആവശ്യമാണ്, ഞങ്ങളുടെ സ്വാഭാവിക ചോദനയാണ്. അതിനെ എന്തിനാണ് മാറ്റി നിര്‍ത്തുന്നത്. ട്രാന്‍സ്ജന്‍ഡറുകളെ അംഗീകരിക്കുമെന്ന് പറയുമ്പോള്‍ ഞങ്ങളുടെ ശാരീരിക, മാനസിക ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണ്ടേ? അതിന് സമൂഹം തയ്യാറാവാതെ എത്ര പോളിസി ഉണ്ടാക്കിയിട്ടും കാര്യമില്ല. ലൈംഗിക തൊഴിലിന് അല്ലാതെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയാല്‍ പോലും പോലീസുകാര്‍ ഉള്‍പ്പെടെ ഞങ്ങളെ തല്ലുകയും ഓടിക്കുകയും ചെയ്യുന്നു. ഒരു നേരമ്പോക്ക് പോലെയോ തമാശപോലെയോ ആണ് അവര്‍ അത് ചെയ്യുന്നത്. ട്രാന്‍സ്ജന്‍ഡറുകളെ അംഗീകരിക്കുന്നു എന്ന് പറയുമ്പോഴും മറുവശത്ത് അവര്‍ എന്താണ് പറയുന്നത്? സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ മറ്റ് ജോലികള്‍ കിട്ടിയവരോട് സര്‍ക്കാരും എലൈറ്റ് ആയ ട്രാന്‍സ്ജന്‍ഡര്‍ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ പോലും പറയുന്നത് സെക്‌സ് വര്‍ക്ക് ചെയ്യാന്‍ പാടില്ല എന്നാണ് പറയുന്നത്. അതെന്ത് ബോറാണ്. അത് ഞങ്ങളുടെ ജനറ്റിക്കല്‍ നീഡ് ആണ്.

ഓടയ്ക്കുള്ളിലും സിമന്റ് ട്യൂബിലും ജീവിതം
ഒരിക്കല്‍ ഷൊര്‍ണൂര്‍ പോയപ്പോഴാണ് രണ്ട് ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ വലിയ സിമന്റ് ട്യൂബിനുള്ളില്‍ രണ്ട് വശത്തും സാരി മറച്ചിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. വെള്ളത്തിലും ചെളിയിലും ചവിട്ടി വേണം ആ ട്യൂബിനുള്ളിലേക്ക് കയറാന്‍. അവിടെയാണ് അവരുടെ ആഹാരവും കഴിപ്പും കിടപ്പുമൊക്കെ. പിന്നീട് ഈ കാഴ്ചകള്‍ പലയിടത്തും കണ്ടു. ചിലര്‍ വെള്ളമില്ലാത്ത ഓടകള്‍ നോക്കി അതിനുള്ളിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. കിടന്നുറങ്ങാനും ജീവിക്കാനും ഒരു മേല്‍ക്കൂരയുടെ സംരക്ഷണമില്ലാത്തവരാണ് കേരളത്തിലെ ട്രാന്‍സ്ജന്‍ഡറുകള്‍. ഈയടുത്ത് പത്രത്തില്‍ വാര്‍ത്ത കണ്ടു, സര്‍ക്കാര്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് നൈറ്റ് ഷെല്‍ട്ടര്‍ കൊടുക്കുമെന്ന്. അന്വേഷിച്ചപ്പോഴാണ് അത് മൂന്ന് നാല് ദിവസത്തേക്കാണ് കൊടുക്കുന്നത്. മൂന്ന് നാല് ദിവസം സുരക്ഷിതരായി ഇരുന്നാല്‍ മതിയെന്നാണോ? അതുകഴിയുമ്പോള്‍ വീണ്ടും തെരുവിലുറങ്ങിക്കോട്ടെയെന്നാണോ?

നിലയ്ക്കാത്ത ഓട്ടമാണ് ഞങ്ങളുടെ ജീവിതം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടേയിരിക്കുന്നു. കാരണം താമസിക്കാന്‍ ഒറ്റമുറി കെട്ടിടം പോലുമില്ല. വാടകയ്ക്ക് വീട് തരാന്‍ ആരും തയ്യാറാവുന്നില്ല. എറണാകുളത്തെ ഹോട്ടലുടമകളോടെല്ലാം പോലീസ് പറഞ്ഞിരിക്കുന്നത് ഞങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യം തരരുതെന്നാണ്. പ്രൈഡിനായി എത്തിയിട്ടുപോലും ഞങ്ങളില്‍ പലര്‍ക്കും മുറികള്‍ കിട്ടിയില്ല. ഏതെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞങ്ങളെല്ലാവരും താമസിക്കുന്നത്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍, ജീവിക്കാന്‍ ഒരു മേല്‍ക്കൂരയുടെ സംരക്ഷണം ആവശ്യമാണ്. കേരളം ട്രാന്‍സ്ജന്‍ഡറുകളെ അംഗീകരിക്കുന്നു എന്ന നല്ല വാര്‍ത്ത് കേട്ട് കേരളം വിട്ട് അന്യനാടുകളിലേക്ക് കടന്നവര്‍ പോലും തിരിച്ചെത്തുകയാണ്. ഇവിടെ വന്ന് തെരുവില്‍ കഴിയേണ്ടി വരുന്ന അവസ്ഥയ്ക്ക് സര്‍ക്കാര്‍ ഒരു പരിഹാരം കണ്ടേ മതിയാവൂ. പോളിസി ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ഞങ്ങളുടെ സംരക്ഷണവും ഉറപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനല്ലേ? കൂടുതലൊന്നും വേണ്ട. ഒരു വ്യക്തിക്ക് ഈ സമൂഹത്തില്‍ ജീവിച്ച് പോവാനുള്ള അവകാശവും സംരക്ഷണവും മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ’.

പണം പിടുങ്ങുന്ന, ഇഷ്ടമില്ലാത്തവര്‍ക്കൊപ്പവും സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന മാഫിയ
‘എറണാകുളത്ത് ട്രാന്‍സ്ജന്‍ഡറുകളെ ചുറ്റിപ്പറ്റി ഒരു മാഫിയയുണ്ട്. സെക്‌സ് വര്‍ക്ക് ചെയ്യാന്‍ നില്‍ക്കുന്നവരാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് ഒരു ചോയ്‌സ് ഉണ്ടാവില്ലേ? നമുക്കിണങ്ങുന്ന, ഇഷ്ടപ്പെടുന്നവരെ മാത്രമേ അതിനായി തിരഞ്ഞെടുക്കൂ. കുറേ പണം കിട്ടുമെന്ന് പറഞ്ഞാലും അതങ്ങനെയേ ചെയ്യാറുള്ളൂ. നമുക്ക് താത്പര്യമില്ലാത്തവരോടൊപ്പം സെക്‌സ് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ ഈ മാഫിയ സംഘങ്ങള്‍ വന്ന് സമ്മര്‍ദ്ദപ്പെടുത്താന്‍ തുടങ്ങും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. എറണാകുളത്തേക്ക് ഒരു ട്രാന്‍സ്ജെന്‍ഡര്‍ എത്തുമ്പോഴേ ഈ സംഘങ്ങള്‍ വലവിരിക്കും. ആദ്യം അവര്‍ക്ക് വേണ്ട പിന്തുണയും സംരക്ഷണവും ജീവിക്കാനുള്ള ഇടവും വാഗ്ദാനം ചെയ്യും. വീട്ടില്‍ നിന്ന് ഇറങ്ങി പുറത്ത് നില്‍ക്കുന്നവരല്ലേ? ഒരാള്‍ വന്ന് സ്‌നേഹവും കരുതലും അടുപ്പവും കാണിക്കുമ്പോള്‍ അതില്‍ വീണുപോയേക്കാം. ഐഡിയല്‍ പെണ്‍കുട്ടികളായിട്ട് തന്നെ ജീവിക്കാനാണ് കമ്മ്യൂണിറ്റിയിലെ പലരും ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ ഇങ്ങനെ സ്‌നേഹം കാട്ടി എത്തുന്നവരുടെ തണല്‍ അവര്‍ ആഗ്രഹിക്കും. ചിലപ്പോള്‍ അത് പ്രണയവുമാവും. അങ്ങനെയുണ്ടായാലും ഇല്ലെങ്കിലും അവരുടെ സംരക്ഷണയില്‍ നില്‍ക്കുന്നവരെന്ന നിലയില്‍ അവര്‍ പറയുന്ന എന്തും അനുസരിക്കാന്‍ ട്രാന്‍സ്ജന്‍ഡറുകള്‍ നിര്‍ബന്ധിതരാവും.

സെക്‌സ് വര്‍ക്ക് ചെയ്യുന്ന പണത്തിന്റെ ഒരു ഭാഗം ഈ സംഘങ്ങള്‍ മേടിച്ചെടുക്കും. പണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ പ്രശ്‌നമാണ്. ഉപദ്രവവും അസഭ്യം പറച്ചിലുമുള്‍പ്പെടെ എന്തെല്ലാം സഹിക്കണം, ഒടുവില്‍ കൊല്ലുമെന്ന ഭീഷണിയാണ്. ചിലപ്പോള്‍ അവര്‍ തന്നെ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങി, അവസാനം ഞങ്ങളോട് ഒന്നും അറിയാത്തതുപോലെ പൊയ്‌ക്കൊള്ളാന്‍ പറയും. കാശ് തരികയുമില്ല. പലര്‍ക്കും ഒരു മേല്‍ക്കൂര ആവശ്യമുള്ളതുകൊണ്ട് ഇവര്‍ പറയുന്നത് എന്തും കേള്‍ക്കാമെന്ന് കരുതി നില്‍ക്കും. പക്ഷെ സഹിക്കുന്നതിനെല്ലാം ഒരു പരിധിയില്ലേ? ഗാര്‍ഹിക പീഡനം എന്നു പറഞ്ഞാല്‍ കമ്മ്യൂണിറ്റിയിലെ ചിലര്‍ അനുഭവിക്കുന്നത് അതിന്റെ എക്‌സ്ട്രീമാണ്. കൊല്ലുമെന്ന് പറഞ്ഞാല്‍ അവര്‍ കൊല്ലും. അത് ഭയന്ന് ജീവിക്കുന്ന ഒരാളാണ് ഇന്ന് ദീക്ഷ.

ജീവനെടുക്കാന്‍ തയ്യാറായി ബാദുഷ എന്ന വില്ലന്‍
ദീക്ഷ: ‘ബാംഗ്ലൂരിലും ഹൈദരാബാദിലുമൊക്കെ ജീവിച്ചിട്ട് ഇവിടെ സംരക്ഷണം കിട്ടുമെന്ന് കരുതിയിട്ടാണ് നാട്ടില്‍ ജീവിക്കാമെന്ന ആഗ്രഹവുമായി ഇവിടെയെത്തിയത്. ബാദുഷയാണ് എന്റെ ഇപ്പോഴത്തെ ജീവിതത്തിലെ വില്ലന്‍. ബാദുഷയുടെ സംഘത്തിലെ ഒരാളുമായി സെക്‌സ് ചെയ്യണമെന്ന് പറഞ്ഞത് വിസമ്മതിച്ചതിനും ഞാന്‍ സെക്‌സ് വര്‍ക്ക് ചെയ്ത് കിട്ടുന്ന പണം അവര്‍ക്ക് കൊടുക്കില്ല എന്ന് പറഞ്ഞതിനുമാണ് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ പിറകേയുള്ളത്. റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും നിരത്തിലുമെല്ലാം അവര്‍ കത്തിയും മറ്റ് ആയുധങ്ങളുമായി എന്റെ പുറകെ നടക്കുകയാണ്. ബാദുഷയുടെ സംഘത്തിലെ ഒരാള്‍ ഞാന്‍ എറണാകുളത്തെത്തിയ സമയത്ത് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വരുമായിരുന്നു. അത് ഞാന്‍ പറഞ്ഞപ്പോള്‍ കമ്മ്യൂണിറ്റിയിലെ എല്ലാവരും പറഞ്ഞത്, ‘ഇവിടെ അങ്ങനെയാണ്. ഇതുപോലെ ചെക്കന്‍മാര്‍ വരും. നമ്മള്‍ ഒന്ന് കണ്ണടച്ച് കൊടുത്താലേ ഇവിടെ നില്‍ക്കാന്‍ പറ്റൂ. നീ തിരിച്ചൊന്നും പറയണ്ട’ എന്നാണ്. കുറച്ചുകഴിയുമ്പോള്‍ അയാള്‍ എന്റെ മേല്‍ അധികാരം കൂട്ടാന്‍ തുടങ്ങി. എല്ലാത്തിനും പ്രശ്‌നം.

എന്നെയും എന്റെ കൂട്ടുകാരെയും അവര്‍ വെറുതെ വിടുന്നില്ല. അവരെ പേടിച്ച് ഇപ്പോള്‍ പുറത്തേക്കിറങ്ങാന്‍ പോലും പേടിയാണ്. ഒരിക്കല്‍ ബൈക്കിലും ഓട്ടോയിലുമായി അവരുടെ സംഘം ഞങ്ങളെ പിന്തുടര്‍ന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സുഹൃത്തുക്കളുടെ വീടുകളില്‍ മാറി മാറി ഒളിച്ചുകഴിയുകയാണിപ്പോള്‍. എന്റെ സുഹൃത്തുക്കളുടെ വീടുകള്‍ വരെ അവര്‍ക്ക് നന്നായി അറിയാം. എന്റെ ഒരു സുഹൃത്തിനെ ഇവര്‍ ഒരിക്കല്‍ വിളിച്ചു. ഞാന്‍ കൂടെയില്ല എന്ന് അവന്‍ പറഞ്ഞിട്ടും അവരെത്തി അവനെ മര്‍ദ്ദിച്ച് അവശനാക്കി. അതിന്റെ ഫോട്ടോ എനിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുതന്നിട്ട്, ഇതുപോലെയായിരിക്കും നിന്നെ ഞങ്ങളിനി ചെയ്യാന്‍ പോവുന്നതെന്ന് ഭീഷണി സന്ദേശവും അയച്ചു. എല്ലാ ട്രാന്‍സ്ജന്‍ഡര്‍മാരും ബാദുഷയുടേയോ മറ്റാരുടേയെങ്കിലുമോ ഭീഷണിയ്ക്കുള്ളിലായിരിക്കും ജീവിക്കുന്നത്. പേടിച്ചിട്ട് ആരും പുറത്തുപറയുന്നില്ലെന്ന് മാത്രം. പേടിച്ചിട്ട് എന്തും സഹിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ഇത് തുറന്ന് പറഞ്ഞതോടെ പലരും പരാതി നല്‍കാന്‍ തയ്യാറായി വന്നിട്ടുണ്ട്. ഞങ്ങളുടനെ പോലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്. ഒരിക്കല്‍ ഒരു പരാതി നല്‍കിയതാണ്, ഇവര്‍ പുറകെ നടന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍. പക്ഷെ അതിന് പിന്നീട് ഫോളോഅപ്പ് ഒന്നും ഉണ്ടായിട്ടില്ല.

പോലീസുകാരും ചൂഷകര്‍
പോലീസുകാര്‍ എല്ലാവരും മോശക്കാര്‍ എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചിലരുണ്ട്, ഞങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടി തന്നെ നടക്കുന്നവര്‍. ലൈംഗിക ചൂഷണവും ശാരീരിക ഉപദ്രവും ഉള്‍പ്പെടെ ചെയ്യുന്ന പോലീസുകാരുണ്ട്. മറ്റൊന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ കൊടുക്കുന്ന കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാവുന്നില്ല എന്നതാണ്. പോലീസ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ തന്നെ പല പോലീസുകാര്‍ക്കും പുച്ഛമാണ്. ചിലപ്പോള്‍ അധിക്ഷേപവും സഹിക്കണം. ചിലപ്പോള്‍ അതെല്ലാം സഹിച്ച് പരാതി നല്‍കുമെന്ന് തീരുമാനിച്ച് മടങ്ങും. പരാതി നല്‍കിയിട്ടും കാര്യമില്ല. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതേ കണ്ടിട്ടുള്ളൂ.

റേപ്പ് ചെയ്യപ്പെട്ടാലും നീതിയില്ല
‘സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തുന്ന തരത്തില്‍ ഒരു വരയോ എഴുത്തോ വന്നാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പറ്റും. പക്ഷെ ഒരു ട്രാന്‍സ്ജെന്‍ഡറിനെതിരെ അത്തരത്തില്‍ എന്തുണ്ടായാലും, ഏത് രീതിയില്‍ ചിത്രീകരിച്ചാലും ഒരു നിയമനടപടി അസാധ്യമാണ്. റേപ്പിനെതിരെയുള്ള നിയമങ്ങളില്‍ ട്രാന്‍സ്ജന്‍ഡര്‍ പെടുന്നില്ല. സാമൂഹിക സുരക്ഷിതത്വം ഇല്ലാതാവുക, കുടുംബത്തിന്റെ തണല്‍ നഷ്ടപ്പെടുക, നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുക എന്നീ അവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍ ഞങ്ങള്‍ എവിടെ താമസിക്കും? എങ്ങനെ ജീവിക്കും? സ്ത്രീയോ പുരുഷനോ ആയിരിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷത്തിന്റെ എത്രയോ ഇരട്ടിയാണ് ഞങ്ങള്‍ ഓരോ ദിവസവും അനുഭവിക്കുന്നത്’.

സംരക്ഷണം നല്‍കുന്ന ഒരു കൂരയുണ്ടെങ്കില്‍ എറണാകുളം പോലുള്ള സിറ്റിയില്‍ ഗൗരിയുടേത് പോലുള്ള കൊലപാതകങ്ങള്‍ ഇനിയും നടക്കുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. തെരുവില്‍ കഴിയേണ്ടി വരുന്ന ഓരോ ദിവസവും ബാദുഷമാരെ ഭയന്നുള്ള ജീവിതമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഗൗരിയുടെ കൊലപാതകത്തില്‍ മൗനമാണെങ്കിലും ഇനിയും ഗൗരിമാരുണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തമേറ്റെടുക്കേണ്ടത് ട്രാന്‍സ്ജെന്‍ഡര്‍ പോളിസി മുന്നോട്ട് വച്ച സര്‍ക്കാരാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍