UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

ഗോമതിയുടേത് ബിജെപി സ്പോണ്‍സര്‍ നാടകം; യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ ഞാനാണ്: ലിസി സണ്ണി സംസാരിക്കുന്നു

എനിക്കൊരു സിപിഎമ്മിന്റെയും ആവശ്യമില്ല; അതൊക്കെ പണ്ടേ ഞാന്‍ വിട്ടതാണ്.

മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പുളൈ ഒരുമൈയുടെ പേരില്‍ നടക്കുന്ന സമരം വെറും നാടകമാണെന്ന് പൊമ്പുളൈ ഒരുമൈ പ്രസിഡന്റ ലിസി സണ്ണി. ഗോമതിയുടേത് പ്രത്യക്ഷ ലക്ഷ്യം വച്ചുള്ള സമരമാണെന്നും യഥാര്‍ത്ഥ പൊമ്പുളൈ ഒരുമയിലുള്ള ഒരു തൊഴിലാളി സ്ത്രീ പോലും ഗോമതിക്കൊപ്പമില്ലെന്നും ലിസി സണ്ണി പറയുന്നു. അഴിമുഖവുമായി ഈ വിഷയത്തില്‍ ലിസി സണ്ണി സംസാരിക്കുന്നു.

എം എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഗോമതി, രാജേശ്വരി, കൗസല്യ എന്നിവര്‍ നടത്തുന്നത് യഥാര്‍ത്ഥ സമരമല്ല. കാരണം, അവര്‍ ആരും തന്നെ പൊമ്പുളൈ ഒരുമൈ എന്ന സംഘടനയില്‍ ഇപ്പോള്‍ ഇല്ല. ഗോമതി നേരത്തെ തന്നെ സംഘടനയില്‍ നിന്നും പുറത്തുപോയി സിപിഎമ്മില്‍ ചേര്‍ന്നതാണ്. രാജേശ്വരിയേയും കൗസല്യയേയും ഞങ്ങള്‍ അടുത്തിടെ പുറത്താക്കുകയും ചെയ്തു. യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ ഞങ്ങളാണ്. പ്രസിഡന്റായ ഞാനും സ്റ്റെല്ല മേരിയും ഈശ്വരമൂര്‍ത്തിയും സുബ്രഹ്മണിയും അമുദയും പാണ്ഡ്യമ്മാളും എല്ലാം അടങ്ങുന്ന കമ്മിറ്റിയാണു പൊമ്പുളൈ ഒരുമൈയെ നയിക്കുന്നത്. അതുകൊണ്ടു തന്നെ മൂന്നാറില്‍ ഇപ്പോള്‍ ഗോമതിയുടെയും കൂട്ടരുടെയും സമരം പൊമ്പുളൈ ഒരുമൈയുടെ സമരമല്ല. അവര്‍ ഞങ്ങളുടെ സംഘടനയുടെ പേരും കൊടിയും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അതിനെതിരേ മൂന്നാര്‍ പൊലീസില്‍ ഞാന്‍ പരാതി നല്‍കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ അവരെ അറസ്റ്റ് ചെയ്തു മാറ്റണമെന്നാണു ഞങ്ങളുടെ ആവശ്യം.

ഈ സമരം ബിജെപിയും തമിഴ്‌സംഘടനകളും ചേര്‍ന്നു സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ്. അവരുടെ ലക്ഷ്യം വേറെയാണ്. അതിനനുസരിച്ചുള്ള നാടകരചനയാണു ഗോമതി നടത്തുന്നത്. സ്ത്രീകളെ അപമാനിച്ചെന്നു പറയുന്ന മണിക്കെതിരേ സമരം ചെയ്യാന്‍ എന്ത് അവകാശമാണ് ഗോമതിക്കുള്ളത്? ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകനാകാന്‍ പ്രായമുള്ള ഒരാളുടെ കൂടെ ജീവിക്കുന്ന ഗോമതിക്ക് സ്ത്രീകളുടെ മാനത്തെ പറ്റി പറയാന്‍ എന്താണ് അവകാശം. സമൂഹത്തിനു മുന്നില്‍ ആകെ അപമാനിക്കപ്പെട്ടു നില്‍ക്കുകയല്ലേ അവര്‍. എല്ലാവര്‍ക്കും നാണക്കേട് ഉണ്ടാക്കുകയല്ലേ. ഇപ്പോള്‍ നടത്തുന്ന നാടകം അവരെ കൂടുതല്‍ നാണംകെടുത്തും.

എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പ്രസ്തവാനയ്‌ക്കെതിരേ ഞങ്ങള്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്നാണല്ലോ അവര്‍ ചോദിക്കുന്നത്. ഞങ്ങള്‍ പ്രതിഷേധിച്ചില്ലെന്ന് ആരാണു പറഞ്ഞത്? ഇവരെപ്പോലെ നടുറോഡില്‍ കിടന്നു നാടകം കളിക്കുന്നതാണോ പ്രതിഷേധം? ഞങ്ങള്‍ നിയമപരമായാണ് മണിക്കെതിരേ നീങ്ങുന്നത്. മണിക്കെതിരേ ഡിവൈഎസ്പിക്കു ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. മണി കോടതിയില്‍ വരും. അല്ലാതെ നടുറോഡില്‍ വന്നു നില്‍ക്കുകയല്ല വേണ്ടത്. കോടതിയില്‍ മണിയെക്കൊണ്ടു മറുപടി പറയിക്കും. ഗോമതിയുടെയും കൂട്ടരുടെയും നാടകം കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. ചാടിക്കേറി സമരം ചെയ്യാനൊക്കെ തയ്യാറായതിനു വേറെ ഉദ്ദേശ്യമുണ്ട്. അതിനു കൂട്ടുനില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല.

ഞാന്‍ സിപിഎമ്മിന്റെ ഉപകരണമാണെന്നാണല്ലോ അവര്‍ പറയുന്നത്. എനിക്കൊരു സിപിഎമ്മിന്റെയും ആവശ്യമില്ല. അതൊക്കെ പണ്ടേ ഞാന്‍ വിട്ടതാണ്. പക്ഷേ ഗോമതിയും കൂട്ടരും ആരുടെയൊക്കെ കളിക്കാരാണെന്നു പറയണം. ബിജെപിയുടേയോ തമിഴ് സംഘടനകളുടെയോ? ഉത്തരം പറയിപ്പിക്കും ഞങ്ങള്‍. കുറെ കള്ളത്തരം പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണോ? മൂന്നാറിലെ ഒറ്റ മനുഷ്യന്‍ പോലും ഗോമതിയെ വിശ്വസിക്കില്ല. അവരുടെ കാര്യമെല്ലാം എല്ലാര്‍ക്കും അറിയാം.

ഞാന്‍ പണം തിരിമറി നടത്തിയെന്നാണു മറ്റൊരാരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടിയുടെ സാറാ ജോസഫ് മാഡം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൊടുത്തത് ജനറല്‍ സെക്രട്ടറി രാജേശ്വരിയുടെ കൈയിലാണ്. എനിക്കല്ല. ആ പണം എവിടെ പോയെന്നു പറയേണ്ടത് രാജേശ്വരിയാണ്. രാജേശ്വരിക്കെതിരേ ഞാന്‍ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. രാജേശ്വരി പിടിക്കപ്പെടുമ്പോള്‍ മനസിലാകും ആരാണു പെമ്പുളൈ ഒരുമൈയെ ചതിച്ചതെന്ന്. ഞാന്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല, വരുന്നില്ല എന്നൊക്കെയാണു പറയുന്നത്. ഞാനെവിടെ പോയി? ഒരിടത്തും പോയിട്ടില്ല. ഞാന്‍ ഇവിടെ തന്നെയുണ്ട്. എനിക്കു മലയാളം അറിയാവുന്നതുകൊണ്ടു മാത്രമാണ് നേതാവായതെന്നും പ്രസിഡന്റായതെന്നുമൊക്കെ അവര്‍ പരിഹസിക്കുന്നുണ്ട്. അന്നു സമരം നടക്കുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം ഞാന്‍ ആ സമരത്തില്‍ വഹിച്ച പങ്ക്. മലയാളം അറിയാവുന്നതുകൊണ്ടല്ല ഞാന്‍ പ്രസിഡന്റായത്. പക്ഷേ ഞാനൊരു മലയാളിയായി പോയതുകൊണ്ടാണ് അവര്‍ എന്നെ പുറത്താക്കാന്‍ നോക്കുന്നത്. പൊമ്പുളൈ ഒരുമൈ ഒരു തമിഴ് സംഘടനയാക്കാനാണ് ആദ്യം മുതല്‍ അവര്‍ ശ്രമിച്ചത്. അതിനു പിന്നില്‍ മറ്റു ചിലരാണ്. തമിഴ് വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. മലയാളിയായ എന്നെ എങ്ങനെയെങ്കിലും പുറത്തു ചാടിക്കണമെന്ന് അവര്‍ക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു.

ഇപ്പോള്‍ ഗോമതി വിളിച്ചപ്പോള്‍ രാജേശ്വരിയും കൗസല്യയും പോയതും അവരെല്ലാം തമിഴരായതുകൊണ്ടാണ്. പക്ഷേ എല്ല തൊഴിലാളികളും അങ്ങനെയല്ലെന്നു ഞാന്‍ പറയും. അതുകൊണ്ടാണ് ഇന്നും പൊമ്പുളൈ ഒരുമൈയെ നയിക്കാന്‍ എനിക്കു കഴിയുന്നത്. സകലമാന തോട്ടം തൊഴിലാളികളും എന്നെ അംഗീകരിക്കുന്നു, ഗോമതിയെയല്ല. അതുകൊണ്ടാണല്ലോ നാലുദിവസമായിട്ടും അവരുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ പോലും വരാത്തത്. ഞങ്ങള്‍ സമരം നടത്തട്ടെ, ഇവിടെ തൊഴിലാളികളെ കൊണ്ട് നിറയുന്നതു കാണാം. ഇപ്പോള്‍ ഗോമതിയും കൂട്ടരും നടത്തുന്ന നാടകത്തിന് ഒരാള്‍ പോലും വരില്ല. അതുകൊണ്ട് സമരം അവസാനിപ്പിച്ചു പോകുന്നതാണു നല്ലത്. അല്ലെങ്കില്‍ ഞങ്ങള്‍ രംഗത്തിറങ്ങും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍