UPDATES

രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ജല്ലിക്കെട്ടിനെ തള്ളി ആര്‍എസ്എസ്; ‘അവസരം കിട്ടിയപ്പോള്‍ ചിലര്‍ കേമന്‍മാരാകാന്‍ നോക്കുന്നു’

‘രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിക്ക് സംഘവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും സംഘം അംഗീകരിക്കുന്നുമില്ല’-ആര്‍എസ്എസ് സംസ്ഥാന കാര്യവാഹക് ഗോപലന്‍കുട്ടി മാഷ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിധിക്കെതിരേ സുപ്രിം കോടതിയെ വെല്ലുവിളിച്ചു് തെരുവില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നവരെ തള്ളിപ്പറഞ്ഞ് ആര്‍ എസ് എസ്. ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ ‘മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ’ എന്ന കാമ്പയിന്റെ ഭാഗമായി ഉപവാസയജ്ഞവും പ്രാര്‍ത്ഥനകളും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട് കോടതിയില്‍ നിന്നുണ്ടായിരുന്ന വിധിക്കെതിരേ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ആലോചനയോഗവും ഇതിനൊപ്പം നടക്കുമെന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്ന, ശബരിമല തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായി സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍ ഈശ്വര്‍ പറഞ്ഞിട്ടുള്ളത്. സുപ്രിം കോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുകയും ചീഫ് ജസ്റ്റീസിനെ കള്ളനെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ആക്ഷേപിക്കുകയും ചെയ്തിട്ടുള്ള രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നിലനിര്‍ത്താന്‍ വേണ്ടി പോരാടണമെന്നാണ് ആവശ്യപ്പെടുന്നത്. ജല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ നടന്നതുപോലുള്ള പ്രക്ഷോഭം കേരളത്തിലും ഉണ്ടാകണമെന്ന് വാദിച്ച് അയ്യപ്പ ജല്ലിക്കെട്ടെന്ന പേരില്‍ പ്രക്ഷോഭത്തിന് ആഹ്വാനവും രാഹുല്‍ ഈശ്വര്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഇതുപോലുള്ള വ്യക്തികളെയും അവര്‍ ആഹ്വാനം ചെയ്യുന്ന പ്രതിഷേധങ്ങളെയും പൂര്‍ണമായി സംഘം തള്ളിക്കളയുകയാണെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യവാഹക് ഗോപലന്‍കുട്ടി മാഷ് അഴിമുഖത്തോട് പറഞ്ഞു. ആര്‍എസ്എസ്സിനോ, സംഘവുമായി ബന്ധമുള്ള മറ്റേതെങ്കിലും പ്രസ്ഥാനങ്ങള്‍ക്കോ ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധങ്ങളില്‍ യാതൊരു പങ്കാളിത്തവും ഇല്ലെന്നും സംഘവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആരും തന്നെ ഇതില്‍ പങ്കെടുക്കുന്നില്ലെന്നും സംസ്ഥാന കാര്യവാഹക് വ്യക്തമാക്കി.

സുപ്രിം കോടതി വിധിക്കെതിരെ തെരുവില്‍ അക്രമം നടത്താനോ കോടതിയെ പരസ്യമായി വെല്ലുവിളിക്കാനോ സംഘം തയ്യാറാകില്ലെന്നും സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയെ മാനിക്കുന്നതിനൊപ്പം തന്നെ കോടതി വിധിയിലുള്ള ഉത്കണ്ഠ നിയമപരമായി നേരിടുകയും ശബരിമലയെ സംബന്ധിച്ച് സമാധാനപരമായി സാമൂഹിക തലത്തില്‍ ബോധവത്കരണങ്ങള്‍ക്ക് ശ്രമിക്കുകയുമാണ് ആര്‍എസ്എസ്സിന്റെ രീതിയും കാഴ്ച്ചപ്പാടുമെന്നും സംസ്ഥാന കാര്യവാഹക് പറയുന്നു. ഭരണഘടനയെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ സുപ്രിം കോടതി വിധിയെ ആര്‍എസ് എസ് മാനിക്കുകയാണ്, അതേസമയം തന്നെയാണ് ഈ വിധിയില്‍ ചില ഉത്കണ്ഠകള്‍ ഉള്ളതും. അത് സ്ത്രീകളെ കയറ്റണോ വേണ്ടയോ എന്നതിനെക്കുറിച്ചല്ല. മറിച്ച് ദേവന്റെ മഹത്വം നഷ്ടപ്പെടുന്ന, ക്ഷേത്രമെന്നാല്‍ പൊതുസ്ഥലമാണെന്ന തരത്തിലേക്ക് മാറിപ്പോകുന്ന പ്രവണതകള്‍ക്ക് ഈ വിധി കാരണമാകുമെന്നതിനെക്കുറിച്ചാണ്. ക്ഷേത്രത്തിന്റെ അധിപന്‍ ദേവന്‍ ആയിരിക്കെ, അങ്ങനയല്ലാതാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാരിനും ക്ഷേത്രവിരോധികള്‍ക്കും സ്വത്ത് കൈക്കലാക്കുന്നതടക്കം വിശ്വാസവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുങ്ങും. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ബോധവത്കരണം നടത്താനാണ് ആര്‍എസ്എസ് തയ്യാറെടുക്കുന്നത്; ഗോപാലന്‍കുട്ടി മാഷ് നിലപാട് വ്യക്തമാക്കുന്നു.

രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍ നടത്തുന്ന പ്രസ്താവനകളും വെല്ലുവിളികളും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നുണ്ട്. ശബരിമല ഒരു വിവാദ വിഷയമാക്കി തീര്‍ത്ത് ഹിന്ദു സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് സംഘം എതിരാണ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ സംഘം എതിര്‍ക്കുന്നില്ല. എന്നാല്‍ ആ മാറ്റം ഒരു കോടതി വിധിയിലൂടെ ഒറ്റയടിക്ക് വരുത്തേണ്ടതല്ലായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കി ഒരു നിയമം ഉണ്ടാക്കിയപ്പോള്‍ അതിന് സാഹചര്യങ്ങളായ കാരണങ്ങള്‍ സുപ്രിം കോടതി പരിശോധിക്കണമായിരുന്നു. ഈ വിധിയില്‍ വിശ്വാസികളുടെയും ക്ഷേത്രതന്ത്രജ്ഞരുടെയും ഹൈന്ദവ പണ്ഡിതരുടെയും അഭിപ്രായങ്ങള്‍ കോടതി കേള്‍ക്കണമായിരുന്നു. എന്തായിരുന്നോ സ്ത്രീ പ്രവേശനം വിലക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍, അവ അതേപോലെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതേ ആചാരം തുടരേണ്ടതായിരുന്നു. മറിച്ച്, അന്ന് നിയമം ഉണ്ടാകാന്‍ കാരണമായ സാഹചര്യങ്ങളൊന്നും ഇന്നില്ലെങ്കില്‍ ആചാരം മാറ്റുക തന്നെ വേണം. പണ്ടത്തെ ആചാരം അതേപടി എല്ലാക്കാലവും തുടരണമെന്നതിനോട് സംഘം യോജിക്കുന്നില്ല; ആര്‍എസ്എസ് കാര്യവാഹക് പറയുന്നു.

സംഘത്തിന്റെ നിലപാട് ഇതായതുകൊണ്ടാണ് രാഹുല്‍ ഈശ്വറിനെ പോലുള്ളവരെ എതിര്‍ക്കുന്നതെന്നും സംസ്ഥാന കാര്യവാഹക് പറയുന്നു. സംഘവുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനവും കോടതി വിധിയെ തെരുവില്‍ വെല്ലുവിളിക്കില്ല. നേരത്തെ പറഞ്ഞതുപോലെ, ബോധവത്കരണം നടത്തും. റിവ്യു പെറ്റീഷന്‍ പോകാമെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കും. നിയമപരമായും സമാധനപരമായും സാമൂഹികബോധവത്കരണത്തിലൂടെയും ഈ വിഷയം കൈകാര്യം ചെയ്യാനാണ് സംഘം ശ്രമിക്കുന്നതെന്നതിനാല്‍ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുമായിട്ട് ഒരു തരത്തിലും സംഘം ബന്ധപ്പെടില്ലെന്നു മാത്രമല്ല, അതിനെ എതിര്‍ക്കുകയുമാണ്.

രാഹുല്‍ ഈശ്വറിന്റെ നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടുമുള്ള വിയോജിപ്പും ഗോപാലന്‍കുട്ടി മാഷ് വ്യക്തമാക്കി. അക്രമസമരത്തിന് ആഹ്വാനം ചെയ്യുക, വിധി പറഞ്ഞ കോടതിയെ വെല്ലുവിളിക്കുക തുടങ്ങിയ സമീപനത്തോടും അതിനു പ്രേരണ നല്‍കുന്നവരോടും സംഘത്തിന് യോജിക്കാന്‍ കഴിയില്ല. ഈ വിധി വന്നതിനുശേഷം അക്രമോത്സുകമായി പ്രസ്താവനകള്‍ നടത്തുകയോ പ്രതിഷേധങ്ങള്‍ നടത്തുകയോ ചെയ്തവരാരും തന്നെ സംഘത്തിന്റെ പ്രതിനിധികളല്ല. അവസരം കിട്ടിയപ്പോള്‍ തങ്ങളാണ് കേമന്മാര്‍ എന്നു കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അവരൊക്കെ എത്രത്തോളം കേന്മാര്‍ ആണെന്നതും സംഘത്തിന് അറിയാം. നാളെ ശബരിമലയുടെ പേരില്‍ എന്തെങ്കിലും അക്രമം നടന്നാല്‍ മാധ്യമങ്ങള്‍ അടക്കം അതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കും. ഇത് അറിയാവുന്നതുകൊണ്ട് തന്നെയാണ് ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ഐക്യവേദിയും ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ബോധവത്കരണവും മറ്റുമായി ചെയ്യേണ്ട കാര്യങ്ങളില്‍ വിശദീകരണം നല്‍കും. ഇതിനെല്ലാം പുറത്ത് നിന്ന് ആരങ്കിലും നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അവര്‍ മാത്രമായിരിക്കും ഉത്തരവാദികള്‍.

രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിക്ക് സംഘവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും സംഘം അംഗീകരിക്കുന്നുമില്ല. രാഹുല്‍ ഈശ്വര്‍ ഒരു ആക്ടിവിസ്റ്റാണ്. അദ്ദേഹത്തിന്റെ പിന്നില്‍ ഒരാളും ഇല്ല. ആരും ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്തും പറയാം. അദ്ദേഹം പറയുന്നതൊന്നും അതുപോലെ നടക്കാറുമില്ല. രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ പറയുന്നതിലോ ചെയ്യുന്നതിലോ സംഘത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല, ഉത്തരവാദിത്വം ആരും അടിച്ചേല്‍പ്പിക്കുകയുമരുത്. ശബരിമല വിഷയത്തില്‍ എന്താണോ ചെയ്യേണ്ടത്, അത് ചെയ്യാന്‍ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, സംഘത്തിന്റെ ഉത്തരവാദിത്വപ്പെട്ട സംഘടനകളുണ്ട്. അവരത് ചെയ്യും.

ഇങ്ങനെയൊരു വിധി വന്നതതോടെ ക്ഷേത്രങ്ങളൊക്കെയും ഇപ്പോള്‍ വീണുപോകുമെന്ന് വികാരം കൊണ്ട് വിലപിക്കുന്നവരൊക്കെ, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് നാളെ സംഘം പറയുകയാണെങ്കില്‍ ഉടനെ സ്വഭാവം മാറ്റും. സംഘം സ്ത്രീ വിരുദ്ധവും പുരുഷമേധാവികളുടേതാണെന്നും സവര്‍ണാധിപത്യമാണ് സംഘത്തിനുള്ളതെന്നൊക്കെ കുറ്റവുമായി രംഗത്തു വരും. സംഘത്തിന് ഈ വിഷയത്തില്‍ ഒരു നിലപാടുണ്ട്. ആര്‍എസ്എസ് ഒരേ കാഴ്ച്ചപ്പാടില്‍ മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ്. താത്കാലികമായി കിട്ടുന്ന വികാരത്തെ മുതലെടുക്കുന്നവരല്ല; രാഹുല്‍ ഈശ്വറിന്റെ വെല്ലുവിളികളെ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് ആര്‍എസ്എസ് സംസ്ഥാന കാര്യവാഹക് തങ്ങളുടെ നിലപാട് ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്നു.

ശബരിമല; നിലപാട് ഇതായിരുന്നിട്ടും ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാരും സിപിഎമ്മും മടിക്കുന്നതെന്തിന്?

ശബരിമല വിധി: ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍