UPDATES

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

സഭയും സര്‍ക്കാരും പൊലീസും കൈവിടുകയും ജനപ്രതിനിധികളായവര്‍ തന്നെ പരാതിക്കാരിയെ കുറ്റവാളിയും മോശക്കാരിയും ആക്കി പരസ്യപ്രവസ്താവനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏത് സമ്മര്‍ദ്ദവും അതിജീവിച്ച് തങ്ങള്‍ പോരാട്ടം തുടരുമെന്ന് കൂടി ഈ കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ട് കന്യാസ്ത്രീകളുടെയും അല്‍മായ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന പ്രതിഷേധ സമരം കൂടുതല്‍ ശക്തമാകുന്നു. ചരിത്രപരമായ നീക്കമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍, ഇന്ത്യയില്‍ ആദ്യമായി കത്തോലിക്ക സഭയില്‍പ്പെട്ട കന്യാസ്ത്രീകള്‍ ഒരു ബിഷപ്പിനെതിരേ തെരുവില്‍ ഇറങ്ങിവന്നു നടത്തുന്ന സമരത്തിന് പുരോഹിതരും കന്യാസ്ത്രീകളും അല്‍മായ സംഘടനകളും വിശ്വാസികളും ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുന്നതാണ് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ സമരപന്തലില്‍ കാണാനാവുന്നത്. കുറവിലങ്ങാട് നിന്നും എത്തിയ അഞ്ചു കന്യാസ്ത്രീകളും തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഇരയായ കന്യാസ്ത്രീക്ക് നീതി കിട്ടും വരെ ഈ സമരവുമായി എത്രകാലം വേണെങ്കിലും മുന്നോട്ടു പോകാനും അതിന്റെ പേരില്‍ ഉണ്ടാകുന്ന ഏതു ഭവിഷ്യത്തും അനുഭവിക്കാനും തയ്യാറാണെന്നാണ് ഓരോ ദിവസം കഴിയുമ്പോഴും വ്യക്തമാക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പരാതി എഴുതുന്ന സമയം തൊട്ട് ഈ കന്യാസ്ത്രീകള്‍ ഇരയോടൊപ്പം ഉണ്ട്.

സഭയെ വെല്ലുവിളിച്ച് എന്നപോലെ നടത്തുന്ന ഈ സമരത്തിന് എന്തുകൊണ്ട് തയ്യറായി എന്നു ചോദിക്കുമ്പോള്‍ സമരരംഗത്തുള്ള കന്യാസ്ത്രീകളുടെ മറുപടി ഇങ്ങനെയാണ്;  പതിനഞ്ചും പതിനാറും വയസില്‍ മഠത്തില്‍ എത്തപ്പെട്ടവരാണ് ഞങ്ങള്‍. ഇവിടെ വന്നകാലം തൊട്ട് ഞങ്ങള്‍ അമ്മ എന്നു വിളിക്കുന്ന ഒരു കന്യാസ്ത്രീക്കാണ് ഇങ്ങനെയൊരു ദുരന്തം വന്നിരിക്കുന്നത്. സ്വന്തം അമ്മയില്‍ നിന്നു കിട്ടുന്ന സ്‌നേഹവും കരുതലും ഞങ്ങള്‍ക്ക് ആ സിസ്റ്ററില്‍ നിന്നും ലഭിച്ചിരുന്നു. ആ വിശ്വാസം ഞങ്ങള്‍ക്ക് അങ്ങോട്ടുമുണ്ടായിരുന്നു. സാധാരണ മഠങ്ങളിലെ പോലെ താഴെയുള്ള കന്യാസ്ത്രീകള്‍ എന്ന രീതിയിലായിരുന്നില്ല ആ സിസ്റ്റര്‍ ഞങ്ങളെ കണ്ടതും പെരുമാറിയതും. അങ്ങനെയൊക്കെയുള്ള ഒരാള്‍ക്ക്; ഞങ്ങളുടെ അമ്മയ്ക്ക് ഇതുപോലൊരു അവസ്ഥ നേരിടേണ്ടി വരുമ്പോള്‍, മറ്റെല്ലാം മറന്ന് കൂടെ നില്‍ക്കേണ്ടത് കടമയാണ്, ബാധ്യതയാണ്. ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു. ഇനി നീതി വേണം. 

അഭിഷിക്തരായവര്‍ക്കെതിരേ ഒന്നും പറയരുത്. അവര്‍ എന്തു ചെയ്താലും പ്രതികരിക്കരുത്. അങ്ങനെ ചെയ്താല്‍ ഏഴു തലമുറ വരെ അനുഭവിക്കേണ്ടി വരും എന്നൊക്കെ ഭയപ്പെടുത്തിവച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ നേരിടുന്ന എല്ലാ ക്രൂരതകളും ആരോടും പറയാതെ സഹിച്ച് ജീവിക്കേണ്ടി വരികയാണ് ഓരോ കന്യാസ്ത്രികളും എന്നാണ് ഇവര്‍ പറയുന്നത്. എന്തുകൊണ്ട് ആദ്യം പീഢിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ പരാതി നല്‍കിയില്ല എന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് സംസാരിക്കുമ്പോള്‍ ഈ കന്യാസ്ത്രീകള്‍ തങ്ങളുടെ അവസ്ഥകളെക്കുറിച്ചാണ് പറയുന്നത്. ബിഷപ്പ്, പുരോഹിതന്‍ എല്ലാം ദൈവപരിവേഷം കല്‍പ്പിക്കപ്പെട്ടവരാണ്. അവരില്‍ നിന്നും ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കുന്നില്ല. അത്തരത്തില്‍ സംഭവിക്കുമ്പോള്‍ ആദ്യമതൊരു ഷോക്ക് ആണ്. പിന്നെ ഭയം. ആരോടും ഇക്കാര്യം പറയാന്‍ കഴിയില്ല. ബിഷപ്പ് എന്നാല്‍ അത്ര വലിയൊരു സ്ഥാനമാണ്. പുറത്ത് പറയാനും ഭയമാണ്. ഇങ്ങനെയൊക്കെ വരുമ്പോഴാണ് എല്ലാം ഉള്ളിലൊതുക്കാന്‍ തയ്യാറാകേണ്ടി വരുന്നതെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ഫ്രാങ്കോയ്‌ക്കെതിരേ പ്രതികരിക്കാന്‍ ഇവര്‍ക്ക് പ്രേരണ കിട്ടുന്നതും സഭയ്ക്കുള്ളില്‍ നിന്നു തന്നെയാണ്. ഒരു ധ്യാനത്തില്‍ പങ്കെടുക്കുമ്പോള്‍ വിവരങ്ങള്‍ മനസിലാക്കിയ ധ്യാന ഗുരുവാണ് ഇവര്‍ക്ക് കരുത്ത് പകര്‍ന്നതെന്ന് പറയുന്നു. ബിഷപ്പ് അല്ല, ആരായാലും വേണ്ടില്ല നമ്മളോട് തെറ്റ് ചെയ്താല്‍ അതിനെ എതിര്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അതില്‍ അഭിഷിക്തന്‍ എന്നൊന്നും നോക്കേണ്ട കാര്യമില്ല- ധ്യാനഗുരു നല്‍കിയ പ്രചോദനമാണ് ഫ്രാങ്കോയില്‍ നിന്നുണ്ടായ പ്രവര്‍ത്തികള്‍ പരാതിപ്പെടാന്‍ ധൈര്യം നല്‍കിയത്. എന്നാല്‍ ഇക്കാര്യം പുറത്ത് പോകാതിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് സഭയ്ക്കുള്ളിലെ ബന്ധപ്പെട്ടവരോടാണ് പരാതികള്‍ ബോധിപ്പിച്ചത്. ബിഷപ്പിനെ കുറവിലങ്ങാട്ടെ മഠത്തിലേക്ക് വരുന്നതില്‍ നിന്നും വിലക്കാനോ പ്രസ്തുത കന്യാസ്ത്രീയെ മറ്റെങ്ങോട്ടെങ്കിലും മാറ്റാനോ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഈ അഭ്യര്‍ത്ഥനകള്‍ക്ക് ഒന്നും അനുകൂലമായ നിലപാട് ആരില്‍ നിന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് നീതി കിട്ടുമെന്ന വിശ്വാസത്തില്‍ സര്‍ക്കാരിനെ സമീപിച്ചത്. പക്ഷേ അവിടെയും തിരിച്ചടി ഉണ്ടായപ്പോഴാണ് സമരവുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു.

സഭയും സര്‍ക്കാരും പൊലീസും കൈവിടുകയും ജനപ്രതിനിധികളായവര്‍ തന്നെ പരാതിക്കാരിയെ കുറ്റവാളിയും മോശക്കാരിയും ആക്കി പരസ്യപ്രവസ്താവനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏത് സമ്മര്‍ദ്ദവും അതിജീവിച്ച് തങ്ങള്‍ പോരാട്ടം തുടരുമെന്ന് കൂടി ഈ കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീ മാധ്യമങ്ങളെ കാണാനിരുന്നതാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ പരാതിക്കാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെ തന്നെ പിന്തുണയും ഉണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മാനസികമായി ഏറെ തകര്‍ന്നുപോയ സിസ്റ്റര്‍ ആരോടും മിണ്ടാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് അറിയുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന സിസ്റ്ററെ ഏറെ പണിപ്പെട്ട്, ഒരോ നിമിഷവവും ഒപ്പം നിന്നെന്നപോലെയാണ് സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവന്നതും പോരാട്ടത്തിന് തയ്യാറാക്കിയതും. ആത്മഹത്യ പ്രവണതപോലും സിസ്റ്ററില്‍ ഉണ്ടായിരുന്നതാണ്. പക്ഷേ, ഇപ്പോള്‍ അവര്‍ വീണ്ടും തകര്‍ന്നുപോയതിന് കാരണം കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പീഢകനൊപ്പം ചേര്‍ന്നു നില്‍ക്കുന്നത് കണ്ടതും പി സി ജോര്‍ജ് എന്ന ജനപ്രതിനിധി പരസ്യമായി താനൊരു വേശ്യയാണെന്ന തരത്തില്‍ ആക്ഷേപം ഉന്നയിച്ചതുമാണ്. ഇത്രയൊക്കെ പ്രതിഷേധവും സമരവും നടക്കുമ്പോഴും കഴിഞ്ഞ ദിവസം മദര്‍ സുപ്പീരയറും മറ്റ് കന്യാസ്ത്രീകളും ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ച് വിവരം സിസ്റ്ററെ ഏറെ തളര്‍ത്തിയെന്നു പറയുന്നു. അതിനെക്കാള്‍ വലിയ ആഘാതമായിരുന്നു പി സി ജോര്‍ജിന്റെ വാക്കുകളില്‍ നിന്നും ഉണ്ടായതും. ഇപ്പോള്‍ ആരോടും മിണ്ടാന്‍ ശ്രമിക്കാതെ മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചിരിക്കുകയാണവരെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന അഭിഭാഷക ഇന്ദുലേഖ ജോസഫ് അഴിമുഖത്തോട് പറഞ്ഞു.

കന്യാസ്ത്രീകളുടെ ജീവിത പശ്ചാത്തലം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. മാനസികമായ അടിമത്തത്തില്‍ ജീവിക്കുന്നവരാണവര്‍. പുറംലോകവുമായി ബന്ധമില്ല. കൗമാരപ്രായത്തില്‍ മഠത്തില്‍ എത്തുന്നവര്‍. ബിഷപ്പും പുരോഹിതന്മാരുമൊക്കെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായാണ് അവര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അവരെ എതിര്‍ക്കരുതെന്നും കുറ്റപ്പെടുത്തരുതെന്നുമാണ് ഭയപ്പെടുത്തിവച്ചിരിക്കുന്നത്. നമ്മുടെ കുടുംബങ്ങള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത്. സ്വന്തം അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നുമാകാം, അടുത്ത ബന്ധുക്കളില്‍ നിന്നാകാം. ഇക്കാര്യങ്ങളൊക്കെ എത്രകണ്ട് പുറത്തുവരുന്നു, കേസ് ആകുന്നു. ഇരകളാകുന്നവര്‍ പ്രതിഷേധിക്കുന്നില്ലെന്നാണോ? അവര്‍ പ്രതിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, പുറത്ത് പറഞ്ഞാല്‍ അച്ഛന്‍/ സഹോദരന്‍ ഇവര്‍ ജയിലാകും കുടുംബത്തിന്റെ പേര് കെട്ട് പോകും എന്നൊക്കെയുള്ള സമ്മര്‍ദ്ദങ്ങള്‍ ആ ഇരകള്‍ക്ക് മേല്‍ ഉണ്ടാവുകയും അവിടെയവര്‍ തളര്‍ന്നുപോവുകയുമാണ് ചെയ്യുന്നത്. ഇവിടെയും സംഭവിക്കുന്നത് അതാണ്. ബിഷപ്പിനെതിരേ പരാതി പറയാനോ നടപടിയെടുക്കാനോ ആര്‍ക്കും ധൈര്യമില്ല. ബിഷപ്പിനെതിരേ നടപടിയുണ്ടായാല്‍ മൊത്തം സഭയ്ക്കും നാണക്കേടാകുമെന്ന് അതിനകത്തുള്ള മറ്റുള്ളവരും പറയുന്നു. മദര്‍ സൂപ്പീരിയര്‍ പോലും ഇവരോട് പറഞ്ഞത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ എങ്ങനെ നടപടിയെടുക്കും എന്നാണ്. അതിനര്‍ത്ഥം അവരെല്ലാവരും തന്നെ ബിഷപ്പിനൊപ്പമാണെന്നാണ്. ബിഷപ്പ് എന്തെങ്കിലും ചെയ്താല്‍ സഹിക്കുക എന്നാണ് അവവരുടെയൊക്കെ ന്യായം; ഇന്ദുലേഖ പറയുന്നു.

ഒരു വലിയ റബര്‍തോട്ടത്തിന് വളരെ ഉള്ളിലേക്ക് കയറി അധികം സൗകര്യങ്ങളൊന്നുമില്ലാത്തതാണ് ഇവരുടെ മഠം. ഒരു വീട് പോലെയാണത്. ഒരു ഭാഗത്ത് നടക്കുന്നത് അപ്പുറത്ത് അറിയുക പോലുമില്ല. ഇവിടെ ഈ കന്യാസ്ത്രീകള്‍ മാത്രമാണ് താമസം. കന്യാസ്ത്രീ മഠങ്ങളില്‍ പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും താമസിക്കാന്‍ അനുവാദം ഇല്ലെങ്കിലും മേലധികാരി എന്ന നിലയില്‍ ഫയലും മറ്റും നോക്കാനെന്ന പേരില്‍ ബിഷപ്പ് ഫ്രാങ്കോ ഇങ്ങോട്ട് നിര്‍ബന്ധപൂര്‍വം വരികയാണ് ചെയ്യുന്നത്. കുറവിലങ്ങാട് മഠത്തിനു മുമ്പാണ് പാലാ ബിഷപ്പ് ഹൗസ്. ബിഷപ്പുമാര്‍ക്ക് താമസിക്കാന്‍ പ്രത്യേത സ്യൂട്ട് റൂമുകള്‍ തന്നെയുണ്ട്. അതല്ലെങ്കില്‍ റോഡ് അരികില്‍ തന്നെ ഇതിലും സൗകര്യമുള്ള മറ്റ് മഠങ്ങളുണ്ട്. ഇതെല്ലാം ഒഴിവാക്കിയാണ് റബര്‍ തോട്ടത്തിനുള്ളിലേക്ക് കയറി, സൗകര്യങ്ങള്‍ കുറഞ്ഞ ഈ മഠത്തിലേക്ക് തന്നെ ഫ്രാങ്കോ വരുന്നത്. ഇങ്ങനെ വന്നിട്ടാണ് ഫ്രാങ്കോ തന്റെ വൈകൃതങ്ങള്‍ കന്യാസ്ത്രീകളോട് കാണിച്ചിരുന്നതെന്നാണ് പറയുന്നത്. കന്യാസ്ത്രീകളെ ഓരോ കാര്യങ്ങള്‍ക്കായി വിളിപ്പിച്ച് ബലമായി ആലിംഗനം ചെയ്യുകയൊക്കെയാണ് പതിവ്. ഇത്തരം പ്രവര്‍ത്തികളില്‍ മനംമടുത്ത് പലരും മഠം വിട്ട് പോയിട്ടുമുണ്ട്. കന്യാസ്ത്രീകള്‍ എങ്ങോട്ട് പോണം, എപ്പോള്‍ ലീവ് എടുക്കണം എന്നൊക്കെ അവരവര്‍ക്ക് സ്വയം തീരുമാനിക്കാന്‍ യാതൊരു അവകാശവുമില്ല. അതുകൊണ്ട് തന്നെ ബിഷപ്പ് വരുമ്പോള്‍ ആര്‍ക്കും തന്നെ മാറി നില്‍ക്കാനും കഴിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇനിയും ഇത്തരം ക്രൂരതകള്‍ക്ക് ഇരകളായി തുടരാന്‍ കഴിയില്ലെന്നും ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേ തീരൂ എന്നുമാണ് സമരരംഗത്തുള്ള കന്യാസ്ത്രീകളുടെ ഉറച്ച ആവിശ്യം. സഭയ്ക്കുള്ളില്‍ നിന്നു തന്നെ പുരോഗമനവാദികളായ പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ പിന്തുണ കിട്ടുന്നതും ഒപ്പം അല്‍മാസ സംഘടനകളും സഹായവും പ്രത്യക്ഷമായി രംഗത്തു വരുന്നില്ലെങ്കിലും വലിയ വിഭാഗം വിശ്വാസികള്‍ അവരുടെ പിന്തുണ അറിയിക്കുന്നതും മാധ്യമങ്ങള്‍ കൂടെ നില്‍ക്കുന്നതും നീതി നേടിയെടുക്കുന്നതില്‍ തങ്ങള്‍ക്ക് സഹായകരമാകുമെന്നും ഈ കന്യാസ്ത്രീകള്‍ വിശ്വസിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍