UPDATES

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ദളിത് മുസ്ലിം ഐക്യമില്ല, പകരം ദളിത് വിരുദ്ധതയും ഫാസിസവും; കൂടുതല്‍ നേതാക്കള്‍ രാജിവയ്ക്കും

പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടി എ അംബുജാക്ഷന്‍

ദളിത്-മുസ്ലിം ഐക്യം എന്നാശയം ഉയര്‍ത്തിപ്പിടിച്ച് എട്ടുവര്‍ഷം മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദളിത് നേതാക്കള്‍ പുറത്തേക്ക്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് കടുത്ത ദളിത് വിരുദ്ധതയാണെന്നാണ് ഇവരുടെ ആക്ഷേപം. പാലക്കാട് ജില്ലയില്‍ നിന്നും പത്തോളം ദളിത് നേതാക്കള്‍ രാജിവച്ചതിനു പിന്നാലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ല എക്‌സിക്യൂട്ടൂവ് അംഗവുമായ പ്രദീപ് നെന്മാറയും പാര്‍ട്ടി വിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. സംസ്ഥാന തലത്തിലുള്ള കൂടുതല്‍ ദളിത് നേതാക്കള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാര്‍ട്ടിയില്‍ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരേ ചോദ്യം ഉയര്‍ത്തുന്നവരെയെല്ലാം പുറത്താക്കുന്ന സമീപനമാണ് നേതൃത്വം കൈക്കൊള്ളുന്നതെന്നുമാണ് രാജിവച്ചവരുടെ ആക്ഷേപം. സ്വത്വ രാഷ്ട്രീയത്തിനു വേണ്ടി വാദിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, അതിനകത്തുള്ള ദളിതരെ സ്വത്വ രാഷ്ട്രീയം പറയാന്‍ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെന്മാറയും തന്റെ രാജിക്കു പിന്നിലെ കാരണമായി ഉയര്‍ത്തുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് പറയപ്പെടുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സജി ചെറിയാനായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ. എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാത്ത സാഹചര്യത്തില്‍ പ്രത്യക്ഷമായി ഇറങ്ങി പ്രവര്‍ത്തിക്കാതെ ധാര്‍മിക പിന്തുണ നല്‍കാനായിരുന്നു തീരുമാനം. ബിജെപിയെ തോല്‍പ്പിക്കുക എന്നതായിരുന്നു ഇടതു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക വഴി പാര്‍ട്ടിയുടെ ലക്ഷ്യവും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദളിത് മുഖം എന്നു പറയുന്നത് കേരള ദളിത് പാന്തേഴ്‌സ്(കെഡിപി) ആണ്. ലയിക്കാതെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്ന ദളിത് വിഭാഗമാണ് കെഡിപി. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശക്തിയും കെഡിപിയായിരുന്നു. ഇവിടെ ഇരുപത്തയ്യായിരത്തോളം ദളിത് വോട്ടുകള്‍ ഉണ്ട്. ചെങ്ങന്നൂരില്‍ ദളിത് ഐക്യ മുന്നണിയും അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഇത് ദളിത് വോട്ടുകള്‍ വിഘടിക്കുന്നതിന് കാരണമാകുമെന്നു കണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സജി പന്തളവും ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിങ്കുഴിയും ദളിത് കോളനികളിലും കെഡിപിയുടെ കേന്ദ്രങ്ങളിലും കാമ്പയിനുകള്‍ നടത്തി. എന്നാല്‍ ഇതിനെതിരേ ഒരു വിഭാഗം എതിര്‍പ്പുമായി എത്തി. ദളിത് സ്ഥനാര്‍ത്ഥിയെയാണ് ദളിതര്‍ പിന്തുണയ്‌ക്കേണ്ടതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധികളെന്ന നിലയില്‍ തങ്ങള്‍ക്ക് ദളിതനായി മാത്രം നില്‍ക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയം കൂടി നോക്കണമെന്നുമുള്ള മറുപടിയായിരുന്നു സജി പന്തളവും സുരേന്ദ്രന്‍ കരിങ്കുഴിയും നല്‍കിയത്.

ഈ പ്രശ്‌നം വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ എത്തി. സജിയും സുരേന്ദ്രനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി. സജിയും സുരേന്ദ്രനും ചേര്‍ന്ന് സജി ചെറിയാനില്‍ നിന്നും പണം വാങ്ങിയാണ് വോട്ട് പിടിക്കുന്നതെന്ന ആരോപണവും ഇതിനൊപ്പം ഉണ്ടായിരുന്നു. ഈ ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന വിലയിരുത്തലോടെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സജി പന്തളത്തേയും സുരേന്ദ്രന്‍ കരിങ്കുഴിയേയും ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും എതിരേ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ ആരോപണങ്ങള്‍ കേട്ട് അച്ചടക്ക നടപടിയെടുത്തതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉണ്ടായി. പത്തുമുപ്പത് വര്‍ഷത്തോളമായി ദളിത് രാഷ്ട്രീയം പറയുന്നവരായ സജിയേയും സുരേന്ദ്രനെയും സസ്‌പെന്‍ഡ് ചെയ്തത് വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളിലെ ദളിത് വിരുദ്ധതയായാണ് കെഡിപിയുടെ നേതാക്കളും പ്രവര്‍ത്തകരും കണ്ടത്. കെഡിപിയില്‍ നിന്നും വിട്ടുപോയവരുടെ ആരോപണങ്ങള്‍ വരെ സംസ്ഥാന നേതൃത്വം അംഗീകരിച്ചത് ശരിയായ നടപടിയില്ലെന്നും ദളിത് നേതാക്കള്‍ ആരോപിച്ചു. മതത്തിന്റെ കണ്ണുകൊണ്ടല്ല രാഷ്ട്രീയത്തെ കാണേണ്ടതെന്ന വിമര്‍ശനവും ഇവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ത്തി.

സജിയേയും സുരേന്ദ്രനെയും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേ ഉണ്ടായ അമര്‍ഷത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളിലെ ഇരുപതോളം വരുന്ന ദളിത് നേതാക്കള്‍ പ്രദീപ് നെന്മാറയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് കത്ത് നല്‍കി. പ്രസിഡന്റിനെ നേരില്‍ കണ്ട് സംസാരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ ഈ കത്തിനെ വിഭാഗീയ പ്രവര്‍ത്തനമായാണ് നേതൃത്വം വിലയിരുത്തിയത്. പ്രദീപ് നെന്മാറുടെ നേതൃത്വത്തില്‍ ദളിതരായിട്ടുള്ളവര്‍ സംഘടിച്ചു പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതിനു പിന്നാലെ ഹമീദ് വാണിയമ്പലം പ്രദീപ് നെന്മാറയ്ക്ക് ഒരു കത്ത് നല്‍കി. മാപ്പ് എഴുതി നല്‍കാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. ഇതിനു മുന്നോടിയായി തന്നെ പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി പാലക്കാട് ജില്ല പ്രസിഡന്റ് പി ഡി രാജേഷ്, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി രഞ്ചിന്‍ കൃഷ്ണ എന്നിവരടക്കം പത്തോളം പേര്‍ രാജിവച്ചിരുന്നു. ഇവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു രാജി.

ഈ വിഷയങ്ങള്‍ ശരിവച്ചു കൊണ്ടാണ് പ്രദീപ് നെന്മാറ വെല്‍ഫെയര്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ കടുത്ത ദളിത് വിരുദ്ധയുണ്ടെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്ന്. പ്രദീപ് നെന്മാറ അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍; കഴിഞ്ഞ രണ്ടു മൂന്നുമാസക്കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ ഇടപെട്ടിരുന്നു. അക്കാര്യങ്ങളിലൊക്കെ ഒരു മധ്യസ്ഥനായി നിന്നതിന് പാര്‍ട്ടി എനിക്കെതിരേ നടപടിയെടുക്കുകയാണുണ്ടായത്. ചോദ്യം ഉയര്‍ത്തുന്നവര്‍ക്കെല്ലാം എതിരേ നടപടിയെടുക്കുകയാണ്. ഇത് തന്നെയാണ് ഫാസിസം. ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്യുന്നവരുടെ വായ് അടച്ചു പിടിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ നിന്നും പഞ്ചായത്ത് തലം മുതല്‍ ജില്ല തലം വരെയുള്ള പത്തു ദളിത് നേതാക്കന്മാരാണ് രാജിവച്ചത്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ രണ്ടു ദളിത് നേതാക്കന്മാര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു. ഇതിനെതിരേ 23 ദളിത് നേതാക്കള്‍ ചേര്‍ന്ന്, നടപടി പുനഃപരിശോധിക്കണമെന്നും സസ്‌പെന്‍ഷന്‍ കാലാവധി ചുരുക്കണമെന്നും ആവശ്യപ്പെട്ട് തികച്ചും ജനാധിപത്യ രീതീയില്‍ പാര്‍ട്ടി പ്രസിഡന്റിന് കത്ത് കൊടുത്തു. നമ്മുടെ ആവശ്യം അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അങ്ങനെയൊരു കത്ത് കൊടുക്കാന്‍ പോലുമുള്ള അവകാശം ഇല്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് എനിക്ക് നല്‍കിയ കത്തിലൂടെ പറഞ്ഞത്. നിങ്ങള്‍ 23 ദളിതരെ ചേര്‍ത്തു പിടിച്ചുകൊണ്ട്(ഒരു സമുദായത്തിലെ ആളുകളെ ചേര്‍ത്തു പിടിച്ചുകൊണ്ട്) വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നു’ എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് ആ കത്തില്‍ ആരോപിച്ചിരുന്നത്. ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ വരുമ്പോള്‍ മനസിലാക്കിയത് ഈ പാര്‍ട്ടിയില്‍ സ്വത്വ രാഷ്ട്രീയത്തെ കുറിച്ച് പറയുവാനും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ദളിതന്‍ സ്വത്വ രാഷ്ട്രീയം പറയാന്‍ പാടില്ല എന്നാണ്. ദളിതര്‍ പാര്‍ട്ടി പ്രസിഡന്റിന് ഒരു കത്ത് കൊടുത്താല്‍ അത് വിഭാഗീയ പ്രവര്‍ത്തനമാക്കി മാറ്റി അവര്‍ക്കെതിരേ നടപടിയെടുക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നോക്കാതെ, ചോദ്യം ചോദിക്കുന്നവര്‍ക്കെതിരേയെല്ലാം നടപടി. പാര്‍ട്ടിയിലുള്ള സംസ്ഥാന ഭാരവാഹികളായ ദളിത് നേതാക്കന്മാരെ പടിപടിയായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. പാലക്കാട് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പോയ പത്തുപേരുമായി യാതൊരു വിധ ബന്ധവും പുലര്‍ത്താന്‍ പാടില്ലെന്നായിരുന്നുള്ള താക്കീതും എനിക്കുണ്ടായിരുന്നു. രാജിവച്ചവരുടെ കൂട്ടത്തില്‍ എന്റെ സ്വന്തം സഹോദരനുമുണ്ട്. എന്റെ സഹോദരനുമായി ബന്ധം പുലര്‍ത്താന്‍ പാടില്ലെന്ന് എന്ത് അര്‍ത്ഥത്തിലാണ് പറയുന്നത്. ഇതിലെവിടെയാണ് ജനാധിപത്യമുള്ളത്. സ്വത്വ രാഷ്ട്രീയത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും സാമൂഹ്യ നീതിയെക്കുറിച്ചും പറയുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍, പാര്‍ട്ടികത്തുള്ള ദളിതര്‍ക്ക് ഇതൊന്നും പറയാന്‍ പറ്റുന്നില്ല, അതിനുള്ള അവകാശമില്ല. രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യ നീതിയെ കുറിച്ചും പറയുമ്പോള്‍ തന്നെ രോഹിത് വെമുലയുടെ വിഭാഗത്തില്‍ പെട്ടവര്‍ പാര്‍ട്ടിക്കത്ത് അവരുടെ സ്വത്വത്തെ കുറിച്ചോ സാമൂഹ്യ നീതിയെ കുറിച്ചോ സംസാരിക്കാന്‍ പാടില്ലെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു മനസിലാക്കി, കഴിഞ്ഞ രണ്ടു മാസംകൊണ്ട് ആലോചിച്ചെടുത്ത തീരുമാനത്തിന്റെ പുറത്തായിരുന്നു എന്റെ രാജി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ വേറെയും ആക്ഷേപങ്ങള്‍ ദളിത് നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ദളിതരെ കൃത്യമായ ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ശ്രമങ്ങള്‍ തുടരുന്നതെന്നാണ് ഇവരുടെ പരാതി. ഈ ദളിത് വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന തലത്തില്‍ ഉള്ളവരുള്‍പ്പെടെ കൂടുതല്‍ ദളിത് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിടുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. സംസ്ഥാന പ്രസിഡ്ന്റ് ഹമീദ് വാണിയമ്പലം അടക്കമുള്ളവര്‍ ദളിത് വിരുദ്ധത കാണിക്കുന്നുണ്ടെന്നാണ് പ്രദീപ് നെന്മാറ ചൂണ്ടിക്കാണിക്കുന്നത്. ‘പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന അജിത് കൊല്ലങ്കോട് അദ്ദേഹത്തിന്റെ രാജി പാര്‍ട്ടിക്ക് കൊടുത്തതിനുശേഷം സോഷ്യല്‍ മീഡിയയില്‍, ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞിരിക്കുന്നു എന്നൊരു കുറിപ്പ് ഇട്ടിരുന്നു. ജനാധിപത്യരീതിയില്‍ ബഹുജനത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി അദ്ദേഹം ഇട്ട പോസ്റ്റ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ആക്ഷേപം. ഒരാള്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ അക്കാര്യം പറഞ്ഞകൊണ്ട് എങ്ങനെയാണോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്നത് അതുപോലെ മാത്രമാണ് പാര്‍ട്ടിയില്‍ നിന്നു പോകുമ്പോഴും ചെയ്യുന്നത്. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നു പറയുമ്പോള്‍ എന്തു നവരാഷ്ട്രീയത്തെ കുറിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നത്. തങ്ങള്‍ നവരാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നതെന്നാണ് ഇവര്‍ എല്ലായിടത്തും പ്രചരിപ്പിക്കുന്നത്.

അജിത് കൊലങ്കോടിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പാലക്കാട് ജില്ല കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍, ഒരാള്‍ ഒരു ചോദ്യം ഉന്നയിക്കുമ്പോള്‍ അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണോ വേണ്ടത്? എന്നു ചോദിച്ചൊരു സന്ദേശം ഞാന്‍ അയച്ചിരുന്നു. ഇതിനു പിന്നാലെ ജില്ല പ്രസിഡന്റ് പാര്‍ട്ടിയുടെ ജില്ല കമ്മറ്റിയംഗങ്ങള്‍ വരുന്ന നാലോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം എന്നെ റിമൂവ് ചെയ്യുകയാണുണ്ടായത്. ഇതു തന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. നമ്മള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഇല്ലാതാക്കുക. ദളിതര്‍ക്കെതിരേ വളരെ ക്യത്യമായ ആസൂത്രണമാണ് നടത്തുന്നത്. ദളിത് വിഷയം ഉണ്ടെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ നില്‍ക്കാതെ കത്ത് നല്‍കിയെന്ന പേരില്‍ എന്നെയടക്കം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്ന നടപടിയിലേക്കാണ് അവര്‍ പോയത്. കത്ത് നല്‍കിയത് അച്ചടക്കലംഘനമാണെങ്കില്‍, അതിനുള്ള നടപപടിയെന്ന നിലയില്‍ താക്കീത് നല്‍കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ അല്ല അവര്‍ ചെയ്തത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നിങ്ങളെ പുറത്താക്കുമെന്നാണ് പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ഭരണഘടനയുണ്ടോയെന്ന് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍, ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുക്കുന്നതിനു മുമ്പ് അയാളുടെ സ്ഥാനമാനങ്ങള്‍ റദ്ദ് ചെയ്യുമെന്ന് അതില്‍ പറയുന്നുണ്ടോ? വളര്‍ന്നു വരുന്ന ദളിത് നേതാക്കന്മാരെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമാണിതെല്ലാം. അതിന്റെ തെളിവാണ് രണ്ട് സംസ്ഥാന നേതാക്കള്‍ സസ്‌പെന്‍ഷന്‍ അനുഭവിക്കുന്നത്. ഈ പ്രവണതയ്‌ക്കെതിരേ ശക്തമായ വികാരം ഉയര്‍ന്നു വരുന്നുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും വലിയ ദളിത് നേതൃത്വങ്ങള്‍ രാജിവച്ചു പോകും’.

ദളിത് രാഷ്ട്രീയം സാഹോദര്യ രാഷ്ട്രീയം ദളിത് മുസ്ലിം ഐക്യം എന്നൊക്കെ പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ഇതൊന്നും തന്നെ നടക്കുന്നില്ലെന്നും പ്രദീപ് നെന്മാറയെ പോലുള്ളവര്‍ വിമര്‍ശിക്കുന്നു. വരും കാലത്ത് രാജ്യം ഏറ്റെടുക്കാന്‍ പോകുന്നത് ദളിത്-മുസ്ലിം രാഷ്ട്രീയം ആയിരികക്കുമെങ്കിലും അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു പങ്കും ഉണ്ടാകില്ലെന്നാണ് ഈ പാര്‍ട്ടിക്കുള്ളില്‍ ഇത്രയും നാള്‍ നിന്ന അനുഭവം കൊണ്ട് തങ്ങള്‍ക്ക് പറയാനുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പത്തുമുപ്പത് കൊല്ലത്തോളമായി ദളിത് ജനവിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന സജി പന്തളത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളെ ശത്രുക്കളുടെ വാക്ക് കേട്ട് അച്ചടക്ക നടപടിക്ക് വിധേയരാക്കിയതിനു പിന്നില്‍, തങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നുവെന്ന വിചാരത്തില്‍ ഇനി ദളിതരൊന്നും കൂടെ വേണ്ടെന്ന മനോഭവമായിരിക്കും ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കന്മാര്‍ക്ക് എന്നാണ് ദളിത് നേതാക്കളുടെ മറ്റൊരാക്ഷേപം. ജമാ അത്തെക്കാര്‍ക്ക് പുറത്തുള്ള മുസ്ലിങ്ങളന്നും ഈ പാര്‍ട്ടിയില്‍ ഇല്ലെന്ന കാര്യം ഓര്‍ക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചതും രാഹുല്‍ ഗാന്ധി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതുമെല്ലാം കണക്കുകൂട്ടി യുഡിഎഫ് പ്രവേശനമെന്ന സ്വപ്‌നം കാണുന്നുവര്‍ ഇതിനകത്തുണ്ടെന്നും എന്നാല്‍ മുസ്ലിം ലീഗ് പോലൊരു പാര്‍ട്ടി യുഡിഎഫില്‍ ഉള്ളിടത്തോളം അതൊരു സ്വപ്‌നം മാത്രമായിരിക്കുമെന്നും ദളിത നേതാക്കള്‍ വിമര്‍ശിക്കുന്നുണ്ട്. ‘പ്രദീപ് നെന്മാറയ്ക്ക് പാര്‍ട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത് സജി പന്തളവും സുരേന്ദ്രന്‍ കരിങ്കുഴിയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്ന് സമ്മതിക്കുന്നതായും എഴുതി തരണം എന്നായിരുന്നു. അങ്ങനെ ചെയ്താല്‍ മാത്രം ഒരു സാധാരണ അംഗമായി പാര്‍ട്ടിയില്‍ നിര്‍ത്താമെന്നാണ് പ്രദീപിനോട് പറഞ്ഞത്. എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും ആരുടെയും അടിമയാകാന്‍ താത്പര്യമില്ലെന്നുമാണ് പ്രദീപ് മറുപടി നല്‍കിയത്. പുറത്തു പറയുന്ന ദളിത് ഐക്യമൊന്നും പാര്‍ട്ടിക്ക് അകത്തില്ലെന്നതിന്റെ തെളിവാണിത്‘; ദളിത് നേതാക്കള്‍ പറയുന്നു.

പാര്‍ട്ടിയില്‍ സ്വഭാവികമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടി എ അംബുജാക്ഷന്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രദീപ് നെന്മാറ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പുറത്തു കൊണ്ടുവരട്ടേയെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പറയുന്നത്. ജനാധിപത്യപരമായ രീതിയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നു കൂടി എ അംബുജാക്ഷന്‍ പറയുന്നു.

Read More: മകൾ ഇതരമതസ്ഥനെ വിവാഹം ചെയ്താൽ സുധാ രഘുനാഥന്റെ സംഗീതം ഇല്ലാതാകുമോ? കർണ്ണാട്ടിക്ക് സംഗീത ലോകത്തെ ഹിന്ദുത്വ പോലീസിംഗ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍