UPDATES

ട്രെന്‍ഡിങ്ങ്

കാസര്‍കോഡ് ഉണ്ണിത്താന് അട്ടിമറി വിജയമെങ്കില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെ? അടിതെറ്റി സിപിഎം?

എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന കണക്ക് ശരിയാവുകയാണെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിലേക്ക് പോയി

കേരളത്തിലെ എക്‌സിറ്റ് പോളുകള്‍ ഏറെക്കുറെ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്ന അഭിപ്രായ സര്‍വെകളുടെ തുടര്‍ച്ചയായി വേണം കാണാന്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന പല അഭിപ്രായ സര്‍വെകളിലും യുഡിഎഫിന് വന്‍ നേട്ടമാണ് പ്രവചിച്ചിരുന്നത്. അതുതന്നെയാണ് ഇന്നലെ പുറത്തുവിട്ട ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചത്. ന്യൂസ് 18- ഇപ്‌സോസ് സര്‍വെ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്നത്.

ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ പല മണ്ഡലങ്ങളിലെയും ഫലം പതിവുരീതികളില്‍നിന്ന് വ്യത്യസ്തമാണ്. പ്രത്യേകിച്ചും കാസര്‍കോഡ് മണ്ഡലത്തിലെ തെരഞ്ഞടുപ്പ് ഫലം.

എക്‌സിറ്റ് പോളുകള്‍ ശരിയാവുകയാണെങ്കില്‍ കാസര്‍കോട്ട് വലിയ രാഷ്ട്രീയ അട്ടിമറിയാണ് സംഭവിക്കാന്‍ സാധ്യത. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കോട്ടകളിലൊന്നായ കാസര്‍കോട്ട് ഇത്തവണ വലിയ വിജയമാണ് യുഡിഎഫിന് അഭിപ്രായസര്‍വെകളും എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

കാസര്‍കോട്ടുകാരനല്ലാത്ത രാജ്‌മോഹന്‍ ഉണ്ണിത്താനെ നിര്‍ത്തി, നാട്ടുകാരനായ വലിയ ജനപ്രീതിയുണ്ടെന്ന് കരുതുന്ന സതീഷ് ചന്ദ്രനെ തോല്‍പ്പിക്കുകയാണെങ്കില്‍ അത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരിക്കും. എക്‌സിറ്റ് പോളുകളില്‍ ശതമാനക്കണക്ക് പുറത്തുവിട്ടത് മാതൃഭൂമിയാണ്. 46 ശതമാനം വോട്ടുകള്‍ നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ തവണ സിപിഎം നേതാവ് പി കരുണാകരന്‍ 6921 വോട്ടുകള്‍ക്കാണ് കാസര്‍കോഡ് വിജയിച്ചത്. നിരവധി കാരണങ്ങള്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായി അന്ന് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയോടുള്ള വിമുഖതയായിരുന്നു അതില്‍ പ്രധാനമായി പറഞ്ഞത്. അതുകൊണ്ട് തന്നെയാവണം ഇത്തവണ സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയത്. 2009-ല്‍ 64,427 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി കരുണാകരന്‍ വിജയിച്ചത്.

എന്നാല്‍ ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അതിലെ ഒരു സവിശേഷത ബിജെപി വോട്ടുകളാണ്. ബിജെപിക്ക് നല്ല സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോഡ്. 2009-ല്‍ അവിടെ കെ സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ത്ഥി. 14.81 ശതമാനം വോട്ടുകളോടെ 1,25,482 വോട്ടുകളാണ് കെ സുരേന്ദ്രന് ലഭിച്ചത്. 2014 ലും കെ. സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ത്ഥി. 1,72,826 വോട്ടുകളാണ് ആ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ലഭിച്ചത്. 17.7 ശതമാനമായി വോട്ടു വിഹിതം വര്‍ധിച്ചു.

ബിജെപിക്ക് വോട്ടുകൂടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രകാരമുള്ള കണക്കുകള്‍ പറയുന്നതും. 2014 ല്‍ കാസര്‍കോഡ് ആകെ 12,21,194 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് 2019-ല്‍ 13,60,827 ആയി വര്‍ധിച്ചു. വോട്ടിംങ് ശതമാനം 2014 ല്‍ 78.47 ശതമാനം ആയിരുന്നത് ഇത്തവണ 80.27 ശതമാനമായും കൂടി. അതായത് ഇത്തവണ 11 ലക്ഷത്തോളം പേര്‍ വോട്ടു ചെയ്തു. ഇതിനാലാണ് ബിജെപിക്ക് 18 ശതമാനം വോട്ട് കിട്ടുമെന്ന് പറഞ്ഞിരിക്കുന്നത്. അതായത്, മാതൃഭൂമിയുടെ കണക്ക് പ്രകാരം ബിജെപിയുടെ വോട്ടുകള്‍ ഇത്തവണ 1,96,000 എങ്കിലും ആയിരിക്കും. എല്‍ഡിഎഫിന് 33 ശതമാനം വോട്ടുകളാണ് ലഭിക്കുമെന്ന് പറയുന്നത്. കഴിഞ്ഞ തവണ 39.5 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണത്തെ വോട്ടര്‍മാരുടെ എണ്ണവും പോളിംങ് ശതമാനവും കൂടിയിട്ടും എല്‍ഡിഎഫിന് വോട്ടുകുറയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അങ്ങനെയങ്കില്‍ അത് വലിയ അട്ടിമറിയായി മാറും. പ്രത്യേകിച്ചും പയ്യന്നൂര്‍, കല്യാശേരി പോലുള്ള സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങള്‍ കാസര്‍കോഡിന്റെ ഭാഗമായിരിക്കെ.

Also Read: എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ നടക്കുക ആറ് ഉപതെരഞ്ഞെടുപ്പുകള്‍, രണ്ട് സീറ്റില്‍ ബിജെപിക്ക് പ്രതീക്ഷ

അതേസമയം യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ മാതൃഭൂമിയുടെ എക്‌സിറ്റ് പോള്‍ പ്രകാരം അത് 46  ശതമാനമായാണ് വര്‍ധിക്കുന്നത്‌. അതായത് 7.2 ശതമാനത്തിന്റെ വര്‍ധനവ്. ഇത് വലിയ ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫിനെ  നയിക്കുക. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബിജെപിയുടെ വോട്ട് ശതമാനം കൂടുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി തിരിഞ്ഞിട്ടുള്ളത് എല്‍ഡിഎഫ് വോട്ടുകളാണ്.  ഇത് സിപിഎമ്മിന് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കാന്‍ പോകുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പൈട്ടത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായതും സിപിഎം പ്രവര്‍ത്തകര്‍. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവോ എന്ന സംശയമാണ് എക്‌സിറ്റ് പോളിന്റെ അടിസ്ഥാനത്തിലുണ്ടാകുന്നത്.

ന്യൂനപക്ഷവോട്ടുകള്‍ കാര്യമായി ഉള്ള മണ്ഡലമാണ് കാസര്‍കോഡ്. ഇത് കാര്യമായി തന്നെ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതയും എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍ നല്‍കുന്നു. ഏതായാലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് സിപിഎമ്മിനെ പല വിചിന്തനങ്ങള്‍ക്കും വിധേയമാക്കും.

Also Read: എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍