UPDATES

“ഡാം പൊട്ടി വരണതാ…നമ്മളെങ്ങോട്ട് ഓടീട്ടും കാര്യമില്ല…”

ഓഗസ്റ്റ് 17നു രാത്രി ഉപ്പുതോട് സംഭവിച്ചത്

ഓഗസ്റ്റ് 17- ഇടുക്കിയിലാകെ മഴ പെയ്തു കൊണ്ടിരിക്കുന്നു. ഉപ്പുതോടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വൈകുന്നേരം നാലരയോടെ ആരംഭിച്ച മഴയ്ക്ക് പക്ഷേ പതിവിലും ശക്തിയുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ആ മഴയങ്ങനെ നിന്നു പെയ്തു. ജില്ലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും ഉപ്പുതോടുകാര്‍ക്ക് അങ്ങനെയൊരു ഭയം ഇല്ലായിരുന്നു. പത്തറുപത് വര്‍ഷായിട്ട് ഉരുള്‍പൊട്ടിയിട്ടില്ലാത്ത സ്ഥലമാണ്…

മഴ ഏതാണ്ട് തോര്‍ന്നിരുന്നു. സമയം ഏഴരയോടടുത്തു കാണണം. താഴെ കവലിയിലുള്ള തന്റെ പലചരക്ക് കടയിലായിരുന്നു സണ്ണി. പരിചയക്കാരനായ ഒരാളാണ് സണ്ണിയോട് ഒരു മുന്നറിയിപ്പ് പോലെ പറയുന്നത്. അപ്പച്ചന്‍ ചേട്ടനോട് ഒന്നു മാറിയേക്കാന്‍ പറഞ്ഞേര്…ഒരു പൊട്ടലിനുള്ള സാധ്യത ഉണ്ടായേക്കാം…സണ്ണി കടയടച്ച് റോഡ് കയറി മുകളിലേക്ക് പോയത് അച്ചായനോട് ഇക്കാര്യം പറയാനാണ്…അപ്പച്ചനും ഭാര്യയും രണ്ട് പെണ്‍മക്കളും വീട്ടിലുണ്ട്. കുരിശുവരയ്ക്കുന്ന സമയത്താണ് സണ്ണി എത്തുന്നത്. മുകളിലേക്ക് മാറുന്നതാണിച്ചായ നല്ലതെന്നു തോന്നുന്നു.. ഇവിടെ പൊട്ടാന്‍ സാധ്യതയുണ്ടെന്നാ പറയണത്. പത്തുനാല്‍പ്പത് വര്‍ഷായി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് പക്ഷേ അപ്പച്ചന് സംശയമൊന്നും ഇല്ലായിരുന്നു…മാറണ്ട ആവശ്യോണ്ടെന്നു തോന്നണില്ലെടാ എന്ന് അനിയനോട് പറയാന്‍ കാരണവും അപ്പച്ചന്റെ വിശ്വാസമായിരുന്നു. പക്ഷേ, ആ വീടിനു തൊട്ടു മുകളില്‍ തന്നെ കുടുംബ വീട്ടില്‍ താമസിക്കുന്ന സണ്ണി എട്ടരയോടെ വീണ്ടും ചേട്ടനെ തിരക്കി വന്നു…മാറാന്‍ നിര്‍ബന്ധം പിടിച്ചു…അനിയന്‍ പറഞതല്ലേ എന്നോര്‍ത്ത് ഞങ്ങളൊരു ഒമ്പതു മണിയാകുമ്പം അങ്ങെത്തിക്കോളാന്ന് പറയേണ്ടി വന്നു അപ്പച്ചന്..ഒമ്പതായപ്പോള്‍ ഭാര്യയേയും മക്കളേയും കൂട്ടി അപ്പച്ചന്‍ കതകു പൂട്ടി പുറത്തേക്കിറങ്ങി. അപ്പോഴും ആ മനസില്‍ സംശയം ബാക്കിയായിരുന്നു… സര്‍ട്ടിഫിക്കറ്റൊക്കെ എടുക്കണോ അപ്പാ എന്നു മൂത്തമകള്‍ ചോദിച്ചപ്പോള്‍ പോകേണ്ട കാര്യം തന്നെയുണ്ടോ പിള്ളേരേ എന്നായിരുന്നു അപ്പച്ചന്‍ വീണ്ടും ചോദിച്ചത്…ചെന്നില്ലേ അനിയന്‍ ചെക്കന്‍ വീണ്ടും തിരക്കി വരുമല്ലോ എന്നോര്‍ത്താണ് മടിച്ചാണെങ്കിലും വീട്ടിന്ന് ഇറങ്ങിയത്…കുറച്ച് സ്വര്‍ണം വീട്ടിലിരുന്നത് മാത്രം കൈയിലെടുത്തു. കള്ളമ്മാരാരെങ്കിലും കയറിയാലോ എന്നോര്‍ത്ത്… അപ്പോള്‍ സമയം രാത്രി ഒമ്പത് മണി കഴിഞ്ഞ് അഞ്ചു മിനിട്ട്…

ഓഗസ്റ്റ് പതിനഞ്ചാം തീയതിയാണ് പറമ്പില്‍ രണ്ടു മൂന്നിടത്തായി പൊത്തുകള്‍ ഉണ്ടായിരിക്കുന്നതും അതില്‍ നിന്നും കലക്കവെള്ളം പുറത്തേക്ക് വരുന്നതും ദിവാകരന്‍ കണ്ടത്. അയലോക്കക്കാരനോട് ഇതേക്കുറിച്ച് പറഞ്ഞു, പൊട്ടാന്‍ സാധ്യത ഉണ്ടെന്നാ തോന്നണത് ചേട്ടായി…എന്തായാലും വീട്ടില് കിടക്കണ്ടാ… അനിയന്റെ വീട്ടിലേക്ക് മാറിക്കോ എന്നായിരുന്നു മറുപടി….ഓഗസ്റ്റ് 16 നും 17 നും ദിവാകരനും ഭാര്യയും അനിയന്റെ വീട്ടിലേക്ക് പോയി. പതിനേഴ് രാത്രി. സമയം അപ്പോള്‍ ഒമ്പത് കഴിഞ്ഞ് പതിനഞ്ച് മിനിട്ട്…അപ്പച്ചന്റെ വീടിരിക്കുന്നതിന് തൊട്ടു മുകളിലാണ് ദിവാകരന്റെ വീട്. അനിയനോട് സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു ബുള്ളറ്റ് തന്റെ പറമ്പിലേക്ക് വരുന്നതുപോലൊരു ശബ്ദം ദിവാകരന്‍ കേട്ടത്. അനിയനോട് പറഞ്ഞപ്പോള്‍, അത് ബുള്ളറ്റല്ല ചേട്ടായി എനിക്ക് തോന്നണത് വിമാനങ്ങളേതാണ്ട് കൂട്ടിയിടിച്ച് വീണിട്ടുണ്ടെന്നായിരുന്നു ഭയം നിറഞ്ഞ മറുപടി. പെട്ടന്നാണ് താഴേ നിന്നും ഒരു കരച്ചില്‍ കേട്ടത്. ദിവാകരന്‍  ഓടി ചെല്ലുമ്പോള്‍ താഴെ താമസിക്കുന്നവരാരോ അപ്പച്ചാ…അപ്പച്ചാ…എന്നു ഉറക്കെ വിളച്ച് കരയുകയാണ്…ദിവാകരന്‍ കാണുന്ന കാഴ്ച്ച അപ്പച്ചന്റെ വീട് ഇരുന്നിടത്ത് കാണുന്നില്ല… പിന്നെ നോക്കുമ്പോള്‍ താഴെയായി ഒരു പ്ലാവില്‍ ഇടിച്ചെന്നപോലെ അപ്പച്ചന്റെ വാര്‍ക്ക വീട്… അപ്പോഴാണ് ദിവാകരന് കാര്യം പിടികിട്ടി വന്നത്. ഉരുള്‍പൊട്ടിയിരിക്കുന്നു…

"</p

ദിവാകരന്‍

അപ്പച്ചന്റെ വീടിനു താഴെക്കൂടി പോകുന്ന റോഡിന് കീഴിലായാണ് ദിവാകരന്റെ സഹോദരി രാജമ്മയും കുടുംബവും താമസിക്കുന്നത്. അവര് ക്യാമ്പിലേക്ക് പോയിരിക്കുകയാണ്…അപ്പച്ചന്റെ വീട് പോയെന്ന് മനസിലായതോടെ ഉള്ളില്‍ ആന്തലായി…ആളുകള്‍ ഇതിനകം ഓടി എത്തിയായിരുന്നു. അപ്പച്ചന്‍ ചേട്ടനും ഭാര്യേം പിള്ളേരും അകത്തുണ്ടായിരുന്നു. ഞങ്ങള് വെളിച്ചം കണ്ടതാണ്..ഓരോരുത്തരും പറഞ്ഞതോടെ ഭയം കുത്തിയൊലിച്ച് പുറത്തു ചാടി..അപ്പച്ചാ…എന്ന വിളി അവിടെയാകെ മുഴങ്ങി…മറുപടിയില്ല…പെട്ടെന്നാണ് വലിയൊരു ശബ്ദം…വീണ്ടും ഉരുള്‍ പൊട്ടിയിരിക്കുന്നു..എല്ലാവരും പേടിച്ചോടി…കുറെ സമയം കഴിഞ്ഞു പോയവരെല്ലാം വീണ്ടുമെത്തി…ആ സമയത്ത് ഭൂമി ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്… അപ്പച്ചനും കുടുംബത്തിനും വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും തുടര്‍ന്നു…പക്ഷേ, നിരാശയായിരുന്നു ഫലം. അധികസമയം ആയില്ല, മൂന്നാമത്തെ ഉരുള്‍ പൊട്ടലിന്റെ ശബ്ദവും മുഴങ്ങി. ഇത് ഇടുക്കി ഡാം പൊട്ടി വരണതാ…നമ്മളെങ്ങോട്ട് ഓടീട്ടും കാര്യമില്ല…എങ്ങോട്ടും പോകണ്ടാ…നമ്മുടെ ജീവിതം ഇതോടെ തീര്‍ന്നു…ദിവാകരന്‍ കരച്ചിലോടെ വിളിച്ചു പറഞ്ഞു…

"</p

മൂന്നാമത്തെ ഉരുളും പൊട്ടി കഴിഞ്ഞപ്പോള്‍ എല്ലാവരും വീണ്ടും വന്നു…അപ്പോഴാണ് അത്ഭുതം പോലെ അപ്പച്ചന്‍ താഴേക്ക് ഇറങ്ങി വരുന്നത്.

വീടും പൂട്ടി ഭാര്യയോടും പിള്ളേരോടും കൂടി ഒമ്പത് അഞ്ചിന് പുറത്തിറങ്ങി തറവാട് വീട്ടിലേക്ക് അപ്പച്ചന്‍ എത്തുമ്പോള്‍ ഒമ്പത് പതിനഞ്ച് ആയിരുന്നു. ഇറയത്ത് ചാച്ചനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട് കുലുക്കിക്കൊണ്ട് വലിയൊരു ശബ്ദം അപ്പച്ചന്‍ കേള്‍ക്കണത്. ഭൂമി കുലുക്കം ആണെന്നായിരുന്നു ആദ്യം ധരിച്ചത്. പിന്നെയാണ് ഉരുള്‍പൊട്ടലാണെന്ന് മനസിലായത്. മൂന്നു തവണയും പൊട്ടി കഴിഞ്ഞാണ് അപ്പച്ചന്‍ താഴേക്ക് വരുന്നത്.

ഏതാണ്ട് ഇരുപത്തിയഞ്ച് മുപ്പത് ഏക്കര്‍ ഭൂമിയാണ് പൊട്ടിയൊലിച്ച് പോയത്. അഞ്ചു വീടുകള്‍ തകര്‍ന്നു. മൂന്നു വീടുകള്‍ അവിടെ ഉണ്ടായിരുന്നുവെന്ന സൂചനപോലും കിട്ടാത്ത വണ്ണം പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. രണ്ടു വീടുകള്‍ ഭാഗീകമായി തകര്‍ന്നു… ജാതിയും തെങ്ങും, കുരുമുളകും, കൊടിയുമൊക്കെ നിറഞ്ഞു നിന്നിരുന്ന മണ്ണ് ചീന്തിക്കളഞ്ഞെന്നപോലെ അപ്രത്യക്ഷമായിരിക്കുന്നു. കൂറ്റന്‍ കരിങ്കല്‍ പാറകള്‍ എങ്ങും..വെള്ളം കുത്തിയൊലിച്ച് ഇറങ്ങിപ്പോയ വഴികളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കൂറ്റന്‍ മരങ്ങള്‍ കടപുഴകിയെറിഞ്ഞെന്നവണ്ണം കിലോമീറ്റുകള്‍ ദൂരെ തെറിച്ചു കിടക്കുന്നു. ടാര്‍ റോഡ് മൊത്തത്തില്‍ വാരിയെടുത്തു കളഞ്ഞെന്നപോലെ കാണാനേയില്ല.

"</p "</p

തങ്ങളുടെ എല്ലാം നഷ്ടമായിരിക്കുന്നു എന്ന് അപ്പച്ചനും രവീന്ദ്രനും കൂഞ്ഞൂട്ടിച്ചായനുമൊക്കെ മനസിലാക്കിയ നിമിഷങ്ങള്‍…പക്ഷേ, അതിലും വലിയൊരു ദുരന്ത വാര്‍ത്ത അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ക്യാമ്പില്‍ ഉണ്ടായിരുന്ന രാജമ്മ ചേച്ചിയും മാത്തുക്കുട്ടിച്ചായനും വീട്ടിലേക്ക് പോന്നിട്ടുണ്ടായിരുന്നെന്ന് ആരോ പറഞ്ഞു. പക്ഷേ, അതാര്‍ക്കും തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഉരുള്‍ പൊട്ടുന്നതിനു പത്തു മിനിട്ട് മുമ്പ് രാജമ്മ ചേച്ചിയേയും മാത്തുക്കുട്ടിച്ചായനേയും മൂത്തമകന്‍ വിശാലിനേയും ക്യാമ്പില്‍ കണ്ടവരുണ്ട്. അതുകൊണ്ട് അവര് ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു പറച്ചില്‍..ക്യാമ്പില്‍ തിരക്കി..സത്യമാണ്. രാജമ്മയും ഭര്‍ത്താവും മകനും തിരിച്ചു വീട്ടിലേക്കു പോയായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള ഒരു കൂട്ടുകാരനെയും വിശാല്‍ ഇന്ന് തന്റെ വീട്ടില്‍ കിടക്കാം എന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയിരുന്നു. കല്യാണ നിശ്ചയത്തിനായി അപ്രതീക്ഷിതമായി കിട്ടിയ ലീവില്‍ നാട്ടിലെത്തിയതായിരുന്നു വിശാലിന്റെ കൂട്ടുകാരന്‍. ക്യാമ്പില്‍ ഉറങ്ങാന്‍ കിടക്കാന്‍ തുടങ്ങിയ ആ കൂട്ടുകാരനെ വിശാല്‍ നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു.

അപ്പച്ചനും വീട്ടുകാരും അവരുടെ വീടു പൂട്ടി പോയ അതേ സമയത്തു തന്നെയായിരുന്നു രാജമ്മയും കുടുംബവും അവരുടെ വീട്ടിലേക്ക് എത്തുന്നതും…

എന്റെ സഹോദരിയും കുടുംബവും അവിടെയുണ്ടാകുമെന്ന് ഒരു ചിന്തയും ഇല്ലായിരുന്നു. അവര് ക്യാമ്പിലാണെന്നാണ് എല്ലാവരും പറഞ്ഞത്. അപ്പച്ചനും വീട്ടുകാരുമാണ് പോയതെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ… പെങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടായ ദുര്‍വിധിയോര്‍ത്ത് ദിവാകരന്‍ വിതുമ്പി. വീടും മൊത്തം പോയി…പത്തെഴുപത് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ദേഹണ്ഡം(കൃഷി) ചെയ്തു വന്ന മണ്ണാണ്. മൊത്തം ഒലിച്ചു പോയി. ഇനിയൊന്നിനും കൊള്ളില്ല. കുറച്ച് ദിവസം ക്യാമ്പില്‍ പോയി കിടന്നു. ഇപ്പോള്‍ താഴെ ജംഗ്ഷനില് ഒരു ഒറ്റമുറി വാടകയ്ക്ക് കിട്ടി. ഭാര്യ അംഗന്‍ വാടിയില്‍ ഹെല്‍പ്പറാണ്. അവള്‍ക്ക് മാസം ഏഴായിരം രൂപ കിട്ടും. അതുകൊണ്ട് വാടക രണ്ടായിരം കൊടുക്കാന്‍ പറ്റുന്നുണ്ട്. എനിക്ക് പറമ്പില് ദേഹണ്ഡിക്കലായിരുന്നു. ഇനിയൊന്നും ഇല്ലല്ലോ…ഒരു മകള്‍ ഉണ്ടായിരുന്നതിനെ കെട്ടിച്ചു വിട്ടത് മാത്രം സമാധാനം. പത്തമ്പത് വര്‍ഷായി ജീവിച്ചു പോന്ന മണ്ണാണ്. ഉള്ള സ്ഥലത്തിന് പട്ടയവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും ഇല്ല. ഇവിടെയിനി താമസിക്കാനൊന്നും പറ്റത്തില്ല. വേറെയെവിടെങ്കിലും താമസിച്ചാല്‍ തന്നെ കൃഷി ചെയ്തു പോന്ന മണ്ണ് പോയില്ലേ…അതിനെന്ത് ചെയ്യും…വാടകയ്ക്ക് കിടക്കുന്നിടത്തു നിന്നും ഞാന്‍ എല്ലാ ദിവസവും ഇങ്ങോട്ട് വരും ഇതിലൂടെയെല്ലാം നടക്കും…ഞങ്ങളുടെ ജീവിതമാണീ പൊട്ടിപ്പൊളിഞ്ഞ് കിടക്കണത്…ഇതിനെക്കാളൊക്കെ വിഷമല്ലേ എന്റെ പെങ്ങക്ക് ഉണ്ടായതോര്‍ക്കുമ്പോള്‍…അങ്ങനൊന്ന് സംഭവിക്കുമെന്ന് കരുതിയതേയില്ലായിരുന്നു…

"</p

ഉപ്പുതോട് ഉണ്ടായ ഈ അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ നാലുപേരാണ് മരിച്ചത്. അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, വിശാലിന്റെ സുഹൃത്ത്. പൊലീസും ഫയര്‍ഫോഴ്‌സുമൊക്കെ എത്തുന്നതിനും മുന്നേ നാട്ടുകാര്‍ തന്നെ മാത്യുവിനും കുടുംബത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ വീടിരുന്നിടത്തു നിന്നും അര കിലോമീറ്ററോളം മാറി മാത്യുവിന്റെ ശരീരം കണ്ടു. തുണിയില്‍ പൊതിഞ്ഞ് പൊക്കിയെടുക്കാന്‍ നേരത്താണ് മുകളില്‍ നിന്നും കല്ലുകള്‍ താഴേക്ക് ഉരുണ്ടു വീഴാന്‍ തുടങ്ങിയത്. അതോടെ ശരീരം അവിടെയിട്ട് ഓടി മാറേണ്ടി വന്നു. അപ്പോഴേക്കും പൊലീസ് എത്തി. ആള് മരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ശരീരം എടുക്കാന്‍ നോക്കുന്നത് അപകടമായിരിക്കുമെന്നും പൊലീസ് നാട്ടുകാരോടു പറഞ്ഞു. പിറ്റേ ദിവസമാണ് മാത്യുവിന്റെ ശരീരം എടുക്കുന്നത്. കേന്ദ്ര സേന ഉള്‍പ്പെടെ എത്തി നാലു ഹിറ്റാച്ചികള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലാം ദിവസം വിശാലിന്റെയും സുഹൃത്തിന്റെയും ശരീരങ്ങള്‍ കിട്ടി. രണ്ടും അടുത്തടുത്തായിട്ടായിരുന്നു. മാത്യുവിന്റെ ശരീരം കിട്ടയിടത്തു നിന്നും വീണ്ടും താഴേക്കു മാറിയായിരുന്നു അവരിരുവരും കിടന്നിരുന്നത്. രാജമ്മയ്ക്ക് വേണ്ടി വീണ്ടും ദിവസങ്ങള്‍ തിരഞ്ഞു. എട്ടു ദിവസത്തോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല..ഒടുവില്‍ ഒരു കാല് മാത്രം കിട്ടി…അത് കൊണ്ടുപോയി അടക്കി…രാജമ്മ ഇപ്പോഴും ആ മണ്ണിനും കല്ലുകള്‍ക്കുമിടയില്‍ എവിടെയോ ഉണ്ട്…

മത്യുവിനും രാജമ്മയ്ക്കും രണ്ട് മക്കളായിരുന്നു. വിശാലിന്റെ താഴെയുള്ളത് പെണ്ണാണ്. ദിവ്യ. കൊല്‍ക്കത്തയില്‍ നഴ്‌സ്. വിദേശത്തേക്ക് പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിവ്യയെ തേടി ഈ ദുരന്തവാര്‍ത്ത എത്തുന്നത്. ചേട്ടന് ബൈക്ക് അപകടം സംഭവിച്ചു എന്നു പറഞ്ഞാണ് ദിവ്യയെ വരുത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് തന്റെ അമ്മയും അച്ഛനും സഹോദരനും ദാരുണാന്ത്യം സംഭവിച്ച വിവരം ദിവ്യ അറിയുന്നത്. കര്‍മലീത്ത മഠത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം കഴിഞ്ഞ ദിവ്യ കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോയിരുന്നു. അടുത്ത ദിവസം തന്നെ തിരിച്ചു വരും. ഇനി തിരിച്ചു വിടേണ്ടെന്നാണ് ബന്ധുക്കളുടെ തീരുമാനം. സര്‍ക്കാര്‍ സഹായിച്ച് കേരളത്തില്‍ എവിടെയെങ്കിലും ഒരു ജോലി ദിവ്യക്ക് കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹവും ബന്ധുക്കള്‍ക്കൊണ്ട്.

"</p

അപ്പച്ചന്‍

സത്യത്തില്‍ എല്ലാവരും കരുതിയിരുന്നത് ഞാനും വീട്ടുകാരും പോയെന്നാണ്..പക്ഷേ, പോയത് മാത്യൂട്ടിച്ചായനും രാജമ്മ ചേച്ചയും കൊച്ചുമാണ്… ഇതിലിപ്പം എന്താ പറയാന്‍..ഇത്രകാലം ഒരുമിച്ചുണ്ടായിരുന്നവര്‍ ഒരു രാത്രിയില്‍ ഇല്ലാതായിരിക്കുകയാണ്. ഈ പ്രദേശത്ത് ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങളാരും ഓര്‍ത്തതല്ല. ഇപ്പോള്‍ ഈ സ്ഥലം കണ്ടിട്ട് ഞങ്ങക്ക് തന്നെ വിശ്വസിക്കാന്‍ പറ്റണില്ല. എല്ലാം പോയി. എനിക്ക് ഒരേക്കര്‍ സ്ഥലമായിരുന്നു. പട്ടയമുള്ളത്. വീട് പൂര്‍ണമായി പോയി. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ഫില്ലറില്‍ തീര്‍ത്ത വാര്‍ക്ക കെട്ടിടമായിരുന്നു. ഇപ്പോഴത് എവിടെയാണ് ഉണ്ടായിരുന്നതെന്നു പോലും അറിയാന്‍ പറ്റണില്ല. ജാതിയും തെങ്ങും, കൊടിയും കൊക്കോയും ഒക്കെ ഉണ്ടായിരുന്ന പറമ്പായിരുന്നു. എല്ലാം പോയി. മൂത്തപെണ്ണിന്റെ കല്യാണാവിശ്യത്തിന് കരുതി വച്ചിരുന്ന അഞ്ഞൂറു കിലോ കുരുമുളക് ഉണ്ടായിരുന്നു. അഞ്ചു വര്‍ഷത്തോളമായി കൂട്ടി വച്ചിരുന്നതാണ്. അതു മുഴുവന്‍ പോയി. പത്തിരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം പോയി. അനിയന്‍ എടുത്തു തന്ന വാടക വീട്ടിലാണ് ഞങ്ങളിപ്പോള്‍. ഉടുതുണിയല്ലാതെ ഒന്നും ഇപ്പോള്‍ ഇല്ല. ഇനി ഒന്നേന്നു തൊടങ്ങാനുള്ള ആരോഗ്യമില്ല. പിള്ളേര്‍ക്ക് എന്തെങ്കിലുമൊരു ജോലി കിട്ടിയാലല്ലാതെ ജീവിക്കാന്‍ നിവൃത്തിയില്ല; അപ്പച്ചന്‍ തന്റെ വീടിരുന്നിടത്തു കൂടി നടന്നുകൊണ്ട് പറഞ്ഞു.

വെയിലില്‍ വിണ്ടുകീറി പൊടിയായി മാറിയ പൂഴിക്കു മുകളിലേക്ക് നിവര്‍ന്നു നില്‍ക്കുന്ന ഒരു കൊമ്പ്!

"</p

ഇരുപത്തിയൊന്നര ലിറ്റര്‍ പാല് കറന്നുകൊണ്ടിരുന്ന പശുവാണ്. ഞങ്ങള് വീടു പൂട്ടി പോയപ്പോള്‍ അതെഴുന്നേറ്റ് കരഞ്ഞതാ…വരാന്‍ പോണ ദുരന്തം അതിന് മനസിലായിട്ടുണ്ട്. വീടിനോട് ചേര്‍ന്നായിരുന്നു തൊഴുത്ത്. രണ്ടു ക്ടാവുകളും ഉണ്ടായിരുന്നു. അതുങ്ങളെ കൊല്ലാനായിട്ട് മാത്രമെന്നോണമാണ് തൊഴുത്തിരുന്ന ഭാഗത്തു കൂടി പൊട്ടിയിലൊച്ചു പോന്നത്. മണ്ണിനും കല്ലിനുമടിയില്‍ നിന്നും എങ്ങനെ പുറത്തെടുക്കാനാ… അതുകൊണ്ട് അവിടെ തന്നെയിട്ട് മൂടി. അതിനെയെങ്കിലും ബാക്കി കിട്ടിയിരുന്നെങ്കില്‍ ജീവിക്കാന്‍ ഒരു മാര്‍ഗമെങ്കിലും ഉണ്ടെന്നു പറയായിരുന്നു… ഇതിപ്പോള്‍…കരഞ്ഞുപോകുമെന്നറിയാവുന്നതുകൊണ്ട് പറഞ്ഞു വന്നത് നിര്‍ത്തി നടന്നു മാറി അപ്പച്ചന്‍.

ഇടുക്കിയില്‍ ഉണ്ടായി ഉരുള്‍പൊട്ടലുകളില്‍ ഏറ്റവും വലുതെന്ന് പറയാവുന്ന ഒന്നാണ് മരിയാപുരം പഞ്ചായത്തില്‍പ്പെട്ട ഉപ്പുതോടില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാതിരുന്ന ഒരു പ്രദേശമായിരുന്നു ഉപ്പുതോട്. ഇടുക്കിയുടെ ഭൂപ്രകൃതിയുടെ അനിശ്ചിതാവസ്ഥ എന്താണെന്നു വ്യക്തമാക്കി തരാനുള്ള ഒരു ഉദ്ദാഹരണം പോലെയാണ് നാലുപേരുടെ ജീവനെടുത്തുകൊണ്ട് ഉണ്ടായ ഈ ഉരുള്‍പൊട്ടല്‍. ഉപ്പുതോട് ടൗണില്‍ നിന്നും മുകളിലേക്ക് കയറിപ്പോകുന്ന റോഡില്‍ പള്ളി കഴിഞ്ഞു മുന്നോട്ട് പോകുന്നിടത്താണ് ഈ ഭീമന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. എക്കറുകണക്കിന് ഭൂമി നശിച്ചുപോയ ഇവിടെ ഇനി മനുഷ്യവാസ യോഗ്യമാക്കിയെടുക്കുക അസാധ്യം തന്നെയാണ്. അങ്ങനെ വരുമ്പോള്‍ ഇവിടെ താമസിച്ചിരുന്നവര്‍ എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കിയാണ്.

"</p

 

"</p

 

ഇനിയിവിടെ താമസിക്കാന്‍ പറ്റത്തില്ലാന്ന് ഞങ്ങക്കും അറിയാം. വേറെ സ്ഥലം കണ്ടെത്തണം. പരിസ്ഥിതിക്കാര് പറയണത് ഞങ്ങളിവിടെ താമസിച്ചതുകൊണ്ടാണ് ഉരുള്‍പൊട്ടിയതെന്നാണല്ലോ…പത്തറുപത് കൊല്ലങ്ങളായി ഞങ്ങളിവിടെയുണ്ട്. മണ്ണില്‍ ദേഹണ്ഡം ചെയ്ത് അദ്ധ്വാനിച്ചു ജീവിച്ചു പോന്നവരാണ്. ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതിയിട്ടേയില്ല. ഇപ്പം നടന്നപ്പം എല്ലാവരും പറയണത് ഞങ്ങളെ ഇറക്കി വിടണോന്നാണല്ലോ…ഇറങ്ങാം…പക്ഷേ എങ്ങോട്ട് പോകും. അതുകൂടി പറയണവര് പറയണം. ഇവിടെ വീട് വയ്ക്കാന്‍ ഇനി കൊള്ളത്തില്ല, ശരിയാണ്. വേറെ എവിടെ വയ്ക്കും? ജനിച്ച മണ്ണില്‍ തന്നെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതല്ലേ…? ഞങ്ങക്ക് മാത്രം അതിനുള്ള അവകാശമില്ലെന്നാണോ? അഞ്ച് സെന്റ് സ്ഥലം കിട്ടിയതുകൊണ്ട് ആയോ? ഞങ്ങള്‍ മണ്ണില്‍ പണിയെടുത്ത് ജീവിതം ഉണ്ടാക്കിയവരാണ്. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കുമെന്നു കൂടി പറ? സര്‍ക്കാരിന്റെ ഒരു സഹായവും ഇതുവരെ ഞങ്ങക്ക് കിട്ടിയിട്ടില്ല.എല്ലാം പോയി നിക്കണവനാണ് ഞാന്‍. പതിനായിരം രൂപ ഉണ്ടെന്നു പറഞ്ഞിട്ട് അതുപോലും കിട്ടിയിട്ടില്ല… ഞങ്ങള്‍ ഇറങ്ങിപ്പൊക്കോണം എന്നു മാത്രമാണ് എല്ലാവരും പറയണത്. ഞങ്ങടെ മനസിന്റെ വിഷമം ആരെങ്കിലും അറിയുന്നുണ്ടോ? ഈ ഉപ്പുതോടിലേക്ക് ആദ്യം കയറി വന്നൊരു മനുഷ്യനുണ്ട്. ആ മനുഷ്യന്റെ വീടും പോയി. പറമ്പും പോയി. പത്തെണ്‍പതോളം ജാതി മരങ്ങളുണ്ടായിരുന്നു, അതു മുഴുവന്‍ പോയി. ഉരുള്‍ പൊട്ടണതിന്റെ തലേന്നും തൊണ്ണൂറ് വയസിനടുത്ത് പ്രായമുള്ള ആ മനുഷ്യന്‍ പറമ്പില്‍ ഇറങ്ങി നടന്ന് ജാതി പറിച്ചതാ…ഞങ്ങളൊക്കെ ചാകും വരെ പറമ്പില്‍ തന്നെ പണിയെടുത്ത് ജീവിക്കുന്നവരാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമോ? ദേഷ്യവും സങ്കടവും കലര്‍ന്ന വാക്കുകള്‍ക്കൊടുവില്‍ അപ്പച്ചന്‍ ഉപ്പുതോടിലേക്ക് ആദ്യമെത്തിയ ആ വൃദ്ധന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി…

"</p

കൂഞ്ഞൂട്ടിച്ചായന്‍

കരിമ്പടത്തിനു കീഴെ നന്നേ ശോഷിച്ച ആ വൃദ്ധശരീരം മുറിയുടെ മുകള്‍തട്ടിലേക്ക് കണ്ണയച്ച് കിടക്കുകയായിരുന്നു. കൊടുംകാടായിരുന്ന ഉപ്പുതോടിലേക്ക് ആദ്യമായി എത്തിയവരിലെ മുമ്പന്‍- ഇടശ്ശേരികുന്ന് വീട്ടില്‍ ഔസേഫ് എന്ന 89 കാരന്‍ കൂഞ്ഞൂട്ടിച്ചായന്‍. പെരുവന്താനത്തു നിന്നും ഉപ്പുതോടിലേക്ക് കുഞ്ഞിട്ടാച്ചന്‍ എത്തുമ്പോള്‍ അന്നിവിടം കൊടുംകാടായിരുന്നു. ആനയും കടവുയുമൊക്കെയുള്ള കാട്. പാറപോലെ ഉറച്ച മണ്ണിലേക്കും അറുപത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കുഞ്ഞുട്ടീച്ചായന്‍ വന്നെത്തിയത്. അതിനു പിന്നാലെ മറ്റ് ആറുപേര്‍ കൂടി വന്നു. അതിലൊരാള്‍ മുകളില്‍ പറഞ്ഞ ദിവാകരന്റെ അച്ഛന്‍ ഗോവിന്ദനായിരുന്നു. അവരവിടെ പടവെട്ടി ജീവിതം വിളയിച്ചെടുത്തു. ഏഴുപേരും 13 ഏക്കറോളം വീതിച്ചെടുത്തു. ഇവരുടെ പിന്നാലെ വന്നവരും അവരുടെ തലമുറകളുമാണ് ഇന്ന് ഉപ്പുതോടിലുള്ളത്. വെട്ടിപ്പിടിച്ചതെല്ലാം തന്റെ മാത്രമാക്കി അനുഭവിക്കാന്‍ കുഞ്ഞൂട്ടിച്ചായന്‍ തയ്യാറായിരുന്നില്ല. റോഡിനായി വിട്ടുകൊടുത്തത് മൂന്നേക്കറോളം, പള്ളിവയ്ക്കാന്‍ മണ്ണ് വിട്ടുകൊടുത്തു, മഠം സ്ഥാപിക്കാനും ഭൂമി കൊടുത്തു. അംഗന്‍ വാടി, ഗവ. ആയുര്‍വേദ ആശുപത്രി, ഹെല്‍ത്ത് സെന്‍റര്‍, വില്ലേജ് ഓഫിസ് എന്നിവയെല്ലാം ഉപ്പുതോടില്‍ സ്ഥിതി ചെയ്യുന്നത് കുഞ്ഞൂട്ടിച്ചായന്‍ ദാനമായി നല്‍കിയ ഭൂമിയിലാണ്. ഒരര്‍ത്ഥത്തില്‍ ഇന്നു കാണുന്ന ഉപ്പുതോട് കുഞ്ഞൂട്ടിച്ചായന്‍ ഉണ്ടാക്കിയതാണെന്നു പറയാം…മക്കളെല്ലാം വളര്‍ന്ന് തന്‍കാര്യം നോക്കാറായപ്പോഴും താനവര്‍ക്കൊരു ഭാരമാകരുതെന്ന് തീരുമാനിച്ച് മണ്ണില്‍ പണിയെടുത്ത് തന്നെയായിരുന്നു ഓഗസ്റ്റ് 17 ആം തീയതി വരേയും കുഞ്ഞൂട്ടിച്ചായന്‍ കഴിഞ്ഞത്. പ്രായവും അസുഖങ്ങളും തളര്‍ത്താന്‍ നോക്കിയെങ്കിലും പരാജയപ്പെടാന്‍ ഒരുക്കമല്ലാതിരുന്ന ആ മനുഷ്യന്‍ പക്ഷേ, അന്നത്തെ ആ രാത്രിയോടെ വീണുപോയി. താമസിച്ചു പോന്നിരുന്ന വീട് തകര്‍ന്നു പോയത് കണ്ടപ്പോള്‍, താന്‍ വിയര്‍പ്പൊഴുക്കിയ ഭൂമി ഒഴുകിപ്പോയത് കണ്ടപ്പോള്‍, തന്റെ അയല്‍ക്കാര്‍ ക്രൂരമായ മരണത്തിന് ഇരകളാകുന്നത് കണ്ടപ്പോള്‍ അത്രനാളും ആ മനസില്‍ ഉണ്ടായിരുന്ന കരുത്തെല്ലാം ചോര്‍ന്നുപോയ കുഞ്ഞൂട്ടിച്ചായന്‍ വീണുപോയി. ഇപ്പോള്‍ മകന്റെ വീട്ടിലാണ്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിനുശേഷമാണ് ഇങ്ങോട്ട് പോന്നത്. സ്വന്തം വീട്ടില്‍ നിന്നും മാറേണ്ടി വന്നത്, ഇനിയങ്ങോട്ട് പോകാന്‍ കഴിയില്ലെന്നുള്ളതെല്ലാം കുഞ്ഞൂട്ടിച്ചായനെ തകര്‍ത്തു. ഓക്‌സിജന്റെ അളവ് കുറഞ്ഞുപോകുന്ന സ്ഥിതിയാണ് ഇപ്പോള്‍. അധികം സംസാരിക്കാന്‍ വയ്യാ. എങ്കിലും മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. പതിഞ്ഞ ശബ്ദത്തില്‍ കുഞ്ഞൂട്ടിച്ചായന്‍ പറഞ്ഞു; ഇങ്ങനെയൊന്ന് ഇതാദ്യാ…പത്തമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുതായൊന്നു വിണ്ടിട്ടുണ്ട്…കുറച്ച് മരങ്ങളൊക്കെ കടപുഴകി പോയതു മാത്രേയുള്ളൂ..പെരുവന്താനത്ത് അഞ്ചു മിനിട്ടിനിടയില്‍ ഒമ്പതോളം ഉരുള്‍പൊട്ടുന്നത് കണ്ടിട്ടുള്ളവനാണ് ഞാന്‍…പക്ഷേ, ഇത്… വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല…

"</p

ഇനിയവിടെ താമസിക്കാന്‍ പറ്റത്തില്ല, ഉണ്ടായിരുന്നവരെല്ലാം എങ്ങോട്ടെങ്കിലും മാറണമെന്നാണല്ലോ പറയുന്നതെന്നു ചോദിച്ചപ്പോള്‍, നിശബ്ദമായ ആ ചിരിക്കു ശേഷം ഒരു മറുചോദ്യമായിരുന്നു വന്നത്;

എങ്ങോട്ട് പോകാനാ….?

കളക്ടര്‍ ജീവന്‍ ബാബു/അഭിമുഖം: ഇടുക്കി പഴയ ഇടുക്കിയാവാന്‍ സമയമെടുക്കും, നമുക്ക് തിരിച്ചു വന്നേ മതിയാവൂ

കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

ഇതാണ് പ്രളയാനന്തര ഇടുക്കി; തകര്‍ന്ന ഗ്രാമങ്ങള്‍, ജീവിതം- ചിത്രങ്ങളിലൂടെ

പൊട്ടിത്തകര്‍ന്ന ഇടുക്കി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍