UPDATES

ഓട്ടോമൊബൈല്‍

എന്താണ് എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം?

പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ABS നിർബന്ധമായി വേണം എന്ന നിയമം വരുന്ന കാലം വിദൂരമല്ല.

നാമെല്ലാവരും പതിവായി കേൾക്കുന്ന ഒരു വാക്കാണ് ഈ ‘ABS’. ഇന്ന് നിരത്തിലിറങ്ങുന്ന പല വാഹനങ്ങളിലും ഇങ്ങനെ ഒരു ഉപകരണമുള്ളത് എന്തിനാണെന്ന് പലർക്കും അപരിചിതമാണ്‌. ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യുന്നതും ABS അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തെ കുറിച്ചാണ്.

ആന്റി ലോക്ക് (Anti -Lock ) എന്ന പേരിൽ തന്നെയുണ്ട് അതിന്റെ അർത്ഥം. ‘ ലോക്ക് ചെയ്യുന്നതിനെ തടയുന്നു.’ അപ്പോൾ നമ്മൾ ചിന്തിക്കുന്നത് എന്തിനെ തടയുന്നു എന്നാണ്. ഒരു സാധാരണക്കാരന്റെ ഭാഷയിൽ വിശദീകരിച്ചാൽ, -സഡൻ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനത്തിന്റെ ബ്രേക്ക് പാഡും അതിന്റെ ബ്രേക്ക് ഡിസ്‌ക്കും തമ്മിലുള്ള ഘർഷണം (friction ) വീലിന്റെ ചലനത്തെ പ്രതിരോധിച്ച് അതിനെ നിർത്താൻ ശ്രമിക്കുന്നു. എന്നാൽ ബ്രേക്കിന്റെ ശക്തിമൂലം വാഹനത്തിന്റെ ടയറുകളുടെ ചലനം നിൽക്കുകയും, എന്നാൽ വാഹനത്തിന്റെ ഭാരം മൂലമുള്ള ജഢത്വം (inertia )കൊണ്ട് വഴുതി വാഹനം മുൻപോട്ട് തന്നെ പോകുകയും ചെയ്യുന്നു. ഇത് പല അപകടങ്ങൾക്കും വഴി വെക്കുകയും ചെയ്യും ഇതിനെ (ABS ) ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എങ്ങനെ തടയുന്നു എന്ന് നമ്മുക്ക് നോക്കാം.

ABSന് പിന്നിലുള്ള തത്വം കണ്ടുപിടിച്ചത് വലിയ ശാസ്ത്രജ്ഞരോ അല്ലെങ്കിൽ വലിയ ഗവേഷകരോ അല്ല എന്ന ഒരു വലിയ ഒരു സത്യം നമ്മളറിഞ്ഞിരിക്കണം. എൺപത് – തൊണ്ണൂറ് വർഷങ്ങൾക്ക് മുൻപ് യൂറോപ്പിൽ ജീവിച്ചിരുന്ന വലിയ ട്രക്കുകളുടെ ഡ്രൈവർമാരാണ് ഈ വിദ്യ കണ്ടു പിടിക്കുന്നതിന് മുഖ്യ കാരണക്കാരായത്. അമിതമായി ബ്രേക്ക് ചെയ്യേണ്ടി വരുന്ന സമയത്തു അവർ ബ്രേക്ക് പാഡിൽ പ്രസ്സ്-റിലീസ്, പ്രസ്സ്-റീലീസ്‌ ചെയ്യുന്നു. ‘ബ്രേക്ക് പമ്പിങ്’ എന്നാണ് ഇതിനു പറയുന്നത്. ഇങ്ങനെ ബ്രേക്ക് പമ്പിങ് ചെയ്യുന്ന സമയം അമിതമായ ബ്രേക്ക് പ്രഷർ ഉണ്ടാകാതിരിക്കുകയും തന്മൂലം വീൽ ഒരിക്കലും ലോക്ക് ആകാതിരിക്കുകയും ചെയ്യും.

ഈ ‘ടെക്നോളജി’യുടെ ഇലക്ട്രോണിക് രൂപമാണ് ABS അഥവാ ആന്റി ലോക്ക്‌ ബ്രേക്കിംഗ് സിസ്റ്റം. കറങ്ങുന്ന വീലുകളുടെ ഇടയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വീൽ സ്പീഡ് സെൻസർ വാഹനം ഓടുമ്പോഴുള്ള വീലിന്റെ കറക്കം (rotation) ഓരോ സെക്കന്റിലും ശേഖരിച്ചുകൊണ്ടിരിക്കുന്നു. എഞ്ചിന്റെ അരികിലായുള്ള ഇലക്ട്രോണിക് യൂണിറ്റ് ഈ സെൻസർ തരുന്ന ഡാറ്റയിൽ നിന്ന് വീൽ ലോക്ക് ആകാനുള്ള ചാൻസ് ഉണ്ടോ എന്ന് വിശകലനം ചെയ്യുന്നു.

ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ, 100 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു വാഹനം പെട്ടെന്നുള്ള ഒരു ബ്രേക്കിങ്ങിൽ 10-20 കിലോമീറ്റർ വേഗതയിലാകുമ്പോൾ അപകടത്തിന് സാധ്യത വളരെ കൂടുതലാണ് ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങൾ സഡൻ ബ്രേക്കിങ്ങിന്റെ അമിതമായ പ്രഷർ മൂലമാണെന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കും. ഈ ഒരു പ്രവർത്തനം ABS ഉള്ള ഒരു വാഹനത്തിൽ ആണെങ്കിൽ, ബ്രേക്ക് ഡിസ്കിലേക്കുള്ള ഫ്ലൂയിഡ് ഒരു വാൽവ് കൊണ്ട് നിർത്തലാക്കുകയോ വരുന്ന അളവിൽ കുറവ് വരുത്തുകയോ ചെയ്യുന്നു തന്മൂലം വീലിൽ അനുഭപ്പെടുന്ന പ്രഷറിന് ഒരു കുറവുണ്ടാകുകയും ചെയ്യും. ഇങ്ങനെ സെക്കൻഡിൽ അഞ്ചോ ആറോ തവണ ഉണ്ടാകുന്ന രീതിയിലാണ് ABSന്റെ പ്രവർത്തനം.

ABS എന്ന സംവിധാനം വാഹനങ്ങളിൽ വളരെയധികം സുരക്ഷ ഉറപ്പുതരുന്നുണ്ട്. ഇന്ന് പല കമ്പനികളും ABS വെച്ചുള്ള വാഹനങ്ങളാണ് പുറത്തിറക്കുന്നത്. പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ABS നിർബന്ധമായി വേണം എന്ന നിയമം വരുന്ന കാലം വിദൂരമല്ല.

സിജി പ്രസന്നന്‍

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍