UPDATES

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കിര്‍താഡ്‌സിന്റെ നിലവിലെ അവസ്ഥയെന്താണ്, ആദിവാസികളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍, അത് പ്രശ്‌നമാണെന്നും പരിഹാരം ആവശ്യമാണെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അതിന് കഴിയുന്നുണ്ടോ? ഭാഗം -1

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? ഇത്തരം ചോദ്യങ്ങള്‍ ആ സ്ഥാപനവുമായി ബന്ധപ്പെട്ട് പലരും ഏറെക്കാലമായി ഉയര്‍ത്തുന്നുണ്ട്. കിര്‍താഡ്‌സിന്റെ നിലവിലെ അവസ്ഥയെന്താണ്, ആദിവാസികളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍, അത് പ്രശ്‌നമാണെന്നും പരിഹാരം ആവശ്യമാണെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അതിന് കഴിയുന്നുണ്ടോ?

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനതയുടെ വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര പരിപാടികളും സമയാസമയങ്ങളില്‍ സര്‍ക്കാരിനെ അറിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട കേരളത്തിലെ സ്ഥാപനമാണ് കേരളാ ഇന്‍സറ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡവെലപ്‌മെന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് അഥവാ കിര്‍താഡ്‌സ്. സര്‍ക്കാറിന് വേണ്ടി ശാസ്ത്രീയവും ക്രിയാത്മകവുമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകേയും, നിലവിലെ പദ്ധതികള്‍ അവലോകനം ചെയ്യാനും നിയോഗിക്കപ്പെട്ട കിര്‍താഡ്‌സിന് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിവരുന്നത്. മുപ്പതിലേറെ ജീവനക്കാര്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്കായുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുക, പട്ടിക വിഭാഗക്കാര്‍ക്ക് പരിശീലനം നല്‍കുക, അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിലയിരുത്തകയും അതിന്റെ പാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക, വിജിലന്‍സ് വിങ്ങിന്റെ കീഴില്‍ ജാതി തട്ടിപ്പുകളെക്കുറിച്ച് പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക, എത്തനോളജിക്കല്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് കിര്‍താഡ്‌സില്‍ നടക്കേണ്ടത്. എന്നാല്‍ ഇതില്‍ ഏതൊക്കെ കാര്യങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ നിരാശാജനകമായിരുന്നു.

ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജീവിക്കുന്ന ആദിവാസികളുള്ള കേരളത്തില്‍ അവര്‍ക്കായി ഗൗരവമുള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പഠനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷമായി! അതിശയോക്തിയല്ല. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഇത് സമ്മതിക്കുന്നു. പത്ത് വര്‍ഷം മുമ്പ് പ്രാക്തന ആദിവാസി വിഭാഗങ്ങളുടെ പുരോഗതിക്കായി കിര്‍താഡ്‌സ് സര്‍വേ നടത്തിയിരുന്നു. അത് സര്‍ക്കാര്‍ ആവശ്യപ്രകാരമായിരുന്നു. കുറുമ്പ, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കൊറഗര്‍ എന്നിങ്ങനെയുള്ള പ്രാക്തന ഗോത്രവിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചുമുള്ള പഠനമായിരുന്നു അത്. സര്‍വേയുടെ ഫലവും നിരീക്ഷണങ്ങളുമായിരുന്നു അന്ന് കിര്‍താഡ്‌സ് സര്‍ക്കാരിന് കൈമാറിയത്. പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അത് റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 148 കോടി രൂപ പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ അതുവഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് കിര്‍ത്താഡ്‌സല്ല, പട്ടികവര്‍ഗ വികസന വകുപ്പാണ്. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 148 കോടി രൂപ മുഴുവന്‍ ചെലവഴിച്ചിട്ടും ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ എന്തുകൊണ്ട് മാറിയില്ല എന്ന വിമര്‍ശനത്തില്‍ കിര്‍താഡ്‌സിനെ പങ്കുചേര്‍ക്കാനാവില്ല. എന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിലയിരുത്തി അവയിലെ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതലയും കിര്‍ത്താഡ്‌സിനാണ്. ഇതുണ്ടായില്ല എന്നുമാത്രമല്ല അന്ന് നടത്തിയ പഠനത്തിന് ശേഷം സര്‍ക്കാരിന് പോളിസി തീരുമാനിക്കാനോ മറ്റോ ഉതകുന്ന തരത്തിലുള്ള ഒരു പഠനം പോലും നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കിര്‍താഡ്‌സ് ശ്രമിച്ചതുമില്ല, കിര്‍താഡ്‌സ് ഡയറക്ടറുടെ അഭിപ്രായത്തില്‍, ‘സര്‍ക്കാര്‍ ആവശ്യപ്പെട്ടതുമില്ല.’

കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരാള്‍ അഭിപ്രായപ്പെട്ടതിങ്ങനെ, “മുപ്പതിലേറെ ജീവനക്കാര്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോലി ചെയ്തു ശമ്പളം പറ്റി, അവരവരുടെ കാര്യങ്ങളും ആവശ്യങ്ങളും വൃത്തിക്കും വെടിപ്പിനും നിറവേറ്റിപ്പോരുന്നുവെന്നതൊഴിച്ചാല്‍ കാര്യമായി ഒന്നും തന്നെ കിര്‍താഡ്‌സ് എന്ന സര്‍ക്കാര്‍ സഥാപനം ഈ അടുത്തകാലത്തൊന്നും അറിവായോ, പദ്ധതി നിര്‍ദേശങ്ങളായോ ഗവണ്‍മെന്റിനു തിരിച്ചു നല്‍കിയില്ല എന്നത് പച്ച പരമാര്‍ത്ഥമാണ്. നരവംശശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിജിലന്‍സ് കേസന്വേഷണങ്ങളും, വര്‍ഷത്തില്‍ രണ്ട് തവണയായി കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ ഗദ്ദിക എന്ന പേരില്‍ നടത്തുന്ന ഗോത്രകലകളുടെ പ്രദര്‍ശനവും മാത്രമാണ് കിര്‍താഡ്‌സില്‍ കാര്യമായി നടക്കുന്ന പ്രവര്‍ത്തികള്‍. ഇതില്‍ രണ്ടാമത് പറഞ്ഞക്കാര്യം ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ കൊണ്ട് ചെയ്യിപ്പിക്കാവുന്നതെയുള്ളു. നരവംശശാത്രവിഭാഗത്തിന്റെ അടിസ്ഥാന ചുമതല ഗവേഷണം നടത്തുക എന്നതാണങ്കിലും ആ പണി അവിടെ നടക്കുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഏറെ അപകടകരവും സ്വാര്‍ഥതാല്‍പര്യങ്ങളുടെ പ്രദര്‍ശന കേന്ദ്രമായി മാറിയിരിക്കുന്ന അവസ്ഥയിലാണ് കിര്‍താഡ്‌സിന്റെ ഭാഗമായുള്ള എത്തിനോളജിക്കള്‍ മ്യൂസിയത്തിന്റെ അവസ്ഥ.”

ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹികമായും സാമ്പത്തികമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ സാമൂഹിക പുരോഗതിക്കായുള്ള പഠനങ്ങളോ, നിലവിലെ പദ്ധതികളുടെ അവലോകനങ്ങളോ ഒന്നും കിര്‍താഡ്‌സില്‍ നടക്കുന്നില്ല. പേരിന് മാത്രം പഠനങ്ങള്‍ നടത്തുകയും അവയൊന്നും പട്ടികവിഭാഗക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഗുണപ്പെടുന്നതാവാതിരിക്കുകയോ ചെയ്യുന്നതാണ് ഇപ്പോള്‍ നടന്നുവരുന്ന കാര്യങ്ങളെന്നാണ് സ്ഥാപനവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. നിലവാരമില്ലാത്ത പഠനങ്ങളായതിനാലാണ് അവയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കാത്തതെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

എന്നാല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. ബിന്ദു പറഞ്ഞത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഗൗരവമായ പഠനങ്ങള്‍ നടത്താനായിട്ടില്ലെന്ന് സമ്മതിച്ച ഡയറക്ടര്‍ എന്നാല്‍ സ്ഥാപനത്തിന് കീഴില്‍ ചെറിയ റിസര്‍ച്ച് വര്‍ക്കുകള്‍ നടന്നുവരുന്നതായും അറിയിച്ചു. “ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളതിനാല്‍ കാര്യമായ പഠനങ്ങളൊന്നും നടത്താന്‍ സാധിക്കാറില്ല. ജാതി തട്ടിപ്പ് കേസുകള്‍ പരിഗണിക്കുന്നത് കിര്‍താഡ്‌സാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അത്തരം കേസുകള്‍ കിര്‍താഡ്‌സിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആ ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നില്ല. എന്നാല്‍ പരിശീലനങ്ങള്‍ മുറതെറ്റാതെ നല്‍കുന്നുണ്ട്. പല വിഭാഗങ്ങളുടേയും കീഴില്‍ പഠനപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്”, അവര്‍ പറയുന്നു.

ആദിവാസി വിഭാഗങ്ങള്‍ക്ക് നിരന്തര പരിശീലനം കിര്‍താഡ്‌സില്‍ നല്‍കാറുണ്ട്. എന്നാല്‍ എന്താണ് പരിശീലനം എന്നന്വേഷിക്കുമ്പോഴാണ് മറ്റൊരു യാഥാര്‍ഥ്യം മനസ്സിലാവുക. ‘പാരമ്പര്യ നൃത്തങ്ങള്‍’ സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള പരിശീലനങ്ങള്‍, ഗോത്രസംസ്‌കാരം കാത്തുസൂക്ഷിക്കാനുള്ള പരിശീലനങ്ങള്‍ എന്നിവയാണ് അവിടെ നടക്കുന്നതെന്ന് ആദിവാസി വിഭാഗക്കാര്‍ക്ക് തന്നെ പരാതിയുണ്ട്. ആദിവാസിയായ സിന്ധു പറയുന്നു, “പരിശീലനം എന്ന് പറഞ്ഞിട്ട് പരിശീലിപ്പിക്കുന്നതെന്താ? വട്ടിയും കൊട്ടയും മുറവുമൊക്കെ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നതാണോ, അല്ലെങ്കില്‍ ഞങ്ങളുടെ പാരമ്പര്യ നൃത്തങ്ങള്‍ അതിന്റെ വികൃതമായ രീതിയില്‍ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പഠിപ്പിക്കുന്നതാണോ പരിശീലനം? അതുകൊണ്ട് ആദിവാസിക്ക് എന്ത് മെച്ചമാണുണ്ടാവുന്നത്? അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പരിശീലന പരിപാടികള്‍ നടത്തേണ്ടതിന് പകരം ഞങ്ങള്‍ എവിടെ നില്‍ക്കുന്നോ, അവിടെത്തന്നെ നിര്‍ത്തിക്കൊണ്ടാണ് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. അത്തരം ജീവിതാവസ്ഥകളില്‍ നിന്ന് പുറത്ത് പോരാനുള്ള ആത്മവിശ്വാസവും ജോലിയെടുത്ത് ജീവിക്കാനുള്ള പരിജ്ഞാനവുമൊക്കെയല്ലേ തരേണ്ടത്?”

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

ജാതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്നുവെന്ന് അധികൃതര്‍ പറയുമ്പോഴും കിര്‍താഡ്‌സ് യഥാസമയം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കടക്കം പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ അതില്‍ എതിരഭിപ്രായമുള്ളവരാണ്. കോഴ്‌സുകള്‍ക്ക് ചേരാനും പ്രവേശനപ്പരീക്ഷയ്ക്കുമായി ഓണ്‍ലൈന്‍ വഴി ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയാലും അതില്‍ സംശയം തോന്നുന്നവരുടെ കേസുകളാണ് കിര്‍താഡ്‌സിന് വിടുക. എന്നാല്‍ പലപ്പോഴും സര്‍ട്ടിഫിക്കറ്റിലുള്ള ജാതി തന്നെയാണ് തങ്ങളുടേതെന്ന് തെളിഞ്ഞാലും കൃത്യ സമയത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് മൂലം നിരവധി വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇല്ലാതാകുന്നതെന്ന് ആദിദ്രാവിഡ സംരക്ഷണ സമിതി നേതാവ് ടി. സോമന്‍ ആരോപിക്കുന്നു, “എന്റെ മകളടക്കം കിര്‍താഡ്‌സിന്റെ ഈ സമീപനത്തിന് ഇരകളാണ്. അപ്പനപ്പൂന്‍മാര്‍ സ്‌കൂളില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലേ കിര്‍താഡ്‌സില്‍ നിന്ന് ജാതി തെളിയിച്ച് കിട്ടുകയുള്ളൂ. എന്നാല്‍ എതെല്ലാം സംഘടിപ്പിച്ച് കൊടുത്താലും പിന്നേയും ഏറെ കാലമെടുത്താണ് അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഈ നടപടിയില്‍ പലപ്പോഴും ചുറ്റിപ്പോവുക. മെഡിസിനും എഞ്ചിനീയറിങ്ങിനുമുള്‍പ്പെടെ പ്രവേശനം ലഭിച്ച ഇരുപതിലധികം കുട്ടികള്‍ക്ക് ഇതുമൂലം അഡ്മിഷന്‍ ലഭിച്ചില്ല. അടിയന്തിര സാഹചര്യമുണ്ടായാല്‍ പോലും കേസ് തീര്‍പ്പാക്കി നല്‍കാന്‍ കിര്‍താഡ്‌സ് അധികൃതര്‍ക്ക് വിമുഖതയാണ്. എന്റെ മകള്‍ നിയമപഠനത്തിന് ചേരാനായി അലോട്ട്മെന്റ് ആയപ്പോഴാണ് ജാതി തെളിയിക്കാന്‍ കിര്‍താഡ്‌സിലേക്ക് പോവേണ്ടി വന്നത്. അവര്‍ക്ക് ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയിട്ടും പിന്നെയും സര്‍ട്ടിഫിക്കറ്റ് തരാതെ ഒഴിവുകഴിവ് പറയുകയായിരുന്നു. അവസാനം അക്ഷരാര്‍ഥത്തില്‍ കാലുപിടിച്ചിട്ടാണ് മകള്‍ക്ക് അഡ്മിഷന്‍ എടുക്കാനായത്. പക്ഷെ പലര്‍ക്കും അങ്ങനെ പുറകെ നടക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ചും ആദിവാസി വിഭാഗക്കാര്‍ക്ക്.”

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

എന്നാല്‍ മധുവിന്റെ കൊലപാതകമുള്‍പ്പെടെ നടക്കുമ്പോള്‍ അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതിന് പകരം ഒരു തരത്തിലുള്ള ഗൗരവവുമില്ലാതെ ഫണ്ട് ചെലവഴിക്കാനായി പലതും ചെയ്യുക എന്നതിലേക്ക് കിര്‍താഡ്‌സിനെ എത്തിക്കുന്നത് അതിനെ നയിക്കുന്ന സവര്‍ണ ലോബിയാണെന്ന് സ്ഥാപനത്തിനുള്ളില്‍ തന്നെ ശക്തമായ ആരോപണമുയരുന്നുണ്ട്. സ്ഥാപനവുമായി അടുപ്പമുള്ളവര്‍ പറയുന്നത് ഇങ്ങനെയാണ്, “ആദിവാസികള്‍ക്കും ദളിതുകള്‍ക്കുമായുള്ള സ്ഥാപനമാണ്. അതിന്റെ കീ റോളുകളിലോ, ഡിസിഷന്‍ മേക്കിങ്ങില്‍ പങ്കാളിത്തമുണ്ടാവുന്ന സ്ഥാനങ്ങളിലോ ആദിവാസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടാവുന്നതാവും നല്ലത്. പക്ഷെ ഇപ്പോള്‍ കിര്‍താഡ്‌സില്‍ ഭരണം നടത്തുന്നത് സവര്‍ണരായ ചിലരാണ്. സവര്‍ണ ലോബിക്ക് ആദിവാസികളുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാന്‍ കഴിയാത്തത് കൊണ്ടാണ് പൊതുവെയുള്ള ഉദാസീന സമീപനം. അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്.”

എന്നാല്‍ ഈ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഡയറക്ടര്‍ ഡോ. ബിന്ദു പറഞ്ഞു. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെയാണ് കിര്‍താഡ്‌സിലെ സ്റ്റാഫ് പാറ്റേണ്‍ എന്നും അവര്‍ വ്യക്തമാക്കി.

(നിയമനത്തിലെ അപാകതകളും, അനര്‍ഹര്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും, ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍.)

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

കേരളത്തിലെ ആഫ്രിക്ക (കെ. പാനൂരിനോട് കടപ്പാട്)

ട്രുഗാനിനി എന്ന ആദിവാസിയുടെ കഥ, മധുവിന്റെയും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍