UPDATES

വിപണി/സാമ്പത്തികം

ടാപ്പിങ് തൊഴിലാളിയെയും റബ്ബർ എസ്റ്റേറ്റ് മുതലാളിയെയും കൂട്ടിക്കെട്ടിയ കെഎം മാണിയുടെ ‘അധ്വാനവർഗ സിദ്ധാന്തം’

മധ്യവർഗക്കാരെ കാണാതിരുന്നതിൽ കാൾ മാർക്സിനോടുള്ള പരിഭവവും മാണി തന്റെ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട്.

‘അധ്വാനവർഗ സിദ്ധാന്തം’ എന്ന പേരിൽ താനൊരു പുതിയ സിദ്ധാന്തം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് കെഎം മാണി തന്റെ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ വിവരിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥകൾ അപര്യാപ്തങ്ങളാണെന്ന് മാണി ചൂണ്ടിക്കാട്ടുന്നു. പരിധി കൽപ്പിക്കാത്ത മൂലധന സമ്പാദനം മുതലാളിത്ത വ്യവസ്ഥയുടെ പരിമിതിയാണ്. മുതലാളിത്തം ഒരു ചൂഷണ വ്യവസ്ഥയായതിനാൽ പ്രസ്തുത വ്യവസ്ഥ സ്വീകാര്യമല്ലെന്ന് മാണി പറയുന്നു. സ്വകാര്യസ്വത്ത് നിർമാർജനം ചെയ്ത് ഉൽപാദനോപാധികളെല്ലാം ഭരണകൂടത്തിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരിക എന്നതാണ് കമ്മ്യൂണിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ അന്തസ്സത്ത. സ്വകാര്യസ്വത്തും ജനാധിപത്യവും നിഷേധിക്കപ്പെടുന്നതിനാൽ ഈ വ്യവസ്ഥിതിയും തനിക്ക് സ്വീകാര്യമല്ലെന്ന് ‘അധ്വാന വർഗ സിദ്ധാന്തം’ എന്ന ആദ്യ അധ്യായത്തിൽ മാണി വിശദീകരിക്കുന്നു. താൻ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ‘ജനകീയ സോഷ്യലിസം’ ആണെന്നും മാണി പറഞ്ഞു വെക്കുന്നു.

എന്താണ് മാണി പറയുന്ന ജനകീയ സോഷ്യലിസം?

കമ്മ്യൂണിസം എന്ന ‘സർക്കാർ മുതലാളിത്ത’ത്തിന്റെയും സ്വകാര്യ മുതലാളിത്തത്തിന്റെയും ദൂഷ്യവശങ്ങൾ ഇല്ലാതാക്കുന്ന ഒരു ജനകീയ സോഷ്യലിസമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് മാണി തന്റെ പുസ്തകത്തിൽ പറയുന്നു. സ്വകാര്യ സ്വത്തവകാശത്തെ നിലനിർത്തുകയും ഒപ്പം സമ്പത്തിന്റെ കേന്ദ്രീകരണത്തെ തടയുകയും ചെയ്യുക എന്നതാണ് ഈ ജനകീയ സോഷ്യലിസത്തിന്റെ ലക്ഷ്യം. ജനാധിപത്യമില്ലാത്ത സോഷ്യലിസം ഏകാധിപത്യത്തിനും സോഷ്യലിസമില്ലാത്ത ജനാധിപത്യം ദുഷ്പ്രഭുത്വത്തിനും വഴി വെക്കും.

സമൂഹത്തിലെ അധ്വാനിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും യോജിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് താന്‍ മുമ്പോട്ടു വെക്കുന്നതെന്ന് മാണി പറഞ്ഞു തുടങ്ങുന്നു. ഇവിടം മുതൽ എന്താണ് മാണി മനസ്സിൽക്കണ്ട അധ്വാനവർഗം എന്നതിന് വ്യക്തത വന്നു തുടങ്ങുന്നുണ്ട്.

ആരാണ് കെഎം മാണിയുടെ അധ്വാനവർഗം?

കാൾ മാർക്സിന്റെ തൊഴിലാളി വർഗ സിദ്ധാന്തത്തോട് കെഎം മാണി മൗലികമായി വിയോജിക്കുന്നത് ഇവിടെയാണ്. മുതലാളിയെന്നും തൊഴിലാളിയെന്നും രണ്ടുകൂട്ടരാണ് ലോകത്തിലുള്ളതെന്നാണ് മാർക്സിന്റെ അഭിപ്രായം. അതിനോട് മാണി യോജിക്കുന്നില്ല. മൂന്നാമതൊരു വർഗം കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു. അവരെ മാണി ഇങ്ങനെ വിവരിക്കുന്നു: “മാർക്സിന്റെയും എംഗൽസിന്റെയും ലെനിനിന്റെയും കാലഘട്ടത്തിൽ നിലവിലിരുന്ന സാഹചര്യങ്ങളല്ല ഇന്നുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിൽ അതിനുശേഷം നിരവധി രൂപഭേദങ്ങൾ ഉണ്ടായിട്ടുണ്ട്. മുതലാളിവർഗത്തിന്റെയും തൊഴിലാളി വർഗത്തിന്റെയും ഇടയിൽ നിലവിലുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥിതി അതിന് ഉദാഹരണമാണ്. ഉൽപാദനോപാപകരണങ്ങളും ഉപാധികളും സ്വന്തമായി കൈവശമുള്ളവരാണവർ. എന്നാൽ പൊതുവെ തൊഴിലാളികളെക്കൊണ്ട് അവർ ജോലി ചെയ്യിക്കുന്നില്ല. പകരം അവർ തന്നെ ജോലി ചെയ്യുന്നു. അവരുടെ കീഴിൽ തൊഴിലാളികൾ ഉണ്ടായിക്കൊള്ളണമെന്നില്ല.”

ഇതാണ് കെഎം മാണി അവതരിപ്പിച്ച തൊഴിലാളി വർഗ സിദ്ധാന്തത്തിന്റെ മർമ്മം. ഇടത്തരക്കാരാണ് ഇന്ത്യയിൽ അധികമുള്ളതെന്നും അവർ തൊഴിലാളി വര്‍ഗത്തിൽ നിന്നും വിഭിന്നരാണെന്നും മാണി സ്ഥാപിക്കാൻ ശ്രമിക്കുന്നു. അവർക്കു കീഴിൽ തൊഴിലാളികൾ ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന് പറയുമ്പോൾ ഉണ്ടായാലും തരക്കേടില്ലെന്ന ധ്വനിക്കും ഇട നൽകിയിട്ടുണ്ട് കൂർമ്മബുദ്ധിയുള്ള മാണിയിലെ പാലാകേന്ദ്രിത രാഷ്ട്രീയക്കാരൻ. ചുരുക്കത്തിൽ ടാപ്പിങ് തൊഴിലാളി മുതൽ റബ്ബർ എസ്റ്റേറ്റ് മുതലാളിമാർ വരെയുള്ളവരെ തന്റെ സിദ്ധാന്തത്തിലൂടെ കൂട്ടിക്കെട്ടി കെഎം മാണി.

മാർക്സിനോടുള്ള പരിഭവം

മധ്യവർഗക്കാരെ കാണാതിരുന്നതിൽ കാൾ മാർക്സിനോടുള്ള പരിഭവവും മാണി തന്റെ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. വർഗസമരത്തിന്റെ അന്ത്യത്തിൽ മധ്യവർഗക്കാർക്ക് നിലനിൽക്കാനാകില്ലെന്ന് പറഞ്ഞതിനെ മാണി വിമര്‍ശിക്കുന്നു. മധ്യവർഗക്കാർക്കിടയിൽ പുതിയ നിരവധി തൊഴിലുകൾ രൂപം പ്രാപിച്ചു വന്നിട്ടുണ്ട്. കൃഷിക്കാരും ചെറുകിട വ്യാപാരികളും മാത്രമല്ല ഇന്ന് അക്കൂട്ടത്തിലുള്ളത്. അധ്യാപകരും സാങ്കേതിക വിദഗ്ധരുമെല്ലാം അവർക്കിടയിലുണ്ട്. സമൂഹത്തെ ചൂഷണം ചെയ്യാതെ അധ്വാനിച്ചു ജീവിക്കുന്ന ഇവരെ മാർക്സ് വിലയ്ക്കെടുക്കാതിരുന്നുവെന്ന വിമർശനമാണ് മാണിക്കുള്ളത്. ഇടത്തരക്കാർ തങ്ങളുടെ പ്രത്യേക വർഗത്തിന്റെ നിലനിൽപ്പ് മാത്രം ശ്രദ്ധിക്കുന്നവരാണെന്നും അവർ ചരിത്രത്തിന്റെ ചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്നവരാണെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരോപിച്ചിട്ടുണ്ട്. പെറ്റി ബൂർഷ്വാകൾ എന്ന് മാർ‌ക്സ് അധിക്ഷേപിച്ചവർ തന്നെ സംബന്ധിച്ചിടത്തോളം ‘അധ്വാനവർഗം’ ആണെന്നും അവർക്കു വേണ്ടിയാണ് താൻ സിദ്ധാന്തം ചമയ്ക്കുന്നതെന്നും മാണി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

തൊഴിലാളികളെയും മുതലാളികളെയും ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കിയ മാർക്സ് ഇവർക്കിടയിലുള്ള മധ്യവർഗത്തെ ശാസ്ത്രീയവിശകലനം ചെയ്യുകയുണ്ടായില്ലെന്നാണ് മാണിയുടെ ആരോപണം. ഇക്കാരണത്താൽ തന്നെ മാർക്സിന്റെ വർഗവിശകലന സിദ്ധാന്തം അപൂർണമാണെന്ന് അദ്ദേഹം പറയുന്നു. അൽപം മാത്രം സ്വകാര്യസ്വത്തും നാമമാത്രമായ ഉൽപാദനോപാധികളും സ്വന്തമായുള്ള ഇക്കൂട്ടർ സമൂഹത്തിലെ ‘മൂന്നാം വർഗ’മാണെന്ന് മാർക്സ് കാണാതെ പോയെന്നും പരിഭവിക്കുന്നു മാണി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍