UPDATES

ട്രെന്‍ഡിങ്ങ്

തുടക്കം മറീന ബീച്ചിൽ: ആരാണ് ശബരിമലയിൽ എത്തിയ ‘മനീതി കൂട്ടായ്മ’

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇമെയിലിലൂടെ ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യമുന്നയിക്കുകയായിരുന്നു മനിതി കൂട്ടായ്മ.

മനിതി എന്നാൽ സ്ത്രീ എന്നാണ്. ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് മനിതി കൂട്ടായ്മ. തമിഴ്നാട്ടിലാണ് പിറവിയെങ്കിലും ദേശീയതലത്തിൽ താൽപര്യങ്ങളുള്ള ഒരു സംഘടനയാണിത്. ഈ സംഘടനയുടെ തുടക്കം തമിഴ്നാട്ടിലെ പ്രശ്നം ഉയർത്തിയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി കൊല ചെയ്യപ്പെട്ട സംഭവമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധമുള്ള സ്ത്രീകൾ ചെന്നൈ മറീന ബീച്ചിൽ ഒത്തുചേരുകയായിരുന്നു.

ലൈംഗികാക്രമണം നേരിട്ടവർ, ആസിഡ് ആക്രമണം നേരിട്ടവർ, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയവർക്കു വേണ്ടി ദേശീയതലത്തിൽ തന്നെ സ്ത്രീകളുടെ മുന്നേറ്റം സംഘടിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. തമിഴ്നാട്ടിൽ വ്യാപകമായ ദുരഭിമാനക്കൊലകളാണ് ഈ സംഘം ഏറ്റെടുത്ത മറ്റൊരു വിഷയം. ഇവയിലെല്ലാം ഇരകൾ സ്ത്രീകളാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

പല മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളാണ് മനിതി കൂട്ടായ്മയിലുള്ളത്.

ചെന്നൈയിൽ നിന്ന് 12 പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാൻ എത്തിച്ചേർന്നിട്ടുള്ളത്. മധുരയിൽ നിന്ന് 9 പേരും ഇവർക്കൊപ്പം ചേരുന്നു. ഒഡീഷ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൂടെ ചേരുന്നുണ്ട്. മധുരയിൽ നിന്നും സംഘം അവിടം മുതൽ പൊലീസ് സുരക്ഷയോടെയാണ് സഞ്ചരിക്കുന്നത്. വയനാട്ടിൽ‌ നിന്നുള്ള 20 അംഗസംഘവും ഇവർക്കൊപ്പം കൂടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നാൽപ്പത്തഞ്ചോളം സ്ത്രീകൾ സംഘത്തിലുണ്ടാകും. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം 6 പേർ മാത്രമാണ് പതിനെട്ടാംപടി ചവിട്ടാൻ ശ്രമിക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യമുന്നയിക്കുകയായിരുന്നു മനിതി കൂട്ടായ്മ. ഇതിന് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് ശബരിമല പ്രവേശനത്തിന് കെട്ടുകെട്ടി പോകാമെന്ന് ഇവർ ഉറപ്പിച്ചത്.

മനിതിയുടെ നേതാക്കളിലൊരാളായ അഡ്വ. സെൽവി പറയുന്നതു പ്രകാരം തങ്ങളുടെ സംഘത്തിൽ ഒരാളൊഴികെ എല്ലാവരും 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. തങ്ങൾ ഭക്തരാണെന്നും ശബരിമലയിലെത്തി അയ്യപ്പനെ കാണാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും സെൽവി പറയുന്നു. മുഖ്യമന്ത്രിയിൽ നിന്നും അനുകൂല മറുപടിയാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. വയനാട്ടിൽ നിന്നുള്ള ഒരു ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ 20 പേർ കൂടി തങ്ങൾക്കൊപ്പം ചേരും. വ്രതമെടുത്ത ശേഷമാണ് എല്ലാവരും വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍