UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് രാഹുൽ ഈശ്വറിന്റെ ‘പ്ലാൻ സി’? പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

തനിക്കൊരു പ്ലാൻ സി കൂടിയുണ്ടായിരുന്നെന്ന് പറഞ്ഞ രാഹുൽ പക്ഷെ അതെന്താണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

ശബരിമലയിൽ രാഹുൽ ഈശ്വര്‍ നടപ്പാക്കാനുദ്ദേശിച്ച ‘പ്ലാൻ സി’ എന്താണെന്ന് പൊലീസ് അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുയരുന്നു. ബുധനാഴ്ചയാണ് രാഹുൽ ഈശ്വർ ശബരിമലയിൽ താൻ നടപ്പാക്കിയതും നടപ്പാക്കാനുദ്ദേശിച്ചതുമായ ഗൂഢപദ്ധതികൾ വെളിപ്പെടുത്തി രംഗത്തു വന്നത്. ഇതിൽ പ്ലാൻ എ സ്ത്രീകളെ തടയലായിരുന്നെന്നും പ്ലാൻ ബി സന്നിധാനത്ത് ചോര വീഴ്ത്തലായിരുന്നെന്നും രാഹുൽ പറഞ്ഞിരുന്നു. തനിക്കൊരു പ്ലാൻ സി കൂടിയുണ്ടായിരുന്നെന്ന് പറഞ്ഞ രാഹുൽ പക്ഷെ അതെന്താണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

ശബരിമല സന്നിധാനത്ത് ഇരുപത് സന്നദ്ധപ്രവർത്തകരെ താൻ ചോര വീഴ്ത്താൻ തയ്യാറാക്കി നിർത്തിയിരുന്നെന്നും സ്ത്രീകൾ കയറിയിരുന്നെങ്കിൽ അവർ ചോര വീഴ്ത്തി നടയടപ്പിക്കുമായിരുന്നെന്നുമാണ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇതോടൊപ്പമാണ് പ്ലാൻ സി കൂടി തനിക്കുണ്ടായിരുന്നതായി രാഹുൽ പറഞ്ഞത്.

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നത് തടയാനും ഭരണകൂടത്തിനെതിരെ യുദ്ധം നടത്താനുമാണ് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തതെന്ന് മാധ്യമപ്രവർത്തകനും സാമൂഹ്യനിരീക്ഷകനുമായ കെജെ ജേക്കബ് പറയുന്നു. സന്നിധാനത്ത് ഇവർ വിഭാവനം ചെയ്ത ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് വഴിമാറിയേനെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നവംബർ പതിനാറിന് ശബരിമലയിൽ മണ്ഡലകാലം തുടങ്ങുമ്പോൾ താൻ ഏർപ്പാടാക്കിയ സന്നദ്ധപ്രവർത്തകർ അവിടെയുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആശങ്കയുണർത്തുന്നതാണ്. ശബരിമലയിൽ തനിക്കൊരു പ്ലാൻ സി കൂടി ഉണ്ടായിരുന്നെന്ന് രാഹുൽ ഈശ്വർ പറഞ്ഞതു കൂടി ഈ സാഹചര്യത്തിൽ ഗൗരവത്തോടെ പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്. ആദ്യത്തെ പ്ലാൻ മന്ത്രങ്ങളുരുവിട്ട് ആളുകളെ തടയുന്നതായിരുന്നെങ്കിൽ രണ്ടാമത്തെ പ്ലാൻ ചോര ചിന്തുക എന്നതായിരുന്നു. സ്വാഭാവികമായും ‘പ്ലാൻ സി’ അതീവ ഗുരുതരമായ ആഘാതങ്ങൾ സൃഷ്ടിക്കാനിടയുള്ള ഒന്നായിരിക്കുമെന്നത് സാമാന്യമായ യുക്തിയിൽ തന്നെ ബോധ്യപ്പെടാവുന്ന കാര്യമാണ്. ഇതിൽ പൊലീസ് അതീവജാഗ്രതയോടെ ഇടപെട്ട് അന്വേഷണം നടത്തുകയും മണ്ഡലകാലം ശാന്തമായി കടന്നുപോകാനുള്ള അവസരമൊരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍