UPDATES

വിശകലനം

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം: കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് നല്‍കുന്ന രണ്ട് സന്ദേശങ്ങള്‍

രാഹുലിന്റെ സാന്നിധ്യം കൊണ്ട് തെക്കെ ഇന്ത്യയില്‍ ഉണ്ടാകുമെന്ന കരുതുന്ന നേട്ടം, സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കിയേക്കാവുന്ന ദോഷഫലങ്ങളേക്കാള്‍ വലുതാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യം തെളിയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. രണ്ടാമത്തെ സീറ്റായി കേരളത്തെയും ഇടതുപക്ഷത്തെയും രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത് സമീപകാല രാഷ്ട്രീയത്തിലെ അത്ഭുതപ്പെടുത്തുന്ന തീരുമാനമായി മാറുകയും ചെയ്യുന്നു.

അമേത്തിക്ക് പുറമെ വയനാട്ടില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത് എന്നതാണ് ചോദ്യം. രണ്ട് സാധ്യതകളാണ് ഇതിനുള്ളത്. ഒന്ന് ബിജെപി കഴിഞ്ഞാല്‍ തങ്ങളുടെ മുഖ്യ ശത്രു ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസ് ഫലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. അതെല്ലെങ്കില്‍ ഇടതുപക്ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കാനിടയുള്ള ധ്രുവീകരണങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരായി കോണ്‍ഗ്രസ് കാണുന്നില്ല. അതുകൊണ്ട് അവര്‍ക്കെതിരെ മത്സരിച്ചതുകൊണ്ട് അവരെ പിണക്കിയാലും അതൊന്നും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കില്ലെന്ന കോണ്‍ഗ്രസ് കരുതുന്നുണ്ടാവണം.

ഇതിലെന്ത് ചിന്തായാണ് രാഹുലിനെ വയനാട്ടിലെത്തിച്ചതെന്നതിന് തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടിവരും. എന്തായാലും തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടാവുന്ന ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പുള്ള ഒരു രാഷ്ട്രീയ ഗ്രൂപ്പിന എതിരാളിയാക്കി മാറ്റുന്നതിലൂടെ കോണ്‍ഗ്രസ് ഒരു പൊളിറ്റിക്കല്‍ ഗ്യംബ്ലിങിന് തയ്യാറായിരിക്കയാണ്. ഇടതുപക്ഷത്തിനെതിരായ മല്‍സരമല്ല, വയനാട്ടില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രയോഗികതലത്തില്‍ യാഥാര്‍ത്ഥ്യം അതല്ലെന്ന് വ്യക്തമാണ്.

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിലൂടെ കുടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അത് മാത്രമാണ് പരിഗണന എന്നും അവര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. കേരളത്തെ സംബന്ധിച്ചെങ്കിലും ഇത് ഭാവിയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ബിജെപി വിരുദ്ധ കൂട്ടായ്മയ്ക്ക് അടിസ്ഥാനപരമായി ഗുണം ചെയ്യുമെന്ന കരുതാന്‍ വയ്യ. കേരളത്തില്‍, തിരുവനന്തപുരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരിടത്തും കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയല്ല. അവിടെയൊക്കെ പരസ്പര മല്‍സരം ഇടതുപാര്‍ട്ടികളും യുഡിഎഫും തമ്മിലാണ്. ബിജെപി വിരുദ്ധ കൂട്ടായ്മയെ സംബന്ധിച്ച് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് വ്യക്തമാണ്.

വയനാട് തെരഞ്ഞെടുത്തതിന് ആന്റണി നല്‍കിയ വിശദീകരണം ആ മണ്ഡലത്തിന് മറ്റ് സംസ്ഥാനങ്ങളുമായുള്ള സാമീപ്യമാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇതില്‍ കര്‍ണാടകയില്‍ മാത്രമാണ് ബിജെപി കോണ്‍ഗ്രസിന്റെ നേരിട്ടുള്ള എതിരാളിയായി വരുന്നത്.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായാണ് ബിജെപി മല്‍സരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ, ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് അനന്തര രാഷ്ട്രീയ കാലവസ്ഥയില്‍ പ്രത്യേകമായ റോളൊന്നും ഉണ്ടാകില്ലെന്ന് കണക്കുകുട്ടലാവും മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് തെരഞ്ഞെടുത്തതിന് പിന്നില്‍. 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിലും അതിന് ദിശാബോധം നല്‍കുന്നതിലും വലിയ പങ്ക് വഹിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരമൊരു അനുകൂല സാഹചര്യം ഇടതുപക്ഷത്തിനില്ലെന്ന തോന്നലാവും ഇതിന് കാരണം. 2004-ല്‍ ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും കിട്ടിയ സീറ്റുകളാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ണായക പങ്ക് വഹിക്കാന്‍ ഇടതുപക്ഷത്തെ സഹായിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ബംഗാളില്‍നിന്ന് ഇടതുപക്ഷത്തിന് സീറ്റ് കിട്ടുമോ എന്ന കാര്യം പോലും സര്‍വെകള്‍ ആശങ്കപ്പെടുന്നു. കേരളത്തില്‍നിന്ന് പകുതിയിലേറെ സീറ്റുകള്‍ ലഭിച്ചാലും അത് ബിജെപി വിരുദ്ധ മുന്നണിയെ സംബന്ധിച്ച പ്രസക്തമല്ലെന്ന തോന്നലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടാകാം. പ്രത്യേകിച്ചും മമതാ ബാനര്‍ജിയെ പോലുള്ളവര്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുളള ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണിയില്‍ ഇടത് സാന്നിധ്യം ഉദ്ദേശിച്ച ഗുണമാണോ ചെയ്യുകയെന്ന കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമുണ്ടായിട്ടുണ്ടാകാം. എന്നുമാത്രമല്ല, ദക്ഷിണേന്ത്യയിലെ രാഹുലിന്റെ സാന്നിധ്യം കൊണ്ട് ഉണ്ടാകുന്ന നേട്ടം, ഇടതിന്റെ അതൃപ്തിയെക്കാള്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാവും കോണ്‍ഗ്രസ്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനെ വടക്കേ ഇന്ത്യയില്‍ എങ്ങനെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. അമേത്തിയില്‍ കഴിഞ്ഞ  തവണ സ്മൃതി ഇറാനിയുമായി ശക്തമായ മല്‍സരത്തിനൊടുവിലാണ് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി വിജയിച്ചത്. അമേത്തി കേന്ദ്രീകരിച്ച് അതിന് ശേഷവും സ്മൃതി ഇറാനി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യയില്‍ വന്‍പരാജയമാണ് കാത്തിരിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ തിരിച്ചറിവാണ് വയനാട്ടില്‍ കൂടി മല്‍സരിക്കാനുളള രാഹുലിന്റെ തീരുമാനത്തിന് പിന്നിലെന്നായിരിക്കും ബിജെപിയുടെ പ്രചാരണം. ഈ പ്രചാരണത്തെ കോണ്‍ഗ്രസ് എങ്ങനെ നേരിടാന്‍ കഴിയുമെന്നതാണ് പ്രശ്‌നം. ഇതോടൊപ്പം തന്നെ, വര്‍ഗീയ ധ്രുവികരണത്തിന് ബിജെപി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉപയോഗിക്കുമെന്ന് വ്യക്തമാണ്. മുസ്ലീംലീഗിനും മുസ്ലീങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമായതുകൊണ്ടാണ് രാഹുല്‍ വയനാട് തെരഞ്ഞെടുത്തതെന്ന പ്രചാരണം ബിജെപി കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ സജീവമാക്കിയിട്ടുണ്ട്. ഇത് വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിനെതിരായ ഒരു പരിധിവരെ ഹിന്ദു ധ്രുവീകരണത്തിന് സഹായകരമാകുമെന്നും ഇവര് കരുതുന്നു.

മുസ്ലീം ലീഗിനെ ചത്തകുതിര എന്ന് വിശേഷിപ്പിച്ച ജവഹാര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന് ലോക്‌സഭയിലെത്താന്‍ ലീഗിന്റെ സഹായം തേടേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇതിനകം തന്നെ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ കാര്യമായ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കിലും വടക്കെ ഇന്ത്യയില്‍ അതാകണമെന്നില്ല അവസ്ഥ.

രാഹുലിന്റെ സാന്നിധ്യം കൊണ്ട് തെക്കെ ഇന്ത്യയില്‍ ഉണ്ടാകുമെന്ന കരുതുന്ന നേട്ടം, സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കിയേക്കാവുന്ന ദോഷഫലങ്ങളേക്കാള്‍ വലുതാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാകണം. അതുണ്ടുവുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ യാഥാര്‍ഥ്യമാകുമോ എന്നതിന്റെ സൂചന വരുംദിവസങ്ങളില്‍ ലഭ്യമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍