UPDATES

ഇടുക്കി അണക്കെട്ടില്‍ കാണിച്ച ജാഗ്രത മറ്റുള്ളവയുടെ കാര്യത്തില്‍ അധികൃതര്‍ മറന്നു പോയതാണോ?

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുമ്പായി അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍ മറ്റ് ഡാമുകളുടെ കാര്യത്തില്‍ ഈ ശ്രദ്ധ കാണിച്ചിരുന്നോ? ഇല്ല എന്ന ഉത്തരമാണ് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ദുരന്തങ്ങളും ദുരിതവും

മൂന്ന് ദശകത്തിനിടയില്‍ കണ്ട അതിതീവ്ര പേമാരിക്കും വെള്ളപ്പൊക്കത്തിനുമാണ് കേരളം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും ഒക്കെയായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കേരള ജനത ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്യുന്നു. ദുരന്തമുഖത്ത് സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തുന്ന ഇടപെടലും അത്യധികം പ്രശംസയ്ക്ക് അര്‍ഹമാവുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്; ഭാവിയിലെങ്കിലും ഇത്തരം ദുരന്ത സമയങ്ങളില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ഒപ്പം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഉതകുന്ന രീതിയില്‍ ഇക്കാര്യങ്ങള്‍ കാണേണ്ടതുണ്ട് എന്നുള്ളത് കൊണ്ട് തന്നെ ആ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. അതായത്, ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുമ്പായി അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍ മറ്റ് ഡാമുകളുടെ കാര്യത്തില്‍ ഈ ശ്രദ്ധ കാണിച്ചിരുന്നോ? ഇല്ല എന്ന ഉത്തരമാണ് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ദുരന്തങ്ങളും ദുരിതവും.

അതിതീവ്ര മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നപ്പോഴാണ് കേരളത്തിലെ പല അണക്കെട്ടുകളിലേയും ജലം പുഴകളിലേക്ക് ഒഴുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന ‘ഭീഷണി’ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ നിലനിന്നിരുന്നു. അന്ന് രണ്ടാംഘട്ട അതീവ ജാഗ്രതാ നിര്‍ദ്ദേശവും (ഓറഞ്ച് അലര്‍ട്ട്) നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പില്‍ ചെറുതായെങ്കിലും കുറവ് വന്നു. എന്നാല്‍ പിന്നീട് സംസ്ഥാനവ്യാപകമായി പെയ്ത അതിതീവ്ര മഴയില്‍ അണക്കെട്ടുകള്‍ വീണ്ടും നിറഞ്ഞു. സംഭരണ ശേഷിയിലും അധികമായി ജലനിരപ്പ് ഉയര്‍ന്ന അണക്കെട്ടുകളിലെ ജലം ഒഴുക്കിക്കളയാന്‍ ദുരന്തനിവാരണസേനയും വൈദ്യുതിവകുപ്പും തീരുമാനിക്കുകയും അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.

ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലായി വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഭാഗികമായും പൂര്‍ണമായും തുറന്നു. ഇതോടെ പല സ്ഥലങ്ങളും ഒറ്റ രാത്രികൊണ്ട് വെള്ളത്തിലായി. അവിടങ്ങളിലെ ജനജീവിതവും വെള്ളത്തിലായി. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇപ്പോഴും അവയുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ സംഭവിക്കാതിരുന്ന ദുരന്തം മറ്റ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നപ്പോള്‍ എങ്ങനെയുണ്ടായി? അണക്കെട്ടുകള്‍ തുറന്ന് വെള്ളമൊഴുകിയെത്തിയാല്‍ മുങ്ങിപ്പോവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും എന്തുകൊണ്ടാണ് ദുരന്തം ഇത്രയേറിയത്? മുന്‍കരുതലെടുക്കുന്നതിലും മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുമുള്ള അധികൃതരുടെ ലാഘവത്വം വെളിപ്പെടുന്നത് അവിടെയാണ്. ഇടമലയാര്‍, നേര്യമംഗലം, ബാണാസുരസാഗര്‍, പെരിങ്ങല്‍കുത്ത് എന്നീ അണക്കെട്ടുകളുടെ ഷട്ടര്‍ തുറക്കലുമായി ബന്ധപ്പെട്ടാണ് പ്രകടമായ തരത്തില്‍ ഇത് കണ്ടത്.

ഇടമലയാറും കല്ലാര്‍കുട്ടിയും തുറന്നപ്പോള്‍

ഒറ്റ രാത്രി കൊണ്ട് ആലുവ മുഴുവന്‍ വെള്ളത്തിലാവുന്ന കാഴ്ചയാണ് കണ്ടത്. ജനജീവിതം ആകെ സ്തംഭിച്ചു. വെള്ളംകയറിയ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോലും എത്തിപ്പെടാനാകാതെ പലരും മരവിച്ച് നിന്നു. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളമിരച്ചെത്തിയാല്‍ ഉണ്ടാവുമെന്ന് കരുതപ്പെട്ട ദുരന്തം ഇടുക്കിയിലെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നെ സംഭവിച്ചു. അതിന് കാരണമായത് ഇടമലയാറും കല്ലാര്‍കുട്ടിയും ഒരേ ദിവസം ഏതാണ്ട് ഒരേ സമയത്ത് തുറന്നതാണ്. ഇടമലയാറിലെ ജലസംഭരണ ശേഷി ദുരന്തനിവാരണ വിഭാഗം ഇടക്കിടെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഷട്ടറുകള്‍ എപ്പോള്‍ തുറക്കും, വെള്ളം പുറത്തേക്കൊഴുക്കിയാല്‍ അത് എത്രത്തോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും തുടങ്ങിയ മുന്നറിയിപ്പുകള്‍ നല്‍കിയതുമില്ല. ഇടമലയാറില്‍ ജലസംഭരണ ശേഷി കവിഞ്ഞ് ജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതിന് ശേഷമാണ് വൈദ്യുതി വകുപ്പ് ഷട്ടറുകള്‍ തുറന്നുവിടുന്നത്. ഓഗസ്ത് എട്ടാം തീയതി രാത്രിയാണ് ഇത് തീരുമാനിക്കുന്നതും വൈദ്യുതി വകുപ്പ് ഷട്ടറുകള്‍ തുറക്കുന്നതും. ഇടമലയാര്‍ അണക്കെട്ട് തുറന്നു എന്ന കാര്യം വാര്‍ത്തകളിലും മറ്റും ഇടംപിടിച്ചപ്പോള്‍ പോലും അധികൃതര്‍ പറയാന്‍ മറന്നതും വാര്‍ത്തകളിലുള്‍പ്പെടാതിരുന്നതും നേര്യമംഗലത്തെ കല്ലാര്‍ക്കുട്ടി അണക്കെട്ടാണ്. ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ ഡാമുകളില്‍ നിന്ന് വെള്ളം ഒലിച്ചെത്തുന്ന കല്ലാര്‍ക്കുട്ടിയുടെ ഷട്ടറുകള്‍ തുറന്നതാണ് പെരിയാറിലെ വെള്ളക്കയറ്റത്തിന് ആക്കം കൂട്ടിയത്. ഇടമലയാറില്‍ നിന്ന് ഒരു സെക്കന്‍ഡില്‍ ആറ്‌ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകിയിരുന്നതെങ്കില്‍ കല്ലാര്‍ക്കുട്ടിയില്‍ നിന്ന് ഒരു സെക്കന്‍ഡില്‍ പെരിയാറിലേക്കെത്തിയത് പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇവ രണ്ടും ചേര്‍ന്നതോടെ നേരം പുലര്‍ന്നപ്പോള്‍ ആലുവ മുഴുവന്‍ വെള്ളത്തിനടിയിലായി. എറണാകുളത്തെ മറ്റ് ചില സ്ഥലങ്ങളേയും ഇത് ബാധിച്ചു. ഇടമലയാര്‍ തുറക്കുന്നത് സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ അടിയന്തിര സാഹചര്യം വന്നതോടെ ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരായതാണെന്നാണ് വൈദ്യുതി വകുപ്പിന്റെ ന്യായം.

ദിവസങ്ങളായി നിറഞ്ഞുകിടക്കുന്ന, പരമാവധി ജലസംഭരണ ശേഷിയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരുന്ന ഇടമലയാര്‍ തുറക്കുമ്പോള്‍ ശരിയായ തരത്തിലുള്ള ആസൂത്രണവും മുന്നറിയിപ്പും ഉണ്ടായില്ലെന്നും, കല്ലാര്‍ക്കുട്ടിയെ പൂര്‍ണമായും അവഗണിച്ചത് നാശം വര്‍ധിപ്പിച്ചെന്നും റിവര്‍ റിസര്‍ച്ച് സെന്റര്‍ അംഗമായ എസ് പി രവി പറയുന്നു: “ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതായിരുന്നു ദിവസങ്ങളായുള്ള വാര്‍ത്ത. അതിലേക്ക് അമിതമായ ശ്രദ്ധ വന്നതോടെ മറ്റ് അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച് വേണ്ടത്ര മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതാണ് ആലുവയില്‍ പെട്ടെന്നുണ്ടായ പ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായത്. കല്ലാര്‍കുട്ടിയില്‍ നിന്നും ഇടമലയാറില്‍ നിന്നും ഒഴുകിയ വെള്ളത്തിന്റെ അളവില്‍ മറ്റൊരിടത്തും വെള്ളമൊഴുകിയിട്ടില്ല എന്ന് തന്നെ പറയാം. ഇടുക്കി ഷട്ടറുകള്‍ കൂടി തുറന്നതോടെ ആലുവയിലെ വെള്ളപ്പൊക്കം കൂടുമെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടാവില്ലെന്ന് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ധാരണയുണ്ടായിരുന്നു. അതുണ്ടായതുമില്ല. ഇടുക്കിയിലെ വെള്ളം പെരിയാറില്‍ എത്തിയപ്പോഴേക്കും ആലുവയിലെ വെള്ളം ഇറങ്ങുകയാണുണ്ടായത്. അതിന് കാരണം ഇടമലയാറില്‍ നിന്നും കല്ലാര്‍കുട്ടിയില്‍ നിന്നുമുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു എന്നതാണ്. ഈ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമാണ് പ്രളയമുണ്ടാക്കിയതെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത്രയധികം തോതില്‍ ജലം തുറന്നുവിടുമ്പോള്‍ ഉണ്ടാവേണ്ടിയിരുന്ന യാതൊരു മുന്‍കരുതലുകളും ഉണ്ടായിട്ടില്ല. എന്നാല്‍ ഇടുക്കി ഷട്ടറുകളുടെ കാര്യത്തില്‍ അതുണ്ടാവുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇടമലയാറില്‍ വെള്ളം അണക്കെട്ടും കഴിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അടിയന്തിര സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. അവിടെ ജലസംഭരണ ശേഷി കഴിഞ്ഞാല്‍ പിന്നെ അണക്കെട്ടില്‍ വെള്ളത്തെ വഹിക്കാന്‍ സ്ഥലമില്ല. എന്നാല്‍ ഇടുക്കിയിലെ സ്ഥിതി വ്യത്യസ്തമാണ്. ജലസംഭരണ ശേഷി മാര്‍ക്ക് ചെയ്തതിന് മുകളിലായി പിന്നേയും ധാരാളം സ്ഥലം ബാക്കിയുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ ആ വെള്ളത്തെ സ്വീകരിക്കാനായി എപ്പോഴും ആ സ്ഥലം ഒഴിച്ചിട്ടിരിക്കും. അതിനായി മാത്രമേ ആ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമുണ്ട്. എങ്കിലും വെള്ളം പരമാവധി സംഭരണശേഷി കടന്നാലും അത്യാവശ്യം കൈകാര്യം ചെയ്യാനുള്ള സ്ഥലം അവിടെയുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ഇടമലയാറിലേയും കല്ലാര്‍കുട്ടിയിലേയും സ്ഥിതി വ്യത്യസ്തമാണ്. ജലസംഭരണശേഷി കഴിഞ്ഞാല്‍ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ട്. ഇടമലയാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിറഞ്ഞ് തന്നെ കിടക്കുകയാണ്. മഴ കനത്ത് പെയ്താല്‍ വാട്ടര്‍ ലെവല്‍ കൂടുമെന്നും അധികൃതര്‍ക്കറിയാം. അങ്ങനെയിരിക്കെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഷട്ടറുകള്‍ ഭാഗികമായി തുറന്ന് വെള്ളം കുറേശെ എങ്കിലും പുറത്തേക്ക് ഒഴുക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ ദുരന്തം ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു.”

പെരിയാര്‍ നദിയുടെ ഭാഗമാണ് ഇടുക്കി, കല്ലാര്‍കുട്ടി, ഇടമലയാര്‍ അണക്കെട്ടുകള്‍. പെരിയാര്‍ എന്ന നദീതടത്തെ ഒന്നായി കണ്ട് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നെങ്കില്‍ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു എന്ന ഒരു വാദവും നിലനില്‍ക്കുന്നുണ്ട്. പെരിയാറില്‍ തന്നെയുള്ളതാണെങ്കിലും ഓരോ അണക്കെട്ടിനേയും വെവ്വേറെയാണ് അധികൃതര്‍ കണക്കാക്കുന്നതും മുന്‍കരുതലുകളെടുക്കുന്നതും. എന്നാല്‍ ഇവയിലേത് തുറന്നാലും വെള്ളം പെരിയാറിലേക്ക് എത്തുമെന്നതിനാല്‍ അത് മുന്നില്‍ കണ്ട് ഓരോ അണക്കെട്ടിലേയും വെള്ളമൊഴുക്കി വിടുന്നത് നിയന്ത്രിക്കാം എന്നതാണ് വിദഗ്ദ്ധരുടെ പക്ഷം.

ചാലക്കുടിപ്പുഴയ്ക്ക് സംഭവിച്ചത്

വെള്ളം കയറി വന്നപ്പോഴാണ് ഞങ്ങള്‍ അറിയുന്നത് തന്നെ. രാത്രിയല്ലേ, രണ്ട് മണിയൊക്കെയായപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ മുങ്ങിപ്പോവുന്നത് പോലെ വെള്ളം. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല. നേരം വെളുത്തപ്പോള്‍ ചുറ്റും വെള്ളം. അണക്കെട്ട് തുറക്കുമെന്ന് ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ല. കിട്ടിയിരുന്നെങ്കില്‍ എല്ലാം വെള്ളത്തില്‍ നനയാന്‍ വിട്ടുകൊടുത്ത് ഞങ്ങള്‍ ഇവിടെത്തന്നെ നിക്കുമോ?” ചാലക്കുടി പുഴയോരത്ത് താമസിക്കുന്ന മല്ലിക പറയുന്നതാണ്. പെരിങ്ങല്‍കുത്തും കേരളഷോളര്‍ അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്ന് വിട്ടതും രാത്രിയാണ്. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടുമെല്ലാം പ്രഖ്യാപിച്ചിരുന്നു എന്ന് വൈദ്യുതി വകുപ്പ് അധികൃതരും ദുരന്തനിവാരണ വിഭാഗം അംഗമായ ജില്ലാ കളക്ടറും ആവര്‍ത്തിച്ച് പറയുമ്പോഴും ചാലക്കുടിപ്പുഴയുടെ തീരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും രാത്രിയിലെ ഉറക്കത്തില്‍ എഴുന്നേറ്റത് വീട്ടില്‍ വെള്ളം നിറഞ്ഞപ്പോഴാണ്. പെരിങ്ങല്‍ കുത്തില്‍ നിന്ന് ഒരു സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചാലക്കുടിപ്പുഴയിലേക്കെത്തിയത്. അതോടെ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന എല്ലാവരുടേയും വീടുകളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടെ വെള്ളത്തിലായി. ജൂലൈ മാസത്തില്‍ തന്നെ രണ്ട് തവണ പ്രളയം നേരിട്ട ചാലക്കുടിപ്പുഴത്തടത്തില്‍ അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ കാട്ടേണ്ട ജാഗ്രത ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ എല്ലാ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു എന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. എന്നാല്‍ ടൗണുകളിലൂടെയാണ് അത് ഉണ്ടായതെന്നും പുഴത്തടത്തില്‍ ജീവിക്കുന്നവരിലേക്ക് ഒരുവിധ മുന്നറിയിപ്പുകളും എത്തിയിരുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.

അണക്കെട്ട് തുറക്കുന്നതിന് മുമ്പ് പ്രളയ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം വേണമെന്ന് പലതവണ കളക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം ചെയ്തു എന്ന് പറഞ്ഞതല്ലാതെ വേണ്ടതരത്തില്‍ ആസൂത്രണമോ മുന്നൊരുക്കമോ ഉണ്ടായിട്ടില്ലെന്ന് ചാലക്കുടി പുഴസംരക്ഷണ സമിതി അംഗങ്ങള്‍ ആരോപിക്കുന്നു. “ചാലക്കുടിപ്പുഴത്തടത്തില്‍ ജൂണ്‍മാസം മുതലുള്ള കണക്കെടുത്താല്‍ നാല് തവണയാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും തവണയാണ് അത് ജനങ്ങളെ കാര്യമായി ബാധിച്ചത്. പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ പല തവണ ജില്ലാഭരണകൂടത്തെ ഞങ്ങള്‍ അലര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. നമ്മള്‍ ആവശ്യപ്പട്ടതോ, അവര്‍ പറഞ്ഞതോ ആയ കാര്യങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. അതിശക്തമായ തരത്തില്‍ വെള്ളം ഒഴുകി വരുമ്പോള്‍ എടുക്കേണ്ട ഒരു കരുതലും എടുത്തിട്ടുമില്ല. പലരും രാത്രി വീട്ടില്‍ വെള്ളം പൊങ്ങിയതിന് ശേഷമാണ് കാര്യമറിയുന്നത്. ഞങ്ങളാലാവുന്നത് പോലെ വിവിധ പഞ്ചായത്തുകളിലും പഞ്ചായത്ത് മെമ്പര്‍മാരെയുമെല്ലാം വിളിച്ച് പറഞ്ഞിരുന്നു. അങ്ങനെ ചിലരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാനും എല്ലാമായി. അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നുവിടുന്ന അന്ന് രാത്രി എട്ട് മണിക്കും കൂടി ഞങ്ങള്‍ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കൊടുത്തു എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും അതറിഞ്ഞിട്ടില്ല”.

ബാണാസുര സാഗര്‍

മുന്നൊരുക്കങ്ങളോ മുന്‍കരുതലുകളോ സ്വീകരിക്കാന്‍ സമയംപോലും നല്‍കാതെയാണ് ബാണാസുര സാഗറിലെ ഷട്ടറുകള്‍ തുറന്നത്. അതീവജാഗ്രതാ നിര്‍ദ്ദേശങ്ങളോ സൈറണുകളോ ഇവിടേക്കെത്തിയതുമില്ല. അര്‍ധരാത്രിയില്‍ 140 കി.മീ. വേഗതയില്‍ എത്തിയ വെള്ളം കടുത്ത ദുരിതമാണ് വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കിയത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ജനതയ്ക്ക് ഡാമുകളിലെ സ്പീഡ് ബോട്ടുകള്‍ പോലും വിട്ടുനല്‍കിയില്ല എന്ന ആരോപണവുമുണ്ട്. ട്യൂബുകളിലും മറ്റും പിടിച്ചാണ് പലരും ഉയര്‍ന്ന സ്ഥലങ്ങളിലേക്കെത്തിയത്. അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളം ആയിരത്തോളം കുടുംബങ്ങളെ നേരിട്ട് ബാധിച്ചു. നാട്ടുകാരനായ അബു പുതുശേരിക്കടവ് പറയുന്നു: “ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പുകളും നല്‍കിയിരുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 775 മീറ്റര്‍ ഉയരത്തിലുള്ള, 209 ദശലക്ഷം സ്‌ക്വയര്‍ മീറ്റര്‍ ജലസംഭരണ ശേഷിയുള്ള, 62 കി.മീ.സ്‌ക്വയറില്‍ ജലം വന്നുകൊണ്ടിരിക്കുന്ന ഡാമാണ്. അതിലെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന് മാത്രമല്ല അവര്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്. സാധാരണ അണക്കെട്ട് ഷട്ടറുകള്‍ തുറക്കുമ്പോള്‍ റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമെല്ലാം പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത് പെട്ടെന്ന് ഒരു ദിവസം തുറന്നുവിടുകയായിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിക്കും വൈദ്യുതിവകുപ്പിനും ഇക്കാരത്തില്‍ തുല്യ ഉത്തരവാദിത്തമാണുള്ളത്. രാത്രിയില്‍ അണക്കെട്ട് തുറക്കുക എന്നത് തന്നെ ശരിയായ നടപടിയല്ല. അതിതീവ്ര മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അണക്കെട്ടിലെ വെള്ളം ഏറുമെന്നും അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ പരിമിതമായ തരത്തിലെങ്കിലും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയേണ്ടതിന് പകരം വെള്ളം പരമാവധി നിരപ്പ് എത്തുന്നത് വരെ കാത്തിരുന്നതെന്തിനാണ്? ഞങ്ങള്‍ക്ക് വീട്ടിലെ ഒരു സാധനവും മാറ്റാന്‍ പറ്റിയിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡും കുട്ടികളുടെ പുസ്തകങ്ങളൊന്നും വീട്ടില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളോ ഒന്നും ആരും മാറ്റിയിട്ടില്ല. എല്ലാ സാധനങ്ങളും നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് ഞങ്ങള്‍”,

ബാണാസുരസാഗറിലെ നാല് ഷട്ടറുകളും രാത്രിയില്‍ ഒന്നിച്ച് ഉയര്‍ത്തുകയായിരുന്നു.  മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നെങ്കിലും ചിലയിടങ്ങളില്‍ പാളിച്ച സംഭവിച്ചതായി ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകോപനമില്ലായ്മ ചിലയിടങ്ങളിലെ വീഴ്ചകള്‍ക്ക് കാരണമായി. ഇടമലയാറിലും ബാണാസുരസാഗറിലും കാര്യമായ വീഴ്ചകളുണ്ടായി. എന്നാല്‍ അത്തരം വീഴ്ചകള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാനതലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വൃഷ്ടിപ്രദേശങ്ങളിലെ മഴ കനക്കുകയും അണക്കെട്ടുകള്‍ നിറഞ്ഞ് കവിയുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടിയന്തിരമായി തുറക്കേണ്ടി വന്നതെന്നാണ് വൈദ്യുതി വകുപ്പിന്റെ ന്യായീകരണം. എന്നാല്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയിലൂടെ സംഭവിച്ച വീഴ്ചകള്‍ക്കും അതുവഴിയുണ്ടായ നഷ്ടത്തിനും ദുരിതത്തിനും ഈ മറുപടികള്‍ പര്യാപ്തമായേക്കില്ല.

മസ്ജിദുനൂര്‍ പള്ളി എന്തുകൊണ്ട് കേരളമാണ് അഥവാ മഴക്കെടുതിയിലും വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്ക് അറിയാത്ത കേരളം

ഒരു കുട്ടിയുടുപ്പിലും കാര്യമുണ്ട്; ഒരു കുടുക്ക പൊട്ടിച്ചുകിട്ടുന്ന ചില്ലറ പൈസയിലും

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന പാഴ്ജന്‍മങ്ങളോട് ; ഈ സഹജീവി സ്നേഹം നിങ്ങള്‍ക്ക് അന്യമായത്

‘ഇതു പോലൊരു വയനാടിനെ ഞങ്ങൾ മുൻപ് കണ്ടിട്ടില്ല’: വയനാട്ടുകാർ പറയുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍