UPDATES

പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കം എതിര്‍ത്തതോടെ ഇപ്പോള്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

“പണം തരാന്നാ, എരവ് തരാന്നാ, കറണ്ട് തരാന്നാ പറഞ്ഞാലും ഞങ്ങള് സമ്മതിക്കൂല്ല. ഇല്ല, ഇല്ല, ഇല്ല… ഇനിയാരും ഞങ്ങടടുത്തേക്ക് വരണ്ട. ഞങ്ങടെ കുട്ടികളെ നയിപ്പിക്കാനാ, ഞങ്ങളെ നയിപ്പിക്കാനാ ഇനി സര്‍ക്കാരിന് ഒക്കൂല്ല. ഞങ്ങളെ വേണോങ്കി കൊന്നൊടുക്കി… എന്നിട്ട് ഭൂമി വേണോ, സ്വത്തുക്കള് വേണോ സര്‍ക്കാരിന് എടുക്കാം. ആദിവാസികളായ ഞങ്ങക്ക് അങ്കും പൊങ്കും ഒന്നുമില്ല. വെട്ടണോങ്കി വെട്ടും കുത്തണോങ്കി കുത്തും. വേസ്റ്റ് ഇടാനെന്നും പറഞ്ഞോണ്ട് ഒറ്റൊരാള്‍ ഇങ്ങോട്ട് വരണ്ട. ഞങ്ങക്ക് ഇവിടെ ജീവിക്കണം. ഈ പദ്ധതി എന്ന് നിര്‍ത്തുന്നോ അന്ന് ഞങ്ങടെ സമരോം നിര്‍ത്തും. എവടെ ആദിവാസികളുണ്ടോ, അവടെ മാത്രം വേസ്റ്റ് കൊണ്ടുവരണന്നൊള്ള നിര്‍ബന്ധം ഈ സര്‍ക്കാര് നിര്‍ത്തലാക്കണതാണ് നല്ലത്”,  സരോജിനിയാണ് ആദ്യം സംസാരിച്ചത്. പുറകെ വിലാസിനിയും പ്രസന്നയുമെല്ലാം സംസാരിച്ച് തുടങ്ങി. പെരിങ്ങമ്മലയിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരാണിവര്‍. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി പ്ലാന്റ് എന്ന പദ്ധതിക്കെതിരെ ഇവര്‍ ഒറ്റക്കെട്ടായിരിക്കുന്നു. “ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. അഥവാ വേസ്റ്റ് കൊണ്ടുവരാന്‍ അവര് തയ്യാറായാത്തന്നെ ഞങ്ങടെ ജഡത്തെ ചവിട്ടിക്കൊണ്ടേ ഇങ്ങോട്ട് വേസ്റ്റ് കൊണ്ടുവരൂ. ഇത് ഞങ്ങള്‍ ഒന്നടങ്കം പറയണ കാര്യോണ്“, സരോജിനിയുടെ വാക്കുകളില്‍ കാര്യങ്ങള്‍ വ്യക്തം.

പെരിങ്ങമ്മല ശത്രുരാജ്യമാണോ? കേരള സര്‍ക്കാര്‍ ഈ ദേശത്തെ പരിഗണിക്കുന്ന രീതികള്‍ കണ്ടാല്‍ പെരിങ്ങമ്മലക്കാര്‍ക്ക് മാത്രമല്ല ആര്‍ക്കും അങ്ങനെ സംശയിക്കാം. പെരിങ്ങമ്മലയെ വിടാതെ ഉപദ്രവിക്കുകയാണ് സര്‍ക്കാര്‍. ആദ്യം ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനായിരുന്നു നീക്കം. അതും വനഭൂമിയില്‍, അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍. നാട്ടുകാര്‍ എതിര്‍ത്തതോടെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ ഇപ്പോള്‍ പുതിയ പദ്ധതിയുമായി പെരിങ്ങമലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളില്‍ ഒന്ന് പെരിങ്ങമ്മലക്ക് ‘സമ്മാനിച്ച’തായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ അതീവ പാരിസ്ഥിതിക സവിശേഷതകളുള്ള പെരിങ്ങമ്മലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ഗുണങ്ങളേക്കാളേറെ ദോഷമേ ചെയ്യൂ എന്ന അഭിപ്രായമാണ് പ്രദേശവാസികളും പരിസ്ഥിതിസ്‌നേഹികളും പങ്കുവയ്ക്കുന്നത്. അത്യധികം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുമെന്ന നിലപാടിലാണ് പെരിങ്ങമ്മലക്കാര്‍.

പെരിങ്ങമ്മലയും പ്ലാന്റും

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള അഗസ്ത്യവനത്തിന്റെ താഴ്‌വരയില്‍ പെരിങ്ങമ്മലയിലാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അഗ്രിഫാമിലെ 15 ഏക്കര്‍ ഭൂമി, ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി മാറ്റിവക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഈ വിവരം വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി തന്നെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ സഭയില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ആറിടങ്ങളില്‍ തുടങ്ങുന്ന പ്ലാന്റുകളില്‍ ഒന്ന് തിരുവനന്തപുരം പെരിങ്ങമ്മലയിലാണ്. ആദിവാസി ആവാസമേഖലയും പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുര്‍ബലമേഖലകളില്‍ പെട്ടതുമായ പെരിങ്ങമ്മല ഇതിനായി തിരഞ്ഞെടുത്തതിനെതിരെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാണ്. ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ആയി പരിവര്‍ത്തനപ്പെടുത്തി, ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാനും അങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാനും ഉദ്ദേശിക്കുന്നതാണ് പദ്ധതി. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരം നഗരപ്രദേശത്തെ 35 കി.മീ. പരിധിയിലുള്ള സ്ഥലത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ പെരിങ്ങമലയില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതിക്കായി മുതല്‍ മുടക്കില്ല. മാലിന്യം ശേഖരിക്കുന്നതും തരംതിരിക്കുന്നതും അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമെല്ലാം കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്. വൈദ്യുതി വിറ്റ് കിട്ടുന്ന പണം കൊണ്ട് ഇതിന് ചെലവാകുന്ന തുക കരാറുകാര്‍ക്ക് തിരിച്ചുപിടിക്കാം. ഇതാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതി. പദ്ധതിയുടെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നാണ് വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി പറയുന്നത്.

നഗരമാലിന്യം എത്തുമ്പോള്‍

പെരിങ്ങമ്മലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഓടുചുട്ടപടുക്കയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങാനിരുന്നത്. ജൈവസമ്പത്താല്‍ സമ്പുഷ്ടമായ, വന്യമൃഗങ്ങളുടേയും ചെറുജീവികളുടേയും ആവാസ-പ്രജനന മേഖലയായ വനഭൂമിയില്‍ പ്ലാന്റ് വരുന്നതിനെതിരെ പ്രദേശവാസികള്‍ സന്ധിയില്ലാ സമരം ശക്തമാക്കിയതോടെ ഏതാനും മാസങ്ങള്‍ക്ക് മുന്നെ സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നെങ്കിലും സമരസമിതി ഇപ്പോഴും സജീവമാണ്. അങ്ങനെയിരിക്കെയാണ് വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ എത്തുന്നത്. പെരിങ്ങമ്മല അഗ്രിഫാമിലെ ഏഴാംബ്ലോക്കില്‍ പെട്ട ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ആ പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ സ്ഥലം, ഒരുപറ കുന്നിലാണ് ഈ ഭൂമി എന്നിരിക്കെ ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുക വഴിയുണ്ടാവുന്ന മലിനജലം താഴെയുള്ള ഒരുപറ സെറ്റില്‍മെന്റ് കോളനികളിലേക്കാവും ഒഴുകി ചെല്ലുക. ഇരുന്നൂറിലധികം ആദിവാസി കുടുംബങ്ങളാണ് സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്നത്. നഗരത്തിലെ 35 കി.മീ.ദൂരപരിധിയിലെ മാലിന്യങ്ങള്‍ ഒരുപറക്കുന്നില്‍ വന്നടിയുന്നതോടെ തങ്ങളുടെ ജീവിതം ദുസ്സഹമാവുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

പദ്ധതി പ്രദേശത്തിന് 200 മീറ്റര്‍ അകലെ മാത്രമാണ് ചിറ്റാര്‍ നദി ഒഴുകുന്നത്. 12 മീറ്റര്‍ വീതിയില്‍ ഒഴുകുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാര്‍ നദിയിലെ വെള്ളമാണ് പ്രദേശത്തുള്ളവര്‍ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. മലിനജലം ഒഴുകി ചിറ്റാറിലേക്കെത്തിയാല്‍ അതോടെ പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ് മലിനമാവും എന്നതാണ് മറ്റൊരു ആശങ്ക. ചിറ്റാര്‍ കുടിവെള്ള പദ്ധതി കൂടാതെ ചിറ്റാര്‍ ചെന്നുചേരുന്ന വാമനപുരം നദിയില്‍ 37 കുടിവെള്ള പദ്ധതികളാണുള്ളത്. ചിറയന്‍കീഴ് താലൂക്കിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ജലസ്രോതസാണ്. ഐഎംഎ പ്ലാന്റിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ ദീപു പാലോട് പറയുന്നു: “എന്തെല്ലാം മുന്‍കരുതലുകളെടുക്കും എന്ന് പറഞ്ഞാലും കേരളത്തില്‍ ഒരു മാലിന്യസംസ്‌ക്കരണ പ്ലാന്റ് എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന് അനുഭവത്തില്‍ നിന്ന് തെളിഞ്ഞിട്ടുള്ളതാണ്. അതീവപാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണിത്. ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ എത്തുമ്പോള്‍ അതുംകൂടി പരിഗണിക്കപ്പെടണം. നഗരത്തിലെ 35 കി.മീ. പ്രദേശത്തെ മാലിന്യം ഇവിടേക്ക് എത്തുന്നു എന്ന് പറയുമ്പോള്‍ വിളപ്പില്‍ശാലയേക്കാള്‍ വലിയ പ്രത്യാഘാതങ്ങളാവും പെരിങ്ങമ്മലയില്‍ ഉണ്ടാവാന്‍ പോവുന്നത്.”

വിളപ്പില്‍ശാലയില്‍ നടന്നത് കേരളം മുഴുവന്‍ കണ്ടതാണ്. മാലിന്യം സംസ്‌കരിച്ച് വളമാക്കുക എന്ന പദ്ധതിയായിരുന്നു അവിടെ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചത്. എന്നാല്‍ മാലിന്യം കുന്നുകൂടി ജനജീവിതം ദുരിതമായതും, ആ പ്രദേശത്തെ ജനങ്ങള്‍ പലതരത്തില്‍ ഒറ്റപ്പെട്ടതും നേര്‍സാക്ഷ്യമായി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലും വിശ്വാസമില്ലെന്ന് പെരിങ്ങമ്മല നിവാസികള്‍ പറയുന്നു. പെരിങ്ങമ്മലയില്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലവും ഒരുപറക്കരിക്കം സെറ്റില്‍മെന്റ് കോളനിയുമായി 25 മീറ്റര്‍ മാത്രമാണ് അകലം എന്നത് ഇവരുടെ ആകുലതകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. പന്നിയോട്ട്, അടിത്തറം തുടങ്ങി അഞ്ച് ആദിവാസി സെറ്റില്‍മെന്റ് കോളനികളും ഒരു പട്ടികജാതി കോളനിയുമാണ് തൊട്ട്‌തൊട്ട് ഈ പ്രദേശത്തുള്ളത്. സ്റ്റേറ്റ് ബനാന ഫാം, ചെന്തുരുത്തി വൈല്‍ഡ്‌ലൈഫ് സാങ്ച്വറി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ വളരെയേറെ സവിശേഷതകളുള്ള പല കേന്ദ്രങ്ങളും ഈ പ്രദേശത്തിന് സമീപമാണെന്നത് പരിസ്ഥിതിസ്‌നേഹികളിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

അഗസ്ത്യമല കണ്‍സര്‍വേഷന്‍ ബോര്‍ഡ് ചെയര്‍മാനും ചെരിങ്ങമ്മല പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. കമറുദ്ദീന്‍ പറയുന്നതിങ്ങനെ: “പ്രധാന വിഷയം ചിറ്റാറിനോട് ഇത്രയും അടുത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം വരുന്നത് തന്നെയാണ്. പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നദിയാണ് ചിറ്റാര്‍. മനുഷ്യന്റെ ഏറ്റവും പ്രാഥമിക ആവശ്യം എന്നാല്‍ വായുവും വെള്ളവും ഭക്ഷണവുമാണ്. വൈദ്യുതി എല്ലാം സെക്കന്‍ഡറി ആവശ്യങ്ങളിലാണ് പെടുക. എന്നാല്‍ സെക്കന്‍ഡറി ആവശ്യത്തിനായി പ്രാഥമികമായ കാര്യങ്ങളെ ഇല്ലാതാക്കേണ്ടതുണ്ടോ എന്നതാണ് സ്വാഭാവികമായ സംശയം. അതും ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം എന്നത് പല ലോകരാജ്യങ്ങളിലും പരാജയപ്പെട്ട ഒരു മാര്‍ഗമാണ്. വെള്ളവും വായുവും മലിനീകരിച്ചുകൊണ്ട് അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന്റെ സാംഗത്യം എന്തെന്ന് മനസ്സിലായിട്ടുമില്ല. ഇത്രയും ഉയര്‍ന്ന പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നുള്ള ഊറലുകള്‍ താഴേക്ക് എത്തുമെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. അതിന് താഴെ താമസിക്കുന്ന ആദിവാസികള്‍ക്കുള്ള ജലം മലിനമാക്കപ്പെടും എന്നതില്‍ സംശയമില്ല. രാജഭരണകാലത്ത് അവര്‍ക്ക് കൃഷി ചെയ്യാന്‍ കൊടുത്ത ഭൂമിയാണ് 1960-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഗ്രിഫാം ആക്കുന്നത്. അപ്പോള്‍ തന്നെ പുറത്തായ അവരെ ഇവിടെ നിന്നും ആട്ടിയോടിക്കാനേ ഈ പദ്ധതിക്ക് സാധിക്കൂ. ഇത്രയും ജനസാന്ദ്രതയേറിയ പ്രദേശത്ത്, അത് സര്‍ക്കാരിന്റെ ഭൂമിയാണെങ്കില്‍ കൂടി, മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതെങ്ങനെയാണ്? പദ്ധതിക്കുദ്ദേശിച്ച സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ അറുപത്തഞ്ചോളം വാഴയിനങ്ങള്‍ അവിടെയുണ്ട്. ഒറ്റമുങ്കൂലി എന്ന പേരിലുള്ള, ആദിവാസികള്‍ മാത്രം കൃഷി ചെയ്തിരുന്ന വാഴയിനം പോലും ആ ഫാമിലുണ്ട്. അയ്യായിരം ഇനത്തിലുള്ള അമ്പതിനായിരം സ്പീഷീസ് ഉള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഇതിനോട് ചേര്‍ന്നാണ്. ഇവയെയെല്ലാം പ്ലാന്റിന്റെ പ്രവര്‍ത്തനം ബാധിക്കും. ഏതെല്ലാംതരം മാലിന്യങ്ങളാണ് ഇവിടേക്കെത്തിക്കുന്നതെന്നോ അതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കുക എന്നതോ സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ ഇക്കാലമത്രയും കേരളത്തില്‍ കണ്ടിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളൊന്നും യഥാവിധം പ്രവര്‍ത്തിക്കുന്നത് നമ്മുടെ അനുഭവങ്ങളിലില്ല. ഒരു കിലോമീറ്റര്‍ വ്യത്യാസത്തിലാണ് വനഭൂമിയുള്ളത്. അവിടെ നിന്നുള്ള വന്യജീവികളുള്‍പ്പെടെ പലപ്പോഴും പെരിങ്ങമ്മല മേഖലയിലും എത്താറുണ്ട്. പത്ത് കിലോമീറ്ററിനുള്ളിലാണ് ചെന്തുരുത്തി വൈല്‍ഡ് സാങ്ച്വറി. കേന്ദ്രനിയമം അനുസരിച്ച് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ പത്ത് കിലോമീറ്ററില്‍ താഴെയുള്ള പ്രദേശങ്ങള്‍ പരിവര്‍ത്തനപ്പെടുത്താനാവില്ല. അങ്ങനെ വന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഇരവികുളത്തുള്ളതിനേക്കാള്‍ പുഷ്ടിയുള്ള വരയാടുകള്‍ കാണപ്പെടുന്ന പ്രദേശമാണിത്. മലമുഴക്കി വേഴാമ്പല്‍, കടുവ, കാട്ടുപോത്ത് തുടങ്ങിയ നിരവധി ജീവജാലങ്ങളുടെ ആവാസമേഖലയിലുള്‍പ്പെടുന്ന പ്രദേശവുമാണ്. ഇങ്ങനെയെല്ലാം നോക്കിയാല്‍ ഈ സംവിധാനങ്ങള്‍ക്കൊക്കെ വലിയരീതിയില്‍ നാശമുണ്ടാക്കിക്കൊണ്ടായിരിക്കും മാലിന്യം ഇവിടേക്കെത്താന്‍ പോവുന്നത്.”

കേന്ദ്രനിയമപ്രകാരം മാലിന്യം സംസ്‌കരണത്തിന് തിരഞ്ഞെടുക്കേണ്ടത് വരണ്ട പ്രദേശങ്ങളായിരിക്കണം. എന്നാല്‍ പെരിങ്ങമ്മല അതിവൃഷ്ടി പ്രദേശമാണ്. വര്‍ഷം 300 മുതല്‍ 400 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശമാണിത്. ഒരു വര്‍ഷം 150 ദിവസത്തിലേറെ മഴ പെയ്യുന്ന സ്ഥലം. വ്യവസ്ഥകള്‍ അനുസരിച്ച് ദിവസവും ലോഡ് കണക്കിന് മാലിന്യം നിക്ഷേപിക്കാന്‍ ഉതകുന്ന പ്രദേശമല്ല പെരിങ്ങമ്മല. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിനടുത്ത് ജലസ്രോതസ്സുകള്‍ പാടില്ലെന്നും നിയമമുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പെരിങ്ങമ്മലയിലേക്കെത്തുന്നത്.

‘വിട്ടുകൊടുക്കില്ല’

“സര്‍ക്കാരിന്റെ ഭൂമി ആയതിനാല്‍ അവര്‍ക്ക് എന്തും ചെയ്യാമെന്നായിരിക്കും. പക്ഷെ അതിന് ഞങ്ങള്‍ ഒരു കാരണവശാലും സമ്മതിക്കില്ല. ഞങ്ങള്‍ക്ക് ഇവിടെ അങ്ങനെയൊരു പ്ലാന്റ് വേണ്ട” പ്രസന്നയുടെ വാക്കുകള്‍. “ഞങ്ങള്‍ ഒള്ളതുകൊണ്ട് സന്തോഷത്തില് അടിച്ചുപൊളിച്ച് ജീവിക്കണ ആള്‍ക്കാരാണ്. ഇവര് ചെയ്യണത് കൊടും ചതിയാണ് കേട്ടാ. ഇത്രയും ഉയരത്തീന്ന് മാലിന്യം ഒലിച്ചെറങ്ങിക്കഴിഞ്ഞാ അങ്ങ് ആറ്റിലോട്ടല്ലേ പോണത്? ഞങ്ങള് പാവപ്പെട്ട ആദിവാസികള്‍ കാട്ടുകെഴങ്ങും തിന്ന് ആറ്റിലെ വെള്ളോംകുടിച്ച് കെടക്കുന്ന ആള്‍ക്കാരാണ്. ഇങ്ങനെപോയാ ഈ ആറ്റിലെ വെള്ളം കുടിക്കാനൊക്കുവോ? ഈ ആറ്റീന്ന് വയറുനെറയെ വെള്ളോം കുടിച്ചോണ്ടാണ് മലകളില്‍ ഈറ്റ വെട്ടാന്‍ പോണത്. ഈറകൊണ്ടുവന്നാണ് ഞങ്ങടെ ഉപജീവനം. ആ ഞങ്ങളെയാണോ കൊല്ലാനൊരുങ്ങുന്നത്? തിരുവനന്തപുരം സിറ്റിക്കാത്ത് സ്ഥലമില്ലാഞ്ഞിട്ടാണോ? ഏക്കറ് കണക്കിന് സ്ഥലമാണ് കിടക്കുന്നത്. ഈ കാണിക്കാറ് കെടക്കണ മേഖലയില്‍ തന്നെ അവര്‍ക്ക് വേസ്റ്റ് കൊണ്ടത്തള്ളണം. ഞങ്ങള് ദെവസോം വെളക്ക് കൊളുത്തി പ്രാര്‍ഥിക്കണ സ്ഥലമുണ്ട്. അതും ഈ പ്ലാന്റിനായി എടുത്ത സ്ഥലത്തില്‍ പെടുന്നതാണ്. നമ്മള് അഞ്ച് പൈസക്ക് നിവൃത്തിയില്ലാത്ത ആള്‍ക്കാരാണ്. അതുകൊണ്ട് എതിര്‍ക്കും തന്നെ.”

നിങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളാനൊരുങ്ങുന്ന സ്ഥലമാണിത്; കണ്ണു തുറന്നു കാണുക

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍