UPDATES

ട്രെന്‍ഡിങ്ങ്

പാലക്കാട് നഗരസഭ: സിപിഎം സഹായിച്ചാല്‍ ബിജെപിയെ ഇറക്കാമെന്ന് കോണ്‍ഗ്രസ്, സിപിഎം എന്തുചെയ്യും?

ഇരുകൂട്ടരും ഒന്നായാല്‍ സ്ഥാനമൊഴിയാന്‍ മടിയില്ലെന്ന് നഗരസഭ ചെയര്‍പെഴ്സണ്‍ പ്രമീള ശശിധരന്‍

ബിജെപി ആദ്യമായി അധികാരം പിടിച്ച പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും മുസ്ലീം ലീഗിന്റെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നു എന്നതായിരുന്നു അഴിമുഖം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത. എന്നാല്‍ സിപിഎം പിന്തുണയില്ലാതെ ഇക്കാര്യം സാധ്യമല്ല എന്നതും വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വങ്ങളുടെ അഭിപ്രായം എന്താണ്. എന്താണ് പാലക്കാട് നടക്കുന്നത്? 

പാലക്കാട് നഗരസഭയില്‍ നിന്നും അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുക പ്രായോഗികമല്ലെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നിലവിലെ സീറ്റ്‌ നില 13 ആണ്. മുസ്ലിം ലീഗിന്റെ നാല് അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ അത് 17 ആകും. ഭരണകക്ഷിയായ ബിജെപിക്ക് 24 അംഗങ്ങളാണുളളത്. 9 അംഗങ്ങള്‍ ഉളള സിപിഎമ്മിന്റെ പിന്തുണ ഉണ്ടായാല്‍ മാത്രമേ അവിശ്വാസം കൊണ്ടുവരാന്‍ സാധിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

”സിപിഎമ്മിന്റെ പിന്തുണയില്ലാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകില്ല. ഈ അവസ്ഥയില്‍ അവിശ്വാസ പ്രമേയത്തിനുളള നോട്ടീസ് നല്‍കുന്നത് അപ്രായോഗികമാണ്. അതുകൊണ്ട് തന്നെ അവിശ്വാസം കൊണ്ട് വരാനുളള ആലോചന ഇപ്പോഴില്ല. 8-9 മാസങ്ങള്‍ക്ക് മുമ്പ് അങ്ങനെ ആലോചന ഉണ്ടായിരുന്നു. ഒരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്നായിരുന്നു അന്നാലോചിച്ചത്. ഇക്കാര്യത്തിലെ തിരുമാനം എടുക്കുന്നതിനായി സഖ്യകക്ഷിയായ മുസ്ലിം ലീഗിനെ അറിയിക്കുകയും ചെയ്തു. പീന്നീട് അതിനെ പറ്റി അവര്‍ ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം പാലക്കാട്ട് ചേര്‍ന്ന ഒരു യോഗത്തില്‍ അക്കാര്യമാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് കരുതുന്നു. സിപിഎമ്മിന്റെ പിന്തുണ കിട്ടിയാല്‍ ബിജെപിയെ അവിശ്വാസത്തിലൂടെ പുറത്താക്കാമെന്നുകൂടി അദ്ദേഹം പറഞ്ഞു. അത് ശരിയാണ്. പക്ഷെ, കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് പോകുകയെന്നത് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ മുന്നോട്ട് പോകാനാവില്ല. ബിജെപിയെ പുറത്താക്കിയാല്‍ വീണ്ടും ഒരു ഇലക്ഷന്‍ വേണ്ടിവരും”, ശ്രീകണ്ഠന്‍ വ്യക്തമാക്കി.

അതെസമയം, ബിജെപിയെ പുറത്താക്കാന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് യുഡിഎഫ് ചെയര്‍മാന്‍ എ രാമസാമിയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നു. എ. രാമസാമി അഴിമുഖത്തോട്: ”ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ അവിശ്വാസ പ്രമേയത്തിനുളള നോട്ടീസ് നല്‍കണമെന്ന ആലോചനകള്‍ മുന്നണിയില്‍ പലരും ഉന്നയിച്ചിട്ടുണ്ട്. അതിന് സിപിഎമ്മിന്റെ പിന്തുണ വേണം. സിപിഎം ഉള്‍പ്പെടെ പ്രതിപക്ഷത്തിന് 28 സീറ്റുകളും ഭരണകക്ഷിക്ക് 24 ഉം സീറ്റുകളാണുളളത്. സിപിഎമ്മിന്റെ പിന്തുണ ഇതുവരെ ചോദിച്ചിട്ടില്ല. മുസ്ലിം ലീഗാണ് അക്കാര്യം പരസ്യമായി ആവിശ്യപ്പെട്ടത്. ഔപചാരികമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നാല്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാനാകൂ.

എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് ചേരില്ലെന്നത് സിപിഎമ്മിന്റെ നയമാണെന്നാണ് പാലക്കാട് എം.പി കൂടിയായ എംബി രാജേഷിന്റെ പ്രതികരണം. ഇത് ഇപ്പോഴത്തെ നിലപാടല്ല. പാര്‍ട്ടിയുടെ ദേശീയ നയമാണ്. അതേസമയം, കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിനുളള നോട്ടീസ് നല്‍കട്ടെ, അപ്പോള്‍ ആലോചിക്കാമെന്നും രാജേഷ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ”ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് ചേരില്ലെന്നത് പാര്‍ട്ടിനയമാണ്. പാലക്കാട് നഗരസഭയില്‍ ഞങ്ങള്‍ നടത്തിയ സമരങ്ങള്‍ വിജയിച്ചിട്ടുണ്ട്. അവിശ്വാസം പ്രമേയം കൊണ്ടുവരാനുളള നീക്കത്തെ പറ്റി ആരും ഞങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുക്കാനാവില്ല. അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കട്ടെ, അപ്പോള്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ഒത്തുതീര്‍പ്പ് ഭരണമാണ്. കഴിഞ്ഞ ഭരണത്തില്‍ യുഡിഎഫ് അധികാരത്തിലുണ്ടായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു സ്ഥിതി”.

സംസ്ഥാനത്ത് ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപി വീഴുമോ? സിപിഎം നിലപാട് നിര്‍ണായകം

അതെസമയം, അവിശ്വാസപ്രമേയ വിഷയത്തില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്റെ പ്രതികരണം ഇങ്ങനെ: ”പുറത്ത് അവിശ്വാസത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ എല്ലാവരും ഒന്നാണ്. ചെയര്‍പേഴ്‌സണ്‍ ആയ എന്നെക്കുറിച്ചോ വൈസ് ചെയര്‍മാനെ കുറിച്ചോ ഒന്നും ഇതുവരെ ആരും അവിശ്വാസം പ്രകടിപ്പിച്ചുകണ്ടിട്ടില്ല. സിപിഎമ്മിന്റെ ലൈഫ് പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ അനുവദിക്കുകയും ചെയ്തു. അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ഒറ്റകെട്ടായി നിന്നതാണ്. ഞങ്ങള്‍ക്കെതിരായി ഒരു തരത്തിലുളള അവിശ്വാസവും ആരും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് വിചാരിച്ചാല്‍ മാത്രം ബിജെപിയെ താഴെ ഇറക്കാന്‍ സാധിക്കില്ല. സിപിഎമ്മിന്റെ പിന്തുണകൂടി വേണം. അക്കാര്യത്തില്‍ അവര്‍ ഒന്നാകുമോ എന്നറിയില്ല. അങ്ങനെയെങ്കില്‍ സ്ഥാനം ഒഴിയുമെന്നതില്‍ മടിയില്ല.”

ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കുന്നതില്‍ മുതിര്‍ന്ന സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് താത്പര്യം പ്രകടിപ്പിച്ചില്ല. നഗരസഭയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സിപിഎം നിലപാട് ആരുമായും പങ്കുവെയ്‌ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം അഴിമുഖത്തോടു പറഞ്ഞു.

അതേസമയം, ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ഇടതുമുന്നണിയും ബിജെപിയുമായി ഒത്തുതീര്‍പ്പ് രാഷ്ടീയം കളിക്കുകയാണ് എന്ന അഭിപ്രായം ഉള്ളവര്‍ ഇരു പാര്‍ട്ടികളുടെയും യൂത്ത് വിംഗുകളില്‍ ഉണ്ട്. ബിജെപിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കണമെന്ന രാഷ്ട്രീയ തീരുമാനം നേരത്തെ ചില നേതാക്കള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നീക്ക്‌പോക്ക് രാഷ്ട്രീയമാണ് നല്ലതെന്ന തിരുമാനത്തിലാണ് ഇരുമുന്നണികളിലേയും മുതിര്‍ന്ന നേതാക്കള്‍. ഈ സാഹചര്യത്തില്‍ ഒത്തുകളി രാഷ്ട്രീയം സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടതോടെയാണ് പഴയ നിലപാടുമായി ലീഗ് നേതാവ് രംഗത്തെത്തിയതെന്നാണ് ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍