UPDATES

സര്‍ക്കാര്‍ പരിസ്ഥിതി ധവളപത്രമിറക്കി; കേരളത്തെ തുരന്നുതീര്‍ക്കുന്ന ക്വാറികളെക്കുറിച്ച് മിണ്ടാട്ടമില്ല

കേരളത്തില്‍ ക്വാറി പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളോ, വനം, പുഴ സംരക്ഷണ നിയമങ്ങളോ ബാധകമല്ല.

ക്വാറികളെ കുറിച്ച് ഒന്നും മിണ്ടാതെ സര്‍ക്കാരിന്റെ പരിസ്ഥിതി ധവളപത്രം. നദികളുടെ ഉറവിടമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതുണ്ടെന്ന് പറയുന്ന ധവളപത്രം പക്ഷേ പശ്ചിമഘട്ടത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന ക്വാറികള്‍ ഒരു പാരിസ്ഥിതിക പ്രശ്‌നമായി പോലും കണക്കാക്കുന്നുമില്ല. ഉരുള്‍പൊട്ടലില്‍ ജനജീവിതം താറുമാറാവുമ്പോള്‍, മല പൊട്ടിയൊലിച്ച് ഇറങ്ങി വരുമ്പോള്‍, മലസംരക്ഷണത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പശ്ചിമഘട്ടത്തിലെ അത്യാപത്ത് എന്ന് ഗാഡ്ഗിലും കസ്തൂരിരംഗനും പ്രതിപാദിച്ച ക്വാറികളെ നിയന്ത്രിക്കുക എന്നത് പോലും സര്‍ക്കാരിന്റെ അടിസ്ഥാന നയത്തില്‍ വരുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞയിടെ പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രം.

കേരളത്തിലുള്ളത് 5924 ക്വാറികള്‍. വിവിധയിടങ്ങളിലായി 7157.6 ഹെക്ടര്‍ പ്രദേശത്ത് അവ പരന്ന് കിടക്കുന്നു. എന്നാല്‍ ഈ കണക്ക് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ലഭ്യമാവില്ല. അവസാന വര്‍ഷം ലൈസന്‍സ് കൊടുത്ത ക്വാറികളുടെ ലിസ്റ്റ് അല്ലാതെ മറ്റൊന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ‘സൂക്ഷിക്കുന്നില്ല’. അതായത് കേരളത്തില്‍ ചെറുതും വലുതുമായ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് സര്‍ക്കാരിന് കണക്കില്ല. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധി കുറച്ചും, വ്യാപകമായി ലൈസന്‍സുകള്‍ നല്‍കിയും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരാനുള്ള എല്ലാവിധ സാഹചര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കുകയും ചെയ്യുന്നു. ഒരിക്കലും പകരംവക്കാനാവാത്ത, തിരികെ കൊണ്ടുവരാനാവാത്ത നഷ്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന മലയിടിക്കലിന് പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളാണുണ്ടാവുക. പരിസ്ഥിതി സംരക്ഷണവും അതിലൂന്നിയുള്ള വികസനത്തിലും ഊന്നിയ കാഴ്ചപ്പാടുകളാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ പുറത്തുവയ്ക്കുന്നത്. അങ്ങനെയിരിക്കെ അതിവേഗം വളരുകയും മലകളെയൊന്നാകെ ഇല്ലാതാക്കുകയും ചെയ്യുന്ന ക്വാറി വ്യവസായത്തിന് കടിഞ്ഞാണിടുന്ന കാര്യമോ, ക്വാറികള്‍ കൊണ്ട് പരിസ്ഥിതിക്കുണ്ടാവുന്ന നാശമോ സര്‍ക്കാര്‍ കണക്കിലെടുക്കാത്തത് മറ്റ പല രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ മുന്നില്‍ കണ്ടാണെന്ന വിമര്‍ശനമാണ് പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി മുറവിളികൂട്ടുന്നവരും പരിസ്ഥിതി സ്‌നേഹികളും ഉന്നയിക്കുന്നത്.

കേരളത്തിലെ ക്വാറികള്‍

പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറസ്റ്റ് ഹെല്‍ത്ത് ഡിവിഷനിലെ ഡോ. ടി.വി.സജീവും ഡോ.സി.ജി അലക്‌സും സംയുക്തമായി ചെയ്ത അനൗദ്യോഗിക പഠനത്തിലാണ് കേരളത്തിലെ ക്വാറികളെ സംബന്ധിച്ച ഏറ്റവുമൊടുവിലത്തെ വിവരങ്ങള്‍ ലഭ്യമാവുക. അത് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്: .02 ഹെക്ടര്‍ മുതല്‍ 64.04 ഹെക്ടര്‍ വരെയുള്ള ചെറുതും വലുതുമായ 5924 ക്വാറികളാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് 7157.6 ഹെക്ടര്‍ പ്രദേശം ക്വാറികള്‍ കയ്യടക്കിക്കഴിഞ്ഞു. മധ്യ കേരളത്തിലാണ് ക്വാറികള്‍ എണ്ണത്തില്‍ കൂടുതല്‍. 3610.4 ഹെക്ടറിലായി 2438 ക്വാറികളാണ് മധ്യകേരളത്തില്‍ മാത്രം ഉള്ളത്. വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവിടെ മാത്രം 867 ക്വാറികള്‍ ഉണ്ട്. രണ്ടാമത് എറണാകുളമാണ്. എറണാകുളം ജില്ലയില്‍ 1261.13 ഹെക്ടര്‍ പ്രദേശത്ത് 774 ക്വാറികളാണുള്ളത്. പത്ത് ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന 73 കരിങ്കല്‍ ക്വാറികളാണ് സംസ്ഥാനത്തുള്ളത്.

കുറച്ചുകൂടി വിശദമായ കണക്കുകളെടുത്താല്‍ ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലെ ക്വാറികളുടെ എണ്ണം ഇങ്ങനെയാണ്- കാസര്‍ഗോഡ്-315, കണ്ണൂര്‍-327, കോഴിക്കോട്-509, വയനാട്- 161, മലപ്പുറം- 657, പാലക്കാട്-867, തൃശൂര്‍- 469, എറണാകുളം- 774, ഇടുക്കി-328, കോട്ടയം- 499, പത്തനംതിട്ട്-352, കൊല്ലം- 305, തിരുവനന്തപുരം- 361.

കാടുകളും നദികളും പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും

കേരളത്തില്‍ ക്വാറി പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളോ, വനം, പുഴ സംരക്ഷണ നിയമങ്ങളോ ബാധകമല്ല. കേരളത്തിലെ നാല് നദീതടങ്ങളാണ് ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നിവ. ഇതില്‍ ഭാരതപ്പുഴ നദീതടത്തില്‍ മാത്രം 1286.86 ഹെക്ടര്‍ പ്രദേശത്തായി 940 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. മൂവാറ്റുപുഴയാറിന്റെ തടങ്ങളില്‍ 627 ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തെ 96 ശതമാനം കരിങ്കല്‍ ക്വാറികളും പുഴയിലേക്ക് ജലം എത്തിക്കുന്ന നീര്‍ച്ചാലുകളുടെ 500 മീറ്ററിന് ഉള്ളിലാണുള്ളതെന്ന് പഠനത്തില്‍ തെളിയുന്നു. ഇതില്‍ 2553 ക്വാറികള്‍ നീര്‍ച്ചാലുകളുടെ ബഫര്‍ റേഞ്ചുകള്‍ക്കുള്ളില്‍, അതായത് 100 മീറ്ററിനുള്ളില്‍ ഉള്ളവയാണ്. 4072 ക്വാറികള്‍ 200 മീറ്ററിനും ഉള്ളിലാണ്. പുഴകളുടെ നീര്‍ച്ചാലുകള്‍ക്കുള്ളിലായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ കണക്ക് ഇങ്ങനെ- പെരിയാര്‍- 562, ഭാരതപ്പുഴ-940, പമ്പ-106, ചാലക്കുടി-90, ചാലിയാര്‍- 465, കടലുണ്ടി- 362, അച്ചന്‍കോവില്‍- 95, കല്ലട-185, മൂവാറ്റുപുഴ- 627, വളപട്ടണം-129, ചന്ദ്രഗിരി- 104, മണിമല-217, കുപ്പം-41, വാമനപുരം-131, മീനച്ചില്‍- 321.

രണ്ടായിരത്തോളം ക്വാറികള്‍ സംരക്ഷിതവനങ്ങള്‍ക്കും റിസര്‍വ് ഫോറസ്റ്റുകള്‍ക്കും ഉള്ളിലാണെന്നതാണ് അതിലും ഭീതിയുയര്‍ത്തുന്ന ഒന്ന്. സംരക്ഷിതവനങ്ങളുടെ നൂറ് – അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് സംസ്ഥാനത്തെ 79 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. 1378 ക്വാറികള്‍ റിസര്‍വ് ഫോറസ്റ്റുകളില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും പാറപൊട്ടിക്കുന്നു.

മുമ്പ് പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ്ധ സമിതി നടത്തിയ പഠനങ്ങളില്‍ പശ്ചിമഘട്ടത്തില്‍ പാരിസ്ഥിതിക ദുര്‍ബല മേഖലകള്‍ ഉള്ളതായി കണക്കാക്കിയിരുന്നു. ഇഎസ് സെഡ്ഒന്ന്, ഇ എസ് സെഡ്‌രണ്ട്, ഇ എസ് സെഡ് മൂന്ന് എന്നിങ്ങനെ മൂന്നായി ഈ പരിസ്ഥിതി മേഖലകളെ അവര്‍ വേര്‍തിരിക്കുകയും ചെയ്തു. ഒന്ന്, രണ്ട് പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ ഒരുകാരണവശാലും ക്വാറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നിലവില്‍ നടക്കുന്ന പാറഖനനം ഘട്ടംഘട്ടമായി നിര്‍ത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അന്ന് സമിതി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം ക്വാറികള്‍ അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നുണ്ടായിരുന്നതിനേക്കാല്‍ ഇരട്ടിയായി ഈ മേഖലകളിലെ ക്വാറികളുടെ എണ്ണവും പാറഖനനവും. റെഡ് കാറ്റഗറിയില്‍ പെടുന്ന ഇന്‍ഡസ്ട്രികളില്‍ പെട്ടതാണ് ക്വാറികള്‍. ഈ കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പാരിസ്ഥിക ദുര്‍ബല മേഖലകളിലെ ക്വാറികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇ എസ് സെഡ് ഒന്നില്‍ 1486 ക്വാറികളും, ഇ എസ് സെഡ് രണ്ടില്‍ 169-ഉും, ഇ എസ് സെഡ് മൂന്നില്‍ 1667 ക്വാറികളുമാണുള്ളത്. അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ പോലും 665 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

ഒന്നൊന്നായി നശിപ്പിക്കുമ്പോഴും ധവളപത്രത്തില്‍ പോലുമില്ല

ക്രമാതീതമായി കൂടുന്ന ക്വാറികളുടെ എണ്ണവും അവ സ്ഥിതി ചെയ്യുന്ന അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലകളുള്‍പ്പെടെയുള്ളവയുടെ പ്രത്യേകതകളും പരിശോധിച്ചാല്‍ മാത്രം മനസ്സിലാവും കേരളത്തെ ഒന്നാകെ, അതിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ എത്രത്തോളം അവ താറുമാറാക്കുമെന്ന്. കേരളത്തിലെ ജനങ്ങളുടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കും വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിനുമായി ‘അവശ്യ’മായ പാറപൊട്ടിക്കലാണ് നടക്കുന്നതെന്ന് ഭരണവര്‍ഗവും രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ച് പറയുന്നു. ഇത്രയും നദികളെയും കാടുകളേയും മലകളേയും പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെയടക്കം വലിയതോതില്‍ ബാധിക്കുന്ന ക്വാറികളെ ‘അവശ്യ’ കേന്ദ്രങ്ങളായി കാണുന്ന സര്‍ക്കാരുകളുടെ മൃദുസമീപനം തന്നെയാണ് പരിസ്ഥിതി ധവളപത്രത്തിലും കാണാനാവുക. നദീസംരക്ഷണത്തിനും, വനംസംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ കേരളത്തെ നിലനിര്‍ത്തുന്ന മലകളും അതുവഴി നദികളും വനങ്ങളും തന്നെയും ഇല്ലാതാവുകയാണെന്ന തിരിച്ചറിവില്ലായ്മയായിരിക്കാം ക്വാറികളെ ഉള്‍പ്പെടുത്താതെ ധവളപത്രമിറക്കിയതിന് പിന്നില്‍. കേരളത്തിന്റെ നിര്‍മ്മാണാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാറപൊട്ടിക്കാനായി ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലുള്ള ദൂരപരിധിയടക്കം കുറച്ചുനല്‍കിയ സര്‍ക്കാരാണ് ധവളപത്രം ഇറക്കിയത് എന്നുള്ളതുകൊണ്ട് ഇതില്‍ ആശ്ചര്യപ്പെടാനുമില്ല. പാരിസ്ഥിതി വിഷയങ്ങള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് പലായനം ചെയ്യപ്പെടേണ്ടി വരുന്ന മനുഷ്യര്‍, വെള്ളം കിട്ടാതായിപ്പോവുന്നവര്‍, കൃഷി ഉപേക്ഷിക്കേണ്ടി വന്നവര്‍, ഭീഷണികളില്‍ പേടിച്ച് നാട്ടില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വന്നവര്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍- അങ്ങനെ നിരവധി പേരുടെ, അതിജീവനത്തിന് പോലും സാധ്യതയില്ലാത്ത ജീവിതത്തിന്റെ കഥകൂടിയാണ് ക്വാറികള്‍ക്ക് പറയാനുള്ളത്.

ഡോ. ടി.വി സജീവ് പറയുന്നു: “ധവളപത്രത്തില്‍ ഉള്‍പ്പെടുകയും, പലപ്പോഴും ഞാനടക്കമുള്ള പരിസ്ഥിതി സ്‌നേഹികള്‍ പറയുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ മലയിടിക്കലും പാറപൊട്ടിക്കലും അങ്ങനെയല്ല. അത് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത നഷ്ടം ആയിരിക്കും. രണ്ട് വശങ്ങള്‍ ആണ് ക്വാറികള്‍ക്കുള്ളത്. പാരിസ്ഥിതികവും സാമൂഹികവും. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളമോഡല്‍ ഉണ്ടാവുമ്പോള്‍ എന്തുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തില്‍ മാത്രം അത്തരമൊരു മോഡല്‍ ഇല്ലാതെ പോവുന്നത് എന്ന ആലോചിക്കണം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പോലും കുതിരക്കച്ചവടം നടത്തുന്നതിന് കോടികള്‍ ഒഴുകുന്നത് നമ്മള്‍ കണ്ടു. അത് ഭൂമി വിറ്റിട്ടും ക്വാറി നടത്തിയുമുണ്ടാക്കുന്ന പണമാണ്. ഇപ്പോള്‍ കേരളത്തിലുമെല്ലാം ഇത് തന്നെ അവസ്ഥ. ആരും സാധാരണക്കാരില്‍ നിന്ന് പണം പിരിക്കേണ്ടി വരില്ല. ആവശ്യം പോലെ നല്‍കാന്‍ ക്വാറിമുതലാളിമാരുണ്ടല്ലോ? പരിസ്ഥിതിയെ തകര്‍ക്കുന്നതിനൊപ്പം ഒരു നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെ തന്നെ ക്വാറികളുള്‍പ്പെടെയുള്ളവ തകര്‍ത്തെറിയുമെന്നാണ് തോന്നിയിട്ടുള്ളത്. അതിനൊപ്പം എത്രമാത്രം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു, ഓടിപ്പോവുന്നു, ജീവനില്‍ കൊതികൊണ്ട് ഇറങ്ങിയോടുന്നു. ഇതിനെല്ലാം കാരണം ഒന്നുതന്നെയാണ് എന്നുള്ളതാണ്. ധവളപത്രത്തില്‍ ക്വാറികള്‍ ഉള്‍പ്പെടാതിരുന്നതും പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സും തമ്മില്‍ നല്ല ബന്ധമുണ്ടെന്നേ പറയാനുള്ളൂ. എന്റെ അഭിപ്രായത്തില്‍ ക്വാറികള്‍ സര്‍ക്കാര്‍ പൊതുസ്വത്തായി ഏറ്റെടുക്കണം. എന്നിട്ട് നിയമങ്ങള്‍ക്കനുസരിച്ച് മാത്രം അവ പ്രവര്‍ത്തിപ്പിക്കണം.”

ധവളപത്രം സര്‍ക്കാരിന്റെ കാപട്യം

നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ജല സംരക്ഷണം അങ്ങനെ നിരവധി കാര്യങ്ങളാണ് പരിസ്ഥിതി ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിയമഭേദഗതികളിലൂടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഉള്‍പ്പെടെ തിരുത്തിയ സര്‍ക്കാരിന്റെ കാപട്യമായാണ് ധവളപത്രത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ജലസമ്പത്തും, വനസമ്പത്തും കൊള്ളയടിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിച്ചു നിര്‍ത്തുന്ന സര്‍ക്കാരിന്റെ പ്രഹസനമാണ് ഇതെന്ന് പലരും വിമര്‍ശിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള കേവല ധാരണകള്‍ക്കപ്പുറത്തേക്ക് എന്തെങ്കിലും എടുത്തുപറയുന്നതില്‍ ധവളപത്രം പരാജയപ്പെട്ടിരിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു.

(ചിത്രം കടപ്പാട്: ദി ഹിന്ദു)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍