UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ഭക്തജന സമരം ശക്തിയാര്‍ജ്ജിച്ചത് മുതല്‍ കേരള ജനത തേടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

2018 സെപ്തംബര്‍ 28-നാണ് സുപ്രീംകോടതിയുടെ ചരിത്രപ്രാധാന്യമുള്ള ആ വിധി വരുന്നത്; ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാലംഘനമാണെന്നും സ്ത്രീകളോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിധി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹര്‍ജി 12 വര്‍ഷത്തിനിപ്പുറം തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പോടെയായിരുന്നു. അഞ്ചംഗ ബഞ്ചില്‍ നാല് പേരും സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി. വിധിപ്രസ്താവ വേളയില്‍ കോടതി മുറിയിലുണ്ടായ ആ വിയോജിപ്പ് സമൂഹത്തിന്റെ താഴെത്തട്ടിലേക്കും എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം സ്ത്രീകള്‍ തെരുവിലിറങ്ങി. ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി രൂപപ്പെട്ട പ്രതിഷേധം ഇന്നെത്തി നില്‍ക്കുന്നത് വഴിതടയലുകളിലും അക്രമങ്ങളിലുമാണ്.

രാഷ്ട്രീയവും യുക്തിയും വിശ്വാസവും അവിശ്വാസവും എല്ലാം മാറ്റിവച്ചാല്‍ കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമാണ് കഴിഞ്ഞ പതിനഞ്ച് നാളുകളില്‍ സാക്ഷ്യം വഹിച്ചത്. അഞ്ച് പേരില്‍ നിന്ന് അമ്പതിലേക്കും അമ്പതില്‍ നിന്ന് ആയിരങ്ങളിലേക്കും ഏറിയ ജനപിന്തുണ കണ്ട് പുരോഗമന കേരളവും പുരോഗമനവാദികളും മൂക്കത്ത് വിരല്‍ വച്ചു. ഭക്തജനങ്ങള്‍ എന്ന പേരില്‍ സംഘടിച്ച സ്ത്രീജനങ്ങളും ശബരിമലയില്‍ കണ്ട ആണ്‍കൂട്ടങ്ങളും യഥാര്‍ഥത്തില്‍ കേവലം ‘ഭക്തജനങ്ങള്‍’ മാത്രമാണോ? വിശ്വാസം സംരക്ഷിക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ സാധാരണ സ്ത്രീകളെ നയിച്ചതാരാണ്? അതിന് പിന്നിലെ രാഷ്ട്രീയമെന്താണ്? ഭക്തജന സമരം ശക്തിയാര്‍ജ്ജിച്ചത് മുതല്‍ കേരള ജനത ഉത്തരം തേടുന്ന ചോദ്യങ്ങളാണ് ഇവ.

സമരത്തിലുള്ള ആര്‍എസ്എസ് – ബിജെപി ബന്ധവും രാഷ്ട്രീയ മുതലെടുപ്പും പലപ്പോഴും ആരോപണങ്ങളും ചോദ്യങ്ങളുമായി ഉയര്‍ന്നുവന്നു. ചിലപ്പോള്‍ വ്യക്തതയില്ലാതെയും മറ്റുചിലപ്പോള്‍ പറയാതെ പറഞ്ഞും സമരവും തങ്ങളും തമ്മിലുള്ള ബന്ധം ഈ സംഘടനകള്‍ അറിയിച്ചിട്ടുള്ളതുമാണ്. വിശ്വാസസമൂഹത്തോടുള്ള തങ്ങളുടെ പിന്തുണയും ഇവര്‍ തുറന്നു പ്രഖ്യാപിച്ചു. എന്നാല്‍ ചെറിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ മാറിയതിന് പിന്നില്‍ ദിവസങ്ങളുടെ ആലോചനകളും പരിശ്രമങ്ങളും ഏകോപനങ്ങളും ഉണ്ട് എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത്. അത് വ്യക്തമായി മനസ്സിലാകണമെങ്കില്‍ സുപ്രീംകോടതി വിധി വന്നയുടന്‍ ബിജെപിയും ആര്‍എസ്എസും എടുത്ത നിലപാടില്‍ നിന്ന് വിശ്വാസികള്‍ക്ക് പിന്തുണയുമായി ഹിന്ദുസംഘടനകള്‍ എത്തിയതിലേക്കുള്ള, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ സംഘടന കാലങ്ങളായി എടുത്തിരുന്ന നിലപാട് തിരുത്തിയതിലേക്കുള്ള ദൂരം അളക്കേണ്ടതുണ്ട്.

പ്രതിഷേധ സമരം ആര് എപ്പോള്‍ എങ്ങനെ ചിട്ടപ്പെടുത്തി? സംഘാടകര്‍ ആരെല്ലാം? ഈ അന്വേഷണത്തിനുള്ള ഉത്തരങ്ങള്‍ അതിന് നേതൃത്വം നല്‍കിയവര്‍ തന്നെ നല്‍കും.

അടിത്തട്ടിലെ അറിയായ്കകള്‍

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് നാഗ്പൂരില്‍ ഇത്തവണ നടത്തിയ വിജയദശമി പ്രഭാഷണത്തില്‍ ശബരിമലയുടെ കാര്യം എടുത്ത് പരാമര്‍ശിച്ചിരുന്നു. സംഘപ്രവര്‍ത്തകര്‍ക്ക് അക്കാര്യം വ്യക്തമായി അറിയാം. ഇക്കാര്യത്തില്‍ വിശ്വാസികളോടൊപ്പം നില്‍ക്കേണ്ടതാണ് തങ്ങളുടെ ചുമതലയെന്നും അവര്‍ മനസ്സിലാക്കുന്നു. ഹിന്ദു സംഘടനകള്‍ പലതും സമരത്തോട് സഹകരിക്കുന്നുണ്ടെന്നും പിന്തുണക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഭക്തജന പ്രക്ഷോഭത്തിന്റെ ബുദ്ധി/ശക്തി കേന്ദ്രം ഏതെന്ന കാര്യത്തില്‍ ശാഖാപ്രവര്‍ത്തകരില്‍ പലര്‍ക്കും വേണ്ടത്ര ധാരണയില്ല. ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തകനും കോതമംഗലം സ്വദേശിയുമായ വിഷ്ണു പറയുന്നത് ഇങ്ങനെയാണ്: “സത്യത്തില്‍ ഇത് ഓര്‍ഗനൈസ് ചെയ്ത സമരമല്ല. ആരും ഓര്‍ഗനൈസ് ചെയ്യാനും ഇല്ല. ഭക്തജനങ്ങള്‍ അയ്യപ്പന് വേണ്ടി ഇറങ്ങിയിരിക്കുകയാണ്. അയ്യപ്പന്‍ എന്നത് കേരളത്തിലെ സാധാരണക്കാരുടെ വലിയ വികാരമാണ്. ആ വികാരമാണ് തെരുവില്‍ കാണുന്നത്. ഒരാളുടേയും ഒരു സംഘടനയുടേയും നേതൃത്വത്തിലല്ല സമരം നടക്കുന്നത്. പലര്‍ ചേര്‍ന്ന് ഒരു കാര്യത്തിനായി ഒത്തുകൂടിയത് മാത്രമാണ്. വിശ്വാസിസമൂഹം മാത്രമാണ് ഈ സമരം ഓര്‍ഗനൈസ് ചെയ്തതും മുന്നോട്ട് കൊണ്ട് പോവുന്നതും. അയ്യപ്പ കര്‍മ്മ സേന എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അതില്‍ അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, ക്ഷേത്രസംരക്ഷണ സമിതി അങ്ങനെ പല സംഘടനകള്‍ ഉണ്ട്. പൂര്‍ണമായും അയ്യപ്പ വിശ്വാസികളുടെ ഒരു സമിതി. അവരാണ് സമരത്തിലുള്ളത്. പക്ഷെ അതിന് സംഘവുമായി നേരിട്ട് ഒരു ബന്ധവുമില്ല. ഭക്തജനങ്ങള്‍ ഒരുപക്ഷേ പല സംഘനകളുടേയും അംഗങ്ങളും വക്താക്കളുമായിരിക്കും. ഇന്നയാള്‍ ഇന്നത് ചെയ്യണമെന്ന് പറഞ്ഞിട്ടല്ല ഒരു ഭക്തനും തെരുവില്‍ ഇറങ്ങിയത്. ഹിന്ദുവികാരങ്ങള്‍ വ്രണപ്പെട്ടപ്പോള്‍ അതില്‍ വേദനിച്ചവര്‍ ചേര്‍ന്നതാണ്. ‘സേവ് ശബരിമല’ എന്ന ഒറ്റ ബാനറില്‍ പലരും പലയിടത്തായി ഇറങ്ങിയ ഒരു സമരമാണ് നിങ്ങള്‍ കാണുന്നത്. ഹൈന്ദവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ്, പരിവാര്‍ സംഘങ്ങളെല്ലാം സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്ന് മാത്രം”.

റെഡി ടു വെയിറ്റ്

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നയുടന്‍ രംഗത്ത് വന്നവരാണ് റെഡി ടു വെയിറ്റ് കാമ്പയിന്റെ ഭാഗമായ സ്ത്രീകള്‍. മൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ രൂപംകൊണ്ട ഒരു കൂട്ടായ്മ. ശബരിമല അയ്യപ്പന്റെ അവകാശങ്ങള്‍ക്കായി, അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരു വനിതാ കൂട്ടായ്മ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പിന്‍ബലമോ ചായ്‌വോ സംഘത്തിനില്ലെന്ന് വക്താക്കള്‍ അവകാശപ്പെടുന്നു. നാമജപ ഘോഷയാത്രകള്‍, കൂട്ടായ്മകള്‍ എന്നിവ രൂപം കൊണ്ടത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലത്തില്‍ അല്ല എന്ന് വിശ്വസിക്കുന്നവരാണ് റെഡി ടുവെയിറ്റ് കാമ്പയിന്‍ വക്താക്കള്‍. ആരുടേയും സംഘാടകത്വമില്ലാതെ സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ ഓരോരുത്തരായി തെരുവിലേക്ക് വന്നുചേര്‍ന്നതാണെന്നും ഇവര്‍ പറയുന്നു.

റെഡി ടു വെയിറ്റ് കാമ്പയിന്‍ വക്താവ് സ്മിത മേനോന്‍ പറയുന്നത്: “സത്യവാങ്മൂലം മാറ്റി സമര്‍പ്പിച്ചതിന് ശേഷമാണ് എങ്ങനെ ഈ നീക്കങ്ങളെ പ്രതിരോധിക്കാമെന്ന ആലോചനയില്‍ നിന്ന് റെഡി ടു വെയിറ്റ് കാമ്പയിന്‍ തുടങ്ങുന്നത്. ഇരുപത്- ഇരുപത്തഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പിന്നിലോ ഗ്രൂപ്പിലോ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലമില്ല. ദേശീയ ചാനലുകളിലും ഇവിടുത്തെ ചാനലുകളിലും ഞങ്ങള്‍ക്ക് ഒരു സ്‌പേസ് കിട്ടിയിട്ടുണ്ട്. അതിന് ശേഷം പല അമ്മമാരും ഞങ്ങളെ വിളിച്ച് സംസാരിക്കുകയും നാമജപ കൂട്ടായ്മകളെക്കുറിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളുടെ അമ്പലത്തിനെ പബ്ലിക് സ്‌പേസ് ആക്കിയപ്പോള്‍ അമ്മമാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. അവര്‍ക്ക് വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ കാമ്പയിനിന് തുടക്കത്തില്‍ സാധാരണ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങളെ അവരില്‍ ഒരാളായി അമ്മമാര്‍ വിളിക്കുകയും കരയുകയും അവരോടൊപ്പം നാമജപത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്രയും ജനങ്ങളെ, അമ്മമാരെ ആരെങ്കിലും ഇളക്കി വിട്ടതാമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? ശബരിമലയിലെ മലയരയ സ്ത്രീകള്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് ഞങ്ങളോട് പറയുന്നത്, ‘മക്കളേ നിങ്ങള്‍ ഇവിടേക്ക് വരൂ. ഇവര്‍ ഞങ്ങളുടെ അമ്പലത്തെ ഇല്ലായ്മ ചെയ്യുകയാണ്’ എന്നാണ്. അവരെ ഏത് രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഇളക്കിവിട്ടതാണെന്നാണ്? ആരുമില്ല. വിശ്വാസികളായ ഞങ്ങള്‍ക്ക് ആരുമില്ല. ഇത് സമരമല്ല. ഞങ്ങളുടെയെല്ലാം ജീവിതമാണ്. എറണാകുളത്ത് നടന്ന നാമജപ ഘോഷയാത്രയില്‍ 15,000 പേരോളം പങ്കെടുത്തിട്ടുണ്ട്. ബിരിയാണിയും പണവും കൊടുത്തിട്ടും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക് ഇത്രയും ആളെ കിട്ടില്ല. ആരും കോഓര്‍ഡിനേറ്റ് ചെയ്തിട്ടല്ല ആളുകള്‍ വന്നത്. അയ്യപ്പന്‍ വിളിച്ചതാണ് അവരെ. അതിന്റെ മറ്റൊരു തെളിവാണ് പന്തളത്ത് ഞങ്ങള്‍ കണ്ടത്. പന്തളത്തേക്ക് പോവാമെന്ന് ഒരു മെസ്സേജ് മാത്രമാണ് പലരും പാസ്സ് ചെയ്തത്. ഹൈദരാബാദില്‍ നിന്നും ദുബായില്‍ നിന്നുമെല്ലാം ആളുകള്‍ ഞങ്ങളുടെ കൂടെ വന്നു. ഭഗവാന്റെ നാട്ടില്‍ ചെന്ന് ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനായി നാമം ജപിക്കാം എന്ന ചിന്തയേ ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ. പത്ത് മണിയായപ്പോള്‍ ഞങ്ങള്‍ പന്തളത്ത് എത്തി. എവിടേക്ക് പോവണമെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. പന്തളം കൊട്ടാരത്തിന്റെ പിആര്‍ഒയെ കണ്ടപ്പോള്‍ വൈകിട്ട് ഇവിടെയാണ് പരിപാടി നടക്കുന്നതെന്ന് പറഞ്ഞു. നോക്കി നില്‍ക്കുന്ന സമയം കൊണ്ട് പാര്‍ക്കിങ് ഏരിയ നിറഞ്ഞു. അവിടെ നിന്ന് ‘വെല്‍ക്കം ടു മൈ അയ്യപ്പാസ് ലാന്‍ഡ്’ എന്നെഴുതിയ ഒരു വണ്ടിയിലാണ് ഞങ്ങള്‍ നാമജപഘോഷയാത്ര നടത്തുന്നയിടത്തേക്കെത്തിയത്. പന്തളം കൊട്ടാരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥമാണ്. അമ്പത് തവണയെങ്കിലും ആ വണ്ടി ഓടിച്ചിട്ടുണ്ടാവും. ഘോഷയാത്ര നടക്കുന്നിടത്ത് ചെന്നപ്പോള്‍ അമ്പത്, അറുപത് പേരെ കണ്ടു. നടുറോഡില്‍ ഇരുന്ന ശരണം വിളിക്കാം എന്ന് ഞങ്ങള്‍ ആലോചിച്ചു. അപ്പോഴേക്കും ടൈംസ് നൗ ചാനലുകാര്‍ എത്തി ബൈറ്റ് എടുത്തു. തിരിഞ്ഞുനോക്കുമ്പോള്‍ പിന്നെയും ആള് കൂടിയിട്ടുണ്ട്. മിറര്‍ നൗ ചാനലിന് കമന്റ് കൊടുത്ത് തിരിഞ്ഞുനോക്കുമ്പോള്‍ വിശ്വസിക്കാനാവാത്ത വണ്ണം ആളുകള്‍ ആ റോഡ് നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഒരു ബസ് പോലും അവിടെ വന്നിറങ്ങിയിട്ടില്ല. പിന്നെ ആര് ഓര്‍ഗനൈസ് ചെയ്തിട്ടാവും അത്രയും അമ്മമാര്‍ അവിടെയെത്തിയത്? അയ്യപ്പന്‍ മാത്രമാണ് അത് നടപ്പാക്കിയത്. പൊരിഞ്ഞമഴയില്‍ ശരണം വിളിച്ചാണ് അമ്മമാര്‍ നീങ്ങിയത്. രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരുടെ വാദങ്ങളോട് യാതൊരുവിധ താത്പര്യമോ പിന്തുണയോ ഇല്ലാത്തവരാണ് ഞങ്ങള്‍. പക്ഷെ ഞങ്ങളുടെ അയ്യപ്പനെ രക്ഷിക്കാന്‍, ആര് നീതിക്കായി പോരാടിയാലും അവരോടൊപ്പം നില്‍ക്കും”.

സ്മിത മേനോന്‍

പന്തളം നാമജപ ഘോഷയാത്ര

സ്ത്രീകളുടെ നാമജപ കൂട്ടായ്മകളും ജാഥകളും പലയിടത്തായി നടന്നുവരുന്നതിനിടെയാണ് വന്‍ ജനകീയ പങ്കാളിത്തത്തോടെ പന്തളത്ത് നാമജപ ഘോഷയാത്ര നടക്കുന്നത്. പ്രതിഷേധങ്ങളുടെ ഗതി മാറ്റിയ ഒന്നുകൂടിയായിരുന്നു അത്. പന്തളം നാമജപ ഘോഷയാത്രയ്ക്ക് ശേഷമാണ് കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിലപാടുകള്‍ മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വയം തീരുമാനിച്ച് തെരുവിലിറങ്ങിയവരെന്നും അയ്യപ്പന്‍ എത്തിച്ചവരെന്നും റെഡി ടു വെയ്റ്റ് കാമ്പയിന്‍ വക്താക്കള്‍ പറയുന്ന പന്തളത്തെ ജനക്കൂട്ടം എത്തിയത് എങ്ങനെയാണ്? ബഹുജന പങ്കാളിത്തത്തോടെ സമരത്തിന്റെ ഗതിതന്നെ മാറാന്‍ പാകത്തിന് എന്തായിരിക്കും അവിടെ നടന്നിട്ടുണ്ടാവുക? ഇതിന് വ്യക്തമായ ഉത്തരം നല്‍കിയവരില്‍ ഒരാള്‍ സംഘപ്രവര്‍ത്തകനും പന്തളം സ്വദേശിയുമായ ശിശുപാലനാണ്.

ശിശുപാലന്‍ പറഞ്ഞതിങ്ങനെ: “ആരും ഓര്‍ഗനൈസ് ചെയ്യാതെ ആളുകള്‍ എത്തി എന്ന് പറയുന്നത് ശരിയായ കാര്യമല്ല. തൊണ്ണൂറ് ശതമാനം ആളുകളേയും എത്തിച്ചതാണ്. വിധി വന്നതുമുതല്‍ എന്‍എസ്എസ് സ്വീകരിച്ച ഒരു നിലപാടാണ് അതില്‍ ഏറ്റവും പ്രധാനം. എല്ലായിടങ്ങളിലും നാമജപ കൂട്ടായ്മകള്‍ സംഘടിപ്പിച്ചതിന് പിന്നില്‍ എന്‍എസ്എസിന്റേതാണ് പ്രധാന കൈ. മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ എന്‍എസ്എസ് ഇതിന് ഇറങ്ങിയതിന് പിന്നില്‍ ഒരു മുറിവ് കൂടിയുണ്ട്. കേരളത്തില്‍ നിന്ന് എന്‍എസ്എസ് മാത്രമാണ് കേസില്‍ കക്ഷി ചേര്‍ന്നത്. പരാശരന്‍ ആയിരുന്നു എന്‍എസ്എസിന്റെ അഭിഭാഷകന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ അനൗചിത്യത്തെക്കുറിച്ച് വാദിച്ചെങ്കിലും വിധി വന്നത് മറിച്ചായതിനാല്‍ അത് ഒരു മുറിവായി. ബാക്കി കാര്യങ്ങള്‍ വിശ്വാസികള്‍ നോക്കിക്കോളും എന്നാണ് വിധിക്ക് ശേഷം എന്‍എസ്എസ് പ്രതികരിച്ചത് തന്നെ. അത് അവര്‍ നടത്തുകയും ചെയ്തു. ആ സമയം സംഘപ്രവര്‍ത്തകരും നേതാക്കളുമെല്ലാം വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അതേ സമയം തന്നെ, എന്‍എസ്എസിന്റെ ആശിര്‍വാദത്തോടെ ചിലര്‍ പന്തളം രാജകുടുംബാംഗങ്ങളെ കാണുന്നുണ്ട്. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പിന്നെ അവരുടെ അസ്തിത്വം ഇല്ല എന്ന കാര്യം ബോധ്യപ്പെടുത്തി. ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. ചെയ്യുകയും ചെയ്തു. പിന്നീട് മോഹന്‍ജിയെ ഇവിടുത്തെ സാഹചര്യങ്ങള്‍ ബോധിപ്പിക്കുകയും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ ആര്‍എസ്എസും മറ്റ് ഹിന്ദുസംഘടനകളും തീരുമാനിക്കുകയും ചെയ്തു. പന്തളം കൊട്ടാരവും എന്‍എസ്എസും ആര്‍എസ്എസ് പ്രവര്‍ത്തകരുമെല്ലാം കൈകോര്‍ത്തുകൊണ്ടാണ് പന്തളം നാമജപ ഘോഷയാത്ര നടത്തിയത്. അതിന്റെ വിജയമാണ് ആ കണ്ടതും”.

അയ്യപ്പ സേവാ സമാജം അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് കാര്യങ്ങള്‍ കുറച്ചുകൂടി വിശദമാക്കി: “അയ്യപ്പ സേവാ സംഘവും ചില ക്ലബ്ബുകാരും മറ്റുപലരും ചേര്‍ന്ന് പന്തളം രാജകൊട്ടാരത്തില്‍ പോയി കൊട്ടാരം പ്രതിനിധികളെ നേരില്‍ കണ്ടു. രാജകുടുംബാംഗങ്ങള്‍ എല്ലാം മൂളിക്കേട്ടു. അവര്‍ നേതൃത്വം നിന്നാല്‍ ഞങ്ങള്‍ എല്ലാവരും അതിനൊപ്പം ഇറങ്ങാം എന്ന് ഉറപ്പ് നല്‍കിയപ്പോള്‍ രാജകുടുംബാംഗങ്ങള്‍ അതിന് തയ്യാറായിരുന്നു. അങ്ങനെയാണ് പന്തളം നാമജപ ഘോഷയാത്രക്ക് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയം നോക്കാതെ എല്ലാ ഭക്തരും അതില്‍ പങ്കെടുത്തിട്ടുണ്ട്. അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകരും നേതൃത്വത്തിന്റെ അറിവോടെ തന്നെ അതില്‍ പങ്കെടുത്തിട്ടുണ്ട്.”

അയ്യപ്പസേവാ സമാജം-മോഹന്‍ ഭാഗവത് കൂടിക്കാഴ്ച

കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വാമി അയ്യപ്പദാസ് അധ്യക്ഷനായ, സംഘത്തിന്റെ ഉപസംഘടന എന്ന് തന്നെ വിളിക്കാവുന്ന അയ്യപ്പ സേവാസമാജം. സെപ്തംബര്‍ 28, 29, 30 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. 28-നാണ് സുപ്രീംകോടതിയുടെ വിധി വരുന്നതും. തുടര്‍ന്ന് സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ ഭാഗവതിനെ കാണുകയും കേരളത്തിലെ സാഹചര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. അതാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട് മാറ്റത്തിന്റെ തുടക്കമാവുന്നത്. സ്വാമി അയ്യപ്പദാസ് കാര്യങ്ങള്‍ വിശദീകരിക്കുന്നു: “ആറ് മാസം മുമ്പ് തീരുമാനിച്ചതാണ് 28, 29, 30 തീയതികളിലെ സമാജം എക്‌സിക്യൂട്ടീവ് യോഗം. അത് അയ്യപ്പന്റെ ആഗ്രഹവും നിയോഗവും ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. കാരണം അതേ ദിവസമാണ് വിധി വരുന്നതും. ദൈവകൃപയാല്‍ ഞങ്ങളെല്ലാവരും അപ്പോള്‍ ഡല്‍ഹിയിലുണ്ട്. നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കപ്പെടണമെന്ന് സമാജത്തിനും ക്ഷേത്ര സംരക്ഷണ സമിതിക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കൂടിയാണ് ഞാന്‍. പ്രതികൂലമാണ് വിധി എന്നറിഞ്ഞപ്പോള്‍ തന്നെ സമാജം പുന:പരിശോധനാ ഹര്‍ജി നല്‍കി. ദേശീയകൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് മോഹന്‍ജിയെ നേരില്‍ കണ്ട് കേരളത്തിലെ സാഹചര്യങ്ങള്‍ അറിയിക്കാന്‍ പറ്റി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്ക് പരിചിതമല്ല. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തുക ആവശ്യമാണെന്നും ശബരിമലയെ നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹത്തെ ഞങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് സ്ഥിതിഗതികള്‍ മനസ്സിലാവുകയും ശബരിമലയെ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയും നല്‍കി. അവിടെ നിന്ന് ഞങ്ങള്‍ വന്ന് ആദ്യം നടത്തിയത് പന്തളം നാമജപ ഘോഷയാത്രയാണ്”.

സ്വാമി അയ്യപ്പദാസ്

41 ഹിന്ദു സംഘടനകളുടെ യോഗം

ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് 41 ഹിന്ദു സംഘടനകളുടെ യോഗം തൃശൂരില്‍ ചേരുന്നത്. ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത് ആ യോഗത്തിലാണ്. സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല സംസാരിക്കുന്നു: “ഡല്‍ഹിയില്‍ പോയി ആരും കാര്യം ബോധിപ്പിക്കുകയായിരുന്നില്ല. അയ്യപ്പ സേവാ സമാജം യോഗം നടക്കുന്നതിനിടെ മോഹന്‍ജിയെ സ്വാമി അയ്യപ്പദാസ് ഉള്‍പ്പെടെയുള്ളവര്‍ കാണുകയും ശബരിമല കേരളത്തിന് എന്താണെന്ന് ധരിപ്പിക്കുകയുമായിരുന്നു. ഗോവധം നിരോധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ മലയാളിക്ക് അത് പ്രശ്‌നമായിരുന്നില്ല. കാരണം മലയാളിക്ക് അത് കണ്ടും കൊന്നും കഴിച്ചും ശീലമായതാണ്. എന്നാല്‍ ഉത്തരേന്ത്യക്കാരന് അത് അങ്ങനെയല്ല. പശുവിന്റെ മുകളില്‍ കൈവച്ചാല്‍ കൊല്ലുക വരെ ചെയ്യുന്നവരാണ് അവര്‍. അതേപോലെ ശബരിമല അയ്യപ്പന്‍ എന്താണെന്ന് ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാവില്ല. അയ്യപ്പനെ മനസ്സിലാക്കി കൊടുക്കേണ്ടത് ആവശ്യമായിരുന്നു. അയ്യപ്പന്‍ ഇവിടെയുള്ളവര്‍ക്ക് എത്രത്തോളം വികാരമാണെന്നും അവിടെയുള്ളവര്‍ക്ക് അറിയില്ല. ആര്‍എസ്എസും ബിജെപിയും ഉള്‍പ്പെടെ ആദ്യം എടുത്ത നിലപാട് അതില്‍ നിന്നായിരുന്നു. എന്നാല്‍ സ്വാമി അയ്യപ്പദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് നേതൃത്വത്തെ ബോധ്യപ്പെടുത്താനായി. തുടര്‍ന്ന് ഹിന്ദുസംഘടനകളുടെ യോഗം ചേര്‍ന്നതിലാണ് ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത്. ആചാരസംരക്ഷണത്തിനുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. ആര്‍എസ്എസ് അല്ല സമരം നയിക്കുന്നത്. പരിവാര്‍ സംഘടനകളാണ്. പരിവാര്‍ സംഘടനകളില്‍ ഓരോന്നിനും ഓരോ ചുമതലയുണ്ട്. ആര്‍എസ്എസ് സമരം നയിക്കുന്ന സംഘടനയല്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നത് ബിഎംഎസ് ആണെന്നത് പോലെ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ആണ് സമരവും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക”.

കെ.പി ശശികല

സ്വാമി അയ്യപ്പദാസ് തുടരുന്നു: “കര്‍മ്മ സമിതി രൂപീകരിച്ചതിന് ശേഷം ഞാനും ശശികലയും ഉള്‍പ്പെടെയുള്ളവര്‍ സാമുദായിക സംഘടനാ നേതാക്കളെ നേരില്‍ ചെന്നു കണ്ടു. എല്ലാവരും ഞങ്ങള്‍ക്ക് പിന്തുണയറിയിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കണ്ടിരുന്നു. പ്രത്യക്ഷത്തില്‍ വരാന്‍ പറ്റില്ലെങ്കിലും ആവശ്യത്തിന് സഹായങ്ങള്‍ എല്ലാം ചെയ്യാമെന്ന് അദ്ദേഹവും ഏറ്റു. എന്‍എസ്എസ് സമരത്തില്‍ ആക്ടീവ് ആയി നില്‍ക്കുന്നത് കൊണ്ട് അവരുമായുള്ള എന്തോ ആശയക്കുഴപ്പമുള്ളതിനാല്‍ അദ്ദേഹത്തിന് പ്രത്യക്ഷത്തില്‍ വരാന്‍ പറ്റില്ല എന്നാണ് അറിയിച്ചത്. എന്തായാലും യോഗം കഴിഞ്ഞതോടെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം എല്ലാവരിലും ഉണ്ടായി. ഒന്നിച്ച് നില്‍ക്കുകയും ചെയ്തു. ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രം പുരോഗമനത്തിന്റെ കാര്യം പറഞ്ഞ് അതില്‍ നിന്ന് വ്യത്യാസം ഉണ്ടായിരുന്നിരിക്കാം. മൂന്നോ നാലോ സംഘടനകള്‍ അല്ല, പല സംഘടനകള്‍ ചേര്‍ന്നാണ് സമരത്തിന് രൂപം നല്‍കിയത്. മുസ്ലീം ലീഗില്‍ നിന്ന് ഒരു നേതാവ് ഞങ്ങളോട് പിന്തുണയറിയിച്ച് വിളിച്ചിരുന്നു. വേദികളില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ തത്കാലം അതിന് നിന്നില്ല.”

നിലപാട് മാറ്റത്തെക്കുറിച്ച്

ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് (സംസ്ഥാന തലവന്‍) ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രതികരിക്കുന്നു. “കേവലം യുവതീ പ്രവേശന വിഷയം മാത്രമായി ഇതിനെ കാണാന്‍ പറ്റില്ല. സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന് ഭരണഘടനാപരമായി അനുകൂലിക്കുമ്പോള്‍ തന്നെ വിധി നടപ്പാക്കാന്‍ സാവകാശം എടുക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ചര്‍ച്ചകള്‍ നടത്തി, ഭിന്നതക്കോ ആശങ്കയ്‌ക്കോ വകയൊരുക്കാതെ അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ധിക്കാരപരമായ സമീപനമാണ് കാണിച്ചത്. വിധിവന്ന ഉടനെ തന്നെ ശബരിമലയില്‍ യുവതികള്‍ക്കും പോവാമെന്നും പോവുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് സര്‍ക്കാരും സര്‍ക്കാരിന്റെ പാര്‍ട്ടിയും പറഞ്ഞത്. അതോടെ അവര്‍ക്ക് ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയാണ്. ഭക്തജനങ്ങളോട് ചര്‍ച്ച ചെയ്യാതെയാണ് സത്യവാങ്മൂലം പോലും സമര്‍പ്പിച്ചത്. സത്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ തന്നെയാണ് സര്‍ക്കാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചത്. കയറാന്‍ ആഗ്രഹിക്കുന്ന ഭക്തരും കയറ്റില്ല എന്ന് പറയുന്ന ഭക്തരും തമ്മിലുള്ള പ്രശ്‌നമായി അത് മാറാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വാസസമൂഹത്തെ പിന്തുണച്ചേ മതിയാവൂ എന്നു വന്നു. പന്തളംരാജകൊട്ടാരം പ്രതിനിധികളുമായും ആചാര്യന്‍മാരുമായും തന്ത്രികളുമായുമെല്ലാം ചര്‍ച്ച ചെയ്ത് വിധി നടപ്പാക്കിയിരുന്നെങ്കില്‍ വിധി വന്നത് പോലൊരു വിഷമം ഭക്തര്‍ക്ക് ഉണ്ടാവില്ലായിരുന്നു. അതില്ലാതായ സാഹചര്യത്തിലാണ് കര്‍മ്മ സമിതി രൂപീകരിക്കുന്നത്. അതിന് മുമ്പ് അങ്ങനെയൊരു സമിതി ഉണ്ടായിരുന്നില്ല. നാമജപ ഘോഷയാത്രകള്‍ മാത്രമായിരുന്നു. പുലയര്‍മഹാസഭയും യോഗക്ഷേമസഭയും എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം ഞങ്ങളോട് പിന്തുണ പ്രഖ്യാപിച്ചു. 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. അമ്മമാരുടെ നാമജപ സമരം നിലയ്ക്കലും എരുമേലിയിലും എല്ലാം പ്ലാന്‍ ചെയ്തതും കര്‍മ്മസമിതിയാണ്. എന്‍എസ്എസ് സംഘടന ആദ്യം മുതല്‍ സമരത്തിനൊപ്പമാണ്. വെള്ളാപ്പള്ളി ആദ്യം ഉണ്ടായിരുന്നു, പിന്നീട് മാറി. മൈക്രോഫിനാന്‍സിന്റെ കേസ് പറഞ്ഞ് മുഖ്യമന്ത്രി വിളിച്ചുകാണും. എന്നാല്‍ അത് കഴിഞ്ഞ് നേരിട്ട് ഇറങ്ങിയില്ലെങ്കിലും സമരത്തിന് ഇറങ്ങുന്നയാളുകളെ തടയില്ലെന്നും ഭക്തര്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.”

ഗോപാലന്‍കുട്ടി മാസ്റ്റര്‍

നിലയ്ക്കല്‍, സന്നിധാനം

കഴിഞ്ഞ നാല് ദിവസങ്ങളായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ തമ്പടിച്ച് നിന്ന് ശബരിമല കയറാന്‍ വരുന്ന സ്ത്രീകളെ അസഭയം പറയുകയും തടയുകയും പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ‘ഭക്തരെ’യാണ് കാണുന്നത്. എന്നാല്‍ ഇവര്‍ ഭക്തര്‍ മാത്രമല്ലെന്നും നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണെന്നും കെ.പി ശശികല വ്യക്തമാക്കുന്നു: “സംഘം നിലയ്ക്കലില്‍ നേരിട്ട് സമരം നടത്തുകയോ തടയുകയോ അല്ല. അത് നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ്. അയോധ്യാ സമരം നടത്തിയത് അയോധ്യ ആക്ഷന്‍ കൗണ്‍സില്‍ എന്നതു പോലെ നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍. ശബരിമല കര്‍മ്മ സമിതിയുടെ കീഴിലുള്ള എല്ലാ സംഘടനകളുടെയും പ്രവര്‍ത്തകര്‍ അവിടെയുണ്ട്. പന്തളം നാമജപഘോഷയാത്രയിലുള്‍പ്പടെ ഹിന്ദുസംഘടനകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സംഘടനകളൊന്നും നേരിട്ട് ഇറങ്ങാതെ ഇവിടെ ഒരു കാര്യവും വിജയിക്കില്ല. സംഘടനകള്‍ ഇറങ്ങാതെ ഇത്തരത്തിലൊരു സമരം ഉണ്ടാവുമോ? പക്ഷെ ആരും ഏറ്റെടുക്കില്ല. അത്രമാത്രം. എല്ലാത്തിലും അടുക്കളക്കാരും കാര്യക്കാരും അവര്‍ തന്നെയായിരിക്കും. അതില്‍ സംശയം വേണ്ട. സംഘര്‍ഷമുണ്ടാവുന്നതിനെക്കുറിച്ച് ഉറപ്പ് പറയാനാവില്ല. കാരണം ആരെയും മൂക്ക് കയറിട്ട് നിര്‍ത്താന്‍ ഒരു സംഘടനയ്ക്കും ആവില്ലല്ലോ? രഹ്ന ഫാത്തിമ കയറിപ്പോയപ്പോള്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് കൊണ്ട് ഒരു ഭക്തന്‍ കരഞ്ഞു. ഇനി ഇവിടേക്ക് വരില്ല എന്ന് പറഞ്ഞു. അതാണ് ജനങ്ങളുടെ വികാരം. അവരെ പ്രകോപിപ്പിച്ചാല്‍ എന്തുണ്ടാവുമെന്ന് പറയാനാവില്ല.”

സ്വാമി അയ്യപ്പദാസ് തുടരുന്നു: “സംഘടനാ തനിമ നിലനിര്‍ത്തിയല്ലാതെ അവിടെ ആരും സമരം ചെയ്തിട്ടില്ല. ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ച സമരം നടന്നു. നാമജപ ഘോഷയാത്രകള്‍ നടന്നു. ഒരിടത്ത് പോലും പ്രാര്‍ഥനകളും ശരണം വിളിയുമല്ലാതെ മുദ്രാവാക്യം പോലും ഉയര്‍ന്നില്ല. വിശ്വാസികളുടെ വികാരത്തെ മാനിക്കാത്ത മുഖ്യമന്ത്രിക്കെതിരെ പോലും മുദ്രാവാക്യം വിളിച്ചിട്ടില്ല ആരും. പൂര്‍ണമായും പ്രാര്‍ഥനയില്‍ മുഴുകി സമരം ചെയ്യുന്ന ഭക്തര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി വന്ന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഘര്‍ഷവും അക്രമവും ഉണ്ടാക്കിയത്”.

നടയടക്കുന്നത് വരെ ശബരിമലയില്‍ തുടര്‍ന്ന്, പിന്നീടുള്ള പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുമെന്ന് കെപി ശശികല കൂട്ടിച്ചേര്‍ക്കുന്നു.

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍