വലിയ ബിസിനസുകാര്‍ 25ഉും അമ്പതും കോടി വരെ ഇയാളില്‍ നിന്ന് ഒറ്റയടിക്ക്പലിശയ്ക്ക് വാങ്ങാറുണ്ട്. അടിയന്തിരഘട്ടത്തില്‍ സഹായിക്കും എന്നറിയാവുന്നതുകൊണ്ട് ആരും തന്നെ മഹാരാജനെതിരെ പരാതിയും നല്‍കിയിരുന്നില്ല.
പണം പലിശയ്‌ക്കെടുത്ത് തിരിച്ചടവ് മുടങ്ങിയയാളുടെ കാറ് പിടിച്ചെടുത്ത് കൊള്ളപ്പലിശ സംഘം യാത്ര ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്. നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വലവിരിച്ച പോലീസിന് ഇവരെ പിടികൂടാന്‍ അത്ര പ്രയാസമുണ്ടായില്ല. എന്നാല്‍ അന്വേഷിച്ചപ്പോള്‍ വണ്ടി രജിസ്റ്റര്‍ ചെയതിരിക്കുന്നയാള്‍ തങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നായി കൊള്ളപ്പലിശ സംഘം. വണ്ടിയുടെ ഉടമയെ അന്വേഷിച്ച് പോലീസ് എത്തിയപ്പോള്‍ താന്‍ അത്തരത്തിലൊരു ഉടമ്പടിയും എഴുതി നല്‍കിയിട്ടില്ല എന്നായി ഉടമ. ലക്ഷങ്ങള്‍ പലിശ തിരിച്ചടച്ചെങ്കിലും പണം തിരിച്ചടവ് കുറച്ചുനാള്‍ മുടങ്ങിയപ്പോള്‍ കാറ് പിടിച്ചെടുത്ത് കടന്നതാണ് ബ്ലേഡ് പലിശ സംഘം. സംഗതി അന്വേഷിച്ച് ചെന്നെത്തിയത് പി മഹാരാജനിലാണ്. മഹാരാജന്റെ പേരില്‍ മറ്റൊരു കേസ് കൂടി. കൊച്ചി പോലീസിന്റെ ഉറക്കം കെടുത്തുന്ന, നിരവധി കേസുകളില്‍ പ്രതിയായിട്ടും കുരുക്കാന്‍ കഴിയാത്ത മഹാരാജ മഹാദേവന്‍ ആരാണ്?
ചെന്നൈ വിരുഗംപാക്കം സ്വദേശിയാണ് പി മഹാരാജന്‍. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായുള്ള ബന്ധം അത്ര ചെറുതല്ല; അത് അഞ്ഞൂറ് കോടി രൂപയുടേതാണ്! കേരളത്തിനകത്ത് മാത്രം അഞ്ഞൂറ് കോടി രൂപ ഇയാള്‍ പലിശയ്ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് പോലീസിന് പലതവണയായുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം. വര്‍ഷങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും കാശെറിഞ്ഞ് കാശ് വാരുന്ന മഹാരാജന്‍ വന്‍കിട കളിയുടെ ആളാണെന്ന് പോലീസ്. അമ്പത് ലക്ഷത്തില്‍ കുറഞ്ഞ ഇടപാട് ഇയാള്‍ നടത്താറില്ല. വന്‍കിട ബിസിനസുകാര്‍ അടക്കം കോടികളുടെ ഇടപാടിന് മഹാരാജനെയാണ് ആശ്രയിക്കുക. ഒരു ലക്ഷത്തിന് 15,000 എന്നാണ് ഇയാളുടെ പലശക്കണക്ക്. ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ വാങ്ങിയാണ് പണം നല്‍കുക. അടവ് മുടങ്ങിയാല്‍, പിന്നെ ആദ്യം മുന്നറിയിപ്പാവും. അടുത്ത ഘട്ടം ഭീഷണിയാണ്. മൂന്നാം ഘട്ടത്തില്‍ തട്ടിക്കൊണ്ട് പോയി മറ്റേതെങ്കിലും കേന്ദ്രത്തിലെത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കും. വീട് സ്വന്തമാക്കല്‍, വാഹനം പിടിച്ചെടുക്കല്‍ ഇതെല്ലാം അവസാന ഘട്ടമാണ്. ഇതാണ് മഹാരാജന്റെ രീതി. വന് ഗുണ്ടാസംഘത്തിന്റെ കാവലിലായിരുന്നു മഹാരാജന്റെ വിരുഗംപാക്കത്തെ വീട്ടിലെ ജീവിതം. പലിശ നല്‍കാത്തവരെ മര്‍ദ്ദിച്ച് വസ്തുക്കള്‍ എഴുതി വാങ്ങുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
വലിയ ബിസിനസുകാര്‍ 25ഉും അമ്പതും കോടി വരെ ഇയാളില്‍ നിന്ന് ഒറ്റയടിക്ക് പലിശയ്ക്ക് വാങ്ങാറുണ്ട്. അടിയന്തിരഘട്ടത്തില്‍ സഹായിക്കും എന്നറിയാവുന്നതുകൊണ്ട് ആരും തന്നെ മഹാരാജനെതിരെ പരാതിയും നല്‍കിയിരുന്നില്ല. പോലീസിനോട് പരാതി പറയുന്നവര്‍ പോലും പണം നല്‍കി ഇടപാട് സെറ്റില്‍ ചെയ്യാനാണ് പലപ്പോഴും ശ്രമിക്കുന്നതെന്ന് പോലീസ് പറയുന്നു. അങ്ങനെയിരിക്കെയാണ് എറണാകുളം സ്വദേശി ഫിലിപ്പ് ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. കടം വാങ്ങിയ നാല്‍പ്പത് ലക്ഷം പലിശ സഹിതം തിരികെ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു ഫിലിപ്പിന്റെ പരാതി. പള്ളുരുത്തി സബ്ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മഹൈരൈജനെ തിരക്കി ചെന്നൈയിലെത്തി. അറസ്റ്റ് ചെയ്തു. ഇയാളെ റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ പിന്നീട് സിനിമാ സ്റ്റൈല്‍ ഓപ്പറേഷനാണ് അവിടെ നടന്നത്. സേലം-കൊച്ചി ഹൈവേയില്‍ കണിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം രാത്രി പതിനൊന്നരയോടെ മുപ്പതോളം പേരടങ്ങുന്ന സംഘം പോലീസ് വാഹനങ്ങള്‍ തടഞ്ഞ് പോലീസുകാരെ ഭീഷണിപ്പടുത്തി മഹാരാജനെ ബലമായി മോചിപ്പിച്ചുകൊണ്ടുപോയി. രണ്ട് കാറുകളിലായാണ് കേരള പോലീസ് സംഘം എത്തിയിരുന്നത്. 2018 ജൂലൈ 23നായിരുന്നു സംഭവം.
എന്നാല്‍ പിന്നീട് ജാഗ്രതയോടെയുള്ള കേരള പോലീസ് നീക്കത്തില്‍ സെപ്തംബര്‍ 29ന് മഹാരാജനെ വീണ്ടും അറസ്റ്റ് ചെയ്തു. വരുഗംപാക്കത്തുള്ള വീട്ടിലെത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഹാരാജന്റെ അനുയായികളെയെല്ലാം വിരട്ടിയോടിച്ച ശേഷമായിരുന്നു അറസ്റ്റ്. പള്ളുരുത്തി സിഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച ശേഷം റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ചു. മഹാരാജന് തമിഴ്‌നാട് പോലീസ് ഒത്താശ ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ പോലീസിന് വിവരം ലഭിച്ചു. പത്ത് കോടി രൂപ തനിക്ക് കേരളത്തില്‍ നിന്ന് തിരികെ കിട്ടാനുണ്ടെന്ന് മഹാരാജന്‍ അന്ന് പോലീസ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ചെന്നൈയിലും കോയമ്പത്തൂരിലും പണമിടപാട് നടത്തുന്നതിന്റെ ഒരു വിഹിതം പോലീസിനും കിട്ടുമായിരുന്നു. ആളുകളില്‍ നിന്ന് വാങ്ങിയെടുത്ത് വസ്തുക്കള്‍ കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. അതിനാല്‍ ഇയാളെ ചെന്നൈയിലും കേരളത്തിലും തെളിവെടുപ്പിനായി കൊണ്ടുപോവാനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് കോടതിയോട് അപേക്ഷിക്കാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനില്ലാതിരുന്നതിനാല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അതിസാഹസികമായി പോലീസ് പിടികൂടിയ മഹാരാജന് കോടതി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷ്ണര്‍ സജീവിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ ഇയാളെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ട് നല്‍കി. എന്നാല്‍ കസ്റ്റഡ് കാലാവധി അവസാനിക്കുന്ന ദിവസം ഇയാള്‍ക്ക് കോടതി വീണ്ടും ജാമ്യം അനുവദിച്ചു.
ജാമ്യം ലഭിച്ച് അഞ്ച് ദിവസത്തിനകെ ഒക്ടോബര്‍ പതിനൊന്നിന് മഹാരാജനെ കൊച്ചി സിറ്റി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഷാഹുല്‍ ഹമീഡ് എന്നയാള്‍ നല്‍കിയ പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. രണ്ട് കോടി രൂപയാണ് ഷാഹുല്‍ ഇയാളില്‍ നിന്ന് വാങ്ങിയിരുന്നത്. 65 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും പിന്നീട് പലിശയടക്കം മൂന്ന് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിനിടെ കൊച്ചിയില്‍ ഇയാള്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി പോലീസിന് വിവരം ലഭിച്ചു. പള്ളുരുത്തിയില്‍ കായലിന്റെ തീരത്തുള്ള റിസോര്‍ട്ട് ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് വാങ്ങി. ആറിസോര്‍ട്ടിനോട് ചേര്‍ന്ന് രണ്ട് റിസോര്‍ട്ടുകള്‍ ഇയാള്‍ പാട്ടത്തിലെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പണമിപാടുകള്‍ നടത്തുന്നത് ഈ റിസോര്‍ട്ട് കേന്ദ്രീകരിച്ചാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
പലിശ ഇടപാടിനായി തുടക്കത്തില്‍ 250 കോടി രൂപയാണ് വിനിയോഗിച്ചതെന്ന് മഹാരാജന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസിന് വ്യക്തതയില്ല. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും മഹാരജന്റെ പണമിടപാട് സംബന്ധിച്ച അന്വേഷണം നടത്തി വരികയാണ്. കേരളത്തില്‍ ഇയാള്‍ ലൈസന്‍സ്് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സജീവ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ലൈസന്‍സ് ഉണ്ടെന്ന് പറഞ്ഞു എങ്കിലും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇല്ല എന്നാണ് ബോധ്യപ്പെട്ടത്. ബാങ്കില്‍ വലിയ തുക ലോണ്‍ എടുക്കാന്‍ വരുന്നവരെ ഏജന്റുമാര്‍ വഴി ട്രേസ് ചെയ്ത് പിടിച്ചാണ് പ്രധാനമായും ഇയാള്‍ ബിസിനസ് നടത്തുന്നത്. ഏജന്റുമാര്‍ മുഖേനയോ അല്ലാതെയോ പണം ആവശ്യപ്പെടുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ ഏജന്റിനെക്കൊണ്ട് അന്വേഷിപ്പിച്ചതിന് ശേഷം അടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുക എന്നതുമാണ് മഹാരാജന്റെ രീതി. ലൈസന്‍സും ഇല്ല, ഇയാള്‍ക്കെതിരെ പരാതിയുമില്ല. പരാതി പറയാന്‍ ഭൂരിഭാഗം പേരും തയ്യാറല്ലാത്തതാണ് അയാള്‍ക്ക് സൗകര്യമാവുന്നത്- ഡെപ്യൂട്ടി കമ്മീഷ്ണര്‍ സജീവ് പറഞ്ഞു.
മഹാരാജന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ പുതിയ കേസും ചാര്‍ജ് ചെയ്തു. എന്നാല്‍ ഇയാളെ കുരുക്കാനാവുമെന്നോ, ജാമ്യം നല്‍കാതെ അകത്തിടാമെന്നോ പോലീസിന് വലിയ പ്രതീക്ഷകളില്ല. പലരുടേയും ഇടപെടല്‍ മഹാരാജന് തുണയാകുന്നുണ്ടെന്ന വിശ്വാസമാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. മഹാരാജന്‍ വീണ്ടും കൊള്ള പലിശയ്ക്ക് പണം നല്‍കിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു.