UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത രാജാറാം മോഹന്‍ദാസ് പോറ്റി ആരാണ്? ലക്ഷ്യം എന്തായിരുന്നു?

പല പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 9 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മലപ്പുറത്തെത്തുന്നത്

മലപ്പുറം പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി രാജാറാം മോഹന്‍ദാസ് പോറ്റിയെപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പല പേരുകളില്‍ പല സ്ഥലങ്ങളില്‍ താമസിച്ചു വരുന്ന രാജാറാമിനെ ആര്‍എസ്എസുക്കാരനായി ചിത്രീകരിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ ബിജെപിക്കാര്‍ ഇയാള്‍ സിപിഎമ്മുക്കാരനാണെന്ന വാദങ്ങളും ഉന്നയിക്കുന്നു. മലപ്പുറത്ത് ഒരു വര്‍ഗ്ഗീയ കലാപത്തിന് തന്നെ സാധ്യതയുണ്ടായിരുന്ന ഈ ആക്രമണത്തെ തുടര്‍ന്ന് നാടിനെ ശാന്തമാക്കുവാന്‍ പോലീസിനും പ്രദേശവാസികള്‍ക്കും കഴിഞ്ഞെങ്കിലും രാജാറാം ആരാണ്? എന്തിനാണ് ആയാള്‍ ഇത് ചെയ്തത്? ഒരു കലാപത്തിന് തീപ്പൊരി ഇടാനായിരുന്നോ രാജാറാം ശ്രമിച്ചത്? തുടങ്ങിയ പല ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ ശാന്തമാണെന്നു തോന്നുന്ന ഈ നാടിന്റെയുള്ളില്‍ ഇത്രയും നാളും നിലനിന്നിരുന്ന സാഹോദര്യത്തിലും പരസ്പരവിശ്വാസത്തിലും വിള്ളല്‍ വീഴും.

Read: ഒരു നാടിനെ മുഴുവന്‍ കത്തിക്കാന്‍ പോന്ന കലാപശ്രമമാണ്‌ മലപ്പുറത്ത് ജനം ഒറ്റക്കെട്ടായി ഇല്ലാതാക്കിയത്

Read: ക്ഷേത്രവിഗ്രഹം തകര്‍ത്ത സംഭവം; പ്രതി പിടിയിലായിട്ടും  കുപ്രചരണങ്ങള്‍ തുടരുന്നു

പോലീസ് തരുന്ന വിവരമനുസരിച്ച് 2006-ല്‍ കിളിമാനൂര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് ഒരു വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ് രാജാറാം. ഇയാള്‍ ഇക്കാര്യം സമ്മതിച്ചതായും പോലീസ് പറയുന്നു. കിളിമാനൂര്‍, തെങ്ങുവിള പുല്ലയില്‍ സ്വദേശിയായ ഇയാള്‍ 13-ാം വയസില്‍ മാതാപിതാക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാടുവിടുകയായിരുന്നു. പിന്നീടൊരിക്കലും ഇയാള്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയിട്ടില്ല. വിവിധ നാടുകളില്‍ താമസിച്ചശേഷം കെട്ടിടം പണിക്കാരനായാണ് 9 വര്‍ഷങ്ങള്‍ക്കുമുമ്പ് രാജാറാം മലപ്പുറത്തെത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് ജോലി നോക്കിയിട്ടുണ്ടെങ്കിലും ആരുമായും അടുപ്പമോ ആത്മബന്ധമോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമ്പാട് പഞ്ചായത്തിലെ പൊങ്ങല്ലൂരിലാണ് ഇയാള്‍ താമസിക്കുന്നത്.

രാജാറാം പറയുന്നതനുസരിച്ചുള്ളതും രേഖകളില്‍ കൊടുത്തിരിക്കുന്നതുമല്ലാതെ മാതാപിതാക്കളുടെ പേരോ ബന്ധുക്കളെ കുറിച്ചുള്ള വിവരമോ ഒന്നും തന്നെ ലഭ്യമായിട്ടില്ല. രാജാറം മോഹന്‍ദാസ് പോറ്റി, ഈശ്വരനുണ്ണി എന്നീ പേരുകള്‍ക്കു പുറമെ മറ്റു പലപേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്. എസ്.എഫ് മോഹനകുമാര്‍ എന്നാണ് യഥാര്‍ഥ പേരെന്ന് പറയുന്നു. മമ്പാട് നിന്നും ഇയാള്‍ എടുത്ത ആധാര്‍ കാര്‍ഡില്‍ പറയുന്ന പേരാണ് രാജാറാം മോഹന്‍ദാസ് പോറ്റിയെന്നത്. 45 വയസ്സ് എന്നുമാണ് കാണിച്ചിരിക്കുന്നത്. അവിവാഹിതനാണ്. ഏതെങ്കിലും സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

പോലീസ് ചോദ്യം ചെയ്യലില്‍ പൂക്കോട്ടുംപാടത്തുനിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള വാണിയമ്പലം ക്ഷേത്രത്തിലെ നാഗദേവതയുടെ വിഗ്രഹം നശിപ്പിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് വാണിയമ്പലം ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയത്. പിന്നീടിത് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഇതുകൂടാതെ നിലമ്പൂരിലെ മറ്റൊരു ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാവല്‍ക്കാരന്‍ ഉണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്. മുന്‍പ് നിലമ്പൂര്‍ സ്റ്റേഷനിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ പിടിയിലായിട്ടുണ്ട്. നിലമ്പൂരില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കയ്യില്‍ ആയുധങ്ങളുമായും ഒരിക്കല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടിയതായും വിവരമുണ്ട്.

താന്‍ ഹിന്ദുമതത്തിലെ ദുരാചാരങ്ങള്‍ക്ക് എതിരാണെന്നും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തതാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ നശിപ്പിക്കാന്‍ കാരണമെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോവാറുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് സംശയിക്കുന്നുണ്ടെങ്കിലും സംസാരത്തിലോ പെരുമാറ്റത്തിലോ കുഴപ്പമൊന്നുമില്ലെന്നുള്ളതും പോലീസിനെ കുഴക്കുന്നുണ്ട്. പോലീസിനെ കബളിപ്പിക്കാനായി മാനസികരോഗം അഭിനയിക്കുന്നതാണോ എന്നും സംശയിക്കുന്നുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ വില്ല്വത്ത് മഹാദേവക്ഷേത്രത്തില്‍ അക്രമം നടന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു പൂക്കോട്ടുംപാടം ഗ്രാമം കേട്ടത്. ഹിന്ദു, മുസ്ലീം വിശ്വാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെങ്കിലും ഇതുവരെയും വര്‍ഗീയ പ്രശ്നങ്ങളും മറ്റും ഉണ്ടായിട്ടില്ലാത്ത ഇടം കൂടിയാണ് മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം (അമരമ്പലം പഞ്ചായത്ത്). സംഭവം അറിഞ്ഞ് ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്നപോലെ തകര്‍ന്നത് വിഗ്രഹമെങ്കില്‍ തകര്‍ത്തത് മുസ്ലീങ്ങള്‍ തന്നെ എന്ന രീതിയില്‍ ചൂടേറിയ ചര്‍ച്ചകളും പടയൊരുക്കവും നടന്നു. വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ആര്‍എസ്എസും ബിജെപിയും പോഷക സംഘടനകളും കച്ചകെട്ടിയിറങ്ങുകയും ചെയ്തു. ഏതുനിമിഷവും എന്തും സംഭവിക്കാമെന്നു തോന്നിച്ചിടത്തുനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയ വാര്‍ത്ത അവിടെ പരക്കുന്നത്. പിടിയിലായത് ഇതരമതക്കാരനല്ലെന്നറിഞ്ഞതോടെ തന്നെ ഒരു വിഭാഗം പിന്‍വലിഞ്ഞതും, പ്രദേശവാസികളായ ഒരു കൂട്ടം മതേതരമനസുകളുടെ ഇടപെടലുകളും പ്രദേശത്തെ ശാന്തമാക്കുവാന്‍ സഹായിച്ചു.

എന്നാല്‍ ശാന്തമായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ അന്തരീക്ഷത്തെ വീണ്ടും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി, സംഘപരിവാര്‍, അനുബന്ധ ഹിന്ദു സംഘടനകള്‍, മുസ്ലീം സംഘടനകള്‍, സിപിഎം തുടങ്ങിയവരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക കുപ്രചരണങ്ങളാണ് രാജാറാമിനെ ചുറ്റിപ്പറ്റി സംഭവത്തെക്കുറിച്ച് നടക്കുന്നത്. ഇയാള്‍ ഇസ്ലാമിലേക്ക് മതം മാറിയ ആളാണെന്നും സിപിഎം പ്രവര്‍ത്തകനുമാണെന്നാണു സംഘപരിവാര്‍ പ്രചാരണം. ബിജെപി നിലമ്പൂര്‍ മണ്ഡലം എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നത് പ്രതിയായ രാജാറാമിനെക്കുറിച്ച് വലിയ ദുരൂഹകള്‍ ഉണ്ടെണെന്നാണ്. ഇയാളുടെ ക്രിമിനല്‍ സ്വഭാവം അറിഞ്ഞുകൊണ്ടു തന്നെ ഒരു മുസ്ലിം സംഘടന ഇയാളെ സ്വീകരിക്കുകയും മതം മാറ്റുകയും ആയിരുന്നുവെന്നും ഈ പോസ്റ്റില്‍ പറയുന്നു. മുസ്ലിം ആയെങ്കിലും ഇപ്പോഴും ഹിന്ദുനാമത്തിലും വേഷത്തിലുമാണ് ഇയാള്‍ നടക്കുന്നതെന്നും ആരോപിക്കുന്നു.കൂടാതെ ഇയാള്‍ വിഗ്രഹം തകര്‍ത്തത് മതതീവ്രവാദ സംഘടനകള്‍ക്കു വേണ്ടിയാണെന്നു കരുതുന്നതായും ബിജെപി നിലമ്പൂര്‍ മണ്ഡലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മറ്റൊന്നുള്ളത്- രാജാറാം സിപിഎം അനുഭാവിയാണെന്നും സിപിഎം പ്രവര്‍ത്തകന്‍ ആണെന്നുമുള്ള ആരോപണമാണ്. ഇത് ബിജെപി ആരോപമാണെങ്കിലും ചില മുസ്ലീം സംഘടനകളും സിപിഎമ്മിനെതിരെ വന്നിട്ടുണ്ട്. ഇതര മുസ്ലീം സംഘടനകളും സിപിഎമ്മും മറ്റ് കമ്മ്യൂണിസ്റ്റ് സംഘടനകളും ആരോപിക്കുന്നത് പ്രദേശത്തെ കലാപ കളമാക്കുവാന്‍ സംഘപരിവാറിന്റെയും ബിജെപിയും ശ്രമമാണെന്നാണ്. ഇതുപോലെ ഔദ്യോഗികമായും അല്ലാതെയും വ്യാപക പ്രചരണങ്ങളാണ് നടക്കുന്നത്. ഈ പ്രചരണങ്ങളില്‍ പലതും സോഷ്യല്‍ മീഡിയകളില്‍ വൈറലുകളുമാണ്. അതുകൊണ്ട് തന്നെ പോലീസ് രാജാറാമിനെ പറ്റിയുള്ള ദുരൂഹതകള്‍ മാറ്റിയില്ലെങ്കില്‍ ഇപ്പോള്‍ ശാന്തമാണെന്ന് തോന്നുന്ന ഈ നാട് ഈ വിഷയങ്ങള്‍ കൂടി ചേര്‍ന്ന് ഒരു പൊട്ടിത്തെറിക്ക് വഴിയൊരുക്കിയേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍