UPDATES

ട്രെന്‍ഡിങ്ങ്

പത്തു വര്‍ഷമായി തുടരുന്ന അത്തിയടുക്കത്തെ കര്‍ഷക പ്രക്ഷോഭം; രണ്ട് സമരക്കാരെ ‘കൊന്നതാണ്’

ഭൂമിയിലും ആകാശത്തുമല്ലാതെ വിചിത്രമായ ജീവിതമാണ് ഞങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നത്. അലക്‌സാണ്ടറും, രാഘവനും പോയി. ഇനിയാരാണോ എന്തോ? ആര്‍ക്കറിയാം?

കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഏതൊരാളെയുപോലെ വളരെ ചെറിയ സ്വപ്‌നങ്ങള്‍ മാത്രം കണ്ടു പരിചയിച്ച കര്‍ഷകരാണ് അത്തിയടുക്കത്തേത്. പറമ്പിലെ മണ്ണില്‍ കായ് കനികള്‍ കിളിര്‍പ്പിച്ച്, ചെറിയൊരു ആദായം അതില്‍ നിന്നും ഉണ്ടാക്കണം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നാട് വിട്ടിറങ്ങി ഈ മലമ്പ്രദേശക്ക് കുടിയേറുമ്പോള്‍ സ്വസ്ഥമായ കുടുംബ ജീവിതം മാത്രമായിരുന്നു, വക്കച്ചന്റെയും മനസ്സില്‍. പതിനേഴാം വയസ്സില്‍ വീടു വിട്ടിറങ്ങി, അന്‍പതിലും ഒറ്റയാനായി ജീവിക്കുന്ന അലക്‌സാണ്ടര്‍, കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോള്‍ കിട്ടിയ മണ്ണിലേക്ക് മക്കള്‍ക്കൊപ്പം വന്ന പാര്‍വ്വതിയമ്മ, ഭാര്യയുടെ ഓഹരിയില്‍ കൂരകുത്തിയ രാഘവന്‍. പട്ടയം കയ്യില്‍ കിട്ടിയപ്പോല്‍ മതിമറന്ന് ആഹ്ലാദിച്ച മാവില സമുദായക്കാരുടെ പതിമൂന്ന് കുടുംബങ്ങള്‍, അവരുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തൊണ്ണൂറാം വയസ്സിലും സംസാരിക്കുന്ന കുഞ്ഞിക്ക… അങ്ങനെ പോകുന്നു അത്തിയടുക്കം സമര നായകരുടെ നിര. ഇടക്ക് മനം മടുത്ത് രണ്ടുപേര്‍ ആത്മഹത്യ ചെയ്ത് ഒളിച്ചോടിയെങ്കിലും ഇവര്‍ സമരത്തില്‍ നിന്ന് പിന്നോട്ടുപോയില്ല.

കാസറഗോഡ്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയോട് അടുത്ത് കിടക്കുന്ന കോളനിയാണ് അത്തിയടുക്കം. 39 കുടുംബങ്ങള്‍ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നു. ഇവിടെ കൃഷിക്കാരുടെ കണ്ണീര് വീണ് നനഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. പത്തുവര്‍ഷത്തിലേറെയായി നികുതിയടക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് ഈ ജനത. 1977 കാലഘട്ടത്തില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം വിലക്ക് വാങ്ങിയും, സര്‍ക്കാരിന്റെ പട്ടയം അനുവദിച്ചതുമായ ഇവിടെ താമസം തുടങ്ങി. ഒരു ദിവസം തങ്ങള്‍ താമസിക്കുന്നത് ഫോറസ്റ്റ് പ്രദേശത്താണെന്നും, തങ്ങള്‍ നട്ടു നനച്ചു വളര്‍ത്തിയ മരങ്ങള്‍ പോലും ഈ മണ്ണില്‍ നിന്ന് മുറിക്കരുതെന്നും അധികൃതര്‍ പറഞ്ഞപ്പോള്‍ ഏറ്റവും ഐക്യത്തോടെ ഒരേ സ്വരത്തില്‍ ഈ നാട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദവസം വരെ ഞങ്ങള്‍ നികുതിപ്പണം അടച്ചത് പിന്നെ ഏത് ഭൂമിക്കാണ്? ഞങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി ഞങ്ങള്‍ വാങ്ങിച്ച ഈ ഭൂമി എങ്ങനെ നിങ്ങളുടേതാകും? തായ്‌വഴിയില്‍ വീതിച്ചുകിട്ടിയ ഈ മണ്ണ് ഞങ്ങളുടേതല്ലാതാകുന്നതെങ്ങനെ? പ്രാണന്‍ പിടയുന്ന വേദനയില്‍, കാതടപ്പിക്കുന്ന ശബ്ദത്തില്‍ മോളിയും, വക്കച്ചനും, കാര്‍ത്യായാനിയും, രാഘവനും, അലക്‌സാണ്ടറും, ബാലകൃഷ്ണനും, കുഞ്ഞിക്കയുമൊക്കെ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല.

സ്വന്തം ഭൂമിക്ക് ഉടമസ്ഥാവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിനിടെ മനം മടുത്ത് ഇവിടെ രണ്ട് കര്‍ഷകര്‍ ആത്മഹത്യചെയ്തു. അല്ല, അവരെ കൊന്നുകളഞ്ഞു. സമരസമിതിയുടെ അമരക്കാരനായി നേതൃസ്ഥാനത്ത് നിന്ന് എല്ലാവര്‍ക്കും വിശ്വാസവും പോരാടാനുള്ള കരുത്തും നല്‍കിയ എന്‍.ജെ.അലക്സാണ്ടര്‍ (അപ്പു) ആണ് സെപ്തംബര്‍മാസം ജീവനൊടുക്കിയത്. 1978ല്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ കോട്ടയം ജില്ലയില്‍ നിന്നും മലബാറിന് വണ്ടി കയറിയ അലക്‌സാണ്ടര്‍ പിന്നെ തിരിച്ച് നാട്ടിലേക്ക് പോയിട്ടില്ല. തികഞ്ഞ കര്‍ഷകനായി നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പുച്ചേട്ടനായി സെപ്തംബര്‍ മാസം വരെ അവിവാഹിതനായ അലക്‌സാണ്ടര്‍ അത്തിയടുക്കത്ത് നിറഞ്ഞു നിന്നിരുന്നു.

കൃഷിഭൂമിക്ക് നികുതിയടക്കാനുള്ള സാങ്കേതിക തടസം പരിഹരിക്കുന്നതിനായി പാലക്കാട് ഒലവക്കോട്ടെ വനം വകുപ്പ് ഓഫിസിലേക്കാണ് അദ്ദേഹം എത്തിയത്. അവിടെ നിന്നും മനസ്സിനേറ്റ വേദനയാണ് ആത്മഹത്യയിലേക്ക് അലക്‌സാണ്ടറിനെ എത്തിച്ചതെ് ബന്ധുക്കള്‍ പറയുന്നു. ഓഫീസ് സന്ദര്‍ശനത്തിന് ശേഷം കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒലവക്കോട്ടെ ഒരു ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

മണ്ണ് ശാസ്ത്രീയമായി കയ്യാലകള്‍കെട്ടി സംരക്ഷിച്ചു മാതൃകാപരമായി കൃഷിചെയ്തു ജീവിച്ചു വരവെയാണ് ഇവിടുത്തെ കൃഷിഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പരിഗണിക്കപ്പെട്ടതിനാലാണ് വില്ലേജ് അധികൃതര്‍ കര്‍ഷകരില്‍ നിന്നും നികുതി വാങ്ങാതായായത്. ചില ധനകാര്യ സ്ഥാപനങ്ങളിലില്‍നിന്നും വായ്പയെടുത്തതും ഭൂനികുതി റസീറ്റ് ഇല്ലാത്തതിനാല്‍ പുതുക്കാന്‍ കഴിയാതെ വന്നതും. ഇതിനിടെ ബാങ്ക് അധികൃതര്‍ നോട്ടീസും അയച്ചു.

അത്തിയടുക്കത്തെ കര്‍ഷകനായ രാഘവന്‍ കഴിഞ്ഞ ദിവസം വീടിനകത്ത് തൂങ്ങി മരിച്ചു. ഭാര്യയും രണ്ട് മക്കളുമുള്ള ഇദ്ദേഹം ഭൂമി പ്രശ്‌നത്തെ ചൊല്ലിയുള്ള മനോ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. ‘രാഘവന്‍ ഇങ്ങനെ കാണിക്കുമെന്ന് ആരും വിചാരിച്ചതല്ല. ഓനൊരു പാവമായിരുന്നു. വെള്ളടിച്ചാല്‍ ഓള ദ്രോഹിക്കും.. എന്നാലും നാട്ടുകാര്‍ക്കൊന്നും ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല’ ‘ഓന്‍ക്ക് രണ്ട് കുട്ടികളില്ലേ? ശരിക്കും ഒറു വീടും ഇല്ല. എന്റെ സഹോദരി ഭര്‍ത്താവാണ്. ഓള്‍ക്ക് കുടുംബ സ്വത്ത് വിഹിതമായി കിട്ടിയതാ ഈ സ്വത്ത്. പഞ്ചായത്തില്‍ നിന്നും നിരവധി പ്രാവിശ്യം വീട് പാസായിട്ടുണ്ട്. പക്ഷെ, സ്വന്തമായി മണ്ണ് ഇല്ലാത്തതുകൊണ്ട് അതൊക്കെ തളളിപ്പോയി ആ ഒരു മനോവിഷമത്തിലാണ് ഓന്‍ (അവന്‍) തൂങ്ങിയത്. രാഘവന്റെ ഭാര്യ കണ്ണോത്ത് ലക്ഷ്മിയുടെ ചേച്ചിയുടെ വാക്കുകളാണിത്.

ഓരോര്‍ത്തരും ചാവ്മ്പം ഈട ആള്‍ക്കാര് ബെരും, കലട്രും ബെരും, മന്ത്രീം ബെരും എന്നിറ്റിപ്പം എന്താ? (ഓരോര്‍ത്തര്‍ ഇങ്ങനെ ജീവനൊടുക്കുമ്പോള്‍ ഇവിടെ കുറെ ആളുകള്‍ വരും. കളക്ടര്‍ വരും, മന്ത്രി വരും, എന്നിട്ടെന്താ കാര്യം) ഈട ഓരോര്‍ത്തരായിറ്റിങ്ങന ചത്ത് പോയോണ്ടിരിക്കും. ഈട ഒര് പാമ്പിനേം, പട്ടീനേം കൊന്നാല് ആള്കള് പാഞ്ഞെത്തും.. ആള്കള് ചാവുമ്പോളോ..അയ്‌നൊര് ബെലീം ഇല്ല.. ഇണ്ടെങ്കിലീട രണ്ടമതൊരു മരണം കൂടിയും നടക്വോ? (ഇവിടെ ഒരോരുത്തരിങ്ങനെ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു പാമ്പിനേയോ പട്ടിയേയോ കൊന്നാല്‍ ആളുകള്‍ ഓടിയെത്തും. മനുഷ്യര്‍ ചത്താല്‍ ഒരു വിലയുമില്ല. ഉണ്ടെങ്കില്‍ രണ്ടാമത് ഒരു മരണം കൂടെ നടക്കുമോ?) അവര്‍ ചോദിക്കുന്നു.

അധികൃതരുടെ വാഗ്ദാനലംഘനത്തില്‍ കുരുക്കിലായ 39 കൈവശക്കാരുണ്ടിവിടെ; മൂന്നുസെന്റുള്ള ആദിവാസി മുതല്‍ അഞ്ചേക്കറോളമുള്ള ഇടത്തരം കര്‍ഷകര്‍ വരെ. പത്തുവര്‍ഷത്തിലധികമായി റവന്യുവകുപ്പ് ഇവരില്‍നിന്ന് ഭൂനികുതി വാങ്ങുന്നില്ല. ഇതുമൂലം ഭൂമികൈമാറ്റം ചെയ്യാനാവുന്നില്ല. പട്ടയം പണയം നല്‍കി ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനാവാതെ കര്‍ഷകര്‍ വിഷമിക്കുന്നു. ഭൂനികുതി രസീതില്ലാത്തതിനാല്‍ പല ആനുകൂല്യങ്ങളും നഷ്ടമാകുന്നു. പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് ഇവരിപ്പോഴും.

കൊക്കാട്ടുനിന്ന് അഞ്ചുകിലോമീറ്റര്‍ അപ്പുറമാണ് മാലോം വില്ലേജില്‍പ്പെടുന്ന അത്തിയടുക്കം മല. കര്‍ണാടക അതിര്‍ത്തിയിലെ തയ്യേനിയിലേക്കുള്ള റോഡിനോടു ചേര്‍ന്ന് മലഞ്ചെരുവിലാണ് ഇവര്‍ കഴിയുന്നത്. അമ്പതു വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നവരാണ് തങ്ങളുടേതല്ലാത്ത പിഴവില്‍ കുരുക്കിലായത്.

ഇവിടെ സര്‍വ്വേ നമ്പര്‍ 201(1)ലെ 55 ഹെക്ടര്‍ ഭൂമിയില്‍ 35 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാക്കി 1971 മേയ് 10ന് വനം വകുപ്പ് വിജ്ഞാപനമിറക്കി. ബാക്കി 20 ഹെക്ടര്‍ ജനവാസമുള്ളതായിരുന്നു. 35 ഹെക്ടര്‍ ഏറെറടുത്തതിനെതിരെ ഭൂവുടമകള്‍ കോഴിക്കോട് വനംവകുപ്പ് ട്രിബ്യൂണലില്‍ പരാതിപ്പെട്ടു. ഇവര്‍ക്കനുകൂലമായിരുന്നു കോടതിവിധി. ഇതു ചോദ്യം ചെയ്ത് വനംവകുപ്പ് ഹൈക്കോടതിയിലെത്തി. ജനവാസമുള്ള 20 ഹെക്ടറടക്കം 55 ഹെക്ടറും വനഭൂമിയാണൊയിരുു ഹൈക്കോടതിവിധി. ഈ വിധിയോടെ കുടുംബങ്ങള്‍ വെട്ടിലായി. തങ്ങള്‍ ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട വിവരം ഈ കുടുംബങ്ങള്‍ വൈകിയാണറിഞ്ഞത്. അതിനാല്‍ തങ്ങളുടെ അവകാശവാദങ്ങള്‍ കോടതിയെ അറിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞതുമില്ല.

39 കൈവശക്കാരില്‍ എല്ലാവര്‍ക്കും പട്ടയമുണ്ട്. 25പേര്‍ ഇവിടെ സ്ഥിരതാമസക്കാരാണ്. ഇതില്‍ പത്തു കുടുംബങ്ങള്‍ പട്ടികവര്‍ഗത്തില്‍പ്പെടുന്നു. 1958ല്‍ കൈവശ സര്‍ട്ടിഫിക്കറ്റു ലഭിച്ചവര്‍ വരെ ഇവരിലുണ്ട്. രണ്ടുപേരൊഴികെ 1977നു മുമ്പുള്ള താമസക്കാരാണ്. 77നു മുമ്പുള്ള താമസക്കാരെ കുടിയിറക്കില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് നീതിക്കായി ഇവര്‍ അലയുന്നത്. 2006 ഒക്ടോബറില്‍ കോടതിവിധി നടപ്പാക്കി കര്‍ഷകരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതിന് പാലക്കാട് ഒലവക്കോട് വനം കസ്റ്റോഡിയന്‍ വിലക്കേര്‍പ്പെടുത്തി. 2007 മുതല്‍ വില്ലേജ് അധികാരികള്‍ ഇതു നടപ്പാക്കിത്തുടങ്ങിയതോടെ പ്രശ്നം ഗൗരവമായി.

കര്‍ഷകര്‍ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വത്തെ നേരില്‍കണ്ട് പരാതി നല്‍കി. 2010ല്‍ വനം-റവന്യൂ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി. 40 വര്‍ഷത്തിലധികം പ്രായമുള്ള കൃഷികള്‍ ഇവിടെയുള്ളതായി പരിശോധനയില്‍ കണ്ടു. കര്‍ഷകര്‍ക്കനുകൂലമായ റിപ്പോര്‍ട്ട് ജില്ലാ വനപാലകന്‍ മുഖേന സംസ്ഥാന വനം കണ്‍സര്‍വേറ്ററുെട മുമ്പിലെത്തി. കര്‍ഷകരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു. ഇതില്‍ വിശ്വസിച്ചിരിക്കെയാണ് 2012 നവംബറില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കുടുംബങ്ങള്‍ പ്രതിഷേധയോഗം നടത്തി. കാസര്‍ക്കോട് എം.പി. പി. കരുണാകരനും എം.എല്‍.എ. ഇ.ചന്ദ്രശേഖരനുമുള്‍പ്പെടെ ജനപ്രതിനിധികളെല്ലാം സ്ഥലത്തത്തി. കര്‍ഷകര്‍ കോടതിയെ സമീപിച്ചു. 2012 ഡിസംബറില്‍ കുടിയൊഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ച് കോടതിയുത്തരവുണ്ടായി. പക്ഷേ കര്‍ഷകരില്‍നിന്നു ഭൂനികുതി വാങ്ങാന്‍ ഇനിയും നടപടിയില്ല. കോടതിയില്‍ കുടുംബങ്ങള്‍ക്കനുകൂലമായി നടപടികളെടുക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്നാണു കര്‍ഷകരുടെ പരാതി.

പ്രതീക്ഷ വനം ട്രൈബ്യൂണലില്‍

കുടിയിറക്കു ഭീഷണിയിലായ ഇവിടുത്തെ കുടുംബങ്ങളുടെ പരാതിയില്‍ കഴമ്പുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരത്തിനു വനം ട്രൈബ്യൂണലിനെ സമീപിക്കാന്‍ കഴിഞ്ഞ ജൂലൈ 20 ലെ വിധിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 15 കുടുംബങ്ങളുടെ ഒന്‍പതു കേസുകളായിരുന്നു കോടതി അന്നു പരിഗണിച്ചിരുന്നത്. 16 കുടുംബങ്ങളുടെ കേസുകള്‍കൂടി കോടതിക്കുമുന്നിലുണ്ട്. സമാന കേസുകളായതിനാല്‍ ഇതും ഉടന്‍ വനം ട്രൈബ്യൂണലിന്റെ മുന്നിലെത്തുമെന്നാണ് കരുതുന്നത്. ഇതോടെ ഭൂമി പ്രശ്നത്തില്‍ നിര്‍ണായക തീരുമാനമെടുക്കാനുള്ള ചുമതലയും ട്രൈബ്യൂണലിനായിരിക്കുകയാണ്.

ഹൈക്കോടതിയില്‍ കേസ് നടുകൊണ്ടിരിക്കുന്നു. കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ വില്ലേജിന് സാധിക്കുകയുള്ളൂ. ഇപ്പോഴും ആ സ്ഥലം ഫോറസ്റ്റ് ഭൂമിയാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണലും ഈ വിഷയത്തില്‍ ഇടപെട്ടു അവരുടെ തീരുമാനവും പ്രശ്‌നത്തിന്റെ തീര്‍പ്പിന് കാരണമാകും മാലോം വില്ലേജ് അധികൃതര്‍ പറയുന്നു.

ഞങ്ങടെ ആണ്‍മക്കള്‍ പുര നിറഞ്ഞ് നിക്കുന്നു. കല്ല്യാണ പ്രായം ഇങ്ങനെ കടുന്നുപോയാല്‍ ഞങ്ങടെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും? ഈ ഉദ്യാഗസ്ഥര്‍ക്കെന്തെങ്കിലും ഒന്ന് മിണ്ടിക്കൂടെ? നിങ്ങളിവിടെ നിന്നോ അല്ലെങ്കില്‍ ഇവിടെ നിന്നും ഇറങ്ങി എവിടെയെങ്കിലും പോയി ചത്തോ എന്നെങ്കിലും ഒരു വാക്ക് പറയാമല്ലോ? നമ്മളെയെന്തിനിങ്ങനെ വിഷമിപ്പിക്കുന്നു? റബ്ബറ് വെട്ടി പുതിയ തൈകള്‍ വെയ്ക്കാന്‍ കഴിയില്ല. പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞ തല പോകോറായ തെങ്ങ് (ഞങ്ങള്‍ നട്ടത്) വെട്ടാന്‍ പാടില്ല. ഭൂമിയിലും ആകാശത്തുമല്ലാതെ വിചിത്രമായ ജീവിതമാണ് ഞങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നത്. അലക്‌സാണ്ടറും, രാഘവനും പോയി. ഇനിയാരാണോ എന്തോ? ആര്‍ക്കറിയാം?

മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് അലക്‌സാണ്ടര്‍ പറഞ്ഞു. “ഈ മണ്ണ് കിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ടാ. നിങ്ങള്‍ സൂക്ഷിക്കണം കുറേക്കൂടി സൂക്ഷിക്കണം. എന്നെ കണക്കാക്കണ്ടാ ഞാന്‍ ഒറ്റാന്തടിയാണല്ലോ?” അത്തിയടുക്കത്തെ വക്കച്ചനും (വര്‍ഗ്ഗീസ്) മോളിയും പറയുന്നു.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍