UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം ഇന്നസെന്റിന് അരിവാള്‍ ചുറ്റിക നല്‍കിയതിനു പിന്നില്‍

അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന ചുവരെഴുത്തുകള്‍ ചാലക്കുടി മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു

നടനും എംപിയുമായ ഇന്നസെന്റ് വീണ്ടും ചാലക്കുടിയില്‍ മത്സരിക്കുന്നുവെന്നത് ആ മണ്ഡലത്തിലുള്ള ജനങ്ങളില്‍ ഒരു വിഭാഗമെങ്കിലും ചുളിഞ്ഞ നെറ്റിയോടെ മാത്രം നോക്കി കാണുന്ന വാര്‍ത്തയാണ്. ഇന്നസെന്റിനെ ഇനി മത്സരിപ്പിക്കരുതെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരിതാപകരമാണെന്നതും നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്തതും ജനകീയ വികാരം ഇന്നസെന്റിനെതിരാണെന്നുമുള്ള വിലയിരുത്തലായിരുന്നു ഇതിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നസെന്റിനെ ഇത്തവണ പരിഗണിക്കില്ലെന്ന് തന്നെയാണ് പലരും വിശ്വസിച്ചിരുന്നത്. സിറ്റിംഗ് എംപിമാരില്‍ ആരോഗ്യകാരണങ്ങളാല്‍  പി കരുണാകരനെയും, ചാലക്കുടിയില്‍ ഇന്നസെന്റിനെയും ഒഴിവാക്കുമെന്നാണ് അവസാന നിമിഷം വരെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. രണ്ടിടത്തും പകരം സ്ഥാനാര്‍ത്ഥികള്‍ക്കായി സിപിഎം അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്തയും അതിന് ബലം പകര്‍ന്നു. ഇനി മത്സരിക്കാനില്ലെന്ന് ഇരു എംപിമാരും പലപ്പോഴും പറയുകയും ചെയ്തു. എന്നാല്‍ അന്തിമ പട്ടിക തയ്യാറായപ്പോള്‍ ആരോഗ്യ കാരണങ്ങളാല്‍ പി കരുണാകരന് പകരം പുതിയ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചെങ്കിലും ഇന്നസെന്റിനെ ഒഴിവാക്കിയില്ല.

ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതിനേക്കാള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് പലരെയും അമ്പരപ്പിച്ചത്. ഇന്നസെന്റിന് വേണ്ടിയുള്ള ചുവരെഴുത്ത് മണ്ഡലത്തില്‍ ആരംഭിച്ചിട്ടില്ലെങ്കിലും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന ചുവരെഴുത്തുകള്‍ ആരംഭിച്ചിരുന്നു. പി രാജീവ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അറിയുന്നത്. ഇന്നസെന്റിന്റെ പേരും ചിത്രവും അടങ്ങിയ പോസ്റ്ററുകള്‍ നാളെയെത്തുമെന്നും ചുവരെഴുത്തുകളില്‍ ഇന്നുമുതല്‍ ഇന്നസെന്റിന്റെ പേര് എഴുതി ചേര്‍ത്ത് തുടങ്ങുമെന്നുമാണ് മണ്ഡലത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും അറിയാന്‍ സാധിച്ചത്.

അതേസമയം ഇന്നസെന്റ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന് വിശ്വസിച്ചിരുന്നവര്‍ ചിഹ്നം ഉള്‍പ്പെടുത്താത്ത പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. എംപിയായതിന് പിന്നാലെ ഇന്നസെന്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമില്ല. ലോനപ്പന്‍ നമ്പാടന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിന് ശേഷമാണ് അംഗത്വം സ്വീകരിച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുവരെയും അദ്ദേഹം സൈക്കിള്‍ ചിഹ്നത്തിലാണ് വോട്ട് തേടിയത്. ഇന്നസെന്റ് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തിലാണ് മത്സരിച്ചത്. ഒരു സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ ചിഹ്നം നല്‍കാന്‍ തയ്യാറാണെന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുക എന്ന പ്രക്രിയ മാത്രമാണ് അതിന് പിന്നിലുള്ളത്.

Also Read: മുസ്ലിം ലീഗിന്റെ പൊന്നാനി പി.വിഅൻവർ എംഎൽഎ കയ്യേറുമോ? ചരിത്രം പറയുന്നത്

മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി ഇന്നസെന്റിനെക്കുറിച്ച് സാധാരണക്കാരായ അണികള്‍ക്ക് പോലുമുണ്ട്. അതേസമയം താന്‍ മണ്ഡലത്തിന് വേണ്ടി 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കൂടാതെ കല്യാണവീടുകളിലും മരണ വീടുകളിലും പോകുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതിയുടെ വിശദീകരണമാണ് ഇന്നസെന്റിന്റെ ഈ വാക്കുകളിലുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പോലും പങ്കെടുക്കാത്ത എംപിയാണ് ഇന്നസെന്റെന്ന ആരോപണവും അണികള്‍ക്കിടയിലുണ്ട്. ഇക്കാരണത്താല്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും ഇദ്ദേഹത്തോട് നീരസമുണ്ടെന്നാണ് അറിവ്. അതിനാല്‍ തന്നെ മണ്ഡലത്തില്‍ കാണാത്ത എംപിയെന്ന ആരോപണത്തെ ഖണ്ഡിച്ചതു പോലെ ഈ ആരോപണത്തെ വിശദീകരിക്കുക അത്ര എളുപ്പമല്ല.

കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന പരാതിയും ഇന്നസെന്റിനെക്കുറിച്ച് കേരളത്തില്‍ വ്യാപകമായി തന്നെയുണ്ട്. ഇതും വോട്ട് തേടി പോകുമ്പോള്‍ തിരിച്ചടിയാകുമോയെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക.  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മറ്റേതെങ്കിലും ചിഹ്നത്തില്‍ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇന്നസെന്റിന് വന്നുചേരില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതോടെ അരിവാള്‍ ചുറ്റിക കണ്ട് മാത്രം വോട്ടുചെയ്യുന്ന കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നതാണ് ഹൈലൈറ്റ്. ഉമ്മന്‍ ചാണ്ടിയുടെ പേരിന് നേരെ അരിവാള്‍ ചുറ്റിക ചിഹ്നം കണ്ടാല്‍ പോലും ആശങ്കയൊന്നുമില്ലാതെ വോട്ട് കുത്തുന്നതാണ് ഇവിടുത്തെ പരമ്പരാഗത സിപിഎം അനുഭാവികളുടെ രീതി. കാരണം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം അവരുടെ വികാരമാണ്.

ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ സിപിഎം പരമാവധി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കുന്നുവെന്നാണ് എതിരാളികള്‍ ഉന്നയിക്കുന്ന ഒരു ആരോപണം. കഴിഞ്ഞ തവണ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വ്യത്യസ്ത ചിഹ്നങ്ങളില്‍ മത്സരിപ്പിച്ച സിപിഎം ഇത്തവണ രണ്ട് പേരെ മാത്രമാണ് സ്വതന്ത്രരാക്കിയിരിക്കുന്നത് എന്നതാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്ന് നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവിയുണ്ടാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി രണ്ട് ശതമാനം സീറ്റുകള്‍ നേടുക, ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള പൊതുതെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും കൂടാതെ നാല് ലോക്‌സഭാ സീറ്റുകളും നേടുക, നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം നേടുക എന്നിവയാണ് മൂന്ന് നിബന്ധനകള്‍. ഈ നിബന്ധനകള്‍ വച്ച് സിപിഎമ്മിന് ദേശീയ പാര്‍ട്ടി സ്ഥാനത്തെക്കുറിച്ച് അടുത്തകാലത്തൊന്നും ആശങ്കപ്പെടേണ്ടതില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഭരണമുള്ള സിപിഎമ്മിന് പശ്ചിമബംഗാള്‍, ത്രിപുര, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ജമ്മു കാശ്മിര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭയില്‍ അംഗത്വവുമുണ്ട്.

Also Read: ‘ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ട്രെയിനില്‍ ബര്‍ത്തില്‍ കെട്ടിയിട്ടാണ് ഇസ്മയിലിനെ എത്തിച്ചത്. അവനോട് എന്ത് ജനാധിപത്യമാണ് ഞാന്‍ പറയേണ്ടത്?’ പാണ്ടിക്കാട്ടെ ഈ ‘വിപ്ലവകുടുംബ’ത്തെ അറിയാം

ഈ സാധ്യതകളെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്നസെന്റിന്റെ ജയസാധ്യത മാത്രമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാതെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിന് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. 2014ല്‍ ഇടുക്കിയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജ് അവിടെ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നിട്ടും അദ്ദേഹം ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ പോലെയൊരു കരുത്തന്‍ എതിരാളിയായി വന്നാല്‍ അല്ലാതെ ജോയ്‌സ് പരാജയപ്പെടാനിടയില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ പാര്‍ട്ടി ചിഹ്നത്തിന്റെ ആവശ്യവും അദ്ദേഹത്തിനില്ല. ചാലക്കുടി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതലയുള്ള കെ ചന്ദ്രന്‍ പിള്ളയോട് ഇതിനെക്കുറിച്ച് വിളിച്ച് ചോദിച്ചപ്പോള്‍, ‘കൊടുക്കാന്‍ തീരുമാനിച്ചു അത്ര തന്നെ’ എന്നാണ് മറുപടി ലഭിച്ചത്. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം അതൊന്നും ശരിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഇന്നസെന്റിനോട് താല്‍പര്യവുമില്ല എന്നാല്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടുചെയ്യുകയും വേണമെന്ന പ്രതിസന്ധിയാണ് ഈ മണ്ഡലത്തിലെ ഇടതുപക്ഷ അനുഭാവികള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍