UPDATES

കേരളം

എന്തിനാണ് ഇസ്രയേല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ കണ്ണൂരില്‍ എത്തുന്നത്?

തങ്ങള്‍ക്ക് വേണ്ടത് എന്തെന്ന് വളരെ വ്യക്തമായ ധാരണയുള്ളവരാണ് ഇസ്രയേല്‍ പോലീസ് ഉദ്യോഗസ്ഥര്‍

ഇസ്രയേല്‍ പോലീസുകാര്‍ ഇടയ്ക്കിടെ കണ്ണൂരില്‍ സന്ദര്‍ശിക്കാറുണ്ട്. എന്തിനാണന്നല്ലേ? ഇവിടുത്തെ ഒരു തയ്യല്‍ കേന്ദ്രത്തില്‍ നിന്നാണ് ഇസ്രയേല്‍ പോലീസിന്റെ ഇളം നീല നിറത്തിലുള്ള, നീണ്ട കൈകളുള്ള, മനോഹരമായ യൂണിഫോം തുന്നി നല്‍കുന്നത്. കൈത്തറി ഉത്പന്ന നിര്‍മ്മാണ – കയറ്റുമതി രംഗത്ത് മഹത്തായ പാരമ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ വലിയവെളിച്ചം വ്യവസായ പാര്‍ക്കിലുള്ള മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് യൂണിഫോമിന്റെ നിര്‍മ്മാണ ചുമതല. നൂറുകണക്കിന് തയ്യല്‍ക്കാരാണ് ദിവസവും ഇവിടെ ജോലി ചെയ്യുന്നത്.

ഡബിള്‍-പോക്കറ്റ് ഷര്‍ട്ടുകള്‍ തുന്നി നല്‍കുന്നതിന് പുറമേ കൈകളില്‍ ട്രേഡ് മാര്‍ക്ക് ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപകല്‍പ്പന ചെയ്യുന്നതും ഇവര്‍തന്നെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇസ്രയേല്‍ പോലീസിന് ഒരു വര്‍ഷം ഒരു ലക്ഷം ഷര്‍ട്ടുകള്‍ എന്ന തോതില്‍ ഇവിടുന്ന് തുന്നി നല്‍കുന്നുണ്ട്. കുവൈത്ത് അഗ്‌നിശമന സേനയുടെ യൂണിഫോം തയ്ച്ചുനല്‍കുന്നതും ഇവിടെ നിന്നാണ്. കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത്‌പോലെ നടുക്കുകയാണെങ്കില്‍ മരിയന്‍ അപ്പാരല്‍ കമ്പനി ഫിലിപ്പൈന്‍ ആര്‍മിക്കുള്ള യൂണിഫോമുകളും ഉടന്‍തന്നെ നിര്‍മ്മിക്കാന്‍ തുടങ്ങും.

2006-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വിവിധ രാജ്യങ്ങളിലെ സൈന്യം, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യൂണീഫോമുകള്‍ തുന്നി നല്‍കുന്നതില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. പരമ്പരാഗത ബീഡി നിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയ്ക്ക് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു സഹായമെന്നോണം 2008-ലാണ് കണ്ണൂരിലേക്ക് വസ്ത്ര യൂണിറ്റ് മാറ്റുന്നത്. തോമസ് ഒല്‍ക്കലെന്ന പ്രാദേശിക വ്യവസായിയാണ് സംരംഭം തുടങ്ങിയത്.

ഇന്നീ കമ്പനി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഏകദേശം 50,000-1,00,000 ഇസ്രയേലി യൂണിഫോം മാത്രം ഒരു വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഉത്പന്നത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും, സ്റ്റിച്ചിംഗ്, എംബ്രോയിഡറി വര്‍ക്കുകള്‍ എന്നിവയെക്കുറിച്ചും വളരെ വ്യക്തമായ ധാരണയുള്ള ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ അത് ഉറപ്പു വരുത്തുവാനാണ് ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍