UPDATES

വിശകലനം

ദിവസേന ചുരമിറങ്ങുന്നത് 50-ഓളം ആംബുലന്‍സുകള്‍; വയനാട് മെഡിക്കല്‍ കോളേജ് ജനിക്കും മുന്‍പ് കൊല്ലപ്പെട്ടോ?

വയനാടിനൊപ്പം പ്രഖ്യാപിച്ച മറ്റു മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇവിടെ മരംമുറി മാത്രമാണ് നടന്നത്.

ചികില്‍സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്. അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യം ഇനിയും നീണ്ടകാലം വൈകാനാണ് സാധ്യതയെന്ന് നന്നായി അറിയുന്നവരാണ് വയനാട്ടുകാര്‍. ദിവസേന അന്‍പതോളം ആംബുലന്‍സുകള്‍ ചുരമിറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോകുന്നുണ്ട്. ചുരത്തിലെ ഗതാഗത തടസ്സം മൂലം മാത്രം രോഗികള്‍ മരണപ്പെടുന്നു. വയനാടിനൊപ്പം പ്രഖ്യാപിച്ച മറ്റു മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇവിടെ മരംമുറി മാത്രമാണ് നടന്നത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം എല്ലാ മുന്നണികളും വിശദീകരിക്കാന്‍ പാടുപെടുന്ന വിഷയമായി മെഡിക്കല്‍ കോളേജ് മാറിയിരിക്കുന്നു.

ഇപ്പൊ ശെരിയാക്കിത്തരാം, ഇലക്ഷനൊന്ന് കഴിയട്ടെ

മെഡിക്കൽ കോളജ് ഭൂമിയില്‍ പ്രകൃതി ദുരന്ത സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ അധികൃതരുടെ റിപ്പോർട്ടാണ് പ്രധാന തടസ്സമായതെന്നാണ് ഇടതുമുന്നണിയുടെ വാദം. പിണറായി സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്:
“വയനാടിന്‍റെ വികസന സ്വപ്നങ്ങളില്‍ എക്കാലവും മുന്‍പില്‍ നില്‍ക്കുന്ന പദ്ധതിയാണ് മെഡിക്കല്‍ കോളേജ്. അതുകൊണ്ടുതന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എല്ലാകാലത്തും സമരരംഗത്തുണ്ടായിരുന്നത് ഇടതുപക്ഷ പാര്‍ട്ടികളാണ്. വയനാട്ടില്‍ ഒരു സ്വകാര്യ മെഡിക്കല്‍കോളേജ് ഉണ്ടെന്നും, ഇനി മറ്റൊരു ആശുപത്രിയുടെ ആവശ്യമില്ലെന്നും പറഞ്ഞിരുന്ന ഒരു ഡി.സി.സി പ്രസിഡന്‍റ് ഉണ്ടായിരുന്നു ഇവിടെ. എന്നാല്‍ ജനങ്ങളില്‍നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ തങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിനോപ്പം നില്‍ക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായി. ആവശ്യമായ ഭൂമി വിട്ടുനല്‍കാന്‍ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റ് മുന്നോട്ടുവന്നു. പക്ഷെ, കൈവശാവകാശ രേഖകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിയിലെത്തിയാതോടെ പ്രതിസന്ധിയിലായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. അതിനിടെയാണ് മഹാപ്രളയം വരുന്നത്. പ്രളയം വയനാടിന് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും ഇക്കഴിഞ്ഞ പ്രളയം വയനാട്ടിന്‍റെ അടിവേരിളക്കി. അതിനുശേഷം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഈ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയില്ലെന്ന് കണ്ടെത്തി. അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കണമെങ്കില്‍ വലിയ രീതിയിലുള്ള മുതല്‍മുടക്ക് അനിവാര്യമായി വരും. അതുകൊണ്ടാണ് ഈ സ്ഥലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ പകരം മറ്റൊരു സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കുവാനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായി അഞ്ചോളം അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകും. മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും”.

രാഹുല്‍ വരട്ടെ, എല്ലാം ശരിയാകും

2012ലെ ബജറ്റിലാണ് വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. സ്ഥലം ഏറ്റെടുക്കലില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും പരിഹരിച്ച് 2015-ല്‍ ഭൂമി മെഡിക്കല്‍ വിഭ്യാഭ്യസ വകുപ്പിന് കൈമാറിയിരുന്നു. ഭരണം മാറിയതോടെ തുടര്‍ നടപടികളെല്ലാം നിശ്ചലമായെന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രചാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ധിക്ക് പറയുന്നത്. അദ്ധേഹത്തിന്‍റെ വാക്കുകള്‍:

“കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തിയത്. ഭൂമി ഏറ്റെടുത്ത് റോഡ്‌ നിര്‍മ്മാണമടക്കമുള്ള പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചതുമാണ്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. മൂന്നു വര്‍ഷമായി ഒന്നും ചെയ്തില്ല. ഇപ്പോള്‍ പറയുന്നത് ആ സ്ഥലം അനുയോജ്യമല്ല എന്നാണ്. പ്രളയത്തിന്‍റെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. എം. പി.യായിരുന്നപ്പോള്‍ മെഡിക്കല്‍ കോളേജിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു എം.ഐ ഷാനവാസ്. അദ്ദേഹത്തിന്‍റെ അവസാന കാലങ്ങളില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ആ ശ്രദ്ധയും ഇല്ലാതായി. എന്നാല്‍, പ്രസ്തുത പദ്ധതി പ്രദേശത്തെ സി.പി.എമ്മിന്‍റെ എം.എല്‍.എ ഈ വിഷയത്തില്‍ ഒരു വിരലനക്കംപോലും നടത്തിയില്ല. ആര്‍ജ്ജവമുള്ള ഒരു നേതാവും, ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും ഉണ്ടെങ്കില്‍ മാത്രമേ വയനാടിന്‍റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകൂ. രാഹുല്‍ ഗാന്ധി വരുന്നതോടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇനി വയനാടിനൊരു നാഥനുണ്ടാകും”.

ഇവര്‍ ഒന്നും ശെരിയാക്കില്ല

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിർദിഷ്ട ഭൂമിയിൽ വിദഗ്ധ പഠനത്തിനായി സമിതിയെ നിയോഗിക്കണമെന്നും പറഞ്ഞിരുന്നു. അത് അപ്പാടെ നിരാകരിച്ചുകൊണ്ടാണ് പുതിയ സ്ഥലമേറ്റെടുപ്പുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിലെന്തോ ഗൂഢാലോചനയുണ്ട് എന്നാണ് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്‍റ് സജി ശങ്കര്‍ പറയുന്നത്: “ഒരു വർഷം മുൻപ് സംസ്ഥാന സർക്കാർ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചപ്പോൾ വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് ഒരു മണിക്കൂർ പ്രസംഗിച്ച ധനമന്ത്രി ഈ ബഡ്ജറ്റ് വന്നപ്പോൾ വയനാട് മെഡിക്കൽ കോളേജ് ഇല്ലാതാക്കിയതിനെ കുറിച്ചാണ് പ്രസംഗിച്ചത്. എല്ലാം ശെരിയാക്കുമെന്നു പറഞ്ഞു വന്നവരാണ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒരു ജനതയെ വഞ്ചിക്കുന്നത്. വയനാട്ടിലെ അതിലോല പരിസ്ഥിതി പ്രദേശമായ വൈത്തിരി വില്ലേജിൽ ഇരുപത് നിലകൾ വരെയുള്ള കെട്ടിടങ്ങൾ ഇപ്പോഴും കെട്ടിപൊക്കുന്നുണ്ടെന്നിരിക്കെ അഞ്ചു നിലകൾ ഉള്ള മെഡിക്കൽ കോളേജിന് മാത്രം പാരിസ്ഥിതീക പ്രശ്നമുണ്ടെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങൾ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇങ്ങനെ ഒരു പഠനറിപ്പോർട്ട് ഉണ്ടാക്കിയതിന്‍റെ പിന്നിൽ വൻ ഗൂഢാലോചന നടന്നക്കുന്നുണ്ട്. അതുകൊണ്ട്, എങ്ങിനെയാണു വയനാട് മെഡിക്കല്‍ കോളേജ് ജനിക്കുന്നതിനു മുന്‍പേ മരിച്ചുപോയത് എന്നതിനെ സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണം”.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍