UPDATES

ട്രെന്‍ഡിങ്ങ്

‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

ഇനി എന്ത് ചെയ്യണമെന്ന ചോദ്യവുമായി ഫ്‌ളാറ്റ് ഉടമകള്‍

“നിങ്ങള്‍ പൊളിച്ചുകളഞ്ഞോളൂ. പക്ഷെ അതിന് മുമ്പ് ഞങ്ങള്‍ക്കുള്ള കല്ലറയും ഒരുക്കണം”, സുപ്രീം കോടതി പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ മരടിലെ ഫ്ലാറ്റുകളില്‍ ഒന്നിലെ ഉടമസ്ഥനാണ് ബെയോജ് തെമ്മാട്ട്. താനുള്‍പ്പെടുന്നവരുടെ നിസ്സഹായത വെളിപ്പെടുത്താന്‍ ഇതിലും വലിയ വാക്കുകള്‍ ബെയോജിനില്ലായിരുന്നു. “ഞങ്ങളെ കൊന്നിട്ടേ ഇത് പൊളിക്കാന്‍ പറ്റൂ. അല്ലാതെ കിടപ്പാടം പൊളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബലാത്കാരമായി പൊളിക്കാനാണ് വരുന്നതെങ്കില്‍ ആത്മഹത്യകളാവും നിങ്ങളുടെ മുന്നില്‍. ഇത് ഭീഷണിയല്ല, മുന്നറിയിപ്പുമല്ല. ഞങ്ങളുടെ അവസ്ഥ അതാണ്. ഇനി ആത്മഹത്യ നിങ്ങള്‍ക്ക് ഒരു പ്രശ്നമല്ലെങ്കില്‍ ഞങ്ങളുടെ ശവസംസ്‌ക്കാരത്തിനുള്ള സംവിധാനങ്ങള്‍ നിങ്ങള്‍ക്ക് ഒരുക്കാം”, ബെജോയ് തുടര്‍ന്നു.

ബെജോയുടേതടക്കം അനധികൃതമായി നിര്‍മ്മിച്ച മരടിലെ 350 ഫ്‌ളാറ്റുകള്‍ പൊളിച്ചുകളയാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മെയ് എട്ടിനായിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കിയില്ല. മാനുഷിക പരിഗണന കാട്ടണമെന്നും കേസില്‍ യാതൊരുവിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും അപേക്ഷിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ ജൂലൈ 11ന് കോടതി പുന:പരിശോധനാ ഹര്‍ജികളെല്ലാം തള്ളി.

ഇതിനിടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകള്‍ ഇടക്കാല സ്റ്റേ വാങ്ങി. എന്നാല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ മുന്‍വിധി പരിഗണിക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഈ മാസം 20-നകം എല്ലാ ഫ്‌ളാറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. ഉത്തരവ് നടപ്പാക്കാന്‍ മടിക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വരുന്ന 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാനും നിര്‍ദ്ദേശിച്ചു.

തീരദേശ മേഖലാ ചട്ടം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മ്മാണം നിരോധിക്കപ്പെട്ട തീരദേശ ചട്ടം- മൂന്നിലെ ഭൂമിയിലാണ് ഫ്ളാറ്റ് നില്‍ക്കുന്നത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍.

തീരനിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യം വച്ചുതാമസിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം സുപ്രീം കോടതി വിധി ലംഘിച്ചു. അതിസാഹസമൊന്നും വേണ്ട. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ സ്റ്റേ തള്ളിയപ്പോള്‍ അവധിക്കാല ബഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയാണുണ്ടായത്. മുതിര്‍ന്ന അഭിഭാഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പണം മാത്രമാണോ നിങ്ങള്‍ക്ക് എല്ലാം? എന്നിങ്ങനെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന് ഇനി ഒരു അവസരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍ അത്തരം മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. 14 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും ഇതിന് ഇത്രയും ദിവസം ധാരാളമാവുമെന്നും കോടതി പറഞ്ഞു. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് കൂടി കോടതി നല്‍കി.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ നിര്‍മ്മാണം തുടങ്ങാനായില്ല. മറ്റ് നാല് സമുച്ചയങ്ങളിലായി 350 ഫ്ളാറ്റുകളാണ് ഉള്ളത്.

പൊളിച്ച് നീക്കണമെന്ന കടുംപിടുത്തത്തില്‍ സുപ്രീം കോടതി നിലനില്‍ക്കുമ്പോള്‍ കിടപ്പാടം ഇല്ലാതായാല്‍ ജീവനൊടുക്കുമെന്ന് ഉടമകളും പറയുന്നു. “ജീവിതത്തിലെ  അവസാനഘട്ടത്തിലൂടെ  കടന്ന് പോവുന്നവരാണ് ഫ്ളറ്റിലുള്ള പലരും. ജീവിത സമ്പാദ്യങ്ങളല്ലാം ചേര്‍ത്ത് ഫ്‌ളാറ്റ് വാങ്ങിയവരാണ് അതില്‍ എഴുപത് ശതമാനവും. വിദേശത്ത് പോയും, ജോലി ചെയ്തും സമ്പാദിച്ച പണവും സ്വത്തും എല്ലാം ഇതില്‍ നിക്ഷേപിച്ചവര്‍. ഇത് പോയാല്‍ അവര്‍ക്ക് വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള വഴിയുമില്ലാത്തവരാണ് അധികവും. അവരെ സംബന്ധിച്ച് കായലില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വഴിയേ മുന്നിലുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ആയുഷ്‌ക്കാല സമ്പാദ്യമാണിത്. ഫ്ളാറ്റ് പൊളിക്കുകയാണെങ്കില്‍ തന്റെ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നാണ് ഒരു സ്ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്”, ഒരു ഫ്ളാറ്റ് ഉടമ പറഞ്ഞു.

ഫ്‌ളാറ്റ് ഉടമകളായ മറ്റ് ചിലരുടെ വാക്കുകള്‍, “ഈ കിടപ്പാടം പോയാല്‍ ഞങ്ങള്‍ തെരുവില്‍ ഉറങ്ങേണ്ടി വരും. മറ്റൊരിടത്തേക്കും പോവാനില്ല. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല. പൊളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ജെസിബി വന്ന് എന്റെ മുകളിലൂടെ കയറിയിറങ്ങിക്കോട്ടെ. അല്ലെങ്കില്‍ പോലീസുകാര്‍ വെടിവച്ച് കൊന്നോട്ടെ. എന്നാലും പിന്നോട്ടില്ല.”

“ഫ്ളാറ്റുകളിലെ താമസക്കാരായ ഞങ്ങള്‍ക്ക് ഇതേവരെ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല. ഞങ്ങളെ മനുഷ്യജീവികളായിക്കൂടി പരിഗണിക്കാത്ത വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങളെ കേള്‍ക്കണമെന്നായിരുന്നു ആവശ്യം. നിയമം അനുശാസിക്കുന്ന ഏത് പേപ്പറും നല്‍കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും പറഞ്ഞ് തന്നാല്‍ ഏത് വാതില്‍ മുട്ടാനും ആരുടെ കാലില്‍ വീഴാനും ഞങ്ങള്‍ തയ്യാറാണ്. ഈ ഫ്ളാറ്റിന്റെ ഉടമസ്ഥത പോലും ഞങ്ങള്‍ക്ക് തരണ്ട. വെളളവും ഇലക്ട്രിസിറ്റിയും തന്ന് ഞങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി.”

“ഓണമായിട്ട് കുട്ടികള്‍ പൂക്കളമിടാന്‍ പൂവന്വേഷിക്കുമ്പോള്‍, ഓണാഘോഷത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റാതെ നില്‍ക്കേണ്ടി വരുന്ന ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മരിച്ച വീടു പോലെയാണ് എല്ലാ ഫ്ളാറ്റും. കുടിക്കുന്ന വെള്ളം പോലും ഇറങ്ങുന്നില്ല.”

“ഫ്ളാറ്റുകളില്‍ താമസിക്കുന്നവരല്ലേ, എല്ലാരും കാശുകാരല്ലേ? എന്നായിരിക്കും പലരുടേയും ധാരണ. ഞാന്‍ ഈ ഫ്‌ളാറ്റ് വാങ്ങിയതിന്റെ ലോണ്‍ പോലും അടച്ച് കഴിഞ്ഞിട്ടില്ല. പലരും അങ്ങനെയാണ്. കാശുകാരാണെങ്കില്‍ പോലും കിടപ്പാടത്തില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ പറയുന്നത് ധാര്‍മ്മികമായി ശരിയാണോ? അതിനാണോ ഇവിടുത്തെ നിയമങ്ങള്‍? ബില്‍ഡര്‍മാരും പഞ്ചായത്തും ചെയ്ത തെറ്റിന് പണം നല്‍കി വീട് വാങ്ങിയ ഞങ്ങള്‍ എന്തിനാണ് ശിക്ഷ അനുഭവിക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെയാണ് എല്ലാവരും ചേര്‍ന്ന് ശിക്ഷിക്കാനൊരുങ്ങുന്നത്.”

സുപ്രീം കോടതിയുടെ വിധിക്കെതിരെ അവസാന വഴി എന്ന നിലയ്ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് ഫ്ളാറ്റ് ഉടമകള്‍. തങ്ങളെയും കേട്ടതിന് ശേഷം തീരുമാനമെടുക്കണം എന്ന ആവശ്യമാണ് ഉടമകള്‍ ഉന്നയിക്കുക. എന്നാല്‍ ഹര്‍ജി ഫയല്‍ ചെയ്ത് പരിഗണിക്കണമെങ്കില്‍ പത്തോ പതിനഞ്ചോ ദിവസങ്ങള്‍ എടുത്തേക്കാം. അതിനിടയില്‍ സര്‍ക്കാര്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കം നടത്തുമോ എന്നതാണ് ഇവരുടെ ആശങ്ക. കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം നിയമവശങ്ങള്‍ പരിശോധിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.

നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്ളാറ്റ് വാങ്ങിയവരുണ്ട്. അന്ന് നാല്‍പ്പത് ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ നല്‍കിയാണ് പലരും ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൂന്ന് മാസം മുമ്പ് വരെയും ഒരു കോടിയും മൂന്ന് കോടി വരെയും പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവരുമുണ്ട്. ഗോള്‍ഡന്‍ കായലോരം, മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയമാണ്. 2006ല്‍ 40ഉം 50ഉം ലക്ഷം രൂപ മുടക്കിയാണ് പലരും ഫ്ളാറ്റ് വാങ്ങിയത്. ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലാണ് ഫ്ലാറ്റ്. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ നാല്‍പ്പത് ഫ്ളാറ്റുകള്‍. 37 എണ്ണത്തില്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും ആല്‍ഫ വെന്‍ച്വറും ജയിന്‍ ഹൗസിങ്ങും ലക്ഷ്വറി അപാര്‍ട്‌മെന്റ്‌സ് ആണ്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തില്‍ കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെന്‍ച്വര്‍. ഇവയും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മരട് നഗരസഭാ കെട്ടിടത്തിന് സമീപത്താണ് ഫ്ളാറ്റ് സമുച്ചയം. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്താണ് ജെയിന്‍ ഹൗസിങ്. സമുച്ചയത്തിലെ ഒട്ടുമിക്ക ഫ്ളാറ്റുകളും പലരും സ്വന്തമാക്കിയെങ്കിലും നഗരസഭാ ശ്മശാനം മുന്നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമായതിനാല്‍ ശ്മശാനത്തില്‍ നിന്നുള്ള പുക ഫ്ളാറ്റുകളിലേക്ക് എത്തുന്നതു കൊണ്ട് പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഫ്ലാറ്റ് സമുച്ചയത്തിനുള്ളത്.

സിആര്‍ഇസെഡ്-3 കാറ്റഗറിയിലുള്ളയിടത്ത് എന്ത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ നഗരസഭയായി മാറുന്നതിന് മുമ്പ് മരട് പഞ്ചായത്ത് അതോറിറ്റിയെ അറിയിക്കാതെ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഇതാണ് ഇന്ന് 350-ലേറെ ഫ്ലാറ്റുകള്‍ പൊളിക്കേണ്ടതിലേക്ക് എത്തിയിരിക്കുന്നത്.

(ഫോട്ടോ കടപ്പാട്: ദി ഹിന്ദു)

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍