UPDATES

ട്രെന്‍ഡിങ്ങ്

ചര്‍ച്ച് ബില്‍ അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കരിദിനാചരണവും ഇടയലേഖനവുമായി സഭകള്‍; ജനിക്കും മുമ്പേ അന്ത്യം മുന്നില്‍ കണ്ട് ചര്‍ച്ച് ബില്‍

പ്രതിഷേധമുയര്‍ന്നതോടെ ഭരണപരിഷ്‌ക്കരണ കമ്മീഷനും സര്‍ക്കാരും ക്രിസ്തീയ സഭകളേയോ സംഘനകളേയോ പിണക്കാത്ത സമീപനമാണ് സ്വീകരിച്ചത്.

ചര്‍ച്ച് ബില്‍ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പ്രതിഷേധം ആളിക്കത്തിച്ച് ക്രിസ്തീയ സഭകളും സ്ഥാപനങ്ങളും. ചര്‍ച്ച് ബില്‍ സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടും കരിദിനാചരണവും ഇടയലേഖനവുമായി പ്രതിഷേധിക്കുകയാണ് ക്രിസ്തീയ സഭകള്‍. നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നടപടിക്കെതിരെ കെ.സി.ബി.സിയുടെ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിച്ചു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി പ്രസിദ്ധീകരിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലിനെ വിമര്‍ശിക്കുന്നതാണ് ഇടയലേഖനം.

ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണ്. നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലവുള്ള നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണന്നും നിയമ ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ടരെ സമീപിക്കാമെന്നും ഇടയലേഖനത്തില്‍ പറയുന്നു. കത്തോലിക്ക സഭ പുതിയ നിയമം വേണമെന്ന ആവശ്യം ഉന്നിയിച്ചിട്ടില്ലന്നും ക്രൈസ്തവ നാമധാരികളായ ചില അസംതൃപ്തരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നെതെന്നും ഇടയലേഖനം വിമര്‍ശിക്കുന്നു.

എന്നാല്‍ ചര്‍ച്ച് ബില്‍ സര്‍ക്കാറിന്റെ അജണ്ടയിലില്ലെന്നും ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച് ബില്‍ നടപ്പാക്കില്ലെന്നും സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു പദ്ധതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുമ്പ് പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയൊന്നും പ്രതിഷേധങ്ങളെ തണുപ്പിച്ചിട്ടില്ല.

അതേസമയം വിവിധ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്തീയ സഭകളും സംഘടനകളും സ്ഥാപനങ്ങളും. കത്തോലിക്ക് കോണ്‍ഗ്‌സ് കേന്ദ്രസമിതിയുടെ ആഹ്വാനപ്രകാരം എല്ലാ രൂപതകളിലും ഇടവകകളിലും ഇന്ന് കരിദിനമായി ആചരിക്കുകയാണ്. കറുത്ത ബാഡജുകള്‍ ധരിച്ച് റാലികള്‍, ധര്‍ണകള്‍, പൊതു സമ്മേളനങ്ങള്‍, ബോധവത്കരണ പരിപാടികള്‍, പ്രതിഷേധ കത്തയക്കല്‍ എന്നിങ്ങനെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ നടത്തും.

കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കാനും സഭാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുക്കുവാനും അധികാരം നല്‍കുന്ന കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ 2019 അടിയന്തിരമായി പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗ്ം ആവശ്യപ്പെട്ടു.

ചര്‍ച്ച് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോട്ടയം അതിരൂപത വിമര്‍ശിച്ചു. ക്രൈസ്തവസഭകളുടെ വസ്തുവകകള്‍ സുതാര്യമല്ലാത്ത വിധത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന പുകമറ സൃഷ്ടിക്കുന്ന തരത്തിലാണ് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്ക് നല്‍കുന്ന മൗലിക അവകാശങ്ങളില്‍ കടന്നു കയറുന്നതിനോ ഈ അവകാശങ്ങളെ നിയന്ത്രിക്കുന്നതിനോ ആയ ഒരു നീക്കവും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കോട്ടയം അതിരൂപത പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബില്ലിനെതിരെ കോട്ടയം അതിരൂപതയില്‍ ഇന്ന് പ്രതിഷേധ ദിനമാചരിക്കുകയാണ്.

ബില്ലില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പ്രമേയങ്ങള്‍ ഇന്ന് പള്ളികളില്‍ വായിച്ചു. പ്രതിഷേധ പ്രമേയം ഇടവകകളില്‍ അവതരിപ്പിച്ച് വികാരിയുടേയിം സഭാ വിശ്വാസികളുടേയം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും അയക്കാനാണ് സഭാ അധികാരികള്‍ ഉദ്ദേശിക്കുന്നത്.

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കേരള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ആക്ട് നടക്കാപ്പണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതില്‍ തുടര്‍നടപടികളുണ്ടായിരുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തിന് ശേഷം കേരളത്തില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് സഭാ പരിഷ്‌ക്കരണവാദികള്‍ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ പലരും സംശയമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തു. മാര്‍ച്ച് ആറിനുള്ളില്‍ ബില്ല് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ദ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്)ബില്‍ 2019 എല്ലാ പേരിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്തവ സഭകളുടെയും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും സ്വത്ത് ഉപയോഗത്തിനു കടിഞ്ഞാണിടാന്‍ പാകത്തിനുള്ള ചര്‍ച്ച് ആക്ട് കരട് ബില്ല് പ്രസിദ്ധീകരച്ച അന്ന് മുതല്‍ പ്രതിഷേധങ്ങള്‍ ശക്തമാണ്. ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ആണ് ചര്‍ച്ച് ആക്ട് കരട് വിജ്ഞാപനം ഇറക്കിയത്.

ഓരോ സ്ഥാപനവും ഇടവകകളും വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. പരാതികള്‍ കേള്‍ക്കുന്നതിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും കരട് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം. സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും. പരാതികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച് ട്രൈബ്യൂണല്‍ സ്ഥാപിക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

പ്രതിഷേധമുയര്‍ന്നതോടെ ഭരണപരിഷ്‌ക്കരണ കമ്മീഷനും സര്‍ക്കാരും ക്രിസ്തീയ സഭകളേയോ സംഘനകളേയോ പിണക്കാത്ത സമീപനമാണ് സ്വീകരിച്ചത്. അഭിപ്രായ സ്വരൂപണത്തിനായി മാത്രമാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ കെ ടി തോമസ് പറഞ്ഞിരുന്നു. സിപിഎമ്മും സര്‍ക്കാരും ബില്‍ നടപ്പാവില്ല എ്ന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ സഭാ പരിഷ്‌ക്കരണ വാദികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചര്‍ച്ച് ആക്ട് എന്നത് കരട് ബില്ലോടെ അടഞ്ഞ അധ്യായമായി മാറിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍