UPDATES

‘കൂടെ നില്‍ക്കുന്നവരെയെല്ലാം ചേര്‍ത്ത് സമരം’; വയല്‍ക്കിളി സമരം സിപിഎമ്മില്ലാത്ത ‘ആറന്‍മുള’യോ?

വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ ആരംഭിച്ച സമരത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഏത് തരത്തിലായിരിക്കും സമരത്തെ മുന്നോട്ട് കൊണ്ടുപോവുക?

കേരളം കീഴാറ്റൂരിനെ കാണാനും ശ്രദ്ധിക്കാനും തുടങ്ങിയിട്ട് കഴിഞ്ഞ കുറേക്കാലങ്ങളായി. കീഴാറ്റൂരിലെ വയലുകള്‍ നികത്തിക്കൊണ്ട് ബൈപ്പാസ് വരുന്നതിനെതിരെ നടത്തുന്ന സമരമാണ് അതിന് കാരണമായത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും സിപിഎമ്മിനെതിരെ കീഴാറ്റൂരിലെ വിരലിലെണ്ണാവുന്ന ‘വികസന വിരോധി’കളും ‘പാര്‍ട്ടി വിരുദ്ധ’രും വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തുന്ന സമരം എന്ന് പറഞ്ഞ് പലപ്പോഴും അതിനെ തള്ളിക്കളഞ്ഞു പലരും. അതില്‍ സിപിഎം പാര്‍ട്ടി നേതാക്കളാണ് അധികവും എന്നത് യാഥാര്‍ഥ്യവുമാണ്. എന്നാല്‍ ഇന്നത് ഏതാനും ‘കുടുംബക്കാരി’ല്‍ നിന്ന് മാറി, നൂറായി ആയിരമായി വളര്‍ന്നിരിക്കുന്നു. ആ കാഴ്ചയ്ക്കാണ് ഞായറാഴ്ച കീഴാറ്റൂര്‍ എന്ന പാര്‍ട്ടി ഗ്രാമം സാക്ഷ്യം വഹിച്ചത്.

മാര്‍ച്ച്24,25 തീയതികള്‍ കീഴാറ്റൂരിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസങ്ങളായിരുന്നു. 24 ശനിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ‘നാടിന് കാവല്‍’ മാര്‍ച്ചും കൂട്ടായ്മയും പാര്‍ട്ടിഗ്രാമത്തില്‍ പ്രതീക്ഷിക്കാവുന്നത് പോലുള്ള വന്‍ജനകീയ പങ്കാളിത്തത്തോടെ നടന്നു. നാടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് നാട് കാക്കാനായി കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതിയും അന്ന് ജന്‍മം കൊണ്ടു. ബൈപ്പാസും ദേശീയപാതാ വികസനവും ഏതൊരു മനുഷ്യന്റേയും ആവശ്യമാണെന്നും, അടിസ്ഥാന വികസനമാണെന്നും ആ പദ്ധതിക്ക് തുരങ്കം വക്കാന്‍ കീഴാറ്റൂരിലെ ഏതാനും പേരേയും പുറത്തുനിന്ന് എത്തുന്നവരേയും അനുവദിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടായിരുന്നു ബഹുജനമാര്‍ച്ചും ജനകീയസംരക്ഷണ സമിതിയുടെ രൂപീകരണവും. ആദ്യഘട്ടത്തിലൊഴികെ പിന്നീടിങ്ങോട്ടെല്ലാം കീഴാറ്റൂരില്‍ സമരക്കാര്‍ക്കും, അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കും എതിര് നിന്ന സിപിഎം തങ്ങളുടെ നിലപാട് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. പിന്നീട് എല്ലാവരുടേയും ശ്രദ്ധ 25നു ഞായറാഴ്ച നടക്കുന്ന വയല്‍ക്കിളികളുടെ മാര്‍ച്ചിലേക്കായിരുന്നു. സമരക്കാര്‍ക്ക് പിന്തുണച്ചുകൊണ്ട് വയല്‍ക്കിളികൊള്‍ക്കൊപ്പം അണിചേരാന്‍ ‘കേരളം കീഴാറ്റൂരിലേക്ക്’ എത്തി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് തുടങ്ങിയ ബഹുജനമാര്‍ച്ചില്‍ ആയിരത്തിലധികം പേര്‍ പങ്കുചേര്‍ന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് എത്തിയ വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷണങ്ങളുള്ളവരും, പരിസ്ഥിതി പ്രവര്‍ത്തകരും അതില്‍ പങ്കാളികളായി. സിപിഎമ്മുകാര്‍ കത്തിച്ചതെന്ന് ആരോപിക്കപ്പെടുന്ന സമരപ്പന്തല്‍ വീണ്ടും കെട്ടിപ്പടുത്ത് വയല്‍ക്കിളികള്‍ മൂന്നാംഘട്ട സമരത്തിനും തുടക്കമിട്ടു.

ഇനിയെന്ത്? ഈ ചോദ്യത്തിനാണ് ഇനി പ്രസക്തി. വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ ആരംഭിച്ച സമരത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഏത് തരത്തിലായിരിക്കും സമരത്തെ മുന്നോട്ട് കൊണ്ടുപോവുക? ബിജെപി തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും, സിപിഎം എതിര്‍ക്കുകയും, യുഡിഎഫ് പിന്തുണയുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ബിജെപി നയിക്കുന്ന സമരമായി വയല്‍ക്കിളി സമരം മാറുമോ എന്നതാണ് പലരും ഉന്നയിക്കുന്ന സംശയം. നാഷണല്‍ ഹൈവേ അതോറിറ്റിയാണ് അലൈന്‍മെന്റിന്റെ കാര്യത്തില്‍ അവസാന വാക്കെന്നും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും,യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരാണ് കീഴാറ്റൂര്‍ വഴിയുള്ള ബൈപ്പാസ് നിര്‍മ്മാണ തീരുമാനത്തിലെ ‘പ്രതി’ എന്നുമുള്ള വിമര്‍ശനങ്ങളാണ് സിപിഎമ്മില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇതിനുള്ള മറുപടിയെന്നോണം എം.പികൂടിയായ ചലച്ചിത്രതാരം സുരേഷ്‌ഗോപി സമരക്കാരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ‘എല്ലാം അങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവക്കാന്‍ നോക്കണ്ട’ എന്നാണ്. കീഴാറ്റൂരിലെ സമരക്കാരുടെ ആവശ്യത്തിനൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ച ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ സിപിഎം ഇനി ശ്രമം നടത്തേണ്ട എന്ന താക്കീത് കൂടിയായിരുന്നു അത്. പാര്‍ട്ടിഗ്രാമത്തിലേക്കുള്ള ബിജെപിയുടെ പ്രവേശനത്തിന് ഒരു വഴിയായി ഇപ്പോള്‍ പാര്‍ട്ടിവിരുദ്ധരായ ചിലരെ കൂട്ടുപിടിക്കുകയാണെന്ന വിമര്‍ശനവും സിപിഎം പക്ഷത്തുനിന്നുണ്ടാവുന്നുണ്ട്. സമരത്തിന്റെ മൂന്നാംഘട്ടം അത്തരത്തിലാണ് ചോദ്യം ചെയ്യപ്പെടുന്നതും.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

ഇതിനുള്ള ഉത്തരം സമരക്കാര്‍ തന്നെ നല്‍കും; ‘തീര്‍ച്ചയായും ഇത് ആറന്‍മുള സമരത്തിന്റെ മാതൃക പിന്തുടരുന്ന സമരമായിരിക്കും. നമ്മള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന് വേണ്ടിയുള്ള സമരമാണിത്. അതില്‍ പങ്കുചേരുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമൊന്നും തിരയേണ്ടതില്ല. അത് കണക്കിലെടുക്കേണ്ടതുമില്ല. അത്തരം കാര്യങ്ങള്‍ മാറ്റിവച്ച് ഒരു പൊതുവായ കാര്യത്തിനായി ഒത്തുചേരുകയാണ്. തുടര്‍ന്നുള്ള സമരത്തിന്റെ സ്വഭാവം നിശ്ചയിച്ചിട്ടില്ല. അത് ഉരുത്തിരിഞ്ഞ് വരും. ചിലപ്പോള്‍ ഈ ഗ്രാമം കടന്ന് അത് പട്ടണത്തിലേക്കും സെക്രട്ടറിയേറ്റ് പടിക്കലേക്കും വരെയെത്താം. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ബഹുജന മാര്‍ച്ചില്‍ സിപിഎം വിലക്ക് പോലും വകവക്കാതെ ഗ്രാമവാസികളില്‍ പലരും, സിപിഎം പ്രവര്‍ത്തകര്‍ പോലും പങ്കെടുത്തിരുന്നു. ജനക്കൂട്ടത്തിന്റെ ഒഴുക്ക് കണ്ട് കൈക്കുഞ്ഞുങ്ങളേയുമെടുത്താണ് നാട്ടുകാരായ പല സ്ത്രീകളും മാര്‍ച്ചില്‍ ഒപ്പം ചേര്‍ന്നത്. കീഴാറ്റൂരിലെ പലരും മനസ്സുകൊണ്ട് സമരക്കാര്‍ക്കൊപ്പമുണ്ടെന്ന വെളിപ്പെടല്‍ കൂടിയായിരുന്നു അത്.’

സിപിഎമ്മും ബിജെപിയുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആറന്‍മുളയിലെ ഏക്കറ് കണക്കിന് വരുന്ന വയലുകളേയും നീര്‍ത്തടങ്ങളേയും ‘വികസന’ത്തില്‍ നിന്ന് രക്ഷിച്ചത്. അവശേഷിക്കുന്ന നെല്‍വയലില്‍ ഒരിഞ്ച് പോലും നികത്താന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സമരത്തില്‍ ബിജെപിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ അണിചേര്‍ന്നാല്‍ അതില്‍ എങ്ങനെ തെറ്റ് പറയാനാവും എന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. ആറന്‍മുളയിലെ വിഷയം തന്നെയാണ് കീഴാറ്റൂരിലേയും ജനങ്ങള്‍ ഉന്നയിക്കുന്നതെന്നതിനാല്‍ ഒരിക്കല്‍ ബിജെപിയോടൊപ്പം നിന്ന് വയല്‍നികത്തിനെതിരെ പോരാടിയ പാര്‍ട്ടി തന്നെ ദുരാരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത് ദു:ഖകരമാണെന്നാണ് വയല്‍ക്കിളികളുടെ അഭിപ്രായം.

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കുമ്മനം പറയുന്നതിങ്ങനെ, ‘കീഴാറ്റൂരിലേത് അതിജീവനത്തിനായുള്ള സമരമാണ്. പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്തുക മൂലം സംഭവിക്കുന്ന പാരിസ്ഥിതികാഘാതത്തിനെതിരെയാണ് സമരം. ബിജെപി ഏതെങ്കിലും തരത്തില്‍ സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്ന സിപിഎമ്മുകാരുടെ ആരോപണം ജനകീയ വിഷയമല്ല. അത് അവരുടെ രാഷ്ട്രീയപരമായ കാര്യമാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഉള്ളപ്പോള്‍ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്താനുള്ള തീരുമാനം വരുന്നു. അതിനെതിരെ സമരക്കാര്‍ ഉന്നയിക്കുന്ന ചോദ്യത്തിനല്ലേ അവര്‍ ഉത്തരം പറയേണ്ടത്. മാര്‍ക്‌സിസ്റ്റുകാരാണോ അല്ലാത്തവരാണോ എന്നതല്ല, സമരം ചെയ്യുന്നവര്‍ ജനങ്ങളാണ്. രാഷ്ട്രീയം പലര്‍ക്കും പലതായിരിക്കും. എന്നാല്‍ ഇത് ഒരു സാമൂഹ്യ വിഷയമാണ്. ഒരു തെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ചെയ്യുന്നത് തെറ്റാണെന്ന് സമ്മതിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ മറയ്ക്കാന്‍ സമരവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സിപിഎം. നെല്‍ വയല്‍ നികത്തുന്നത് ന്യായീകരിക്കാന്‍ സമരം നടത്തുന്നത് ആദ്യമായിട്ട് കേള്‍ക്കുകയാണ്.’

ബഹുജന മാര്‍ച്ച് കഴിഞ്ഞതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സമരത്തിന് പിന്തുണയുമായെത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാരാണെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവക്കാനില്ലെന്നും വയല്‍ക്കിളികളുമായി ഇനി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം മേല്‍പ്പാലം പണിതുകൊണ്ട് അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള ദേശീയപാതയില്‍ തളിപ്പറമ്പ് ജംഗ്ഷനിലൂടെ മേല്‍പ്പാലം നര്‍മ്മിച്ച് ദേശീയപാതാ വികസനം നടത്തണമെന്നും ബൈപ്പാസ് നിര്‍മ്മാണം ഒഴിവാക്കണമെന്നുമുള്ള വയല്‍ക്കിളികളുടെ ആവശ്യമല്ല അദ്ദേഹം പരിഗണിച്ചത്. പകരം കീഴാറ്റൂരില്‍ നെല്‍വയലുകള്‍ക്ക് മുകളിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യമാണ്. എന്നാല്‍ നെല്‍ വയലുകളിലൂടെയുള്ള മേല്‍പ്പാലവും അംഗീകരിക്കാനാവുന്നതല്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മേല്‍പ്പാലമായാലും വയലുകള്‍ നികത്തപ്പെടും എന്നത് തന്നെയാണ് അതിന് കാരണമായി വയല്‍ക്കിളികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

ദേശീയപാതാ വികസനവും ബൈപ്പാസ് നിര്‍മ്മാണവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനമായതിനാല്‍ സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും തീരുമാനത്തില്‍ നിന്ന് ഒരിഞ്ചും പുറകോട്ടില്ലെന്ന നിലപാടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പങ്കുവക്കുന്നത്.  ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പ്രകടനപത്രികയിലുണ്ട്. ദേശീയപാത 45മീറ്ററീയി വര്‍ധിപ്പിക്കുക, ബൈപ്പാസ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക എന്നതാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ബൈപ്പാസ് നിര്‍മ്മാണം തീരുമാനിച്ചത്. അത് ത്വരിതഗതിയില്‍ നടപ്പിലാക്കാന്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റിയാണ് ബൈപ്പാസ് കീഴാറ്റൂര്‍ വഴി വേണമെന്ന് തീരുമാനിച്ചത്. സ്വാഭാവികമായും അവര്‍ പറയുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥമേറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചത്. അതിന്റെ ഭാഗമായി സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചിരിക്കുന്ന ഘട്ടത്തിലാണ് എലവേറ്റഡ് ഹൈവേ വേണമെന്ന അഭിപ്രായവുമായി ചിലര്‍ എത്തിയത്. നാഷണല്‍ ഹൈവേ അതോറിറ്റി അതനുസരിച്ചുള്ള നിര്‍ദ്ദേശം നല്‍കിയാല്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്യും. റോഡിന് വീതി കൂട്ടണമെന്ന കാര്യത്തില്‍ സിപിഎമ്മിന് യാതൊരു തര്‍ക്കവുമില്ല. അത് സിപിഎമ്മിന്റെ മാത്രം കാര്യമല്ല, കേരളത്തിലെ പൊതുവായ വികസന താത്പര്യം കൂടിയാണ്. വികസന കാര്യത്തില്‍ ഞങ്ങളുടെ നയത്തിന്റെ ഭാഗമായിട്ടാണ് നിലപാടെടുക്കുന്നത്.’

ദേശീയപാതാ വികസനം പോലെ തന്നെ ഇടതുപക്ഷ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ട കാര്യമാണ് വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല എന്നത്. മറ്റ് സാധ്യതകള്‍ നിലനില്‍ക്കെ വയല്‍ നികത്തിയുള്ള റോഡ് നിര്‍മാണത്തിനായി വാദിക്കുക വഴി പ്രകടന പത്രികയിലെ വാഗ്ദാനത്തെ അവഗണിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ വികസനത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ അത്തരം നികത്തലുകള്‍ വന്നാലും മറ്റ് വയലുകളില്‍ കൃഷിയിറക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം ‘പച്ചപ്പ് സംരക്ഷിക്കുക, കൃഷി സംരക്ഷിക്കുക എന്നിവ പ്രകടന പത്രികയിലുണ്ട്. അതിന്റെ ഭാഗമായാണ് ഹരിതകേരള മിഷന്‍. തരിശിട്ട നെല്‍വയലുകള്‍ നെല്‍കൃഷി നടത്തുക, തരിശിട്ട കൃഷി ഭൂമി കൃഷിയോഗ്യമാക്കുക-ഈ പരിപാടിയാണ് കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലും 508 ഹെക്ടര്‍ സ്ഥലത്താണ് തരിശിട്ട വയലുകള്‍ കൃഷിഭൂമിയാക്കിയിട്ടുള്ളത്. മഴക്കുഴികളും നിര്‍മ്മിച്ചിട്ടുണ്ട്. വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചത്. ഇതെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. നാടിന്റെ ആവശ്യത്തിന് വേണ്ടി ചില വയലുകളുടെ ഭാഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ പകരം ഭൂമിയില്‍ കൃഷി അഭിവൃദ്ധിപ്പെടുത്തുക എന്ന മഹത്തായ കാഴ്ചപ്പാടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്.’

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ച അലൈന്‍മെന്റ് അതേപടി നടത്തിക്കൊടുക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന വാദഗതിയെ പലരും ചോദ്യം ചെയ്‌തെത്തിയിട്ടുണ്ട്. അത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പല അലൈന്‍മെന്റുകളും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം മാറ്റി നിശ്ചയിക്കപ്പെട്ട ചരിത്രവുമുണ്ട്. എന്നാല്‍ എല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് കൈകഴുകുന്ന കേരള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. കേരളം പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, വയലുകള്‍ ഏറെക്കുറെ ഇല്ലാതായി തീര്‍ന്നിരിക്കുന്ന സ്ഥലത്ത് ജനങ്ങളെ കുടിയൊഴിപ്പിച്ചും നെല്‍വയലും തണ്ണീര്‍ത്തടവും നികത്തിയുമുള്ള റോഡ് നിര്‍മ്മാണം ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണ്. രണ്ട് വഴികളും ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണെന്നിരിക്കെ ഇനി ബദല്‍ മാര്‍ഗങ്ങള്‍ ആണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ തന്നെ പലയിടത്തും വിജയിച്ച മേല്‍പ്പാല നിര്‍മ്മാണങ്ങളാണ് ഇതില്‍ ഏറ്റവും നല്ല മാര്‍ഗമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സി.ആര്‍ നീലകണ്ഠന്‍ പറയുന്നതും മറ്റൊന്നല്ല; ‘ദേശീയപാതയില്‍ ചാലക്കുടിയുള്ളത് പോലെ ഒരു മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ തളിപ്പറമ്പിലുള്ളൂ. മന്ത്രി പറഞ്ഞിരിക്കുന്ന കീഴാറ്റൂര്‍ വഴിയുള്ള മേല്‍പ്പാല നിര്‍മ്മാണം നമുക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. അലൈന്‍മെന്റില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നതില്‍ സംശയമില്ല. അതില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ എനിക്ക് ചോദിക്കാനുള്ളൂ. ഇതുവരെ ദേശീയപാതാ അതോറിറ്റി പറഞ്ഞ വഴികളിലൂടെ മാത്രമാണോ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത്? എത്രയോ സ്ഥലത്ത് സര്‍ക്കാര്‍ ഡിസൈന്‍ മാറ്റിയിരിക്കുന്നു. ദേശീയപാതാ അതോറിറ്റി ഓപ്ഷന്‍ നല്‍കുന്നത് തന്നെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ്. ഏറ്റവും കുറഞ്ഞ അളവിലുള്ള ഭൂമി ഏറ്റെടുക്കല്‍, കുറഞ്ഞ ചെലവ് ഏതാണ് തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കുമ്പോള്‍ തന്നെ സോഷ്യല്‍ കോസ്റ്റും എക്കോളജിക്കല്‍ കോസ്റ്റും എല്ലാം നോക്കി സംസ്ഥാന സര്‍ക്കാരാണ് അത് തീരുമാനിക്കേണ്ടത്. ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുള്ള അലൈന്‍മെന്റ് വന്നപ്പോള്‍ അത് ഇവിടുത്തെ മാധ്യമങ്ങള്‍ മുഴുവന്‍ എഴുതി. ഓരോ ബാറിന്റേയും മുന്നില്‍ വളഞ്ഞുപോവുന്ന റോഡാണ്. 23 ബാറിനെ ഒഴിവാക്കിക്കൊണ്ടാണ് അത് നിര്‍മ്മിച്ചത്. ബാറുള്ളയിടത്തെല്ലാം വളവുണ്ട്. അതെങ്ങനെ സംഭവിച്ചു? ദേശീയപാതാ അതോറിറ്റിയാണോ വളക്കാന്‍ പറഞ്ഞത്? അവര്‍ അത് ചെയ്യില്ലെന്ന് ഉറപ്പാണ്. നേരെയുള്ള റോഡിനാണ് അവര്‍ ശ്രമിക്കുക. കാരണം ചെലവ്കുറഞ്ഞതും ഈട് കൂടുതലും ആയിരിക്കും അത് എന്നുള്ളതുകൊണ്ട്. അപ്പോള്‍ അത് സംസ്ഥാന സര്‍ക്കാരാണ് ചെയ്തത്. അതായത് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി അലൈന്‍മെന്‍രില്‍ ഇടപെടാന്‍ കഴിയും. പാടം നികത്തി റോഡ് പണിയുന്നതിനെതിരെ സിപിഎമ്മിന് നിലപാടുണ്ടോ എന്നാണ് അറിയേണ്ടത്. ഇല്ലെന്ന് ഉറപ്പാണ്. കാരണം ചര്‍ച്ചകളിലെല്ലാം അവര്‍ പറയുന്നത് പലയിടങ്ങളിലും പാടം നികത്തിയ കഥകളാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എട്ടിലൊന്ന് നെല്‍വയലുകളാണ് ഇല്ലാതായത്.’

സിപിഎമ്മും സര്‍ക്കാരും ഒരു പക്ഷത്തും വയല്‍ക്കിളികളും അവരെ പിന്തുണക്കുന്നവരും മറുപക്ഷത്തും നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. പക്ഷെ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ ഒന്നേ പറയുന്നുള്ളൂ ‘ഈ വയല്‍ നികത്തി ഒരു റോഡ് ഇവിടെ വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതിന് ആര് കൂടെ നില്‍ക്കുന്നോ അവരെയെല്ലാം ചേര്‍ത്ത് സമരം നയിക്കും. ബൈപ്പാസ് പദ്ധതി കീഴാറ്റൂരില്‍ നിന്ന് പോവുന്നത് വരെ’.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍