UPDATES

സിപിഎമ്മിനെ വിറപ്പിച്ച് തുടര്‍ച്ചയായി 5 തവണ കണ്ണൂരില്‍ നിന്നും എം.പി; രാഹുലിന്റെ മുല്ലപ്പള്ളി പരീക്ഷണം വിജയിക്കുമോ?

ഒടുവിൽ രാഹുൽ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ഒരൊറ്റ പേരിലേക്ക് എത്തിയെങ്കിൽ അതിനു മുല്ലപ്പള്ളിക്ക് സഹായകമായ ഒട്ടേറെ ഘടകങ്ങളും ആളുകളുമുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്ത ഫ്ളക്സ് യുദ്ധങ്ങൾക്കും സെല്‍ഫ് പ്രൊമോഷൻ തന്ത്രങ്ങൾക്കുമൊടുവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. കറകളഞ്ഞ കോൺഗ്രസ് നേതാവും ഗ്രൂപ്പുകൾക്ക് അതീതനുമായ മുല്ലപ്പള്ളി അർഹിക്കുന്ന പദവി തന്നെയാണ് ഒടുവിൽ അദ്ദേഹത്തെ തേടിയെത്തിരിയിരിക്കുന്നത്. വി.എം സുധീരന് ശേഷം രാഹുൽ ഗാന്ധിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തുന്ന രണ്ടാമത്തെ പരീക്ഷണമാണ് ഇത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ നിയമനത്തിന്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ (കെ എസ് യു) കോൺഗ്രസ് നേതൃനിരയിലേക്ക് എത്തിച്ചേർന്ന കോഴിക്കോട് വടകരയ്ക്കടുത്ത ചോമ്പാൽ എന്ന കൊച്ചു ഗ്രാമത്തിൽ 1946 ഏപ്രിൽ 15-ന്റെ വിഷുപ്പുലരിയിൽ സ്വാതന്ത്ര്യ സമര സേനാനി മുല്ലപ്പള്ളി ഗോപാലൻ – പാറു ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച രാമചന്ദ്രനെ സംബന്ധിച്ചടത്തോളം കോൺഗ്രസ് എന്നത് ഒരു വലിയ വികാരമാണ്, അന്നും ഇന്നും. അതുകൊണ്ടു തന്നെ ഈ കെപിസിസി അധ്യക്ഷ പദവി ഒരുപക്ഷെ അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നു കൂടിയാണ്.

യോഗ്യതകൾ ഏറെയുണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, 1967ൽ ഉമ്മൻ ചാണ്ടി കെ എസ് യു സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെ അന്നത്തെ വൈസ് പ്രസിഡണ്ട്. പിന്നീട് സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്. 1984ൽ കെ പി സി സി ജനറൽ സെക്രട്ടറി, 1988 മുതൽ 95 വരെ എ ഐ സി സി ജോയിന്റ് സെക്രട്ടറി, ഏറ്റവുമൊടുവിൽ രാഹുൽ ഗാന്ധി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനിന്റെ മുഖ്യ വരണാധികാരി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നോ ഹൃദയ ഭൂമി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കണ്ണൂരിൽ നിന്നും അഞ്ചു തവണ പാർലമെന്റിലേക്കു തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഏക കോൺഗ്രസ്സുകാരൻ എന്ന ബഹുമതിക്കൊപ്പം വടകര സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു നിലനിർത്തുന്ന എം.പി എന്ന വിശേഷണവും കൂടിയുണ്ട് രണ്ടു തവണ കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിക്ക്.

ഉയർച്ച എന്ന പോലെ തന്നെ പരാജയവും മുല്ലപ്പള്ളിയെ തേടിവന്നിട്ടുണ്ട്. അതിൽ പ്രധാനം കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ നിന്നും രണ്ടു തവണ നേരിടേണ്ടിവന്ന പരാജയം തന്നെ – 1999-ലും 2004-ലും. കണ്ണൂരിൽ നിന്നും ആറാം ജയം പ്രതീക്ഷിച്ചിറങ്ങിയ മുല്ലപ്പള്ളിയെ 99-ലും പിന്നീട് 2004-ലും വീഴ്ത്തിയത് എസ്എഫ്ഐ നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടിയായിരുന്നു. സ്വന്തം നിഴൽ പോലെ കൂടെ കൊണ്ടുനടന്നയാൾക്കൊപ്പം, കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെയും ഈ പരാജയങ്ങളുടെ പേരിൽ മുല്ലപ്പള്ളി സ്വകാര്യ ഭാഷണങ്ങളിലെങ്കിലും ഇപ്പോഴും പഴിക്കുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തുടക്കത്തിൽ ഒട്ടേറെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. ഉമ്മൻ ചാണ്ടി, കെ സുധാകരൻ, ബെന്നി ബെഹനാൻ, വി ഡി സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെ ആ പേരുകൾ നീണ്ടുകൊണ്ടേയിരുന്നു. ഇതിനിടയിൽ താത്ക്കാലിക അധ്യക്ഷൻ എം എം ഹസ്സൻ തന്നെ സ്ഥിരക്കാരൻ ആവുമെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും കെ മുരളീധരനും സ്വമേധയാ പിൻവാങ്ങിയപ്പോഴും കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് എന്നിങ്ങനെ ചില പുതിയ പേരുകളും കൊണ്ടാട്ടം വറക്കുംപോലെ ചില മാധ്യങ്ങൾ കൊണ്ടാടുകയുണ്ടായി. ഇതിനിടയിൽ രാജ്യസഭ അംഗത്വം പുതുക്കികിട്ടാതെ വന്നപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ കലി തുള്ളിയ പി.ജെ കുര്യൻ കൂടി രംഗത്തെത്തി. പുതിയ പിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ അദ്ദേഹം മുന്നോട്ടു വെച്ചു. അതിൽ പ്രധാനപ്പെട്ടത് ജാതി-മത പരിഗണ പാടില്ലെന്നും പ്രവർത്തന പാരമ്പര്യവും സംഘാടക മികവും നോക്കി വേണം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എന്നുള്ളതുമായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു അദ്ദേഹം സ്വയം പ്രൊമോട്ട് ചെയ്യുകയാണെന്ന മട്ടിൽ ചില വ്യാഖ്യാനങ്ങളും വന്നു.

ഒടുവിൽ രാഹുൽ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ഒരൊറ്റ പേരിലേക്ക് എത്തിയെങ്കിൽ അതിനു മുല്ലപ്പള്ളിക്ക് സഹായകമായ ഒട്ടേറെ ഘടകങ്ങളും ആളുകളുണ്ട് എന്നുകൂടി പറയാതെ തരമില്ല. ഐ ഗ്രൂപ്പിൽ നിന്നും രംഗത്തുവന്ന കെ സുധാകരൻ മുല്ലപ്പള്ളിക്കും ബെന്നിക്കുമൊക്കെ കടുത്ത വെല്ലുവിളി തന്നെയാണ് ഉയർത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളുടെ അമിതാവേശം ഒടുവിൽ വിനയായി ഭവിച്ചു എന്നു തന്നെവേണം മനസ്സിലാക്കാൻ. സുധാകര അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനും അപ്പുറം അനുയായികളിൽ ചിലർ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിലേക്കും കടന്നു കയറിയതും ബിജെപി യിലേക്ക് ക്ഷണിച്ചു കൊണ്ടു ചില സംഘപരിവാർ നേതാക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്നുമുള്ള സുധാകരന്റെ വെളിപ്പെടുത്തലും ഒരു മികച്ച സംഘാടകനായ സുധാകരന് ചില്ലറ പരിക്കൊന്നുമല്ല ഏൽപ്പിച്ചത്.

ഇന്ദിരാ ഗാന്ധിയോടുള്ള പ്രതിപത്തി നിമിത്തം തുടക്കത്തിൽ ഐ വിഭാഗക്കാരനായി അറിയപ്പെട്ടിരുന്ന മുല്ലപ്പള്ളി പിന്നീട് രാജീവ് ഗാന്ധിക്കൊപ്പം നിന്നപ്പോള്‍ കരുണാകരനെ തള്ളിപ്പറഞ്ഞെങ്കിലും ഒടുവിൽ കരുണാകരനെയും പുത്രൻ കെ മുരളീധരനെയും കോൺഗ്രസിൽ തിരിച്ചു കൊണ്ടുവരുന്നതിലുള്ള പങ്കും മുല്ലപ്പള്ളിക്ക് തുണയായി എന്നു തന്നെ വേണം കരുതാൻ. കൂട്ടത്തിൽ എ കെ ആന്റണിയുടെ പിന്തുണയും ഉമ്മൻ ചാണ്ടിയുടെ മൗന സമ്മതവും കൂടിയായപ്പോൾ എല്ലാം മുല്ലപ്പള്ളിക്ക് അനുകൂലമായി.

മുല്ലപ്പള്ളി കറകളഞ്ഞ കോൺഗ്രസ്സുകാരനും മികച്ച വാഗ്മിയും നല്ല സംഘാടകനുമൊക്കെ ആയിരിക്കാം. പക്ഷെ കേരളത്തിലെ പിസിസി അധ്യക്ഷ സ്ഥാനം ഒരു മുൾക്കിരീടം തന്നെയാണ്. പലതവണ തെളിയിക്കപ്പെട്ട ഇക്കാര്യം കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള വി എം സുധീരന്റെ രാജിയോടെ ഏതാണ്ട് അടിവരയിടപ്പെട്ട നിലയിലുമാണ്. മുല്ലപ്പള്ളിയെപ്പോലെ തന്നെ ഗ്രൂപ്പുകൾക്ക് അതീതനായാണ് സുധീരനും അറിയപ്പെട്ടിരുന്നത്. കൊക്കെന്നു പറയുമ്പോൾ ചക്കെന്നു കേൾക്കുകയും തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുകയും ചെയ്യുന്ന കേരളത്തിലെ കോൺഗ്രസ്സുകാരെ ചിട്ടവട്ടത്തിൽ നടത്തിക്കുക അത്ര എളുപ്പല്ലെന്നു മനസ്സിലാക്കി തന്നെയാണ് സുധീരൻ ഒരു സുപ്രഭാതത്തിൽ പാട്ടു നിറുത്തി ഇറങ്ങിപ്പോയത്. തന്നെക്കാൾ കൗശലക്കാരാനായിരുന്ന സുധീരന് കഴിയാത്തത് എങ്ങനെ പ്രവർത്തികമാക്കാം എന്നാണ് മുല്ലപ്പള്ളി ഇനിയിപ്പോൾ തെളിയിക്കേണ്ടത്. എല്ലാവിധ ആശംസകളും നേരുന്നതിനൊപ്പം പാർട്ടി ബന്ധങ്ങൾപോലെ തന്നെ വ്യക്തിബന്ധങ്ങൾക്കും വില കല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയം കാണട്ടെ എന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍