UPDATES

ട്രെന്‍ഡിങ്ങ്

പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയ ചതിയില്‍പ്പെടാതിരിക്കാന്‍ കോട്ടയം പോലീസിന്റെ 13 നിര്‍ദ്ദേശങ്ങള്‍; തിരിച്ചടിക്കുമെന്ന് വിദഗ്ദ്ധര്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, ആണ്‍കുട്ടികള്‍ക്കൊപ്പം സെല്‍ഫി ഒഴിവാക്കുക തുടങ്ങി 13 ഇന നിര്‍ദേശങ്ങളാണ് പോലീസ് നല്‍കിയത്

മൊബൈൽ ഫോണിലെയും സാമൂഹ്യ മാധ്യമങ്ങളിലേയും ചതിക്കുഴികളിൽ നിന്ന് പെൺകുട്ടികളെ രക്ഷപെടുത്താൻ മാതാപിതാക്കൾക്കായി പോലീസ് പുറത്തിറക്കിയ 13 ഇന നിർദ്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വർഷങ്ങളായി കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയുന്ന മനഃശാസ്ത്രജ്ഞർ പലരും ഈ നിർദ്ദേശങ്ങൾ പൊതു സമൂഹത്തിനു നൽകുന്ന സന്ദേശത്തെക്കുറിച്ചു ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് ആണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

പോലീസ് നൽകിയ നിർദ്ദേശങ്ങൾ ഇവയായിരുന്നു.

1. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകരുത്.

2. പെൺകുട്ടികൾ കൂട്ടുകാരായ പെൺകുട്ടികളുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരുകൾ അവരുടേതുതന്നെയെന്ന് ഉറപ്പ് വരുത്തുക.

3. അലാറം വെക്കാൻ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകരുത്.

4. രക്ഷിതാക്കൾ അറിയാതെ കുട്ടികൾ ഫേസ്ബുക്ക്, ഇൻസ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങിയവ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കൂട്ടുകാരുടെ പട്ടിക പരിശോധിക്കുക. മെസഞ്ചറിലെ ചാറ്റുകൾ പരിശോധിക്കുക.

5. പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ബാഗുകൾ, അലമാരകൾ എന്നിവ പരിശോധിക്കുക.

6. പെൺകുട്ടികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഉപയോഗിക്കാതിരിക്കുക. പെൺകുട്ടിക്കൊപ്പം സെൽഫിയെടുക്കാൻ ആൺകുട്ടിയെ അനുവദിക്കരുത്.

7. രാത്രികാലങ്ങളിൽ വീടിനു പുറത്തേക്കുള്ള വാതിലുകൾ പൂട്ടി താക്കോലുകൾ രക്ഷിതാക്കൾ സൂക്ഷിക്കുക.

8. അസൈൻമെന്റുകൾ, നോട്ടുകൾ എന്നിവ വാട്സ്അപ്പ് വഴി കൂട്ടുകാർ അയച്ചുനൽകുന്നതും കൂട്ടുകാർക്ക് അയച്ചുകൊടുക്കുന്നതും നിരുത്സാഹപ്പെടുത്തുക.

9. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്ന് വ്യത്യസ്തമായി കണ്ടാൽ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.

10. കുട്ടികളുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്കിടാതിരിക്കുക.

11. തങ്ങളുടെ നഗ്നഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശ്യം നന്നല്ല എന്ന് പെൺകുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.

12. നല്ല സ്പർശത്തിൻറെയും മോശം സ്പർശത്തിന്റെയും അർത്ഥം പെൺകുട്ടികളെ മനസ്സിലാക്കുക.

13. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീ-പുരുഷ ലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി നൽകുക

ഈ നിർദ്ദേശങ്ങൾ നൽകിയ പോലീസിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെന്നും എന്നാൽ കുട്ടികൾ സെക്സ് ക്രൈമുകളിൽ ഉൾപ്പെടുന്നത് തടയാൻ ഇവ ഫലപ്രദമാണെന്ന് പറയാനാവില്ലെന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റായ ഡോക്ടർ സി.ജെ ജോൺ പറയുന്നു: “ടെക്നോളജിയും സൗകര്യങ്ങളുമൊക്കെ പെൺകുട്ടികൾക്ക് നിഷേധിക്കുന്നതാണ് അവർ സുരക്ഷിതരായിരിക്കാൻ നല്ലതെന്നു സൂചിപ്പിക്കുന്ന ഈ നിർദ്ദേശങ്ങൾ പഴയ ഇല – മുള്ള് പഴഞ്ചൊല്ലിനെയാണ് ഓർമിപ്പിക്കുന്നത്. പെൺകുട്ടികൾക്ക് വിലക്കുകൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ ചൂഷകരായി എത്തുന്ന ആൺകുട്ടികളെ കുറിച്ചു മൗനം പാലിക്കുന്നു. ആ ആൺകുട്ടികളും നമ്മുടെ കുടുംബങ്ങളിൽ നിന്ന് തന്നെയാണ്. പൊതുവായ ഒരു നിർദ്ദേശം നൽകുമ്പോൾ അവരെയും കൂടെ ഉൾക്കൊള്ളുന്നതാവണം എന്നാണ് എന്റെ അഭിപ്രായം. വീട്ടുകാർ നിഷേധിച്ച മൊബൈൽ ഫോൺ സ്വന്തമാക്കാൻ വേണ്ടി മാത്രം കാമുകനെ തേടിപ്പോയ പെൺകുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട്. സാങ്കേതിക വിദ്യ അധ്യയന സമ്പ്രദായത്തിന്റെ തന്നെ ഭാഗമായ ഈ കാലത്ത് ടെക്നോളജി കുട്ടികൾക്ക് നിഷേധിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. മറിച്ചു ഉത്തരവാദിത്വത്തോടെ അതെങ്ങനെ ഉപയോഗിക്കാം എന്നാണ് അവർക്കു മനസ്സിലാക്കി കൊടുക്കേണ്ടത്. പോലീസ് വിലക്കുന്ന ‘സെൽഫി’യും കൗമാര /യുവത്വ കൗതുകത്തിന്റെ ഭാഗമാണ്. അത് നിഷേധിക്കുമ്പോൾ നമുക്ക് തിരിച്ചറിയാനാവാത്ത വഴികളിലൂടെ ആ കൗതുകം തേടി കുട്ടികൾ പോകും. കുട്ടികളുടെ മാനസികതലം കൂടെ പരിഗണിച്ചുള്ള സമീപനമാണ് ഈ വിഷയത്തിൽ വേണ്ടത്. അല്ലാതെ തീവ്ര മത ചിന്തകരുടെത് പോലുള്ള ലിംഗപരമായ വിലക്കുകളല്ല”.

എന്നാൽ ഏതു സാഹചര്യത്തിലാണ് പൊലീസിന് ഇങ്ങനെ കുറച്ചു നിർദ്ദേശങ്ങൾ പൊതു ജങ്ങൾക്കായി നൽകേണ്ടി വന്നതെന്ന് കോട്ടയം ഡിവെഎസ്പിയും ഓപ്പറേഷൻ ഗുരുകുലം നോഡൽ ഓഫീസറുമായ വിനോദ് പിള്ള വ്യക്തമാക്കുന്നു: “കോട്ടയത്ത് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ജിൻസ് സജി എന്നൊരാൾ അറസ്റ്റിലായിരുന്നു. വെറും 24 വയസ്സ് പ്രായമുള്ള ജിൻസ് 27 സ്കൂൾ /കോളേജ് പെൺകുട്ടികളെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഒന്നര വർഷം മാത്രം പഴക്കമുള്ള അവന്റെ മൊബൈലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ 27 പെൺകുട്ടികളെയും കണ്ടെത്തിയത്. കൂടുതൽ പെൺകുട്ടികൾ ചതിയിൽ പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരിചയപ്പെടുന്ന പെൺകുട്ടികളെ പല രീതിയിൽ വശത്താക്കിയും ഒടുവിൽ ഭീഷണിപ്പെടുത്തിയുമാണ് ജിൻസ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പെൺകുട്ടികളെ പല സ്ഥലങ്ങളിലേക്കും വിളിച്ചു വരുത്തിയും പെൺകുട്ടികളുടെ സ്വന്തം വീടുകളിൽ വച്ചും ജിൻസ് പീഡിപ്പിച്ചിട്ടുണ്ട്”.

ഇതിൽ ഒരു പെൺകുട്ടി സ്കൂൾ സമയത്ത് ജിൻസിനൊപ്പം കാറിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു അധ്യാപിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ കേസിന്റെ അന്വേഷണം ആരംഭിച്ചത്. അതീവ ജാഗ്രതയോടെ രഹസ്യമായി പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഈ 27 പെൺകുട്ടികളെയും കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തില്‍ അംഗമായ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ അരുൺ കുമാർ അഴിമുഖത്തോട് പറഞ്ഞു: “27 പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഇടയിൽ നിന്ന് പരാതി നൽകാൻ ധൈര്യസമേതം മുന്നോട്ട് വന്നത് ഒരേയൊരു പിതാവാണ്. അദ്ദേഹം എന്നെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞു, ‘നാട്ടിലൊക്കെ പലരും ഈ കാര്യം സംസാരിക്കുന്നതിനിടയിൽ ഒരു കേൾവിക്കാരനായി അദ്ദേഹത്തിന് നിൽക്കേണ്ടി വരുന്നുണ്ട്. അദ്ദേഹത്തിന്റെ മകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് സംസാരിക്കുന്നവർക്ക് അറിയില്ല. ഇത്ര വിഷമം നിറഞ്ഞ മാനസികാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും തന്റെ മകളെ ചീത്തയാക്കാൻ ശ്രമിച്ചവൻ എന്ത് വന്നാലും ശിക്ഷിക്കപ്പെടണം, അതിനു വേണ്ടി ഏതറ്റം വരെ പോവാനും തയ്യാറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വീട്ടിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാവുമ്പോൾ തകരുന്നത് ഒരു കുടുംബം മുഴുവനുമാണ്. ഏതാണ്ട് രണ്ടാഴ്ചയോളം രാവും പകലുമെന്നോണം പോലീസിലെ വളരെ കുറച്ച് ആളുകൾ അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ഇരുപത്തേഴ് പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും കണ്ടെത്തിയത്. പോലീസിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വ്യാപകമായി അന്വേഷിക്കാവുന്ന ഒരു കേസ് ആയിരുന്നില്ല ഇത്. 27 കുടുംബങ്ങളും അവരുടെ ജീവിതവുമായിരുന്നു ഞങ്ങളുടെ മുന്നിൽ. സ്റ്റേഷനിൽ എത്തുന്ന ഓരോ പെൺകുട്ടിയുടെ വീട്ടുകാരോടും നാലും അഞ്ചും മണിക്കൂറുകൾ എടുത്താണ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നത്. എന്താണ് കാര്യം എന്നറിയാതെയാണ് ഇവരിൽ ഭൂരിഭാഗവും സ്റ്റേഷനിൽ എത്തിയത്. കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഉൾക്കൊള്ളാതിരുന്ന ചിലരെ ആ ദൃശ്യങ്ങൾ കാണിച്ചു കൊടുക്കേണ്ട അവസ്ഥ പോലും വന്നു. അതവർക്കുണ്ടാക്കുന്ന ആഘാതം മനസ്സിലാക്കാതെയല്ല, ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള തിരിച്ചറിവിലൂടെ മുന്നോട്ട് പോവുന്നതുകൊണ്ടേ കാര്യമുള്ളൂ. ഞങ്ങളെ സംബന്ധിച്ചും അതൊരു വലിയ ഉത്തരവാദിത്വം ആയിരുന്നു. സ്റ്റേഷനിൽ നിന്ന് അവരെ എത്ര സമാധാനിപ്പിച്ചു പറഞ്ഞയച്ചാലും തിരികെ വീട്ടിൽ എത്തുമ്പോൾ ദു:ഖവും അപമാനവും നിരാശയുമൊക്കെ നമുക്ക് ഊഹിക്കാവുന്നതാണ്. പലരും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് കൃത്യമായ ഫോളോ അപ്പുകളും മുൻകരുതലും പോലീസ് എടുത്തിരുന്നു. സ്റ്റേഷനിൽ നിന്ന് പോയ ഓരോ കുടുംബത്തിനെയും ഇടയ്ക്കിടെ ഫോണിൽ വിളിച്ചും നേരിട്ട് കണ്ടും അവർക്കുവേണ്ട എല്ലാ മാനസിക പിന്തുണകളും ഉറപ്പാക്കിയിരുന്നു. അതോടൊപ്പം ഈ കേസിലെ ഇരകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ആ കുട്ടികൾക്കോ അവരുടെ കുടുംബങ്ങൾക്കോ യാതൊരു അത്യാഹിതങ്ങളും സംഭവിക്കാതിരുന്നതിൽ പോലീസ് കാണിച്ച ഈ ജാഗ്രത സഹായകമായിട്ടുണ്ട്. ഈ പെൺകുട്ടികളോടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചതിൽ നിന്നും ഏതൊക്കെ സാഹചര്യങ്ങളിലാണ് മൊബൈൽ ഫോണിലെയും സാമൂഹ്യ മാധ്യമങ്ങളിലേയും ചതിക്കുഴികളിൽ പെൺകുട്ടികൾ പെട്ടു പോവുന്നതെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾക്കുള്ള ചില നിർദ്ദേശങ്ങൾ മാധ്യമങ്ങൾ വഴി പോലീസ് നൽകിയത്. ഞാൻ ഓപ്പറേഷൻ ഗുരുകുലത്തിന്റ ഭാഗമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്. കൃത്യമായ ഇടപെടലുകളിലൂടെ എങ്ങനെ കുട്ടികൾ ഉൾപ്പെടുന്ന ക്രൈമുകൾ കുറയ്ക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഓപ്പറേഷൻ ഗുരുകുലം.

സ്കൂൾ /കോളേജ് കുട്ടികൾ വ്യാപകമായി കുറ്റ കൃത്യങ്ങളിൽ പങ്കാളികളാവുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ പോലീസ് സോഫ്റ്റ്വെയർ സഹായത്തോടെ രൂപം കൊടുത്ത പദ്ധതിയാണ് ‘ഓപ്പറേഷൻ ഗുരുകുലം ‘. 2013-ൽ കോട്ടയം നഗരത്തിൽ ഒരു ലൈംഗിക തൊഴിലാളി കൊല്ലപ്പെടുന്നതായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊലപാതകത്തെ പറ്റിയുള്ള പോലീസ് അന്വേഷണം ലൈംഗിക തൊഴിലാളികൾ താമസിക്കുന്ന ചേരിയിലേയ്ക്കും അവിടേയ്ക്ക് ആളുകളെ എത്തിച്ചിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഇടനിലക്കാരിലേയ്ക്കും നീണ്ടിരുന്നു. അപ്പോഴാണ് പകൽ സമയങ്ങളിൽ അവിടെ നിത്യ സന്ദർശകരായി സ്കൂൾ വിദ്യാർത്ഥികൾ എത്താറുണ്ടെന്ന് പോലീസ് കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ ഇറങ്ങുന്ന കുട്ടികൾ ഇടയ്ക്ക് വച്ച് വസ്ത്രം മാറി എത്തുന്നത് ലൈംഗിക തൊഴിലാളികളുടെയും ലഹരി മരുന്ന് ഏജന്റുമാരുടെയും അടുത്തേയ്ക്കാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. സ്കൂൾ സമയം കഴിയുമ്പോൾ കുട്ടികൾ തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രം ഇത് നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് പോലീസ് ഈ ആപ്ലികേഷൻ വികസിപ്പിച്ചെടുക്കുന്നത്. കോട്ടയം ജില്ലയിലെ 572 വിദ്യാലയങ്ങൾക്കും ഈ ആപ്ലിക്കേഷനിൽ പ്രത്യേകം യൂസർ ഐഡിയും പാസ്സ് വേർഡും ഉണ്ട്. ഓരോ ദിവസവും സ്കൂളിൽ എത്തിച്ചേരാത്ത കുട്ടികളുടെ വിവരങ്ങൾ സ്കൂൾ /കോളേജ് മേധാവികൾ ഈ ആപ്ലിക്കേഷനിൽ ചേർക്കുന്നു. പോലീസ് കുട്ടികളുടെ വീട്ടുകാരെ ബന്ധപ്പെട്ട് കുട്ടികൾ വീട്ടിൽ തന്നെയുണ്ടെന്ന് ഉറപ്പിക്കുന്നു. ഈ രീതിയിൽ കുട്ടികൾ സ്കൂൾ സമയത്ത് പുറത്തു കറങ്ങി നടക്കുന്നതും അവരെ ക്രിമിനലുകൾ പല രീതിയിൽ ദുരുപയോഗം ചെയ്യുന്നതും തടയാൻ സാധിച്ചു. ഓപ്പറേഷൻ ഗുരുകുലം ആരംഭിച്ചതിനു ശേഷം ജില്ലയിൽ കുട്ടികൾ ഉൾപ്പെടുന്ന ക്രൈമുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ നന്മ മാത്രം മുന്നിൽ കണ്ടാണ് ഈ 13 നിർദ്ദേശങ്ങൾ ഞങ്ങൾ നൽകിയിരിക്കുന്നത്”, അരുൺ കുമാർ പറയുന്നു.

എന്നാൽ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതും അവർ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതും തടയാനുള്ള നിർദ്ദേശങ്ങൾ കുട്ടികളുടെ മാനസിക തലം കൂടെ പരിഗണിച്ചു വേണം നൽകാൻ എന്ന് ഡോക്ടർ സി.ജെ ജോൺ കൂട്ടിച്ചേര്‍ക്കുന്നു. “പോലീസ് എപ്പോഴും ശ്രദ്ധ വയ്ക്കുന്നത് ഒരു ക്രൈം എങ്ങനെ തടയാം എന്നാണ്. എവിടെ ഒരു നിയന്ത്രണം കൊണ്ടുവന്നാൽ ഒരു കുറ്റകൃത്യം ഒഴിവാക്കാം എന്നത് കുട്ടികളുടെ, പ്രത്യേകിച്ചും കൗമാരക്കാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധയോടെ പരിഗണിക്കേണ്ട വിഷയമാണ്. അതിൽ പേരെന്റിങ്ങിനെ പോലീസിംഗ് ആക്കുന്നതിനോട് ഒരു രീതിയിലും യോജിക്കാൻ പറ്റില്ല. വീട്ടിൽ ഒരു 144 പ്രഖ്യാപിച്ചതുകൊണ്ട് കുട്ടികൾ ഉൾപ്പെടുന്ന ക്രൈമിന്റെ തോത് കുറയ്ക്കാനും കഴിയില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യാം? മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കുറേക്കൂടി ഊഷ്മളമായ ഒന്നാവുക എന്നതാണ് ഏറ്റവും പ്രധാനം. എത്ര സമയം കുട്ടികളുടെ കൂടെ ചിലവഴിക്കുന്നു എന്നതല്ല, എങ്ങനെ ചിലവഴിക്കുന്നു എന്നതിലാണ് കാര്യം. മൊബൈൽ ഫോൺ ഉപയോഗത്തിൽ മാത്രമല്ല സമൂഹത്തിൽ ഇടപെടുന്ന ഓരോ സാഹചര്യത്തിലും ഉണ്ടാകാവുന്ന ചതികളെ കുറിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവബോധം ഉണ്ടാക്കുകയും തെറ്റായ സ്പർശനമോ പെരുമാറ്റമോ ഉണ്ടാവുമ്പോൾ പ്രതികരിക്കാനുള്ള ശേഷി അവരിൽ വളർത്തുകയുമാണ് വേണ്ടത്.

ചെറുപ്പത്തിൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന ആൺകുട്ടികൾ പിന്നീട് ധാരാളം പെൺകുട്ടികളെ തങ്ങളുടെ ലൈംഗിക വൈകൃതങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ലിംഗവ്യത്യാസമില്ലാതെ പരിഗണിക്കേണ്ടതാണ്. ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിച്ച സാഹചര്യം ഒരു വലിയ വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. വെബ്സൈറ്റുകളിൽ പോൺ വീഡിയോകൾ ലഭ്യമല്ലാതെ വരുന്ന അവസ്ഥയിൽ അത്തരം വീഡിയോകൾ നിർമ്മിക്കാനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളെക്കുറിച്ചും നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

ലൈംഗിക അതിക്രമം എന്നത് പെൺകുട്ടികൾക്കു നേരെ മാത്രം ഉണ്ടാവുന്ന ഒന്നാണെന്ന ധാരണ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. പെൺകുട്ടികൾക്ക് ഒപ്പമോ ചിലപ്പോൾ അവരെക്കാൾ കൂടുതലായോ ആൺകുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും. എന്നാൽ ആൺകുട്ടി ആയതിന്റെ പേരിൽ അതിനെ ഗൗരവം കുറച്ചു കാണുകയും നിയമപരമായ നടപടികൾക്കോ കുട്ടിയ്ക്കുണ്ടായ മാനസിക ആഘാതം പരിഹരിക്കാനോ പലരും തയ്യാറാവാത്തത് പിന്നീട് നിയന്ത്രിക്കാനാവാത്ത പല പ്രശ്നങ്ങൾക്കും കാരണമാവുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നു. പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ നൽകുമ്പോൾ ഇവയെല്ലാം പരിഗണിച്ചു സമഗ്രമായ നിർദ്ദേശങ്ങളും മുൻകരുതലുകളുമാണ് കുട്ടികളുടെ കാര്യത്തിൽ സ്വീകരിക്കേണ്ടിയിരുന്നതെന്നും ഇവർ ചൂണ്ടികാണിക്കുന്നു.

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍