UPDATES

സമരത്തിന് ജനപിന്തുണയേറുന്നു; സഭയും സര്‍ക്കാരുമില്ലെങ്കിലും ജനങ്ങള്‍ കൂടെയുണ്ട്; വിജയിക്കുമെന്ന് കന്യാസ്ത്രീകള്‍

കന്യാസ്ത്രീകളുടെ സമരം ദേശീയ തലത്തില്‍ തന്നെ പ്രധാന വര്‍ത്തയായി മാറിയിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ സമരം കവര്‍ ചെയ്യാന്‍ എത്തിയിരിക്കുന്നത്.

“സഭാഅധികാരികള്‍ തൊട്ട് മാര്‍പാപ്പയ്ക്ക് വരെ പരാതി നല്‍കി; ആരും ഞങ്ങളെ പിന്തുണച്ചില്ല, ഭംഗിവാക്കായിട്ടുപോലും ഞങ്ങളെ സഹായിക്കാമെന്നു പറഞ്ഞില്ല. സര്‍ക്കാരിനെ വിശ്വസിച്ചു. അവിടെ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. തോറ്റുപോകുമെന്നു തന്നെയാണ് കരുതിയത്. കടുത്ത നിരാശയിലേക്ക് ഞങ്ങള്‍ വീണുപോയിക്കൊണ്ടിരിക്കുകയാണ്… പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്; ഈ കൂടി നില്‍ക്കുന്ന ജനങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്; ഞങ്ങള്‍ക്ക് നീതി കിട്ടും…” എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വാഞ്ചി സ്‌ക്വയറിലെ സമര പന്തലില്‍ ഇരുന്നു സിസ്റ്റര്‍ ആന്‍സിയ സംസാരിക്കുമ്പോള്‍ ആ വാക്കുകള്‍ക്ക് നല്ല ഉറപ്പുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ കന്യാസ്ത്രീകള്‍ നടത്തി വരുന്ന ചരിത്ര സമരം നാലാം ദിവസം പിന്നിടുമ്പോള്‍, സമരസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെ പിന്തുണയേറി വരികയാണ്. ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളില്‍ നിന്നു തന്നെ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും അല്‍മായ സംഘടനകളുടെയും പിന്തുണയേറുന്നതു കൂടാതെ വിവിധ രാഷ്ട്രീയ സംഘടനകളും യുവജന സംഘടനകളും വനിത സംഘടനകളും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വരുന്നു. സമരപന്തലിലേക്ക് കടന്നു വരുന്ന ഈ ജനകീയ ശക്തിയിലാണ് തങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ആത്മവിശ്വാസമാണ് തങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതെന്നും സിസ്റ്റര്‍ ആന്‍സിയയും കൂടെയുള്ള മറ്റ് കന്യാസ്ത്രീകളും പറയുന്നു.

സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നാളിതുവരെ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള നീതിയും കിട്ടിയിട്ടില്ലെന്നാണ് സിസ്റ്റര്‍മാര്‍ ആവര്‍ത്തിക്കുന്നത്. സഭയില്‍ നിന്നും കിട്ടാതെ പോയ നീതി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് വളരെ പ്രതീക്ഷിച്ചെങ്കിലും അവിടെയും തങ്ങള്‍ തഴയപ്പെട്ടപ്പോള്‍ കടുന്ന നിരാശയും വേദനയുമാണ് നേരിട്ടതെന്ന് ഈ കന്യാസ്ത്രീകള്‍ പറയുന്നു. ഇനി തങ്ങള്‍ക്ക് നീതി കിട്ടാന്‍ സാമാന്യ ജനത്തിന്റെ പിന്തുണ മാത്രമാണ് സഹായകം എന്നാണവരുടെ വാക്കുകള്‍.

“ആദ്യം ഞങ്ങള്‍ ഈ വിവരം ജനറാളിനെയാണ് അറിയിച്ചത്. അവര്‍ യാതൊരു പിന്തുണയും തന്നില്ല. അതു കഴിഞ്ഞ് സഭയിലെ അധികാരികളായ പിതാക്കന്മാര്‍ തൊട്ട് റോമിലെ മാര്‍പാപ്പയോട് വരെ വിവരം പറഞ്ഞു. അവരാരും തന്നെ ഒരു പിന്തുണയും അറിയിച്ചില്ല… ഒരു ഭംഗിവാക്കു പോലും പറഞ്ഞില്ല. സര്‍ക്കാരില്‍ നിന്നെങ്കിലും നീതി കിട്ടുമെന്ന് വിശ്വസിച്ചു. 75 ദിവസം കഴിഞ്ഞു പരാതി നല്‍കിയിട്ട്, സര്‍ക്കാരും ഒന്നും ചെയ്തില്ല. ഒരു പിന്തുണയും സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല… പരാതിക്കാരിയായ സിസ്റ്ററുടെ മൊഴി വീണ്ടും വീണ്ടും എടുത്തുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം കുറ്റക്കാരനായ ബിഷപ്പിനെ ഇതുവരെ ഒരു തവണ മാത്രമാണ് മൊഴിയെടുത്തത്. എല്ലാ ഭാഗത്തു നിന്നും ഓരേപോലെ ഞങ്ങളെ അവഗണിച്ചപ്പോള്‍ കടുത്ത നിരാശയുണ്ടാക്കി. ഞങ്ങള്‍ തോറ്റുപോവുകയാണെന്നു കരുതി. ആ തോന്നലില്‍ നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ കരകയറിയിരിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ കൂടുതലെന്ന പോലെ നിരാശരായിക്കൊണ്ടിരുന്ന ഞങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്ലാ പിന്തുണയും അറിയിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വന്നപ്പോഴാണ്. ഇപ്പോഴിതാ എത്രയോ ജനങ്ങള്‍, എവിടെ നിന്നെല്ലാം എത്തി ഞങ്ങളുടെ കൂടെ ഉണ്ടെന്നു പറയുന്നു. ഈ ജനപിന്തുണയാണ് ഞങ്ങളുടെ ശക്തി; ഈ ജനപിന്തുണ മാത്രമാണ് ഞങ്ങളുടെ ശക്തി. ഇപ്പോള്‍ ഈ സമരപന്തലില്‍ ഓരോ നിമിഷവുമെന്നപോലെ കൂടിക്കൂടിക്കൊണ്ടിരിക്കുന്ന ജനങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്; നീതി കിട്ടുമെന്ന്. അതേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട് ഞങ്ങള്‍ക്ക് നീതി കിട്ടുമെന്ന്. ഈ ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഇനിയും ഞങ്ങളെ അവഗണിക്കാന്‍ സര്‍ക്കാരിനെങ്കിലും കഴിയാതെ വരുമല്ലോ… അതു തന്നെയാണ് പ്രതീക്ഷ. സഭ ഞങ്ങളെ പരസ്യമായി തള്ളിപ്പറയുകയാണ്. പക്ഷേ, ഞങ്ങള്‍ പിന്മാറില്ല. എത്ര നാള്‍ ഈ സമരം തുടരണമോ അത്രയും നാള്‍ തുടരും. അത് എന്തു സഹിച്ചിട്ടാണെങ്കിലും”, സിസ്റ്റര്‍ ആന്‍സിയ പറയുന്നു.

"</p

സിസ്റ്റര്‍ ആന്‍സിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന രീതിയിലാണ് സമരത്തിന്റെ നാലാം ദിവസം വാഞ്ചി സ്‌ക്വയറില്‍ ജനം തടിച്ചു കൂടിയത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി നല്‍കാനാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി റിലേ നിരാഹാര സമരവും നടക്കുന്നുണ്ട്. നിരാഹര സമരം നാല് ദിവസം പിന്നിട്ടു കഴിഞ്ഞു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പൊലീസിനും സര്‍ക്കാരിനും എതിരെ നിശിതമായ വിമര്‍ശനങ്ങളാണ് സമര പന്തലില്‍ എത്തുന്ന ഓരോരുത്തരും ഉയര്‍ത്തുന്നത്. സര്‍ക്കാരിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ കടുത്ത ഭാഷയില്‍ സഭയുടെ പ്രവര്‍ത്തികളെയും ഉന്നതരായ സഭാ അധികാരികളെയും പരസ്യമായി എതിര്‍ക്കുന്നുണ്ട് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. ഈ സംഭവത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ചര്‍ച്ച് ആക്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

അതേസമയം കന്യാസ്ത്രീകളുടെ സമരം ദേശീയ തലത്തില്‍ തന്നെ പ്രധാന വര്‍ത്തയായി മാറിയിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ സമരം കവര്‍ ചെയ്യാന്‍ എത്തിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടിയുണ്ടാകുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കേരളത്തിന്റെ വിവിധയിടങ്ങളില്‍ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയെന്നോണം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ/ സാമുദായിക/യുവജന സംഘടന പ്രതിനിധികളും സമര പന്തലില്‍ എത്തി സംസാരിച്ചപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനുമേല്‍ കനത്ത സമ്മര്‍ദ്ദം തന്നെ കന്യാസ്ത്രീകളുടെ ഈ സമരം ഉണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നാണ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സമൂഹം കൂടെ നില്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്.

കേരളത്തിന്റെ ഹീറോകളാണ് നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ആ കന്യാസ്ത്രീകൾ

പൊതുസമൂഹത്തിന്റെ പിന്തുണയില്‍ വിശ്വസിക്കുന്നു; എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോവും- കന്യാസ്ത്രീകള്‍

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

ആ കന്യാസ്ത്രീകള്‍ നടത്തുന്നത് ചരിത്ര പോരാട്ടമാണ്; സര്‍ക്കാരില്ലെങ്കിലും കേരള സമൂഹം ഒപ്പമുണ്ടാകണം

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍