UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

സൂര്യാഘാതത്തിനൊപ്പം പകര്‍ച്ചവ്യാധികളും; സംസ്ഥാനം കടന്നുപോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ

വേനല്‍ കടുക്കുന്നതോടെ ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും ക്രമാതീതമായി കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധര്‍ നല്‍കുന്നത്

വേനലില്‍ പൊള്ളല്‍ തുടരുമ്പോള്‍ അതിനൊപ്പം പടര്‍ന്ന് പിടിച്ച് പകര്‍ച്ച വ്യാധികളും. പകര്‍ച്ച പനിയുമായി ഈ മാസം തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് ഒന്നരലക്ഷത്തിലധികം പേര്‍. ഇതിന് പുറമെ സംസ്ഥാനത്ത് ചിക്കന്‍ പോക്‌സും മഞ്ഞപ്പിത്തവും എലിപ്പനിയും വ്യാപകമായതായി ആരോഗ്യവകുപ്പ്. വയറിളക്കം ബാധിച്ചെത്തിയവരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നതാണ്. പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മൂന്ന് മാസത്തിനിടെ മരണമടഞ്ഞത് 52 പേര്‍.

വേനലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ജലജന്യ രോഗങ്ങളാണ് വ്യാപകമായിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 5,73,277 പേരാണ് പകര്‍ച്ച പനിയ്ക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചത് 1,14,772 പേര്‍. എലിപ്പനിയും ഡങ്കു പനിയും ബാധിച്ചവരുടെ കണക്കുകള്‍ യഥാക്രമം 159ഉും 187ഉും ആണ്. മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും അതിവേഗം പിടിപെടുന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതി. സാധാരണ ഗതിയില്‍ പ്രായമായവരില്‍ ചിക്കന്‍പോക്‌സ് പകരുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ മാത്രം സംസ്ഥാനത്ത് 3622 പേര്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പതിവില്‍ നിന്ന് വ്യത്യസ്തമായി അറുപതും അറുപത്തിയഞ്ചും വയസ്സ് കഴിഞ്ഞവരിലടക്കം ചിക്കന്‍ പോക്‌സ് വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിനാല്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണവും ദിവസേന ഏറുകയാണ്. മൂന്ന് മാസത്തിനിടെ 268 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരുടെ എണ്ണം 189ഉും ആണ്.മാര്‍ച്ച് 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ മാസം തന്നെ ഹെപ്പറ്റൈറ്റിസ് എ ബാധിതരുടെ എണ്ണം 88ഉും ഹെപ്പറ്റൈറ്റിസ് ബി ബാധിതരുടെ എണ്ണം 56ഉും ആണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വേനല്‍ കടുക്കുന്നതോടെ ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും ക്രമാതീതമായി കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന ഡെങ്കു,എലിപ്പനി, എച്ച്1എന്‍1 എന്നിവയുടെ വ്യാപനവും ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

ചിക്കന്‍ പോക്‌സ് വൈറസുകള്‍ക്ക് അനുകൂല കാലാവസ്ഥയാണ് വേനല്‍ക്കാലം. ഇത്തവണ വേനല്‍ മുമ്പെങ്ങുമില്ലാത്തവിധം കനത്തതോടെ ചിക്കന്‍ പോക്‌സ് വ്യാപനവും ഏറിയിരിക്കുകയാണ്. എന്നാല്‍ ഇതിനേക്കാള്‍ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയിലേക്കാണ് ആരോഗ്യ വകുപ്പ് വിദഗ്ദ്ധര്‍ വിരല്‍ചൂണ്ടുന്നത്. ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ ഇത്തരം രോഗങ്ങള്‍ കൂടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് വേനലും ചൂടും കടുത്തതോടെ ജലാശയങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവുമാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. ഇതിന് പുറമെ ലഭ്യമായ ജലത്തില്‍ ഇ കോളിഫോം ബാക്ടീരിയയുടെ തോത് വളരെയധികം വര്‍ധിച്ചതും രോഗവ്യാപനത്തിന് കാരണമായി വിദഗ്ദ്ധര്‍ കണക്കാക്കുന്നു. പൊതുജലാശയങ്ങള്‍ എല്ലാം മലിനമായത് രോഗസാധ്യതയേറ്റുന്നു. ജലാശയങ്ങള്‍ വറ്റിയതോടെ തദ്ദേശസ്ഥാപനങ്ങളോ സന്നദ്ധസംഘടനകളോ വിതരണം ചെയ്യുന്ന വെള്ളമോ കുപ്പിവെള്ളമോ ആണ് ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് പലപ്പോഴും കഴിയാറുമില്ല. പലപ്പോഴും ഗുണനിലവാര പരിശോധനകളില്ലാതെയാണ് ജലം വിതരണം ചെയ്യുന്നത്. പൊതുവിതരണ കേന്ദ്രങ്ങളില്‍ ജലം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നടക്കാറില്ലാത്തത് ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ശുദ്ധമല്ലാത്ത ജലം കുടിക്കുന്നതാണ് വയറിളക്ക രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും കാരണമാവുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

വേനല്‍ കടുത്തതോടെ വഴിയോര വെള്ളക്കച്ചവടവും തകൃതിയാണ്. വഴിയോര കേന്ദ്രങ്ങളില്‍ നല്‍കുന്ന വെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി ആരോഗ്യവകുപ്പ് നടപടിയെടുക്കാറുണ്ടെങ്കിലും ഇതിന് തുടര്‍നടപടികളുണ്ടാവാറുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബി പത്മകുമാര്‍ പറയുന്നു, ‘കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ ജലജന്യ രോഗങ്ങളാണ് കൂടുതലായിരിക്കുന്നത്. ചെറിയ ജലദോഷം മുതല്‍ മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും വരെ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. വേനല്‍ കടുക്കുന്നതിനാല്‍ ധാരാളമായി വെള്ളം കുടിക്കണമെന്ന് നമ്മള്‍ പറയും. ആളുകള്‍ അത് കേട്ട് കിട്ടുന്ന വെള്ളമല്ലാം വാങ്ങിക്കുടിക്കുകയും ചെയ്യും. തൊണ്ട വരളുമ്പോള്‍, ദാഹിക്കുമ്പോള്‍ ജലത്തിന്റെ ശുദ്ധത നോക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. കഴിവതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെറുതെ തിളച്ചാല്‍ പോര അഞ്ച് മിനിറ്റ് തിളപ്പിച്ചാല്‍ മാത്രമേ മഞ്ഞപ്പിത്തവും ടൈഫോയിഡും എല്ലാം പരത്തുന്ന വൈറസുകളെ ഇല്ലാതാക്കാന്‍ കഴിയൂ. വയറിളക്ക രോഗങ്ങളുമായി നിരവധി പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. ഇതിനും കാരണം ശുദ്ധമല്ലാത്ത വെള്ളം ഉള്ളില്‍ ചെല്ലുന്നതാണ്. പക്ഷെ അവശ്യഘട്ടങ്ങളില്‍ പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് പലര്‍ക്കും ഒഴിവാക്കാനും കഴിയില്ല. യാത്രകളിലും മറ്റും പുറത്ത് നിന്ന് വെള്ളം വാങ്ങിക്കുടിക്കേണ്ടിയും വരുന്നു. പക്ഷെ ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്നത് വഴിയോര കടകളാണ്. സര്‍ബത്തും മോരും വെള്ളവും ജ്യൂസുകളുമെല്ലാം വില്‍ക്കുന്ന ഇത്തരം കടകള്‍ നിരവധിയാണ്. ഇവര്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന പരിശോധന നടക്കുന്നില്ല. ഇത്തരം വഴിയോര കടകള്‍ ഇത്രയും പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന സമയത്തെങ്കിലും നിര്‍ത്തിക്കാനുള്ള നടപടികള്‍ ചെയ്യേണ്ടതാണ്. വെള്ളത്തിന് ഡിമാന്‍ഡ് കൂടുകയും ജലദൗര്‍ലഭ്യം ഏറുകയും ചെയ്തു. ഇത്തരത്തില്‍ ജലജന്യരോഗങ്ങളില്‍ ഒന്നാമന്‍മാരാണ് മഞ്ഞപ്പിത്തവും ടൈഫോയിഡും. വേനല്‍ക്കാലത്ത് വൈറസുകള്‍ക്ക് അനുകൂലമായ കാലാവസ്ഥുണ്ട്. നിര്‍ജ്ജലീകരണം സംഭവിച്ച് ശരീരക്രമം തന്നെ താളം തെറ്റി പ്രതിരോധ ശേഷിയും മനുഷ്യര്‍ക്ക് കുറവായിരിക്കും.വേനലിന്റെ പ്രശ്‌നങ്ങള്‍ക്കുപരിയായി അതുകൊണ്ടുണ്ടാവുന്ന പരോക്ഷമായ പ്രശ്‌നങ്ങളാണ് ഇതെല്ലാം. ജാഗ്രതയോടെയിരിക്കുക, കഴിവതും പ്രതിരോധിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല.’

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കുകളാണ് ആരോഗ്യവകുപ്പിന്റേത്. സ്വകാര്യ ആശുപത്രികളേയും ഡോക്ടര്‍മാരുടെ ക്ലിനിക്കുകളിലും പോവുന്നവരുടെ കണക്കുകൂടിയെടുത്താല്‍ പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം മൂന്നിരട്ടിയാവുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Read More: ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍