UPDATES

ട്രെന്‍ഡിങ്ങ്

ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ നിലകൊണ്ടതിനാണോ സഭ ഫാ. വട്ടോളിയെ പുറത്താക്കുന്നത്?

കേരളത്തിലെ മെത്രാന്മാര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം നില്‍ക്കാമെങ്കില്‍ വട്ടോളിയച്ചന് കന്യാസ്ത്രീക്കൊപ്പവും നില്‍ക്കാം; ബിഷപ്പ് മനത്തോടത്തിന് ഫോറം ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസിന്റെ തുറന്ന കത്ത്

സിറോ മലബാര്‍ സഭ വൈദികന്‍ അഗസ്റ്റിന്‍ വട്ടോളിക്കെതിരായ പ്രതികാര നടപടികളില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപത പിന്മാറണം എന്നാവശ്യവുമായി ഫോറം ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് (ഫോറം). കത്തോലിക്ക സഭയില്‍ സാമൂഹ്യ സേവനം നടത്തുന്ന 700-ല്‍ അധികം വൈദീകരും കന്യാസ്ത്രീകളും ബ്രദര്‍മാരും അംഗങ്ങള്‍ ആയിട്ടുള്ളതാണ് ഈ ഫോറം.
അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് അയച്ച തുറന്ന കത്തിലാണ് ഫോറം ഭാരവാഹികള്‍ ഫാ. വട്ടോളിക്കെതിരായ നീക്കത്തെ വിമര്‍ശിക്കുന്നത്. ഫോറം ദേശീയ കണ്‍വീനര്‍ ഫാ. ജേക്കബ് പീനിക്കാമ്പറമ്പിലും ദേശീയ സെക്രട്ടറി സിസ്റ്റര്‍ മഞ്ജു കുളപ്പുറം എസ് സി എസ് സി യും ഒപ്പിട്ടിരിക്കുന്ന കത്തില്‍ ഫാ. വട്ടോളിക്കുള്ള തങ്ങളുടെ പിന്തുണയും വൈദികനെതിരേയുള്ള അതിരൂപത നീക്കം ഉപേക്ഷിക്കണമെന്നുള്ള ആവശ്യവുമാണ് പ്രധാന വിഷയങ്ങള്‍.

‘അവിശ്വാസികള്‍ക്കും കലാപകാരികള്‍ക്കും ഒപ്പം ചേര്‍ന്ന് സഭ നേതൃത്വങ്ങള്‍ക്കെതിരേ ഉപജാപം നടത്തുകയും വിശ്വാസികള്‍ക്കിടയില്‍ സഭ നേതൃത്വത്തിനെതിരേ വൈരാഗ്യം വളര്‍ത്തുകയുമാണ് ഫാ. വട്ടോളി ചെയ്യുന്നതെന്നാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ മുന്നറിയിപ്പ് കത്തിലെ ആരോപണങ്ങളെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും തങ്ങള്‍ക്ക് മനസിലായത്. അദ്ദേഹത്തിനെതിരേ ഭീഷണി മുഴക്കാന്‍ പ്രധാനകാരണം, കന്യസ്ത്രീ പീഢനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഫാ. വട്ടോളിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയെന്നതാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും നീതി നിഷേധിക്കപ്പെട്ടവന്റെയും പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്ന, ക്രിസ്തുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ ഫാ. വട്ടോളിക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്’; ഫോറം ഭാരവാഹികള്‍ ബിഷപ്പ് മനത്തോടത്തിന് അയച്ച കത്തില്‍ പറയുന്നു.

‘സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഭയുടെ താത്പര്യത്തിന് വിരുദ്ധമായ നീക്കങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ സഭ നേതാക്കന്മാര്‍ വികാരിമാരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടുമെല്ലാം തെരുവില്‍ ഇറങ്ങാനും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴുക്കാനും ആഹ്വാനം ചെയ്യാറുണ്ട്. വൈദികരും കന്യാസ്ത്രീകളുമെല്ലാം സഭ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ സഭ നേതതൃത്വം ന്യായീകരിക്കും. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന ധാര്‍മിക അധഃപതനം തിരിച്ചറിഞ്ഞ് അതിനെതിരേ പോരാടാന്‍ സഭയിലെ ആര്‍ക്കും അവകാശമില്ലേ? അഭിപ്രായ സ്വാതന്ത്ര്യം എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശം ആണ്’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ ഫാ. വട്ടോളിയെ പിന്തുണച്ചുകൊണ്ട് ഫോറം ഭാരവാഹികള്‍ മാര്‍ മനത്തോടത്തെ ചൂണ്ടിക്കാണിക്കുന്നു.

സമഗ്ര വിമോചനത്തിനായുള്ള ക്രിസ്തുവിന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടവരാണ് വൈദികരും കന്യാസ്ത്രീകളുമെന്നു ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. വൈദികര്‍ക്കാണെങ്കിലും കന്യാസ്ത്രീകള്‍ക്കാണെങ്കിലും യേശുവിന്റെ പാതയില്‍ നിന്നും അകന്നുപോകുന്ന സഭ അധികാരികളെ ചോദ്യം ചെയ്യുന്നതിലൂടെ സഭയിലും സമൂഹത്തിലും അവരുടെ പ്രവാചകപരമായ പങ്ക് വഹിക്കേണ്ടതുമുണ്ട്. ജൂത മേധാവിത്വം നടത്തിയ ചൂഷണത്തേയും കാപട്യത്തേയും വഞ്ചനകളേയും വിശ്വാസ വിരുദ്ധതയേയും എതിര്‍ത്തവനാണ് യേശു. പുരോഹിതരും വിശ്വാസികളും അധികാരികള്‍ സഭയ്ക്കുള്ളില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും വിഡ്ഡിത്തങ്ങളും തീര്‍ച്ചയായും വിമര്‍ശിക്കണം. ഫാ. വട്ടോളി ഇത്രനാളും സമൂഹത്തില്‍ നടത്തിയ ഇടപെടലുകളില്‍ സഭ നേതൃത്വത്തിന് പ്രശ്‌നങ്ങളില്ലായിരുന്നു, എന്നാല്‍ സഭയിലെ അധികാരികളുടെ തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹം സഭയ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്നവനായി; അതിരൂപത നേതൃത്തോട്ടുള്ള വിയോജിപ്പ് ഫോറം കത്തില്‍ രേഖപ്പെടുത്തുന്നു.

പഴയ നിയമത്തില്‍ പറയുന്ന പ്രവാചകന്മാര്‍, സ്‌നാപക യോഹന്നാന്‍, യേശു ക്രിസ്തു, പുതിയ കാലത്തെ പ്രവാചകന്മാര്‍ ഇവര്‍ക്കെല്ലാം ഭീഷണികള്‍ നേരിടേണ്ടി വരികയും ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും അനുസരണവും ചട്ടങ്ങളും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവനെതിരേ ഉപയോഗിക്കുന്ന ആയുധങ്ങളാക്കുന്ന രീതി ഒട്ടും പുതിയതല്ലെന്നും ഫോറം ഭാരവാഹികള്‍ തങ്ങളുടെ വിമര്‍ശനമായി മാര്‍ മനത്തോടത്തെ അറിയിക്കുന്നു. മര്‍ദ്ദിതരുടെ വിമോചനത്തിനായി ജീവിതം സമര്‍പ്പിച്ച അഞ്ച് ആക്ടിവിസ്റ്റുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമത്തിയത് രാജ്യദ്രോഹ കുറ്റമാണ്. ഫാ. വട്ടോളി ചെയ്ത കുറ്റം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുര്‍പ്രവര്‍ത്തിയുടെ ഇരയായ ഒരു കന്യാസ്ത്രീക്ക് പിന്തുണ നല്‍കി ഒപ്പം നിന്നു എന്നതാണ്. കേരളത്തിലെ മെത്രാന്മാര്‍ക്ക് സാമ്പത്തികമായും സ്വാധീനപരമായും ബിഷപ്പ് ഫ്രാങ്കോയ്ക്ക് അവരുടെ ഉപാധികളില്ലാത്ത പിന്തുണ കൊടുക്കാമെങ്കില്‍ ഒറ്റപ്പെട്ടുപോയ ആ കന്യാസ്ത്രീക്ക് ഫാ. വട്ടോളിക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കിക്കൂടേ എന്നാണ് അതിരൂപത അധികാരിയോട് ഫോറം ഭാരവാഹികള്‍ ചോദിക്കുന്നത്. താങ്കള്‍ ഒരു യഥാര്‍ത്ഥ ക്രിസ്തു അനുവാചകന്‍ ആണെങ്കില്‍ ഫാ. വട്ടോളിയെ അദ്ദേഹത്തിന്റെ നിലപാടുകളില്‍ അഭിനന്ദിക്കുകയും പിന്തുണ കൊടുക്കുകയും ആണ് ചെയ്യേണ്ടതെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്തിനോട് ആവശ്യപ്പെടുന്നു.

2018 നവംബര്‍ 23 ന് ദി യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ സുപ്പീരിയേഴ്‌സ് ജനറല്‍(യു ഐ എസ് ജി) ഏതുവിധേനയും നടക്കുന്ന പീഡനങ്ങള്‍ക്ക് എതിരായുള്ള തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്കും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് കത്തില്‍. ലൈംഗികമായോ, വാക്കാലോ, വൈകാരികമായോ ഒരു ബന്ധത്തിനുള്ളില്‍ അനുചിതമായ അധികാരം ഉപയോഗിച്ച് ഇരയാക്കപ്പെട്ട വ്യക്തിയുടെ അന്തസ് തകര്‍ക്കുന്നതുമായതോ ആയ ഏതു വിധേനയുള്ള പീഡനത്തിലും തങ്ങള്‍ക്കുണ്ടായ അനുഭവം അധികാരികളുടെ മുന്നില്‍ ധൈര്യത്തോടെ പരാതിപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒപ്പമായിരിക്കും തങ്ങള്‍ നില്‍ക്കുക എന്നാണ് യു ഐ എസ് ജിയുടെ നിലപാട്. സ്ഥാപനങ്ങളുടെ യശസും പേരും സംരക്ഷിക്കാനായി നിശബ്ദത പാലിക്കുകയും രഹസ്യാത്മകത പുലര്‍ത്തുകയും ചെയ്യുന്നവര്‍ ആരായാലും അവര്‍ കുറ്റക്കാരാണെന്നതാണ് തങ്ങളുടെ നിലപാട് എന്ന് യു ഐ എസ് ജി പ്രഖ്യാപിച്ചിരിക്കുന്നതും ഫോറം ബിഷപ്പ് മനത്തോടത്തെ ചൂണ്ടിക്കാണിക്കുന്നു. സഭകളിലോ ഇടവകകളിലോ അതിരൂപതകളിലോ, ഏതെങ്കിലും പൊതുരംഗങ്ങളിലോ ഉള്‍പ്പെട്ടവരായാലും സുതാര്യമായ രീതിയില്‍ അവരുടെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്നാണ് തങ്ങള്‍ വാദിക്കുന്നതെന്ന യു ഐ എസ് ജി യുടെ നിലപാടും മനത്തോടത്തെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഫാ. വട്ടോളിയും അദ്ദേഹത്തിനൊപ്പമുള്ളവരും ലൈംഗിക പീഢനത്തിന്റെ ഇരയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് സഹായം ചെയ്യുന്നത്. അതെങ്ങനെയാണ് സഭയുടെ നന്മയ്ക്ക് ദോഷം ഏല്‍പ്പിക്കലും വിശ്വാസികള്‍ക്കിടയിലെ അപവാദ പ്രചരണത്തിനുള്ള കാരണവും ആകുമെന്നും ഫോറം ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് ചോദിക്കുന്നു.

സഭയ്ക്കുള്ളിലില്‍ ഉയരുന്ന പ്രവാചക ശബ്ദങ്ങള്‍ നിശബ്ദമാക്കുക എന്നതാണ് അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിക്ക് നല്‍കിയ മുന്നറിയിപ്പിനെ ഫോറം ഭാരവാഹികള്‍ നോക്കു കാണുന്നതെന്നും ഫാ. ജേക്കബ് പീനിക്കാമ്പറമ്പിലും സിസ്റ്റര്‍ മഞ്ജുവും ബിഷപ്പ് മനത്തോടത്തെ അറിയിക്കുന്നു. മധ്യകാലഘട്ടത്തില്‍ പ്രവാചക ശബ്ദങ്ങളുടെ അസാന്നിധ്യത്തില്‍ കത്തോലിക്ക സഭ എങ്ങനെയാണ് അഴിമതി നിറഞ്ഞതും ദുര്‍ഗന്ധപൂരിതമായതെന്നതിനും ചരിത്രം സാക്ഷ്യമാണ്. പ്രവാചക ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സഭ നശിച്ചുപോകും. അതിനാല്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് കത്ത് പിന്‍വലിക്കണം എന്നാണ് തങ്ങള്‍ക്ക് അഭ്യാര്‍ത്ഥിക്കാനുള്ളതെന്ന് ഫോറം ഭാരവാഹികള്‍ പറയുന്നു. ഫാ. വട്ടോളിക്കുള്ള തങ്ങളുടെ പിന്തുണ ഈ കത്തിലൂടെ പ്രകടിപ്പിക്കുകയാണെന്നു വ്യക്തമാക്കി കൊണ്ടാണ് ഫോറം ഭാരവാഹികള്‍ നിര്‍ത്തുന്നത്.

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറില്‍ വന്നത് തൃശൂര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ അറിവോടെ

‘അവര്‍ വട്ടോളി അച്ചനെ ഭയപ്പെടുന്നു’- സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പറയുന്നു

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍