UPDATES

ട്രെന്‍ഡിങ്ങ്

ഇന്ന് ലോക വയോജന ദിനം; മാസങ്ങള്‍ക്ക് ശേഷം അച്ഛനെ തേടി വന്ന മകള്‍ കണ്ടത് അസ്ഥികൂടം: സംഭവം കേരളത്തില്‍

മൃതദേഹത്തിന് അഞ്ച് മാസത്തോളം പഴക്കമുണ്ടെന്നും ഏപ്രിലില്‍ ഇദ്ദേഹം മരിച്ചെന്നാണ് കണക്കാക്കുന്നതെന്നും പോലീസ്

മാസങ്ങളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന വൃദ്ധനെ തേടി വന്ന മകള്‍ക്ക് ലഭിച്ചത് അസ്ഥികൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നും മുമ്പും കേട്ടിട്ടുള്ള ഈ വാര്‍ത്ത ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെന്റല്‍ കോളേജില്‍ അധ്യാപകനായ കെ പി രാധാകൃഷ്ണനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാസങ്ങളായി പിതാവില്‍ നിന്നും ഒരു ഫോണ്‍ കോള്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കാസര്‍ഗോഡ് താമസിക്കുന്ന മകള്‍ തിരക്കി വരികയായിരുന്നു. മൃതദേഹത്തിന് അഞ്ച് മാസത്തോളം പഴക്കമുണ്ടെന്നും ഏപ്രിലില്‍ ഇദ്ദേഹം മരിച്ചെന്നാണ് കണക്കാക്കുന്നതെന്നും പോലീസ് പറയുന്നു. ബന്ധുക്കളുമായി അകന്നു കഴിയുന്ന രാധാകൃഷ്ണന്‍ പഴയ മെഡിക്കല്‍ കോളേജ് റോഡിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

വീട് അകത്തു നിന്നും അടഞ്ഞു കിടക്കുകയും പ്രതികരണമൊന്നും ഇല്ലാതിരിക്കുകയും ചെയ്തതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അച്ഛനും മകളും വല്ലപ്പോഴും മാത്രമാണ് ഫോണില്‍ സംസാരിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അതും ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ തിരച്ചിലില്‍ വീടിന്റെ സ്വീകരണ മുറിയില്‍ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. വീട്ടില്‍ നിന്നും കണ്ടെത്തിയ അവസാനത്തെ പത്രം ഏപ്രില്‍ മാസത്തേതാണെന്നും ഏപ്രിലിന് ശേഷം കലണ്ടര്‍ മറിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. മരണം സംഭവിച്ചത് ഏപ്രിലില്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനം ഇതാണ്.

മകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ പൂട്ട് പൊളിച്ചാണ് അകത്തു കയറിയതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ സ്വീകരണ മുറിയില്‍ മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലും ചിതല്‍ തിന്ന അവസ്ഥയിലുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും തങ്ങള്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന രാധാകൃഷ്ണന്‍ വര്‍ഷങ്ങളായി ഇവരില്‍ നിന്നും പിരിഞ്ഞ് ജീവിക്കുകയാണ്. അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ ഗിരിലാല്‍ ബി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍