UPDATES

28 വര്‍ഷമായി അടിമ വേല ചെയ്യുന്ന ശിവാളിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, ഉടന്‍ കൌണ്‍സലിംഗും ലഭ്യമാക്കണം

വനിതാ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം

ശ്രീഷ്മ

ശ്രീഷ്മ

‘അടുത്ത വീട്ടുകാര്‍ക്കും ശിവയുടെ അവസ്ഥയെക്കുറിച്ച് അറിയാം. രക്ഷപ്പെടണമെന്നു പറഞ്ഞ് അവര്‍ പൊട്ടിക്കറഞ്ഞിട്ടുള്ള ദിവസങ്ങളുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പക്ഷേ, രക്ഷപ്പെടാനായി അവള്‍ക്ക് സ്ഥലമോ അവിടത്തെ വഴികളോ അറിയില്ല. സംസാരിച്ചു നോക്കിയപ്പോള്‍, റേഷന്‍ കടയും മാവേലി സ്‌റ്റോറും മാത്രമാണ് അവള്‍ക്ക് പരിചയമുള്ള രണ്ട് സ്ഥലങ്ങള്‍. അവിടെ നിന്നും തലച്ചുമടായാണ് ശിവ വീട്ടിലേക്കു വേണ്ട സാധനങ്ങളെത്തിക്കാറ്.’ കോഴിക്കോട് കല്ലായിയില്‍ ഇരുപത്തിയെട്ടു വര്‍ഷമായി അടിമവേല ചെയ്യുന്നു എന്നു പരാതിയുയര്‍ന്നിട്ടുള്ള ശിവാള്‍ എന്ന ആദിവാസി സ്ത്രീയുടെ അവസ്ഥയെക്കുറിച്ച്, ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി പറയുന്നതിങ്ങനെയാണ്. ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ നിന്നും രക്ഷപ്പെടണം എന്ന അതിയായ ആഗ്രഹം ശിവാളിനുള്ളതായി അമ്മിണി ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്മിണി, ബിന്ദു അമ്മിണി, സിനി എന്നിങ്ങനെ നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മയിലെ മൂന്ന് അംഗങ്ങള്‍ കല്ലായിയിലെ വീട്ടിലെത്തി ശിവാളിനെ കണ്ടു സംസാരിച്ചിരുന്നു. എത്രയും പെട്ടന്ന് ശിവാളിന് എത്തിക്കേണ്ടത് കൗണ്‍സലിംഗ് സഹായമാണെന്നാണ് ഇവരുടെ പക്ഷം.

വീട്ടുകാരുടെ സാന്നിധ്യത്തില്‍ ശിവാള്‍ ഒന്നും എതിര്‍ത്ത് സംസാരിക്കാന്‍ തയ്യാറല്ലെന്നു പറയുന്ന കൂട്ടായ്മ അംഗങ്ങള്‍, തനിച്ചു മാറ്റി നിര്‍ത്തി അന്വേഷിച്ചപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ആദിവാസി അവകാശ പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി ശിവാളിന്റെ കുടുംബാംഗങ്ങളെ അട്ടിപ്പാടിയില്‍ നിന്നും കണ്ടെത്തിയത്. പതിനൊന്നാം വയസ്സില്‍ ഗൃഹനാഥന്റെ ഇളയ കുട്ടിയെ നോക്കുന്ന ജോലിക്കായി കല്ലായിയിലെത്തിയ ശിവാള്‍, തുച്ഛമായ ശമ്പളത്തിനോ ശമ്പളമില്ലാതെയോ ആണ് നാളിത്രയും ജോലി ചെയ്തിരുന്നത്. 2002ല്‍ ശിവാളിന്റെ അമ്മയും മരിച്ചു. മരിക്കുന്നതിനിടെ മകള്‍ക്കുള്ള വരുമാനം വാങ്ങാനായി ഇവര്‍ എത്തിയിരുന്നെന്നും, അതിനു ശേഷം പ്രതിഫലമായി ഒന്നും നല്‍കിയിട്ടില്ലെന്നുമാണ് പരാതി. മിക്ക ദിവസങ്ങളിലും ശകാരം കേള്‍ക്കേണ്ടിവരികയും അടുക്കളയില്‍ത്തന്നെ ഉറങ്ങുകയും ചെയ്തിരുന്ന ശിവാളിന്റെ അവസ്ഥ, ബന്ധുവീട്ടില്‍ ഹോംനഴ്‌സായി എത്തിയ ഗീതയാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വീട്ടില്‍ നിന്നും പുറത്തു പോകാനുള്ള ശിവാളിന്റെ ആഗ്രഹത്തെക്കുറിച്ച് പുറത്തറിഞ്ഞതോടെയാണ് അവകാശ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. വനിതാ കമ്മീഷന്‍, എസ്.സി എസ്.ടി കമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

കോഴിക്കോട് കല്ലായിയിലെ ഒരു വീട്ടില്‍ എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിച്ച് ആദിവാസി യുവതിയെ അടിമപ്പണി ചെയ്യിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത‍ കഴിഞ്ഞ ദിവസം അഴിമുഖം പുറത്തുവിട്ടിരുന്നു- 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം.

വ്യാപാരി വ്യവസായി സമിതിയുടെ മുന്‍ സംസ്ഥാന ഭാരവാഹി കൂടിയായിരുന്ന ഗിരീഷിന്റെ വീട്ടിലാണ് ശിവാള്‍ ജോലി ചെയ്യുന്നത്. പരാതി കിട്ടിയ ശേഷം ഗിരീഷിന്റെ വീട്ടിലെത്തി ശിവാളിന്റെ മൊഴിയെടുത്ത പൊലീസ് പക്ഷേ പരാതിയില്‍ കഴമ്പില്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ശിവാള്‍ വീട്ടില്‍ സംതൃപ്തയാണെന്നും സ്വന്തം വീടുപോലെയാണ് കഴിയുന്നതെന്നുമായിരുന്നു ജില്ലാ പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് അടക്കമുള്ളവരുടെ പ്രതികരണം. എന്നാല്‍, വീട്ടുകാരുടെ മുന്നില്‍ വ്ച്ച് മൊഴിയെടുത്താല്‍ സത്യം വെളിപ്പെടുത്താന്‍ ശിവാളിന് സാധിക്കില്ലെന്ന് വിഷയത്തില്‍ ഇടപെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവാളിന്റെ അനുകൂല മൊഴി പൊലീസും വീട്ടുകാരും ചൂണ്ടിക്കാണിക്കുകയും, ഇതിന് തീര്‍ത്തും വിരുദ്ധമായ അനുഭവങ്ങള്‍ ശിവാളിന്റെ വീട്ടുകാര്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മ ഇവരെ നേരിട്ട് കണ്ടത്. ശിവാളിനോട് സംസാരിച്ച ശേഷം അമ്മിണി പറയുന്നതിങ്ങനെ:

‘വീട്ടുകാര്‍ തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. തടങ്കലിലൊന്നും വച്ചിട്ടില്ല, 28 വര്‍ഷമായി അവരുടെ വീട്ടിലെ അംഗത്തെപ്പോലെയാണെന്നൊക്കെ. വിവാഹാലോചന വന്നപ്പോഴും നടത്താതിരുന്നത് അന്വേഷിച്ചുവന്ന എല്ലാവരും മദ്യപാനികളായിരുന്നതിനാലാണ് എന്നും പറയുന്നു. ഒരു വ്യക്തതയുമില്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ശിവയെ ഒറ്റയ്ക്ക് മാറ്റിനിര്‍ത്തി സംസാരിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. മാനസികമായി ഒരുപാട് പ്രശ്‌നങ്ങള്‍ അവര്‍ അവിടെ അനുഭവിക്കുന്നുണ്ട്. ഇത്രനാള്‍ ഈ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് സഹിച്ച് കഷ്ടപ്പെട്ടതിന്റെ പ്രയാസം അവരുടെ സംസാരത്തിലുണ്ട്. കൗണ്‍സലിംഗാണ് ശിവയ്ക്ക് ഇപ്പോള്‍ ആവശ്യം. എങ്കിലേ മറ്റു വിവരങ്ങളും പുറത്തുവരികയുള്ളൂ. വീടിനകത്തു നിന്ന് ആരു ചോദിച്ചാലും സുഖമാണ് എന്നേ അവര്‍ പറയുള്ളൂ. നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും, അതു കാണിച്ച് ജില്ലാ കലക്ടര്‍ക്കായി ഒരു രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ശിവയെ ജോലിക്കു നിര്‍ത്തിയിരിക്കുന്ന വീട്ടുകാര്‍ പറയുന്നുണ്ട്. എത്രയാണ് നഷ്ടപരിഹാരം എന്നതു മാത്രം വ്യക്തമായി പറയുന്നില്ല. ശിവയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ മതിയായ രേഖകള്‍ ഇല്ലായിരുന്നെന്നാണ് മറ്റൊരു വിശദീകരണം. അവളെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ലെന്നും, സുരക്ഷിതമല്ലാത്തതിനാലാണ് വിട്ടയച്ചതെന്നുമാണ് പറയുന്നത്. തങ്ങളെ ഇറക്കി വിട്ട് തിരിച്ചയച്ചതാണെന്ന് ശിവയുടെ സഹോദരങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് താമസിച്ചിട്ടാണ് അവര്‍ പോയതെന്നാണ് ഇവരുടെ വാദം. ഹോംനഴ്‌സായ ഗീത ശിവയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും അതു തടയുകയാണ് ചെയ്തത് എന്നും അവകാശപ്പെടുന്നുണ്ട്.

ഭയങ്കരമായ സമ്മര്‍ദ്ദമാണ് ശിവയ്ക്കുള്ളത്. പച്ചപ്പാവം സ്ത്രീയാണ്. സംസാരമൊന്നും വ്യക്തമല്ല, നന്നായി സംസാരിക്കാന്‍ പോലുമറിയില്ല. അത് വീട്ടുകാര്‍ മുതലെടുത്തിട്ടുമുണ്ട്. റൂമും കട്ടിലും കിട്ടിയത് എപ്പോഴാണെന്നു ചോദിച്ചപ്പോള്‍ ഒരാഴ്ചയായി എന്നാണ് ശിവാള്‍ പറഞ്ഞത്. ഇപ്പോള്‍ കല്യാണം ആലോചിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത്രനാള്‍ ശ്രമിക്കാതെ നാല്‍പ്പതു വയസ്സിലാണോ ശ്രമിക്കുന്നത് എന്നു ചോദിച്ചാല്‍ അതിനു ഉത്തരമില്ല. അമ്മ മരിച്ചതിനാല്‍ അട്ടപ്പാടിയില്‍ സുരക്ഷിതയല്ല എന്നു പറയുന്നുണ്ട്. അങ്ങിനെ തോന്നിയാല്‍ സാമൂഹിക ക്ഷേമ വകുപ്പിനെയോ മറ്റോ വിവരമറിയിക്കാമായിരുന്നല്ലോ? ഇക്കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ കല്ലായ് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുടങ്ങി എന്നു പറയുന്നുണ്ട്. ഗീത നിലയത്തില്‍ ലീല എന്നയാളുടെ പേരിലാണ് പാസ്സ്ബുക്ക്. അതും മാസം ഇരുന്നൂറും അഞ്ഞൂറും രൂപയൊക്കെയാണ് ഇടുന്നത്. നാട്ടില്‍പ്പോകണം എന്ന് അവള്‍ക്കാഗ്രഹമുണ്ട്. കൊണ്ടുപോകാന്‍ ഊരുകാരും തയ്യാറാണ്.’

ശിവാളിനോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട് ഇവര്‍. എന്നാല്‍, വയനാട്ടില്‍ നിന്നുള്ള മുജീബ് അടക്കം ഇടപെട്ട് മേയ് മുപ്പതിനു തന്നെ കമ്മീഷന് പരാതി നല്‍കിയിരുന്നതാണെന്നും, ഇത്ര ദിവസത്തിനിടെ ഒരു നടപടിയും അവര്‍ കൈക്കൊണ്ടതായി അറിവില്ലെന്നും അമ്മിണി പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ശിവാളിനെ കാണാന്‍ കല്ലായിയില്‍ കമ്മീഷനെത്തിയത്. ഇത്ര കാലതാമസം ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അമ്മിണി ചോദിക്കുന്നുണ്ട്. തങ്ങള്‍ വിഷയം പഠിക്കുന്നുണ്ടെന്നും, വീട്ടില്‍ ശിവാളിന് കുഴപ്പമൊന്നുമില്ലെന്നാണ് അറിഞ്ഞതെന്നുമാണ് കമ്മീഷന്‍ എടുത്തിരിക്കുന്ന നിലപാടെന്നും ഇത് പുനഃപരിശോധിക്കണമെന്നും സത്രീപക്ഷ കൂട്ടായ്മ ആവശ്യപ്പെടുന്നു. ‘വനിതാ കമ്മീഷന്‍ പോലും തെറ്റായ നിലപാടാണ് ഈ വിഷയത്തില്‍ എടുക്കുന്നത്. അവര്‍ക്ക് അവിടെ സുഖമാണെന്നും, 28 വര്‍ഷം സുഖമായി ജീവിച്ചയാള്‍ക്ക് ഇനിയും അങ്ങനെ ജീവിക്കുന്നതില്‍ കുഴപ്പമില്ല എന്നെല്ലാമാണ് കമ്മീഷന്റെ നിലപാട്. കഴിഞ്ഞ മുപ്പതാം തീയതി കമ്മീഷന് ഇതേക്കുറിച്ച് പരാതി കിട്ടിയിട്ടുണ്ട്. നാളിത്രയായിട്ടും നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. വനിതാ കമ്മീഷന്‍ അംഗം ഗിരീഷിന്റെ ബന്ധുവാണ്. രാഷ്ട്രീയ സ്വാധീനം കമ്മീഷനു മേലുണ്ടോ എന്നു സംശയമുണ്ട്. എസ്.സി എസ്ടി കമ്മീഷനും ആദ്യം കേസെടുക്കും എന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അനക്കമില്ല. വനിതാ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ആവര്‍ത്തിക്കുന്നത്. കേസ് പഠിക്കട്ടെ, അന്വേഷിക്കട്ടെ എന്നൊക്കെയാണ് മറുപടി. കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഒരു കമ്മീഷന്‍ ആരുടെയൊക്കെയോ സ്വാധീനത്തിന് വഴങ്ങിയാണ് പെരുമാറുന്നത്. അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയോടാണ് ഈ നിലപാടെടുക്കുന്നത്.’

അതേസമയം, ശിവാളിന് ന്യായമായും ലഭിക്കേണ്ട വേതനം പൂര്‍ണമായും നല്‍കിയിട്ടുണ്ടോ എന്നും, കുടുംബജീവിതത്തിലേക്ക് കടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്നും അതില്‍ വ്യക്തതയില്ലെന്നും കമ്മീഷന്‍ അറിയിക്കുന്നുണ്ട്. മറ്റൊരു തരത്തിലും ശിവാളിന് വീട്ടില്‍ ബുദ്ധിമുട്ടുള്ളതായി കമ്മീഷന് കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം. വനിതാ കമ്മീഷന്‍ അംഗം അഡ്വ താര അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മ അവരെ കണ്ടു സംസാരിച്ചതായൊന്നും അറിവില്ല. ഏതെങ്കിലും സംഘടന ഈ വിഷയം ഏറ്റെടുക്കുന്നതിനു മുന്നേ തന്നെ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞിട്ടുണ്ട്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നടപടികള്‍ കൈക്കൊണ്ടുവരികയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അവരെ നേരിട്ട് കണ്ട് മൊഴി രേഖപ്പെടുത്തിയത്. അവരുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭീകരാവസ്ഥ അവിടെയുള്ളതായി ബോധ്യപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ അവിടെയുണ്ട്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുമില്ല. എന്നാല്‍, ഇത്രനാള്‍ ആവശ്യമായ വേതനം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിലും, കുടുംബജീവിതത്തിലേക്കു കടക്കാന്‍ വീട്ടുകാരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിലും വ്യക്തത വരാനുണ്ട്. അടിയന്തിരമായി പരിഹരിക്കേണ്ടതോ ഉടനെ മാറ്റിപ്പാര്‍പ്പിക്കേണ്ടതോ ആയ സാഹചര്യമുണ്ടെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുമില്ല, അവര്‍ അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുമില്ല. വ്യക്തമായ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും ആരും അമ്മ മരിച്ച ശേഷം അന്വേഷിച്ച് വരിക പോലും ചെയ്തിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. അതും പരിശോധിക്കേണ്ടതുണ്ട്.’

വനിതാ കമ്മീഷനും എസ്.സി എസ്.ടി കമ്മീഷനും അടക്കമുള്ളവര്‍ കൃത്യമായ നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍, കോഴിക്കോട് കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ലക്ഷ്യമിടും എന്ന നിലപാടാണ് അവകാശ പ്രവര്‍ത്തകര്‍ക്കുള്ളത്. ഊരുകളില്‍ നിന്നും ജോലിയ്ക്കായി പുറത്തേക്കു പോകുന്നവരുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും, അതിനുള്ള നിയമനിര്‍മാണമാണ് അത്യാവശ്യമായി പരിഗണിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. വൈദ്യപരിശോധന, കൗണ്‍സലിംഗ്, നിയമസഹായം എന്നിങ്ങനെ ഇവര്‍ക്കാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തു നല്‍കാന്‍ ലേബര്‍ കമ്മീഷനും സാമൂഹ്യനീതി വകുപ്പും ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘ശിവാളിനെ ഒരാഴ്ച മാറ്റിനിര്‍ത്തി കൗണ്‍സലിംഗ് കൊടുക്കേണ്ടതുണ്ട്. അട്ടപ്പാടിയില്‍ മാത്രമല്ല, മിക്കയിടത്തും ആദിവാസി കോളനികളില്‍ വീടു നോക്കുന്നതും ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ അതില്‍പ്പെട്ടുപോകുന്നതും സ്ത്രീകളാണ്. എത്രയോ പേര്‍ ഇങ്ങനെ ജോലിക്ക് വന്ന് കഷ്ടപ്പെടുന്നുണ്ട്. ലേബര്‍ കമ്മീഷനും സാമൂഹിക നീതി വകുപ്പിനും പൊലീസിനും ഒന്നും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണ്. ഇന്‍ഷുറന്‍സും മറ്റും അടയ്ക്കുന്നില്ലല്ലോ. രക്ഷപ്പെടാന്‍ അല്പം പണം പോലും കൈയിലുണ്ടാകില്ല. ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍കാരും പ്രമോട്ടര്‍മാരും ശ്രദ്ധിച്ചാല്‍ത്തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഊരില്‍ നിന്നും പുറത്തേക്കു പോകുമ്പോള്‍ ഏത് സ്ഥലത്തേക്ക്, എന്തു ജോലിക്ക്, വേതനം എന്താണ് എന്നെല്ലാം അന്വേഷിച്ച് രേഖപ്പെടുത്തണം. കുടകില്‍ ജോലിക്കു പോയിരുന്ന ആദിവാസികളുടെ മരണനിരക്ക് ഗണ്യമായി കുറച്ചത് ഇത്തരം കാര്യങ്ങള്‍ കൃത്യമായി നടപ്പില്‍ വരുത്തിക്കൊണ്ടാണ്. പുതിയ നിയമനിര്‍മാണം തന്നെ വരണം.’ അട്ടപ്പാടിയിലെ ഊരില്‍ നിന്നും ശിവാളിന്റെ വീട്ടുകാരെക്കൂടി കണ്ടെത്തിക്കഴിഞ്ഞ സാഹചര്യത്തില്‍, എത്രയും പെട്ടന്ന് മറ്റൊരിടത്തേക്ക് മാറ്റാനും നഷ്ടപരിഹാരം എത്തിക്കാനുമാണ് ഇനി ഇവരുടെ ശ്രമം.

എഴുപത്തിയഞ്ചു ലക്ഷം രൂപയെങ്കിലും ശിവാളിന്റെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി ഗിരീഷും കുടുംബവും നല്‍കണമെന്നാണ് നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

Read More: അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍