UPDATES

ഈ സ്ത്രീകളെന്തിനാണ് കലുങ്കിലിരിക്കുന്നത്? പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ആട്ടിയോടിച്ചവര്‍ കാണൂ

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍കൈയില്‍ തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്താണ് പുതു സാമൂഹ്യ മാറ്റം ആവിഷ്‌കരിച്ചത്.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

സ്ത്രീവിരുദ്ധ സാമൂഹ്യ ചട്ടങ്ങളെ തിരുത്തിയെഴുതി കേരളത്തിലെ ഒരു പഞ്ചായത്ത്. പതിവിൽ നിന്നും വിപരീതമായി, സ്ത്രീകൾക്ക് കടന്നുചെല്ലാൻ സാധ്യമല്ലാത്ത മുക്കും മൂലയും സമരമാർഗത്തിലൂടെ കൈവശപ്പെടുത്തിയാണ് ഒരു വിഭാഗം സ്ത്രീകൾ സാമൂഹ്യമാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിലെ ഒരു കള്ളുഷാപ്പിന്റെ മുൻവശത്തുള്ള കലുങ്ക് കയ്യേറിയാണ് സ്ത്രീകൾ പൊതു ഇടങ്ങളിലുള്ള തങ്ങളുടെ അവകാശം ഊന്നി ഉറപ്പിച്ചത്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍കൈയില്‍ തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്താണ് പുതു സാമൂഹ്യ മാറ്റം ആവിഷ്‌കരിച്ചത്. നാട്ടിൻപുറങ്ങളിലെ പല പൊതുസ്ഥലങ്ങളും സ്ത്രീകള്‍ക്ക് അന്യമാവുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമൂഹത്തിന് മാതൃകപരമായൊരു ‘സമര രീതി’ക്ക് പഞ്ചായത്തിലെ സ്ത്രീകൾ ആരംഭം കുറിച്ചത്. പതിനാലാം വാർഡിലെ കള്ളുഷാപ്പിന് മുൻവശത്തുള്ള കലുങ്കിൽ സംഘടിതമായി തങ്ങളുടെ വൈകുന്നേര സമയങ്ങൾ ചിലവഴിച്ചത് വഴിയാണ് പ്രകോപനപരമല്ലാത്ത ഒരു സമരമുറ സമൂഹം തിരിച്ചറിയുന്നത്.

വർഷങ്ങളായി പ്രദേശവാസികളായ പുരുഷന്മാരും, ഷാപ്പിൽ നിന്ന് മദ്യപിച്ചിറങ്ങുന്നവരുമാണ് കലുങ്ക് കൈവശപ്പെടുത്തിയിരുന്നത്. പൊതുനിരത്തിന്റെ ഭാഗമായതിനാൽ മദ്യപാനികളുടെയും മറ്റു പുരുഷന്മാരുടെയും ഇടയിലൂടെയാണ് നാളിതുവരെ പ്രദേശത്തുള്ള സ്ത്രീകൾ സഞ്ചരിച്ചിരുന്നത്. ഇത് പലർക്കും മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിലും രാത്രിയും ജോലി സ്ഥലങ്ങളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകളും വിദ്യാർഥികളും പരാതികൾ ഉന്നയിക്കുന്നവരിൽപ്പെടുന്നു. അത്തരം വ്യവസ്ഥകളോടുള്ള പ്രതിഷേധമായി, പൊതു ഇടങ്ങൾ പുരുഷന് സമാനമായി സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന ബോധത്തിന്റെ ആദ്യ സൂചകമായാണ് തങ്ങൾ ‘കലുങ്ക് സമരമുറ’ പ്രാവർത്തികമാക്കിയതെന്ന് പ്രദേശവാസികളായ സ്ത്രീകൾ അഭിപ്രായപ്പെടുന്നു.

“ഞങ്ങളുടെ പഞ്ചായത്തിലെ ഒരു കള്ളുഷാപ്പിന്റെ മുൻപിലുള്ള കലുങ്ക് കയ്യേറുന്നത് വഴി പുരുഷന്മാരെ അപമാനിക്കണമെന്നോ അവരെ മാറ്റി നിർത്തി ഞങ്ങൾക്ക് ആധിപത്യം സ്ഥാപിക്കണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. സ്വന്തം നാട്ടിലെ എല്ലാ കവലകളും, എല്ലാ പൊതുയിടങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം പൊതുസമൂഹത്തിന് നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന തലത്തിലുള്ള ഇടപെടൽ മൂലമാണ് കേരളത്തിലെ പതിനാലു പഞ്ചായത്തുകൾ വനിതാ-ശിശു സൗഹൃദപരമാക്കണമെന്ന ദൗത്യം മുന്നോട്ടുവരുന്നത്. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ മാതൃകാ പഞ്ചായത്തുകൾ കേരളത്തിൽ രൂപപ്പെടുത്തുക എന്ന ആശയത്തിന്റെ പുറത്താണ് പെരിഞ്ഞനം പഞ്ചായത്തിൽ പദ്ധതികൾ ആവിഷ്ക്കരിച്ചത്. പൊതു ഇടങ്ങളിലൂടെ പലപ്പോഴും സ്ത്രീകൾക്ക് സ്വൈര്യ സഞ്ചാരം സാധ്യമാകുന്നില്ല എന്നതായിരുന്നു ചർച്ചകളിൽ ഉയർന്നുവന്ന പ്രധാന പരാതികളിൽ ഒന്ന്. തുടർന്ന്, ശാസ്ത്ര സാഹിത്യ പരിഷത്തും പഞ്ചായത്തും പ്രാദേശിക സ്ത്രീകളും സംയോജിച്ച് വൈകുന്നേരം കലുങ്കിൽ വന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ പ്രതിഷേധത്തിലെ സാധ്യത തിരിച്ചറിഞ്ഞ ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു പുരുഷന്മാരും അവിടെ എത്തിച്ചേരുകയും രാത്രി ഏഴു മണിവരെ എല്ലാവരും ഒന്നു ചേർന്ന് സമയം ചിലവഴിക്കുകയും ചെയ്തു. ആദ്യ ദിവസം പ്രതിഷേധം ഫലപ്രദമായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രയോഗികമായിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം പുരുഷന്മാർ കലുങ്ക് കൈവശപ്പെടുത്തിയതായി കാണപ്പെട്ടു. അവിടെ സമയം ചിലവഴിക്കാൻ എത്തിച്ചേർന്ന പ്രാദേശിക വനിതകളോട് മദ്യപാനിയായ ഒരു യുവാവ് പ്രകോപനപരമായി പെരുമാറുകയും ‘ഇത് കലികാലത്തിന്റെ തുടക്ക’മാണെന്ന് പറയുകയും ചെയ്‌തു. പക്ഷെ, ഞങ്ങൾ പിന്നോട്ട് പോകുവാൻ ഒരുക്കമല്ല. കൂടുതൽ കാര്യക്ഷമമായി സ്ത്രീകൾക്കുള്ള എല്ലാ സഞ്ചാര സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കെട്ടിയുറപ്പിക്കാൻ ഏകീകൃതമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.” ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത് നിവാസിയുമായ ജയശ്രീ സജീവ് അഭിപ്രായപ്പെടുന്നു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അധ്യക്ഷയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, കൺവീനറുമായ ജെൻഡർ റിസോഴ്‌സ് ഗ്രൂപ്പുകളും ജെൻഡർ റിസോഴ്സ് സെന്ററുകളും സ്ഥാപിക്കുകയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെക്കുന്ന പ്രഥമ ലക്ഷ്യം. പ്രാരംഭമെന്ന നിലയിൽ കേരളത്തിലെ പതിനാല് പഞ്ചായത്തുകള്‍ വനിതാ-ശിശു സൗഹൃദമാക്കുകയും തുടർന്ന് സംസ്ഥാനത്തെ ഓരോ പ്രദേശങ്ങളിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി ഒരു ജെൻഡർ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി മീരഭായ് പ്രതികരിക്കുന്നു. “സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട പൊതു ഇടങ്ങൾ അവർക്ക് ലഭ്യമാക്കണമെന്നതാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം. പെരിഞ്ഞനം പഞ്ചായത്തിൽ കലുങ്കിൽ ഇരുന്നുകൊണ്ട് സ്ത്രീകൾ നടത്തിയ മുന്നേറ്റം അതിനൊരു ഉദാഹരണം മാത്രമാണ്. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിൽ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുഴുവൻ സ്ട്രീറ്റ് ലൈറ്റും പ്രകാശിപ്പിക്കണമെന്നതും ഇതിനോട് ചേർന്ന മറ്റൊരാശയമാണ്. പുറകോട്ട് വലിക്കുന്ന ഘടകങ്ങളിൽ സ്ത്രീയുടെ സജീവ സാന്നിധ്യമാണ് 2018-ൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൾ നടപ്പിലാക്കേണ്ടത്. ജെൻഡർ സൗഹൃദം ഊട്ടിയുറപ്പിക്കാൻ കേരളത്തിലുടനീളം ജെൻഡർ റിസോഴ്സ് സെന്ററുകളും ഗ്രൂപ്പുകളും സ്ഥാപിക്കാനുള്ള ഫണ്ട് സ്വരൂപിച്ച് കഴിഞ്ഞു. ഘട്ടം ഘട്ടമായി ലക്ഷ്യം കൈവരിക്കാൻ ഏകീകൃത പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കും.

“പഴികൾ കേൾക്കാനും പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടാനും തങ്ങൾ ബാധ്യസ്ഥരാണ്, അല്ലെങ്കിൽ ഇത് മാത്രമാണ് വിധിയെന്ന് വിശ്വസിക്കുന്ന ഒരു നല്ല ശതമാനം സ്ത്രീകളിൽ ബോധവത്ക്കരണം നടത്തി അവരിലെ പൊതുബോധത്തെ ശാസ്ത്രബോധമാക്കി മാറ്റാൻ സാധിച്ചെങ്കിൽ മാത്രമേ ഈ പ്രക്രിയ ആദ്യ പകുതിയിൽ വിജയം കൈവരിച്ചെന്ന് പറയാൻ സാധിക്കുകയുള്ളൂ. 60 ശതമാനം സ്ത്രീകളും ഗാർഹിക പീഡനങ്ങൾക്ക് എതിരല്ല എന്ന സർവേ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകൾക്കായുള്ള പ്രോജക്റ്റുകൾ സ്ത്രീകളിൽ നിന്നു തന്നെയാണ് ആരംഭിക്കേണ്ടത്. ഈ കാലഘട്ടത്തിലും തങ്ങൾ വിവേചനം അനുഭവിക്കുന്നെണ്ടെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന സാഹചര്യത്തിലാണ് സ്ത്രീ ശാക്തീകരണം ബലപ്പെടുന്നത്. രാത്രികാലങ്ങൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ആശയം മുൻനിർത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ രാത്രി നടത്തിയ കലാപരിപാടികളും മറ്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെയ്ക്കുന്ന സ്ത്രീ ശാക്തീകരണ പ്രോജക്റ്റിന്റെ ആദ്യ ഘട്ടങ്ങളായിരുന്നു. പെരിഞ്ഞണം പഞ്ചായത്തിലെ കലുങ്ക് സമരത്തിൽ പ്രാദേശിക സ്ത്രീകളുടെ വലിയ സാന്നിധ്യം ശുഭസൂചകമാണ്. തുടർന്നും ഇത്തരം ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും”, മീരാബായി പ്രതികരിക്കുന്നു.

“കവലകളിൽ മദ്യപിച്ചിരിക്കുന്നവരെ തുരത്തിയോടിക്കാനും പഞ്ചായത്തിന്റെ ഓരോ കവലയും സ്ത്രീകൾക്ക് ഏത് സമയത്തും കടന്നുചെല്ലാൻ യോഗ്യമാക്കണവുമെന്ന ആവശ്യത്തിന്റെ പുറത്ത് നടത്തിയ കലുങ്ക് സമരം ആദ്യ ദിവസം വിജയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ സാധ്യമായില്ല. മദ്യപിക്കുന്നതും പുകവലിക്കുന്നതുമെല്ലാം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. പക്ഷെ, അതിന്റെ തുടർച്ച എന്ന നിലയിൽ സ്ത്രീ സൗഹൃദപരമല്ലാത്ത പൊതു ഇടങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സാമൂഹ്യ ദ്രോഹമാണ്. ചട്ടങ്ങൾ തിരുത്തിയെഴുതി, വനിതാ-ശിശു സൗഹൃദ പഞ്ചായത്തായി പെരിഞ്ഞനം അംഗീകരിക്കപ്പെടാൻ ഇത്തരം പ്രകോപനപരമല്ലാത്ത പ്രതിഷേധ മാർഗങ്ങൾ തുടർന്നും ആവിഷ്ക്കരിക്കും. അതിന് മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു കഴിഞ്ഞു. സർവേയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വഴി തുടർ പദ്ധതികൾ നടപ്പിലാക്കും“, പെരിഞ്ഞനം പഞ്ചായത് പ്രസിഡന്റ് കെ.കെ സച്ചിത് പറയുന്നു.

‘രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?’ തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയിലും സദാചാര പോലീസിന്റെ ചോദ്യം

ഒന്നു പുറത്തിറങ്ങണമെങ്കില്‍ കാരണങ്ങള്‍ ഞാനെന്റെ നെറ്റിയില്‍ എഴുതി ഒട്ടിക്കണോ?

പ്രതികരിച്ചോളൂ* (സ്ത്രീ, ദളിത്, ആദിവാസി, തൊഴിലാളി, ന്യൂനപക്ഷങ്ങള്‍ ഒഴിച്ച്*)

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍