UPDATES

‘വര്‍ഷം തോറും 4700 പുരുഷന്മാര്‍ കയറിയിട്ട് നശിക്കാത്ത അഗസ്ത്യാര്‍ കൂടം ഞങ്ങള്‍ സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് നശിക്കുക?’

അഗസ്ത്യാര്‍ കൂടം ട്രക്കിങ്ങിന് വനംവകുപ്പിന്റെ പാസ് ലഭിച്ച് മൂന്ന് സ്ത്രീകള്‍ പ്രതികരിക്കുന്നു

‘കുട്ടിക്കാലം തൊട്ടേ അഗസ്ത്യാര്‍ കൂടത്തെ കുറിച്ച് ധാരാളം മിത്തുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. മൃതസഞ്ജീവനിയൊക്കെ അതില്‍ ചിലതാണ്. അന്നേ മനസ്സില്‍ കുറിച്ചിട്ട മോഹമാണ് മൃതസഞ്ജീവനിയുടെ കാറ്റ് കൊള്ളാന്‍ അഗസ്ത്യ മലയുടെ നെറുകയിലേക്ക് ഒരു യാത്ര.’ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനെക്കുറിച്ചു പറയുമ്പോള്‍ ഷൈനിയുടെ കണ്ണുകളില്‍ പഴയ സ്‌കൂള്‍ കുട്ടിയുടെ കൗതുകം നിറയുന്നു. ഷൈനി മാത്രമല്ല അന്‍പത്തഞ്ചോളം സ്ത്രീകള്‍ ഉള്ള കൂട്ടായ്മയില്‍ നിന്നും അഗസ്ത്യ മലയിലേക്ക് പോവാന്‍ അനുമതി ലഭിച്ച പത്തു പേരും ഏറെ സന്തോഷത്തിലാണ്. ജീവിതത്തിന്റെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത പ്രായക്കാരായ ഇവര്‍ ഒരുമിച്ചൊരു കൂട്ടായ്മ രൂപീകരിച്ചതും രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടം നടത്തിയതും ഈ ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു.

അഗസ്ത്യാര്‍ കൂടത്തിലെ ട്രക്കിങ് വിലക്കിനെ കോടതി ഉത്തരവിലൂടെ മറി കടന്ന ഈ സ്ത്രീകള്‍ അവരുടെ ആദ്യ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ നിരവധി തവണ ട്രക്കിങ് അനുമതിയ്ക്കായി ശ്രമിച്ചിരുന്നുവെങ്കിലും സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല എന്ന നിലപാടായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്. കോടതി ഉത്തരവനുസരിച്ചു സ്ത്രീകള്‍ക്കും ട്രക്കിങ് നടത്താന്‍ സാധിക്കുന്ന ആദ്യ സീസണ്‍ ആണ് ഇത്തവണത്തേത്. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് സീസണിലേക്കുള്ള മുഴുവന്‍ പാസും ശനിയാഴ്ച ബുക്കിങ് ആരംഭിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു. സ്ത്രീവിലക്കിനെതിരെ കോടതിയെ സമീപിച്ച സംഘത്തിലെ പത്തു സ്ത്രീകള്‍ക്കാണ് ഇതില്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ ബൈക്ക് റൈഡര്‍മാര്‍ മുതല്‍ അധ്യാപികമാര്‍ വരെ ഉള്‍പ്പെടുന്നു.

പെണ്ണുങ്ങളേ ഗെറ്റ് റെഡി, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിംഗ് വിലക്ക് നീക്കി ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമുള്ള ആദ്യ മലകയറ്റം ജനു.14 മുതല്‍

ലോകത്തെ മിക്കവാറും എല്ലാ റിസര്‍വ് വന മേഖലകളും വര്‍ഷത്തില്‍ നിശ്ചിത ദിവസത്തേക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. വനത്തെ അറിയാനും ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് അവസരം കൊടുക്കുന്നതാണ് ഈ ട്രക്കിങ്. കായിക ക്ഷമതയുള്ളവര്‍ മാത്രമല്ല ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ വരെ അത്തരം ട്രക്കിങ്ങില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നും ലിംഗ വ്യത്യാസത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താറില്ല. പിന്നെ എന്തുകൊണ്ട് കേരളത്തിലെ അഗസ്ത്യമലയില്‍ വനം വകുപ്പ് നടത്തുന്ന ട്രക്കിങ്ങില്‍ സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നതാണ് തങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തതെന്ന് ട്രക്കിങ്ങിനൊരുങ്ങുന്ന എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയായ സുല്‍ഫത്ത് പറയുന്നു.

‘1990 മുതലാണ് കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍കൂടത്തിലെ ട്രക്കിങ് വനം വകുപ്പ് ആരംഭിക്കുന്നത്. 2015 ല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചപ്പോഴാണ് ഈ വിവേചനം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്തുകൊണ്ട് ഇതില്‍ നിന്ന് സ്ത്രീകളെ മാത്രം വിലക്കുന്നു എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി മതിയായ സുരക്ഷ സൗകര്യങ്ങള്‍ ഇല്ല എന്നായിരുന്നു. വനത്തെ അറിയാനും ആസ്വദിക്കാനും പുരുഷന്മാരെപ്പോലെ തന്നെ തുല്യമായ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങളുടെ ലംഘനമാണ് അതിനെയാണ് ഞങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഞങ്ങളെയും അഗസ്ത്യാര്‍ കൂടത്തില്‍ പ്രവേശിപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും കാണി വിഭാഗത്തിലെ ആദിവാസികള്‍ ചിലര്‍ അതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ മതപരമായ ആരാധനകള്‍ അവിടെ വച്ച് നടത്താറുണ്ടെന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു വാദം.

ഞങ്ങള്‍ അവിടെ പൂജ നടത്താനോ തീര്‍ത്ഥാടനത്തിനോ പോകുന്നവരല്ല, മറിച്ചു വനം വകുപ്പ് നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുക്കാന്‍ മാത്രം പോകുന്നവരാണെന്ന് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാവുകയും അതനുസരിച്ചു വനം വകുപ്പ് സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളുന്ന ബുക്കിങ് സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്തു. ട്രക്കിങ്ങിന്റെ മറവില്‍ അവിടം തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നതായി കോടതിയ്ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ പൂജാസാധനങ്ങള്‍ പോലുള്ളവ കൊണ്ടുപോകരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ഈ വര്‍ഷത്തെ ട്രക്കിങ്ങില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെ സന്തോഷത്തിലാണിപ്പോള്‍’. അന്‍പത് വയസ്സ് പിന്നിട്ട സുല്‍ഫത്തിന്റെ ആദ്യ ട്രക്കിങ് യാത്രയാണിത്. എങ്കിലും ആശങ്കകള്‍ ഏതുമില്ലാതെ കാടിന്റെ അനുഭവങ്ങള്‍ തേടിയുള്ള സഞ്ചാരത്തിനൊരുങ്ങുകയാണ് സുല്‍ഫത്ത് ഇപ്പോള്‍.

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

ഇന്ത്യയില്‍ ഉടനീളം ബുള്ളറ്റില്‍ യാത്ര നടത്തിയിട്ടുള്ള സ്ത്രീയാണ് അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനൊരുങ്ങുന്ന തിരുവനന്തപുരം സ്വദേശിനിയായ ഷൈനി രാജ്കുമാര്‍. ‘അഞ്ചു വര്‍ഷം മുന്‍പ് ആദ്യം ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്ത്രീയായതു മൂലം എനിക്ക് അവിടേയ്ക്ക് പോവാന്‍ സാധിക്കില്ല എന്നും ഇത്തരത്തിലുള്ള ഒരു ലിംഗ വിവേചനം നിലനില്‍ക്കുന്നതായും അറിയാന്‍ കഴിഞ്ഞത്. പിന്നീട് എന്നെപ്പോലെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടായിട്ടും അവസരം കിട്ടാത്ത വേറെ കുറച്ചു സ്ത്രീകളെ ക്കൂടെ പരിചയപ്പെട്ടു. 2017 ല്‍ ഞങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു ഒരു സമരം നടത്തിയിരുന്നു. എന്നാല്‍ ആ വര്‍ഷവും അതിന്റെ പിറ്റേ വര്‍ഷവും പല കാരണങ്ങള്‍ പറഞ്ഞു ട്രക്കിങ് ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ 2019 ലാണ് ആദ്യമായിട്ട് ഞങ്ങള്‍ക്കവിടെ പ്രവേശിക്കാന്‍ സാധിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ അവസരം ലഭിക്കാതെപോയ ഗ്രൂപ്പിലെ മറ്റു സ്ത്രീകള്‍ക്കും കൂടെ വേണ്ടിയാണ് ഞങ്ങളുടെ ഈ യാത്ര.

പലരും ചോദിക്കുന്നുണ്ട്, ഏത് സ്ത്രീയാവും ആദ്യം അവിടെ കാലുകുത്തുകയെന്ന്, പക്ഷേ ഞങ്ങളില്‍ ആര് അവിടെ ആദ്യം എത്തിയാലും അത് ഈ സമരത്തില്‍ പങ്കെടുത്ത എല്ലാ സ്ത്രീകള്‍ക്കും അവകാശപ്പെട്ട നേട്ടമാണ്. അഗസ്ത്യാര്‍കൂടത്തില്‍ പോവുന്നതുമായി ബന്ധപ്പെട്ട ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പലരും അധിക്ഷേപവുമായി വരുന്നുണ്ട്. ‘ഇനി പെണ്ണുങ്ങള്‍ കയറി, അഗസ്ത്യമലയും ടൂറിസ്റ്റു കേന്ദ്രമാക്കും, അവിടം നശിപ്പിക്കുമെന്നൊക്കെ പറഞ്ഞ്’ വര്‍ഷം തോറും 4700 പുരുഷന്മാര്‍ കയറിയിട്ട് നശിക്കാത്ത സ്ഥലം ഞങ്ങള്‍ സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് നശിക്കുക? സ്ത്രീകള്‍ പോവുന്നിടത്തൊക്കെ അനാശാസ്യമാണ് നടക്കുന്നതെന്ന വികല ചിന്തകളുമായി നടക്കുന്നവരാണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. ഞാന്‍ അത്ര വലിയ ട്രക്കിങ് ഒന്നും ഇതുവരെ നടത്തിയിട്ടില്ല. കേരളത്തില്‍ മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളില്‍ ട്രക്കിങിന് പോയിട്ടുണ്ട്. അഗസ്ത്യാര്‍ കൂടം അവയേക്കാള്‍ കഠിനമാണെന്ന് എനിക്കറിയാം. എന്നാലും വിജയകരമായി അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്തി തിരിച്ചിറങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ഷൈനി പറഞ്ഞു നിര്‍ത്തി.

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും പ്രവേശിക്കാം.ഗെറ്റ് റെഡി ഫോർ ട്രക്കിംഗ്!!

ലിംഗ വിവേചനത്തിന്റെ പേരില്‍ ഇതുവരെ സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നിടത്ത് ആദ്യമായി പ്രവേശിക്കാന്‍ അവസരമുണ്ടായപ്പോള്‍ സ്ത്രീകള്‍ക്കായി പ്രത്യേക പാസ്സുകള്‍ അനുവദിക്കാമായിരുന്നു എന്നാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ച അധ്യാപികയായ ദിവ്യ ദിവാകരന്‍ പറയുന്നത്. ‘സ്ത്രീകള്‍ എന്നുള്ള നിലയില്‍ പ്രത്യേക സൗകര്യങ്ങളൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷെ ട്രക്കിങ്ങിനു ആഗ്രഹമുള്ള ഒരുപാട് സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇതുവരെ അവര്‍ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. ഇത്തവണ കോടതി വിധി വന്നപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലെ തിരക്കുമൂലം വളരെ കുറച്ചു സ്ത്രീകള്‍ക്ക് മാത്രമാണ് ട്രക്കിങ്ങിന് അവസരം ലഭിച്ചിരിക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കാന്‍ എന്തെങ്കിലും ഒരു സംവിധാനം അധികൃതര്‍ക്ക് ഒരുക്കമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക്. കാണി സമുദായത്തിലെ ആദിവാസികളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ എതിര്‍പ്പുമായി വന്നത്. അവരാണ് കോടതിയിലും ഞങ്ങള്‍ക്കെതിരായി വാദിച്ചത്. പക്ഷേ ട്രക്കിങ്ങിനു ആദിവാസി വിശ്വാസങ്ങളുമായി ബന്ധമില്ല എന്നാണ് കോടതി പ്രസ്താവിച്ചത്. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കിട്ടിയ ഈ ട്രക്കിങ് അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ഇവിടേയ്ക്ക് വരാന്‍ ഞങ്ങളുടെ യാത്ര പ്രചോദനമാകും എന്ന് കരുതുന്നു’. ദിവ്യ ദിവാകരന്‍ വ്യക്തമാക്കി.

ആകെ പത്തൊമ്പതര കിലോമീറ്ററാണ് അഗസ്ത്യ മലയുടെ നെറുകയിലേക്കുള്ള ദൂരം. 13 കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് അതിരുമല. അതിരുമലയും കഴിഞ്ഞ് 6 കിലോമീറ്റര്‍ മല കയറിയാലാണ് 1836 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ സാധിക്കുക. അതിരുമലയാണ് ബേസ് ക്യാമ്പായി സഞ്ചാരികള്‍ ഉപയോഗിക്കുക. ഇവിടെ ഡോര്‍മെറ്ററി സൗകര്യവും ടോയ്ലറ്റുകളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ മൂന്ന് പകലും രണ്ട് രാത്രിയുമെടുത്താണ് സഞ്ചാരികള്‍ ട്രക്കിങ് പൂര്‍ത്തിയാക്കാറുള്ളത്.

(ചിത്രം- ഹരീഷ് എന്‍പിജി)

അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് പാസ് ലഭിച്ച ഷൈനി രാജ്കുമാര്‍, സുല്‍ഫത്ത്, ദിവ്യദിവാകരന്‍ എന്നിവര്‍ സംസാരിക്കുന്നു/ വീഡിയോ കാണാം..

 

സ്ത്രീകളെ വിലക്കി അഗസ്ത്യാര്‍കൂടത്തെ അടുത്ത ശബരിമലയാക്കാനുള്ള ഗൂഢനീക്കത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നോ?

 

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍