UPDATES

ജോസഫൈന്‍, വനിത കമ്മിഷന്‍ സിപിഎമ്മിന്റെ പോഷക സംഘടനയല്ല, അതിനു ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്

ഇക്കാലമത്രയും നിരവധി പരാതികള്‍ ലഭിച്ചിട്ടും ഇന്നേവരെ ഹാദിയയുടെ വൈക്കത്തെ വീട് സന്ദര്‍ശിക്കുവാനോ ഹാദിയയെ നേരില്‍ കാണുവാനോ വനിതാ കമ്മീഷനില്‍ നിന്ന് ആരുമുണ്ടായില്ല.

സ്ത്രീ സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷയും ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടങ്ങിയതാണ് സ്റ്റാറ്റ്യൂട്ടറി ബോഡിയായ വനിത കമ്മീഷന്‍. എന്നാല്‍ യഥാര്‍ഥത്തില്‍ വനിത കമ്മീഷനുകള്‍ എവിടെയാണ് നില്‍ക്കുന്നത്? എന്താണ് ചെയ്യുന്നത്? ഹാദിയ കേസിലുള്ള ദേശീയ വനിതാ കമ്മീഷന്റേയും സംസ്ഥാന വനിതാ കമ്മീഷന്റേയും വാദ പ്രതിവാദങ്ങളും കേസിലെ ഇരുകൂട്ടരുടേയും ഇടപെടലും ഈ ചോദ്യത്തിലേക്കാണ് എത്തിക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന കമ്മീഷനുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. ഭരണപ്പാര്‍ട്ടിയുടെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്ന കേവല സംവിധാനങ്ങളായി കമ്മീഷനുകള്‍ മാറുമ്പോള്‍ യഥാര്‍ഥത്തില്‍ വനിത കമ്മീഷനുകളെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഹാദിയ എന്ന ഇരുപത്തിയഞ്ചുകാരിയെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത് മുതല്‍ ഹാദിയ കേരളത്തിന്റെ പൊതു ഇടങ്ങളിലെ സജീവ ചര്‍ച്ചകളില്‍ ഒന്നായി മാറി. കഴിഞ്ഞ അഞ്ചുമാസമായി ഹാദിയ സംരക്ഷണമെന്ന പേരില്‍ വീട്ടുതടങ്കലിലാണ്. ഇരുപതിലധികം വരുന്ന പോലീസുകാരുടേയും സര്‍ച്ച്‌ലൈറ്റുകളുടേയും കാവലില്‍ സ്വന്തം വീട്ടിലെ ഒരു മുറിക്കുള്ളില്‍ കഴിയുന്ന അവര്‍ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അത്രയും തന്നെ നാളുകളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടേതായ എല്ലാ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട ഹാദിയയെ പക്ഷെ സംസ്ഥാന വനിതാ കമ്മീഷന്‍ കണ്ടില്ല. മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഹാദിയ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വാചാലരായപ്പോള്‍ പോലും വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചു. ഹാദിയയെ സ്വതന്ത്രയാക്കണമെന്നും അവര്‍ അനുഭവിക്കുന്ന അവകാശലംഘനങ്ങളെ നേരില്‍ കണ്ട് വിലയിരുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പൗരാവകാശ സംഘടനകളും വനിതാ സംഘടനകളും വനിതാ കമ്മീഷന് പലപ്പോഴായി നിവേദനങ്ങള്‍ നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വനിതാ പ്രവര്‍ത്തകരുടേയും നിരന്തര ഇടപെടലിനൊടുവില്‍ കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ ഹാദിയ വിഷയത്തില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ തീരുമാനിച്ചു. കക്ഷി ചേരുകയും ചെയ്തു.

എന്നാല്‍ ഇക്കാലമത്രയും നിരവധി പരാതികള്‍ ലഭിച്ചിട്ടും ഇന്നേവരെ ഹാദിയയുടെ വൈക്കത്തെ വീട് സന്ദര്‍ശിക്കുവാനോ ഹാദിയയെ നേരില്‍ കാണുവാനോ വനിതാ കമ്മീഷനില്‍ നിന്ന് ആരുമുണ്ടായില്ല. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടാതെ കാര്യമായ അഭിപ്രായപ്രകടനങ്ങളൊന്നുമില്ലാതെ മാറി നില്‍ക്കുന്നതിനെതിരെ വനിതാ പ്രവര്‍ത്തകരടക്കം പലരും പ്രതിഷേധമറിയിച്ചു. ഹാദിയയുടെ കാര്യത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടായിട്ടും അത് ചെയ്യാതിരുന്നത് വലിയ വീഴ്ചയാണെന്ന് അഭിഭാഷകയായ കെ.കെ.പ്രീത പറയുന്നു. “സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സ്ത്രീകള്‍ക്കാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്ന വിപുലമായ ഒരു സംവിധാനമാണ് വനിതാകമ്മീഷന്‍. കേരളത്തിലെ സ്ത്രീകളുടെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള വിപുലമായ അധികാരങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാണ്. കമ്മീഷന്റെ നിയമനങ്ങള്‍ തന്നെ രാഷ്ട്രീയമായി ബന്ധമുള്ളതാണ്. സിവില്‍ കോടതിയുടെ അധികാരം വനിതാകമ്മീഷനുണ്ട്. ആരേയും സമന്‍സ് അയച്ച് നിര്‍ത്താം, ഏത് ഡോക്യുമെന്റ് വേണമെങ്കിലും എവിടെ നിന്നും സ്വീകരിക്കാം. എന്നാല്‍ ശിക്ഷണാധികാരമില്ല. അത്തരത്തിലൊരു പരിമിതി കമ്മീഷനുണ്ട്.

“ഞാന്‍ നവംബര്‍ 27നു വേണ്ടി കാത്തിരിക്കുന്നു”- ഹാദിയ

ഹാദിയയുടെ കേസില്‍, ഒരു സ്ത്രീ, ഭരണഘടനാപരമായിട്ടുള്ള, സാമൂഹികമായിട്ടുള്ള അവളുടെ അവകാശത്തെ, സ്വാതന്ത്ര്യത്തെ, സ്വകാര്യതയെ ഒക്കെ ഇല്ലാതാക്കിയപ്പോള്‍, അത് അവളുടെ അവകാശമാണെന്നും അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും വളരെ ശക്തമായിട്ട് പറയേണ്ടതായിരുന്നു കേരളത്തിലെ വനിതാ കമ്മീഷന്‍. സ്ത്രീയുടെ പ്രശ്‌നം ഒരു പൊതുവായ പ്രശ്‌നമാണ്. ദേശീയ വനിത കമ്മീഷനായാലും സംസ്ഥാന വനിത കമ്മീഷനായാലും അത് പൊതുപ്രശ്‌നം എന്ന നിലയ്ക്കാണ് എടുക്കേണ്ടതും. എന്നാല്‍ അതിന് പകരം രാഷ്ട്രീയമായ താത്പര്യത്തിന് വേണ്ടി സ്ത്രീപ്രശ്‌നത്തെ കൊണ്ടുവരുന്നത് ശരിയല്ല. ഏത് രാഷ്ട്രീയത്തിലായാലും, മതത്തിലായാലും, സമുദായത്തിലായാലും സ്ത്രീകള്‍ എപ്പോഴും നേരിടുന്ന പ്രശ്‌നങ്ങള്‍ തുല്യമായിരിക്കും.

ദളിത് സ്ത്രീകള്‍ കുറേക്കൂടി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എങ്കിലും പൊതുവെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്വാതന്ത്ര്യമില്ലായ്മയുമെല്ലാം തുല്യമായിരിക്കും. തുല്യമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സ്ത്രീയുടെ വിഷയത്തില്‍ ഇരുകമ്മീഷനുകളും തമ്മില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയായില്ല. കേരളത്തില്‍ നടന്ന പ്രശ്‌നമാവുമ്പോള്‍ സംസ്ഥാന വനിത കമ്മീഷന്‍ അധികാരമുപയോഗിച്ച് തന്നെ അതിനെ നേരിടേണ്ടതായിരുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാനായി ഭരണഘടനാപരമായിത്തന്നെ ഇടപെടേണ്ടതായിരുന്നു.”

"</p

ഹാദിയയെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ചെന്നിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതേവരെ അനുകൂലമായ ഒരു പ്രതികരണം പോലുമുണ്ടായിട്ടില്ല. ഇതേ നിലപാട് തന്നെ സ്വീകരിക്കാന്‍ ഭരണകക്ഷികളുടെ നോമിനികളായ വനിത കമ്മീഷന്‍ അംഗങ്ങള്‍ തീരുമാനിച്ചതായിരിക്കാം എന്നാണ് വനിത പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം.

എന്നാല്‍ ഇതിനിടെ ദേശീയ വനിത കമ്മീഷനംഗം രേഖ ശര്‍മ രണ്ട് ദിവസം മുമ്പ് വൈക്കത്തെത്തി ഹാദിയയെ കണ്ടു. ഹാദിയ സന്തോഷവതിയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നുമാണ് ഹാദിയയെ കണ്ടിറങ്ങിയ കമ്മീഷനംഗം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മോദി സര്‍ക്കാരിന്റെ നോമിനിയായ കമ്മീഷനംഗം സംഘപരിവാറുകാരുടെ ഭാഷ ഉപയോഗിച്ചതില്‍ ആര്‍ക്കും അത്ഭുതം തോന്നിയതുമില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ ഹാദിയയുടെ മതപരിവര്‍ത്തനവും വിവാഹവുമുള്‍പ്പെടെയുള്ള കേസില്‍ നവംബര്‍ 29ന് കോടതി ഹാദിയയെ കേള്‍ക്കാനിരിക്കെ ദേശീയ വനിത കമ്മീഷന്‍ അംഗത്തിന്റെ പ്രസ്താവനകള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് വിലയിരുത്തല്‍. രേഖ ശര്‍മയ്ക്ക് മറുപടിയായി സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ എത്തി. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല. പ്രസ്താവന കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്താനെന്നും ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം പറഞ്ഞ് പരസ്പരം പോരടിക്കുമ്പോള്‍ ഹാദിയ എന്ന സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന വിഷയം ഇരുകൂട്ടരും സൗകര്യപൂര്‍വം മറക്കുന്നതായാണ് ആരോപണം.

“ഹാദിയ കഴിയുന്നത് വീട്ടുതടങ്കലില്‍”; നീതി ഉറപ്പാക്കാന്‍ വനിത കമ്മീഷന്‍ ഇടപെടണമെന്ന് സ്ത്രീ കൂട്ടായ്മ

വനിത പ്രവര്‍ത്തകയായ സോണിയ ജോര്‍ജ് പറയുന്നതിങ്ങനെ; “വനിത കമ്മീഷനുകള്‍, അത് കേന്ദ്ര തലത്തിലോ സംസ്ഥാനതലത്തിലോ ആയാലും, എപ്പോഴും ആരാണോ ഭരിക്കുന്നത് അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് നമുക്ക് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായ നിലപാടുകള്‍ ഒരുകാലത്തും ഒരു വിഷയത്തിലും അവര്‍ എടുത്തിട്ടില്ല. സമ്മര്‍ദ്ദങ്ങള്‍ വരുമ്പോള്‍ ചില ഇടപെടലുകള്‍ നടത്തുമെന്നല്ലാതെ ഇവിടെ നടക്കുന്ന പ്രമാദമായ വിഷയങ്ങളിലൊന്നും കമ്മീഷന്‍ നിലപാടെടുക്കുകയോ ഇരകളായവര്‍ക്കോ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവര്‍ക്കോ പിന്തുണ നല്‍കുകയോ ചെയ്യുന്ന സംഭവങ്ങള്‍ വളരെ കുറവാണെന്നാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

വനിത കമ്മീഷന്‍ ഒരു സ്വതന്ത്രബോഡിയാണെങ്കില്‍ കൂടി അത്തരത്തില്‍ സ്വതന്ത്ര നിലപാടുകളോ ചിന്തകളോ ഉള്ളവര്‍ സാധാരണ കമ്മീഷന്‍ അംഗങ്ങളായി വരാറില്ല. അതുകൊണ്ടുതന്നെ ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ ഇത് മുന്നോട്ട് പോയിട്ടുള്ളൂ. എന്തിനാണ് നമുക്ക് ഇങ്ങനെയൊരു കമ്മീഷന്‍ എന്ന ചോദ്യം സ്വാഭാവികമായും ചോദിച്ചുപോവുന്നതാണ്. പുരുഷാധിപത്യത്തിനോ ആണ്‍കോയ്മാ വ്യവസ്ഥിതിക്കോ അതീതമല്ല സ്‌റ്റേറ്റ്. സ്‌റ്റേറ്റിന്റെ ഭാഗമായി കമ്മീഷനുകള്‍ മാറുമ്പോള്‍ വെറുമൊരു സ്ഥാപനവല്‍ക്കരിക്കപ്പെട്ട അനുഭവം മാത്രമേ അതില്‍ നിന്ന് ലഭിക്കുന്നുള്ളൂ. അല്ലാതെ ഒരു തരത്തിലുമുള്ള ഫെമിനിസ്റ്റ് പ്രാക്ടീസുകളുമുണ്ടാവുന്നില്ല. ഒരുദാഹരണം പോലും അത്തരത്തില്‍ എടുത്തുപറയാനില്ല. അതില്ലാത്തിടത്തോളം തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനപ്പുറത്തേക്ക് രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ നിലപാടെടുക്കാന്‍ ഇതിനെത്രത്തോളം ശേഷിയുണ്ടെന്ന ചോദ്യമുണ്ട്. അതുതന്നെയാണ് ഹാദിയയുടെ വിഷയത്തിലും വെളിവായിട്ടുള്ളത്.

ഹാദിയയെ മതശക്തികള്‍ക്ക് പന്താടാന്‍ വിട്ടുകൊടുക്കരുത്; വനിതാ കമ്മീഷന് തുറന്ന കത്ത്

സ്ത്രീയും പുരുഷനും തമ്മിലുള്ള അടിപിടികേസുകള്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങി ഇന്‍സ്റ്റിറ്റ്യൂഷന്റെ അകത്ത് നില്‍ക്കുന്ന കേസില്‍ ഇടപെടുമെന്നല്ലാതെ അതിന് പുറത്തുപോവുന്ന കേസുകളില്‍ കമ്മീഷന്‍ നിര്‍ജ്ജീവരായി പോവുന്ന അവസ്ഥയുണ്ട്. ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്ന പേരില്‍ വീട്ടില്‍ അടച്ചിടുകയാണോ ചെയ്യേണ്ടത് അതോ ഒരു പെണ്‍കുട്ടിക്ക് അവള്‍ക്കിഷ്ടമുള്ള മതമോ വിവാഹമോ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണോ എടുക്കേണ്ടത് എന്ന തര്‍ക്കങ്ങളാണ് നടക്കുന്നത്. ആ തര്‍ക്കത്തിലും കമ്മീഷന് നിലപാടെടുക്കാന്‍ കഴിയാത്തത് ഈയൊരു ഘടനാപരമായ പ്രതിസന്ധിക്കുള്ളില്‍ നില്‍ക്കുന്നതുകൊണ്ടാണ്. ഫെമിനിസ്റ്റ് പ്രാക്ടീസ് ഉണ്ടായിരുന്നെങ്കില്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ച് ഒരു പ്രസ്താവനയെങ്കിലും സര്‍ക്കാരിന് കൊടുക്കാമായിരുന്നു. അത് സ്റ്റേറ്റിനെ ഇടപെടാന്‍ പ്രകോപിപ്പിക്കുന്നതാണ്. അത് നടന്നില്ല എന്നത് വ്യവസ്ഥയുടെ പ്രതിഫലനം തന്നെയാണ്. കമ്മീഷനില്‍ സ്വതന്ത്രചിന്തയുള്ള വ്യക്തികളുണ്ടാവുകയും അവര്‍ സ്റ്റേറ്റിന് അതീതമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ വനിത കമ്മീഷന്റെ യഥാര്‍ഥ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനും അധികാരം പ്രയോഗിക്കാനും കഴിയൂ. അല്ലാത്തപക്ഷം ഇതിങ്ങനെ തന്നെ തുടരും.

"</p

നടി ആക്രമിക്കപ്പെട്ട സംഭവത്തിലടക്കം വനിതാ കമ്മീഷന്റെ നിസംഗത കേരളം കണ്ടതാണ്. പി.സി ജോര്‍ജ് എം.എല്‍.എ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയപ്പോള്‍ പോലും താനതറിഞ്ഞിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അന്ന് പ്രതികരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞത്. ഇത്തരം സംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കുകയും സ്വതന്ത്രമായി ഇടപെടുകയും ചെയ്യേണ്ട വനിത കമ്മീഷന്‍ കാണിച്ച നിരുത്തരവാദ സമീപനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ദളിത് വനിതാ പ്രവര്‍ത്തകയായ രേഖ രാജ് പറയുന്നു- “വനിത കമ്മീഷനുകള്‍ രാഷ്ട്രീയ നിയമനങ്ങളാവുന്നതാണ് പ്രധാന പ്രശ്‌നം. ഭരണഘടനാപരമായോ നിയമപരമായോ സ്ഥാപിക്കപ്പെട്ട വനിത കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ അത് സൃഷ്ടിക്കുന്നത് പോലെ തന്നെ സ്വയംഭരണാവകാശമുള്ളവയായിരിക്കണം. രാഷ്ട്രീയ നിയനിയമനങ്ങളാവുമ്പോവാണ് അവര്‍ താത്പര്യങ്ങളില്‍ കെട്ടിയിടപ്പെടുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ മാറി നില്‍ക്കണം. കാരണം ലിംഗ നീതി എന്നത് ഭരണഘടനാസംഗതിയും സാമൂഹ്യനീതിയുടെ പ്രശ്‌നവുമാണ്. അത്തരം സംഗതികളില്‍ നിന്ന് സര്‍ക്കാര്‍ മാറി നില്‍ക്കേണ്ടതുണ്ട്.

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

ഗൈഡ്‌ലൈന്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ വനിത കമ്മീഷന്‍ മറ്റ് സംസ്ഥാനങ്ങളിലെ കമ്മീഷനുകളേക്കാള്‍ ശക്തവും അധികാരമുള്ളതുമാണ്. സ്വന്തമായി കോടതി നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാം. പക്ഷെ അതൊന്നും നടക്കാത്തത് രാഷ്ട്രീയ നിയമനങ്ങളായതുകൊണ്ട് തന്നെയാണ്. അവര്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയോട് എപ്പോഴും വിധേയപ്പെട്ടിരിക്കും. ജോസഫൈനെപ്പോലുള്ള സിപിഎം നേതാവിന് എങ്ങനെയാണ് സ്വതന്ത്രയായി പ്രവര്‍ത്തിക്കാനാവുക. അത് അതിന്റെ പരിമിതിയാണ്. അങ്ങനെയല്ലാത്ത പൊതുജനരംഗത്ത് പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ചിട്ടുള്ള സ്വതന്ത്രരായ സ്ത്രീകള്‍ അതിന്റെ തലപ്പത്ത് വരണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ധാര്‍മ്മികമായി ബാധ്യസ്ഥരാണ്.

വനിത കമ്മീഷന്‍ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വേണ്ടി എന്ന് പറയുമ്പോഴും പുരുഷാധിപത്യത്തിനേയോ ജാതിമേല്‍ക്കോയ്മയേയോ മൈനോരിറ്റി ഫോബിയയേയോ ഒന്നും ചോദ്യം ചെയ്യാന്‍ അവര്‍ തയ്യാറല്ല. അപ്പോള്‍ അതിനെയെല്ലാം തകര്‍ക്കുന്ന തലത്തിലേക്ക് പുറത്തുനിന്നുള്ള മൂവ്‌മെന്റുകളും സംവാദങ്ങളുമുണ്ടാവേണ്ടതുണ്ട്. ദേശീയ-സംസ്ഥാന വനിത കമ്മീഷനുകള്‍ സര്‍ക്കാരുകളുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വനിത കമ്മീഷന്‍ ഹാദിയ കേസില്‍ കക്ഷിചേരാമെന്നെങ്കിലും പറഞ്ഞു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വനിത കമ്മീഷനുകള്‍ ഭരണകക്ഷികളുടെ പാവകളാണെന്ന് കാണാനാവും. വനിത കമ്മീഷനുകളെ ഭരണഘടനാ സ്ഥാപനങ്ങളായി നിലനിര്‍ത്തുകയും രാഷ്ട്രീയ നിയമനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.”

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍