UPDATES

ട്രെന്‍ഡിങ്ങ്

എന്റെ കുഞ്ഞിനെ ചവിട്ടിക്കൊന്ന ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് ഞാന്‍ മാപ്പ് നല്‍കണമെന്നാണോ?

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

“അത് മോന്‍ ആയിരുന്നു. പ്രസവ വേദന പോലുള്ള വേദന വന്ന് പ്രസവിക്കുക തന്നെയായിരുന്നു. ചോരയില്‍ പുതഞ്ഞ് എന്റെ കുഞ്ഞ് കിടക്കുന്നത് ഞാനൊന്നേ നോക്കിയുള്ളൂ. നാലരമാസമേ ആയിട്ടുള്ളൂ എങ്കിലും അതിന് ഒരു കുഞ്ഞിന്റെ രൂപം തന്നെയായിരുന്നു. വെയിസ്റ്റ് ബോക്‌സില്‍ ഇടാന്‍ ആശുപത്രിക്കാര്‍ക്കും ഞങ്ങള്‍ക്കുമായില്ല. മാവൂര്‍ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിച്ച് അടക്കി. എന്റെ കുഞ്ഞിനെ കൊന്നവരില്‍ ഒരാളോട് ക്ഷമിക്കണം എന്നാണ് എന്നിട്ടും അവര്‍ പറഞ്ഞത്. കുഞ്ഞിനെ ചവിട്ടിക്കൊന്നവരോട് ഏതെങ്കിലും അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റുമോ?” കുഞ്ഞിനെ നഷ്ടമായതിന്റെ വേദന ജോസിനയ്ക്ക് ഇപ്പോഴും അടക്കാനാവുന്നില്ല. വീട് കയറിയുള്ള അക്രമത്തിനിടെ ചവിട്ടേറ്റാണ് ജോസിനയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. എന്നാല്‍ അതുകൊണ്ടും അവസാനിച്ചില്ല ഇവര്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍. വ്യക്തമായ പരാതി ലഭിച്ചിട്ടും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ് ഒളിച്ചുകളിച്ചു. ഒടുവില്‍ നീതിലഭിക്കാനായി കുഞ്ഞ് ഇല്ലാതായതിന്റെ സങ്കടവും അതിന്റെ ശാരീരിക വൈഷമ്യതകളും പേറി ഈ അമ്മയ്ക്ക് പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരമിരിക്കേണ്ടി വന്നു.

ജനുവരി 28-നാണ് സംഭവം നടക്കുന്നത്. ഒന്നാം പ്രതിയായ പ്രജീഷും കോടഞ്ചേരി കല്ലത്തറ ബ്രാഞ്ച് സെക്രട്ടറി മേട് തെറ്റാലിൽ തമ്പിയും അടങ്ങുന്ന സംഘം കൂടരഞ്ഞിയിലെ സിബിയുടേയും ജോസിനയുടേയും വീട് കയറി ആക്രമിക്കുന്നത് 28-ന് രാത്രി ഒമ്പത് മണി കഴിഞ്ഞപ്പോഴാണ്. അയല്‍വാസികളായ സിബിയും പ്രജീഷും തമ്മില്‍ മുമ്പേ തന്നെ വസ്തു തര്‍ക്കവും അതുമായി ബന്ധപ്പെട്ട വഴക്കുകളും നിലനിന്നിരുന്നു. വേലികെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. സര്‍വേയര്‍ എത്തി വസ്തു അളന്ന് അതിര്‍ത്തി തിരിച്ച് നല്‍കിയതോടെയാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമുണ്ടായത്. എന്നാല്‍ തുടര്‍ന്നും പ്രജീഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി സിബി പറയുന്നു. അന്ന് നടന്ന സംഭവങ്ങള്‍ സിബി പറയുന്നതിങ്ങനെ; “ജനുവരി 28-ന് വൈകിട്ട് ആറരയോടെ മാര്‍ക്കറ്റില്‍ വച്ച് പ്രജീഷ് എന്നെ കണ്ടു. എന്റെ മുഖത്ത് തട്ടിക്കൊണ്ട് എന്നെ ഭീഷണിപ്പെടുത്തുകയും ഞങ്ങള്‍ അന്യോന്യം തര്‍ക്കമുണ്ടാവുകയും ചെയ്തു. രാത്രി എട്ട് മണി കഴിഞ്ഞപ്പോള്‍ മറ്റൊരു അയല്‍വാസി, താഴേക്ക് ഇറങ്ങിവരരുതെന്നും അവിടെ ചിലര്‍ ചിലത് പ്ലാന്‍ ചെയ്യുന്നുമുണ്ടെന്നുള്ള വിവരം തന്നു. ഗര്‍ഭിണിയായ ഭാര്യ ജോസിനയും ഞങ്ങളുടെ മൂന്ന് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഞാന്‍ താഴേക്ക് ചെന്ന് നോക്കിയെങ്കിലും അവിടെ ആരേയും കണ്ടില്ല. പിന്നീട് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനും അയല്‍വാസിയുമായ സെയ്തലവി ഞാനും പ്രജീഷുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് വീട്ടില്‍ വന്നു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സര്‍വയര്‍ എത്തി അളന്ന് പരിഹരിച്ചതായതിനാല്‍ പിന്നീട് ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന കാര്യം ഞാന്‍ അയാളെ അറിയിച്ചു. ഞാനായിട്ട് പ്രശ്‌നമുണ്ടാക്കാത്തതിനാല്‍ അതിന്റെ ആവശ്യവും ഇല്ല എന്നായിരുന്നു എന്റെ ചിന്ത. ഞങ്ങള്‍ സംസാരിക്കുന്നത് കേട്ട് മക്കളൊക്കെ കരയാന്‍ തുടങ്ങിയപ്പോ സെയ്തലവിയോട് വീട്ടില്‍ നിന്ന് പോവാന്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ ‘പാര്‍ട്ടി എന്താണെന്ന് നിന്നെ കാണിച്ചു തരാം’ എന്ന് പറഞ്ഞിട്ടാണ് സെയ്തലവി പോയത്. 

ഒമ്പത് മണി കഴിഞ്ഞപ്പോള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവര്‍ വീട്ടിലേക്ക് കയറിവന്നു. എന്നിട്ട് എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അത് തടയാന്‍ വന്ന മൂത്തമകളെ അവര്‍ വലിച്ചെറിഞ്ഞു. അവള്‍ക്ക് വാരിയെല്ലിന് പരിക്കുണ്ട്. മുന്നേ തന്നെ ഒരു ചെവിക്ക് കേള്‍വി ശക്തിയില്ലാത്ത അവളെ അവര്‍ ക്രൂരമായി ഉപദ്രവിച്ചു. അച്ഛനെ തല്ലരുതെന്ന് പറഞ്ഞ് വന്ന മൂന്നരവയസ്സുള്ള ഇളയകുഞ്ഞിനേയും അവര്‍ വെറുതെ വിട്ടില്ല. കൈപിടിച്ച് വലിച്ച് തട്ടിമാറ്റി. അലക്കുകല്ലില്‍ തലയിടിച്ച് വീണ അവള്‍ക്ക് തലയ്ക്ക് നല്ല രീതിയില്‍ പരിക്കുണ്ട്. രണ്ടാമത്തെ മകന്‍ അപസ്മാര രോഗിയാണ്. അടിപിടിക്കിടെ വീട്ടിലെ പട്ടിക്കുട്ടിയെ രക്ഷിക്കാനായി അവന്‍ പട്ടിയുമായി കട്ടിലിനടിയില്‍ കയറി ഇരുന്നതിനാല്‍ അവന്‍ മാത്രം ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. എന്നെ അടിച്ച് അവശനാക്കിയതിന് ശേഷമാണ് അവര്‍ ജോസിനയുടെ നേരെ തിരിയുന്നത്. പ്രജീഷിന്റെ അമ്മയാണ് അവളുടെ മുടിക്കുത്തിന് പിടിച്ച് വച്ചിട്ട്, ‘ഇനി അവനെ തല്ലെണ്ടടാ, ചത്ത് പോവും, ഇവള്‍ക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ട്’ എന്ന് വിളിച്ചുപറയുന്നത്. ഉടനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രജീഷും ചേര്‍ന്ന് ജോസിനയെ മര്‍ദ്ദിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു.

ചവിട്ട് കൊണ്ടയുടന്‍ രക്തസ്രാവവും വേദനയും ഉണ്ടായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ജോസിനയെ മാറ്റി. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് കുഞ്ഞിനെ രക്ഷപെടുത്താനാവില്ലെന്ന സത്യം ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ജോസിന പറയുന്നു;  “പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന് ഒന്നും പറ്റിയിരുന്നില്ല. എന്നാല്‍ ഇനി കുട്ടിക്ക് വളര്‍ച്ചയുണ്ടാവില്ലെന്നും കുട്ടിയെ വേണ്ടെന്ന് വയ്ക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നാലരമാസം പിന്നിട്ടതിനാല്‍ അബോര്‍ഷനും പറ്റുമായിരുന്നില്ല. രക്തസ്രാവം നിലക്കാതെ ആശുപത്രിയില്‍ അഡ്മിറ്റായി. രണ്ടാം തീയതി എനിക്ക് പ്രസവ വേദന പോലെ കഠിനമായ വേദന വന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് ഉടന്‍ തന്നെ ഡ്രസ് മാറി ലേബര്‍റൂമിലേക്ക് വരാന്‍ പറഞ്ഞു. എന്നാല്‍ ഡ്രസ് മാറിയയുടനെ റൂമിലെ കിടക്കയില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ആണ്‍കുഞ്ഞായിരുന്നു എന്ന് മാത്രം ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തായാലും ഞങ്ങള്‍ക്ക് പോവാനുള്ളത് പോയി. ഇനി അതുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷെ കേസില്‍ ഉള്‍പ്പെട്ട ബ്രാഞ്ച് സെക്രട്ടറിയെ ഒഴിവാക്കി തന്നാല്‍ മറ്റ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനായി പാര്‍ട്ടി പൂര്‍ണമായും സഹകരിക്കും എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടും ഫോണ്‍വഴിയും പറഞ്ഞത്. ഫോണിലൂടെ പറഞ്ഞതെല്ലാം ഞങ്ങളുടെ കയ്യില്‍ റെക്കോര്‍ഡുണ്ട്.

എന്റെ കുഞ്ഞിനെ ചവിട്ടിക്കൊന്നവന്‍മാര്‍ക്ക് ഞാനൊരിക്കലും മാപ്പ് നല്‍കില്ല. പാര്‍ട്ടിക്കാരുടെ ഒത്തുതീര്‍പ്പിന് ഞങ്ങള്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരടക്കം നാട്ടുകാരോടെല്ലാവരോടും ഞാന്‍ ഗര്‍ഭിണിയേ ആയിരുന്നില്ല, വെറുതെ പറയുന്നതാണ് എന്നാണ് അവര്‍ ആദ്യം പറഞ്ഞുപരത്തിയത്. പിന്നീട് ഞങ്ങള്‍ കുടുംബത്തോടെ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ അപകടം പറ്റിയതാണെന്ന് പറയാന്‍ തുടങ്ങി.

പോലീസുകാരുടെ കാര്യമാണ് അതിലും കഷ്ടം. സംഭവം നടക്കുന്ന അന്ന് തന്നെ ഞാനും സിബിയും നാല് തവണയെങ്കിലും പോലീസില്‍ വിളിച്ചിട്ടുണ്ട്. ഭീഷണിയുടെ സ്വരം വന്നപ്പോഴാണ് അത് ചെയ്തത്. പിന്നീട് സിബിയെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴും ഞാന്‍ എസ്‌ഐ സാറിനെ വിളിച്ചു. ആദ്യം ഞങ്ങള്‍ അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. പിന്നീട്, വരാനായി സ്‌റ്റേഷനില്‍ വണ്ടിയില്ലെന്നായിരുന്നു ന്യായം.”

ജിഷ, വാളയാര്‍, കൊച്ചി, കൊട്ടിയൂര്‍, കുണ്ടറ… എന്തുകൊണ്ടാണ് നമ്മുടെ പോലീസ് ഇങ്ങനെ?

സിബി പരാതി നല്‍കിയെങ്കിലും പ്രജീഷിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ സംഭവത്തില്‍ പങ്കാളികളായ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു സിബിയുടെ ആവശ്യം. രണ്ടാം തീയതി ആശുപത്രിയില്‍ നിന്നെത്തിയാണ് സിബി പരാതി നല്‍കിയത്. എന്നാല്‍ ഒന്നരയാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതായതോടെ പതിനാലാം തീയതി സിബിയും ജോസിനയും മൂന്ന് കുട്ടികളും കോടഞ്ചേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം തുടങ്ങി. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു സമരം. സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരെത്തി. തുടര്‍ന്ന് വ്യാഴാഴ്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, സിബിയും ജോസിനയും ആരോപിക്കുന്ന എല്ലാ കാര്യങ്ങളും ശരിയല്ലെന്ന് കൂടരഞ്ഞി അഡീഷണല്‍ എസ്‌ഐ രാജന്‍ പറയുന്നു; “അവര്‍ വിളിച്ചപ്പോള്‍ പോലീസ് ഇടപെട്ടില്ല എന്ന വാദം ശരിയല്ല. കാരണം ഇതിന് മുമ്പ് പ്രജീഷും സിബിയും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നു. അത് പോലീസിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്തിച്ചത്. പ്രശ്‌നം പരിഹരിച്ച് ഒഴിവാക്കി വിട്ടതാണ്. പിന്നെ, ഇവര്‍ കള്ളുകുടിച്ചിട്ട് തമ്മില്‍ തല്ലിയാല്‍ പോലീസ് അതില്‍ ഇടപെടുന്നതെന്തിനാണ്? ജോസിനയ്ക്ക് സംഭവിച്ചത്, പ്രതികളാരും മനപ്പൂര്‍വം ചെയ്തതാണെന്ന് കരുതുന്നില്ല. ഒരുപക്ഷേ അവര്‍ ഗര്‍ഭിണിയാണെന്ന് അക്രമികള്‍ അറിഞ്ഞിരിക്കില്ല. അല്ലെങ്കില്‍ മനപ്പൂര്‍വ്വം ആരെങ്കിലും ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടുമോ? എന്തായാലും കൂടുതല്‍ അന്വേഷിക്കുമ്പോഴേ അതിന്റെ സത്യസ്ഥിതി അറിയൂ”.

എന്നാല്‍ ഇത്രയൊക്കെ സംഭവങ്ങളുണ്ടായതിന് ശേഷവും ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രജീഷ് തന്റെ കാല് വെട്ടിയെടുത്തിട്ട് ജയിലില്‍ പോവുമെന്ന് ഭീഷണിപ്പെടുത്തിയതായും സിബി പറയുന്നു. ഇതിനെല്ലാം സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരുടെ ഒത്താശയുണ്ടെന്നും സിബി പറയുന്നു; “പാര്‍ട്ടിയെ ഞാന്‍ കുറ്റം പറയില്ല. പക്ഷെ ചില പ്രവര്‍ത്തകര്‍ ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് പ്രതികളെ പിടികൂടാന്‍ പോലീസ് അലംഭാവം കാട്ടിയത്. ഒടുവില്‍ നീതി ലഭിക്കാനായി ഈ സര്‍ക്കാരിന്റെ കാലത്ത് പലരും ചെയ്തത് തന്നെ ഞാനും ചെയ്യേണ്ടി വന്നു. പോലീസ് സ്‌റ്റേഷന് മുന്നില്‍ ടര്‍പ്പായ വലിച്ചുകെട്ടി ഞാനും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അവിടെയിരുന്നു. പോലീസുകാര്‍ക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ ചിലപ്പോള്‍ വാഹനമുണ്ടായെന്ന് വരില്ല. പക്ഷെ അവരുടെ മുന്നിലാവുമ്പോള്‍ ഞങ്ങള്‍ക്കെതിരെ എന്ത് അക്രമമുണ്ടായാലും അതിന് അവരും കൂടി സാക്ഷികളായിരിക്കുമല്ലോ എന്ന ചിന്തയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. എന്തായാലും അത് ഫലം കണ്ടു. പക്ഷെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെ തിരിച്ച് തരാന്‍ ആര്‍ക്കും കഴിയില്ല.”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍