UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് വനിത മതില്‍ കെട്ടിക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ട; വിവാദ സര്‍ക്കുലറിനെതിരേ പ്രതിപക്ഷ സംഘടനകള്‍

സാലറി ചലഞ്ചില്‍ സുപ്രീം കോടതിയുടെ വരെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സര്‍ക്കാരാണ് ഇപ്പോള്‍ അതിലും വലിയ മണ്ടത്തരവുമായി വന്നിരിക്കുന്നത്

വനിത മതിലില്‍ സര്‍ക്കാര്‍ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേന്‍(കെപിഎസ്ടിഎ). അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്നു കാണിച്ചു ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്ന ഉത്തരവാണ് സംഘടനയുടെ പ്രതിഷേധത്തിനു കാരണം.

സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് മതിലും ചങ്ങലയും തീര്‍ക്കാമെന്ന് മുഖ്യമന്ത്രി കണക്കു കൂട്ടണ്ടായെന്നും അതിനുള്ള ശ്രമങ്ങളെ ഏത് വിധേനയും ചെറുക്കുമെന്നുമാണ് കെപിഎസ്ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാദ സര്‍ക്കുലറിനെതിരെ ഇതിനോടകം തന്നെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചതായി കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റും സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന ജനറല്‍ കണ്‍വീനറുമായ പി ഹരിഗോവിന്ദന്‍ അഴിമുഖത്തോട് പറഞ്ഞു. ഇതോടെ സുപ്രീം കോടതി വരെ നീണ്ട സാലറി ചലഞ്ചിലെ തര്‍ക്കങ്ങള്‍ക്കു ശേഷം സര്‍ക്കാരും ജീവനക്കാരും തമ്മില്‍ പുതിയൊരു പ്രശ്‌നം ഉടലെടുക്കുകയാണ്.

‘സ്വാതന്ത്ര്യ ദിനം പോലെയോ റിപ്പബ്ലിക് ദിനം പോലെയോ ആചരിക്കേണ്ടതാണോ വനിതാ മതില്‍? സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത വിഭാഗീയത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ ശ്രമിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലുണ്ട്. അതോരോരുത്തരുടേയും വിശ്വാസപരവും വ്യക്തിപരവുമായ വിഷയമാണ്, അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം? സാലറി ചലഞ്ചില്‍ സുപ്രീം കോടതിയുടെ വരെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സര്‍ക്കാരാണ് ഇപ്പോള്‍ അതിലും വലിയ മണ്ടത്തരവുമായി വന്നിരിക്കുന്നത്. കേരളത്തിലെ സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഉത്തരവ് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. മതിലും ചങ്ങലയുമൊക്കെ ആരുടെ ബ്രാന്‍ഡ് ആണെന്ന് കേരളത്തിലെ പൊതുജനങ്ങള്‍ക്കറിയാം. അതൊക്കെ കെട്ടാന്‍ പാര്‍ട്ടി അണികളെ തന്നെ ഉപയോഗിച്ചാല്‍ മതി, പോരാത്തതിന് സാമുദായിക സംഘടനകളും ഇപ്പോള്‍ ഒപ്പമുണ്ടല്ലോ. പാര്‍ട്ടി തീരുമാനം നടപ്പിലാക്കുന്നത് ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ പെടുന്ന കാര്യമല്ല. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഉത്തരവില്‍ വനിതാ മതിലിലെ പങ്കാളിത്തം നിര്‍ബന്ധമെന്ന് എടുത്തു പറയുന്നില്ല. പക്ഷെ വകുപ്പ് മേധാവികള്‍ വഴി ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലാണെങ്കില്‍ ഈ വിഷയം പറയാന്‍ എ ഇ ഒ മാരും ഡിഇഒ മാരും നിരന്തരം കോണ്‍ഫറന്‍സുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്‘; പി ഹരിഗോവിന്ദന്‍ പറയുന്നു.

വനിതാ മതില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ കളക്ടറെ ഉപയോഗിച്ച് യോഗം വിളിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആ മീറ്റിംഗ് കെപിഎസ്ടിഎ യും എസ് ഇ ടി ഒ യും ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍