UPDATES

സ്‌കൂള്‍ കലോത്സവത്തിലെ വ്യാജന്മാരും രാഷ്ട്രീയ കലോത്സവത്തിലെ അമൂല്‍ ബേബിമാരും

വ്യാജ രാഷ്ട്രീയത്തിന്‍റെ വക്താക്കളെ നേരിടാന്‍ ചരിത്ര സത്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ മറ്റ് വഴികളില്ല

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ റാക്കറ്റിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചിരിക്കുന്നു. ബാലാവകാശ കമ്മീഷന്റെ പേരിലാണ് വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കലോത്സവം വ്യാജന്മാരുടെയും മാഫിയകളുടേയും കൂത്തരങ്ങായി മാറുന്നു. കലോത്സവം വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരിക്കും എന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വിജിലന്‍സും ഇവിടെ വിലപ്പോകുന്നില്ല. അപ്പീല്‍ ജനാധിപത്യപരമായ അവകാശമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജന്മാര്‍ക്ക് അവസരമൊരുക്കും വിധം അനാരോഗ്യകരമായ മത്സരങ്ങളിലേയ്ക്ക് കുട്ടികളെ വലിച്ചിഴയ്‌ക്കേണ്ടതുണ്ടോ എന്ന് രക്ഷിതാക്കളും ആലോചിക്കണം. അപ്പീലിനെന്ന് പറഞ്ഞ് 20,000 രൂപ വരെ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. സ്കൂള്‍ കലോത്സവത്തെക്കുറിച്ച് പറഞ്ഞപ്പോളാണ് ചില രാഷ്ട്രീയ കലാപ്രകടങ്ങളെക്കുറിച്ച്, ചില മത്സരങ്ങളെക്കുറിച്ച് ഓര്‍ത്തത്. യാതൊരു അപ്പീലിനും അര്‍ഹതയില്ലാത്ത, തീര്‍ത്തും അസംബന്ധമായ ചില ചവിട്ടുനാടകങ്ങളെക്കുറിച്ച്. അത്തരത്തില്‍ ഒന്നാണ് എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം സോഷ്യല്‍മീഡിയയിലും കേരളത്തിന്‍റെ പൊതുസമൂഹത്തിലും നടത്തിയ സാംസ്കാരിക മലിനീകരണം. കലോത്സവത്തിലെ വ്യാജന്മാരെ ക്രൈം ബ്രാഞ്ചിനെയോ വിജിലന്‍സിനെയോ വച്ച് നേരിടാം. ബല്‍റാമിനെ പോലുള്ള വ്യാജ രാഷ്ട്രീയത്തിന്‍റെ വക്താക്കളെ നേരിടാന്‍ ചരിത്ര സത്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ മറ്റ് വഴികളില്ല.

എകെജി എന്ന് സ്നേഹാദരപൂര്‍വ്വം ജനലക്ഷങ്ങള്‍ വിളിക്കുന്ന ചരിത്രപുരുഷനെ ബാലികാപീഡകന്‍ എന്ന് വിളിക്കാന്‍ വിടി ബല്‍റാമിന് തെളിവുകളുടെ ആവശ്യമില്ല. എകെ ഗോപാലനേയും, അദ്ദേഹത്തിന്‍റെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ഭേദമില്ലാതെ, അദ്ദേഹത്തിന്‍റെ സഖാവായി 25 വര്‍ഷം ജീവിച്ച സുശീല ഗോപാലനെയും മാത്രമല്ല. ഈ കേരളത്തിന്‍റെ ചോരയും വിയര്‍പ്പും ചിന്തിയ സമര പോരാട്ടങ്ങളെ കൂടിയാണ് ബല്‍റാം അപമാനിച്ചത്. അത്തരത്തില്‍ ഒരു സമരചരിത്രവും 1940കള്‍ക്ക് ശേഷം കേരളത്തില്‍ ഇല്ലാത്ത പാര്‍ട്ടിയുടെ പ്രതിനിധിയാണ് വിടി ബല്‍റാം. ഈ അസംബന്ധ പ്രചാരണം നടത്താന്‍ ബല്‍റാമിന് മടിയില്ലാത്തതും ധൈര്യം നല്‍കുന്നതും “കാലന്‍ വന്ന് വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്ന ആ പഴയ മുദ്രാവാക്യം അതിന്‍റെ എല്ലാ അല്‍പ്പത്തരങ്ങളോടെയും അയാള്‍ ചേര്‍ത്ത് പിടിക്കുന്നത് കൊണ്ടാണ്.

അമൂല്‍ ബേബി എന്ന ചീത്തപ്പേര് തന്‍റെ തിരഞ്ഞെടുപ്പ് രാഷ്രീയത്തിലെ എങ്കിലും സജീവമായ ഇടപെടലുകളിലൂടെയും സഹിഷ്ണുതയും മര്യാദയും യുക്തിയും സംവാദത്തിനുള്ള സന്നദ്ധതയും മുന്നോട്ട് വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറ്റിയെടുത്തിട്ടുണ്ട്. പക്ഷെ കോളേജില്‍ ക്ലാസ് കാംപെയിന് കയറി വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ശരാശരി കെ എസ് യു നേതാവിന്‍റെ നിലവാരം പോലും അദ്ദേഹത്തിനില്ല എന്ന് ബല്‍റാം തെളിയിക്കുകയാണ്. ഏതായാലും കമ്പ്യൂട്ടര്‍ കൊണ്ടുള്ള കളികള്‍ മാത്രമറിയാവുന്ന ഈ സ്വയം പ്രഖ്യാപിത നെഹ്‌റുവിയനെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ വിഎസ് അച്യുതാനന്ദന്‍. ബല്‍റാമും ബല്‍റാമിന്‍റെ പടത്തലവന്‍ മന്‍മോഹന്‍ സിംഗും രാഷ്ട്രീയാഭ്യാസങ്ങള്‍ തുടങ്ങുന്നതിന് മുമ്പും ഇവിടെ മനുഷ്യന്മാര്‍ ജീവിച്ചിരുന്നു എന്നും പൊങ്ങുതടി പോലെ നീന്തി നടന്ന ബല്‍റാമിനെപോലുള്ളവരല്ല ചരിത്രത്തെ മുന്നോട്ടു നയിച്ചതെന്നും അത് മറ്റ് മനുഷ്യരുടെ ജീവിതത്തില്‍ ഇടപെട്ടവരും അത്തരം പോരാടങ്ങള്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ് എന്നും വിഎസ് ഓര്‍മ്മിപ്പിക്കുന്നു.


വിഎസ് എകെജിയോടൊപ്പം ഒരു സമരമുഖത്ത്

ബല്‍റാമിന്‍റെ എകെജി ധ്വംസനത്തെ ന്യായീകരിക്കുന്ന സൈബര്‍ ഗുണ്ടകള്‍ ചരിത്രം പഠിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് പ്രത്യേകിച്ച് കാര്യമുണ്ട് എന്ന് തോന്നുന്നില്ല. തികഞ്ഞ പുച്ഛവും അവജ്ഞയും അധിക്ഷേപങ്ങളും മാത്രമായിരിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിന് അപമാനമായ ഈ ‘നെഹ്‌റുവിയ’ന്‍റെ മറുപടികള്‍ എന്ന് അല്‍പ്പം മുന്‍ധാരണയോട് കൂടി തന്നെ ഉറപ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അയാള്‍ക്ക് എകെ ഗോപാലന്‍ കമ്മി നേതാവും ബാലപീഡകനും ഒക്കെ ആകുന്നത്. എകെജി ജീവിച്ചിരുന്നപ്പോളോ മരിച്ചതിന് ശേഷമുള്ള നാല് പതിറ്റാണ്ട് കാലമോ ബല്‍റാമിന്‍റെ പാര്‍ട്ടിക്കാര്‍ക്കൊന്നും കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്യമാണ് ഇപ്പോള്‍ എകെജിയുടെ ആത്മകഥയായ ‘എന്റെ ജീവിതകഥ’ വായിച്ചപ്പോള്‍ ബല്‍റാം കണ്ടുപിടിച്ചിരിക്കുന്നത്. എകെജിയേയും സുശീലയേയും അപമാനിക്കുന്നതിന് ഒപ്പം ഒളിവില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സഖാക്കളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അവരെ സഹായിച്ചവരുമായ സ്ത്രീകളെയും അപമാനിക്കുകയാണ് ബല്‍റാം. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചില്ലെങ്കിലും വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ കമ്മ്യൂണിസ്റ്റ് ഡെന്‍ എന്നൊരു ചെറുകഥ എങ്കിലും വായിക്കണം. കമ്മ്യൂണിസ്റ്റ്കാരുടെ ഒളിവ് ജിവിതം എന്തായിരുന്നു എന്ന് ആ ചെറുകഥ മനസിലാക്കി തരും.

ഒളിവ് കാലത്ത് സഖാക്കള്‍ കാട്ടിയ ‘ലൈംഗിക അരാജകത്വ’ങ്ങളുടെ നിറം പിടിപ്പിച്ച കഥകളും നുണകളും യാതൊരു തെളിവും, യാതൊരു ഉളുപ്പും ഇല്ലാതെ തട്ടിവിടാന്‍ ബല്‍റാമിനും സിവിക് ചന്ദ്രനും പ്രേരണ നല്‍കുന്നതും ഈ രാഷ്ട്രീയ ജീര്‍ണതയുടെ ഭാഗമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മുഖാമുഖ’ത്തില്‍ ശ്രീധരന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഒന്നാന്തരം അരാജകവാദിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം തന്നെ ഇത്തരത്തിലുള്ള കള്ളുകുടിയന്‍ നേതാക്കളുടെ അരാജക ജീവിതമാണ് എന്ന ചിത്രീകരണം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണനെ ചിന്ത രവി എന്ന രവീന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വ്യാജ ചരിത്രനിര്‍മ്മിതിയെപ്പറ്റി സിനിമ, സമൂഹം, പ്രത്യയശാസ്ത്രം എന്ന പുസ്തകത്തില്‍ രവീന്ദ്രന്‍ എഴുതിയത് സമയമുണ്ടെങ്കില്‍ ബല്‍റാം വായിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഭാവി രാഷ്ട്രീയ ജീര്‍ണതയെ പ്രവചിക്കുകയായിരുന്നു അടൂര്‍ എന്ന് ചില നിരൂപകര്‍ വ്യാഖ്യാനിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിത്രം ആയിരുന്നില്ല എന്നും അടൂര്‍ വാദിച്ചു. 1984ല്‍ പുറത്തിറങ്ങിയ ആ ചിത്രം അന്വേഷിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജീര്‍ണതയുടെ കാരണങ്ങള്‍ ആയിരുന്നു. അവിടെ അത് കേരള ചരിത്രത്തില്‍ നടത്തിയ വലിയ പോരാട്ടങ്ങളുടെതായ ഇടപെടലുകളെ പൂര്‍ണമായും തമസ്കരിക്കുകയാണ് ഉണ്ടായത്. ഇതൊരു വ്യാജ ചരിത്ര നിര്‍മ്മിതി തന്നെയായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട ഫിക്ഷന് പോലും ഏറെ ഉത്തരവാദിത്തങ്ങളുണ്ട് എന്ന കാര്യമാണ് അവിടെ വിസ്മരിക്കപ്പെട്ടത്.

സുശീലയുമായുള്ള പഴയ കത്തിടപാടുകള്‍ കാട്ടി ഭീഷണിപ്പെടുത്തി, ബ്ലാക്ക് മെയിലിംഗ് വഴി ഇഎംഎസ്, എകെജിയെ നക്സല്‍ ആകുന്നതില്‍ നിന്ന് തടഞ്ഞു എന്നാണ് പഴയ സായുധ വിപ്ലവകാരിയുടെ കണ്ടുപിടിത്തം. സിവികിന് കാട് കയറാന്‍ ഈ കേരളത്തില്‍ എങ്ങനെ ഒരു പാര്‍ട്ടിയുണ്ടായി എന്ന് സിവിക് ഓര്‍ക്കാനോ ആലോചിക്കാനോ സാധ്യതയില്ല. എന്നാല്‍ ആ ഓര്‍മ്മകളും ബോധവുമുള്ള മനുഷ്യര്‍ പ്രായത്തിന്‍റെ അവശത തളര്‍ത്താതെ, ഓര്‍മ്മകള്‍ ചിതലരിക്കാതെ കുറച്ചെങ്കിലും ഈ നാട്ടില്‍ ബാക്കിയുണ്ട്. അവരോട് എകെജിയുടെ ‘ബാലപീഡന’ത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ചോദിച്ച് വാങ്ങാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? അത്തരത്തിലുള്ള മനുഷ്യര്‍ പലരും ഇല്ലാതായിരിക്കുന്നു എന്നതായിരിക്കാം ബല്‍റാമിനെയും സിവികിനേയും പോലുള്ള ഭീരുക്കളുടെ ‘ധൈര്യം’. എകെജിയുടെ ഗോപാല സേനയാണ് കൊടി സുനിയുടെ ക്വട്ടേഷന്‍ സംഘമായത് സിവിക് പറഞ്ഞു. എന്താണ് ഈ ഗോപാലസേന? എകെ ഗോപാലന്‍ ആ പേരില്‍ ഒരു സേന രൂപീകരിച്ചിട്ടുണ്ടോ? കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ ശ്രമിച്ചതിനെയാണോ സിവിക് ഉദ്ദേശിക്കുന്നത്? അങ്ങനെയാണ് എങ്കില്‍ ആ അക്രമങ്ങളുടെ ചരിത്രം പരിശോധിക്കേണ്ടി വരും. ‘ഗോപാല സേന’ എന്ന പേരിട്ടത് ബല്‍റാമിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ‘കേരള ഗാന്ധി’യും അഹിംസാവാദിയും ആയിരുന്ന കെ കേളപ്പനെ പോലുള്ളവരുടെ നേതൃത്വത്തില്‍ ഉള്ള ബല്‍റാമിന്‍റെ അഹിംസാ പാര്‍ട്ടിയുടെ കുറുവടിപ്പട മലബാറില്‍ പൊലീസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് കമ്മ്യൂണിസ്റ്റ്കാരെ തല്ലിക്കൊന്നിരുന്ന കാലത്താണ് ഈ പ്രതിരോധം രൂപപ്പെടുന്നത്. സ്വന്തം പാര്‍ട്ടിയുടെ ചരിത്രമെഴുതിയ മൊയ്യാരത്ത് ശങ്കരനെ തല്ലിക്കൊന്ന കുറുവടി ഗുണ്ടകളുടെ പാര്‍ട്ടിയാണ് വിടി ബല്‍റാമിന്റെ അഹിംസാ പാര്‍ട്ടി. അതുകൊണ്ടാണ് സിവികിനെ പോലുള്ളവര്‍ക്ക് തെറ്റിപ്പിരിഞ്ഞു കാട് കയറാനും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് വിപ്ലവം നയിക്കാനും ചെയര്‍മാന്‍ മാവോയെ സ്തുതിക്കാനും ഒരു പാര്‍ട്ടി ഇവിടെ ബാക്കിയുണ്ടായത്.

വയലാറിലെ ഭാഗീരഥി അമ്മയോ, എവി കുഞ്ഞമ്പുവിന്‍റെ മകന്‍ കരിവെള്ളൂര്‍ മുരളിയോ, പഴയ ഡിസിസി അംഗം കുഞ്ഞിമാണിക്കം ടീച്ചറോ, വിഎസ് അച്യുതാനന്ദനോ വിചാരിച്ചാല്‍ തിരുത്താനോ എന്തെങ്കിലും ബോധ്യപ്പെടുത്താനോ കഴിയുന്ന ഒരു വ്യക്തിയല്ല വിടി ബല്‍റാം. അയാള്‍ രാഷ്ട്രീയ ജീര്‍ണതയുടെ നല്ല പ്രതീകങ്ങളില്‍ ഒന്നാണ്. വലിയ സംഘപരിവാര്‍ വിമര്‍ശകനാണ് താന്‍ എന്നാണ് വിടി ബല്‍റാം നിര്‍മ്മിച്ച് വച്ചിരിക്കുന്ന പ്രതിച്ഛായ. എന്നാല്‍ സംഘപരിവാര്‍ ചരിത്രത്തോട് പുലര്‍ത്തുന്ന അതേ ഫാഷിസ്റ്റ്‌ നുണ-അപവാദ പ്രചാരണ തന്ത്രം തന്നെയാണ് അയാളും പയറ്റുന്നത്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പൊതുസമൂഹത്തില്‍ ലൈവ് ആയി നില്‍ക്കുക. നെഹ്രുവിനെ ലൈംഗിക അരാജകവാദിയായും ഹിന്ദുവിരുദ്ധനായും മറ്റും ചിത്രീകരിക്കുന്ന അതേ പ്രചാരണതന്ത്രം. ഒരു നുണ നൂറ് തവണ പറഞ്ഞ് സത്യമാക്കാം എന്ന് വ്യാമോഹിക്കുന്ന ഗീബല്‍സിന്‍റെ പിന്മുറക്കാരാണ് ഇവര്‍. പക്ഷെ ബല്‍റാമിനെ തെറിയഭിഷേകം നടത്തിയും അയാളുടെ ഓഫീസ് ആക്രമിച്ചും അതിന് മറുപടി നല്‍കാന്‍ ശ്രമിക്കുന്നവര്‍ അയാളുടെ അതേ നിലവാരമാണ് പുലര്‍ത്തുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. മറിച്ച് സത്യങ്ങള്‍ കൊണ്ട് ബല്‍റാമിനെ പൊതുസമൂഹത്തിന് മുന്നില്‍ തൊലി ഉരിച്ച് കാട്ടുകയാണ് വേണ്ടത്.

പോപ്പും മെറ്റര്‍നിക്കും പിന്നെ യൂറോപ്പിലെ എല്ലാ പിന്തിരിപ്പന്‍ ശക്തികളും ചേര്‍ന്ന് ഒഴിപ്പിക്കാന്‍ ആഗ്രഹിച്ച കമ്മ്യൂണിസം എന്ന ഭൂതത്തെ ലോകത്ത് നിന്ന് ഒഴിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന ലേബലൊട്ടിച്ച മുതലാളിത്ത ഭക്തര്‍ ഏറെ കാലമായി ശ്രമിക്കുകയും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പോലും, ഈ ഭൂതം ഒഴിഞ്ഞുപോകുന്നില്ല. പിന്നെയല്ലേ തൃത്താല എംഎല്‍എ വിടി ബല്‍റാം. അപ്പോളാണ് നെഹ്രുവിനും അംബേദ്‌കറിനും അപമാനമായ ഫേസ്ബുക്കിലെ ‘നെഹ്രുവിയന്‍’മാരും ‘അംബേദ്‌കറൈറ്റു’കളും സംഘികളും ഇസ്ലാമിസ്റ്റുകളും എല്ലാം ഒത്തുചേര്‍ന്ന് കേരള ചരിത്രത്തില്‍ നിന്നും ജനങ്ങളുടെ മനസില്‍ നിന്നും എകെജിയെ ഒഴിപ്പിക്കാന്‍ വേണ്ടി നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധേയമായൊരു ഐക്യപ്പെടല്‍ ഇത്തരത്തില്‍ രൂപം കൊണ്ടിട്ടുണ്ട്. അത് ചരിത്രത്തിന്‍റെ പല ഘട്ടങ്ങളിലും സംഭവിച്ചിട്ടുള്ളതാണ്. വിടി ബല്‍റാമിന് കെ സുരേന്ദ്രന്‍ പിന്തുണ നല്‍കുന്ന ചരിത്ര നിമിഷത്തിനും ഫേസ്ബുക്ക് സാക്ഷ്യം വഹിച്ചു. വിടി ബല്‍റാമിന്‍റെ ഒരൊറ്റ അശ്ലീല പോസ്റ്റ്‌ കൊണ്ട് എകെജി അവര്‍ക്ക് ഗോപാലന്‍ നമ്പ്യാരായി. ഒരാള്‍ക്ക് 20 രൂപ കൊണ്ട് ഒരു ദിവസം ജീവിക്കാമെന്ന സാമ്പത്തിക ശാസ്ത്രപാഠം മോണ്ടെക് സിംഗ് അലുവാലിയയെ പഠിപ്പിച്ച മന്‍മോഹന്‍ സിംഗ് പാവങ്ങളുടെ പടത്തലവനും, പട്ടിണിജാഥ നയിച്ച എകെ ഗോപാലന്‍ പരിഹാസ കഥാപാത്രവുമായി.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍