UPDATES

ട്രെന്‍ഡിങ്ങ്

യോഗ സെന്ററിലെ മതപരിവര്‍ത്തന പീഡനം: കൂടുതല്‍ പരാതികള്‍; സ്ഥാപനം പൂട്ടുന്നതില്‍ പരസ്പരം പഴിചാരി പഞ്ചായത്തും പോലീസും

അടച്ചുപൂട്ടണമെന്ന് കാണിച്ച് നിയമപ്രകാരം നോട്ടീസ് നല്‍കേണ്ട ബാധ്യതയാണ് പഞ്ചായത്തിനുളളതെന്നും അത് നടപ്പാക്കേണ്ടത് പോലീസാണെന്നുമാണ് പഞ്ചായത്തിന്റെ വാദം

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന് കണ്ടനാട്ടെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൊണ്ടു വന്നു പീഡിപ്പിച്ചെന്ന കണ്ണൂര്‍ സ്വദേശിനി ആയുര്‍വേദ ഡോക്ടറുടെ മൊഴിയെ സാധൂകരിച്ച് മൂന്ന് അന്തേവാസികള്‍ കൂടി പോലീസിന് മൊഴി നല്‍കി. സ്ഥാപനത്തില്‍ സ്ത്രീകള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനവും ലൈംഗിക ചൂഷണവുമടക്കം നടക്കുന്നുണ്ടെന്നായിരുന്നു ഇവിടെ തടങ്കലില്‍ കഴിഞ്ഞ ആയുര്‍വേദ ഡോക്ടറുടെ മൊഴി.

‘പരാതിയെ തുടര്‍ന്ന് ഞങ്ങള്‍ സ്ഥാപനത്തില്‍ പരിശേധന നടത്തുകയും അന്തേവാസികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ മൊഴിക്ക് സമാനമായ ചില മൊഴികള്‍ മറ്റ് ചില അന്തേവാസികളില്‍ നിന്ന് കൂടി ലഭിച്ചിട്ടുണ്ട്’- കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദയംപേരൂര്‍ എസ്.ഐ, കെ.എ ഷിബിന്‍ പറയുന്നു. ‘കേന്ദ്രം അടച്ചുപൂട്ടേണ്ട ഉത്തരവാദിത്തം പോലീസിനല്ല. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ നടപടിയെടുക്കേണ്ടത് പഞ്ചായത്താണ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, മര്‍ദനം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്’- സ്ഥലം എസ്.ഐ കൂട്ടിച്ചേര്‍ക്കുന്നു.

ഇതേ സമയം മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച യോഗ സെന്റര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ ഉദയം പേരൂര്‍ പഞ്ചായത്ത് സെക്രട്ടറി, സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ചൊവ്വാഴ്ചയും സ്ഥാപനം പ്രവര്‍ത്തിച്ചു. എന്നാല്‍ നടത്തിപ്പുകാര്‍ക്ക് സാധാന സാമഗ്രികള്‍ മാറ്റുന്നതിനും അന്തേവാസികള്‍ക്ക് ഒഴിഞ്ഞ് പോകുന്നതിനുമുളള സ്വാഭാവിക താമസം മാത്രമാണിതെന്നാണ് അധികൃതരുടെ വിശദീകരണം.

കണ്ടനാട് പളളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന യോഗാ സെന്ററിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഢനവും നടക്കുന്നുവെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടറായ യുവതിയാണ് സംഭവം പുറം ലോകത്തെത്തിച്ചത്. ‘ലുലുമാള്‍ കാണാനെന്ന പേരില്‍ തന്നെ കൂട്ടിക്കൊണ്ട് വന്ന മാതാപിതാക്കള്‍ കഴിഞ്ഞ ജൂലൈ 31-നാണ് യോഗ സെന്ററിലെത്തിച്ചത്. ആദ്യം കൗണ്‍സിലിംഗായിരുന്നു. അത് പരാജയപ്പെട്ടപ്പോള്‍ മര്‍ദ്ദനവും’ – പരാതിക്കാരിയായ ആയുര്‍വേദ ഡോക്ടര്‍ പറയുന്നു. ‘രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. വാതിലുകളെല്ലാം പൂട്ടിയ നിലയിലായിരുന്നു. അലറി വിളിച്ചപ്പോള്‍ കൈകാലുകള്‍ ബന്ധിച്ചു. പിന്നീട് ക്രൂരമര്‍ദ്ദനമായിരുന്നു. നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വച്ചു‘- യുവതി ഓര്‍മിക്കുന്നു. ‘ഞാന്‍ അവിടെ എത്തിയ ദിവസം തന്നെയാണ് ഇസ്ലാം മതം സ്വീകരിച്ച കാസര്‍ഗോഡ് ഉദുമ സ്വദേശിനി ആതിരയും അവിടെ ഏത്തിയത്. അവളുടെ തട്ടം നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് അവളെ കുറി തൊടീച്ചു’- യുവതി പറഞ്ഞു. ‘എന്നെ പോലെ മറ്റ് 65 ഓളം പെണ്‍കുട്ടികളും അവിടെ ഉണ്ടായിരുന്നു. പരസ്പരം മിണ്ടാന്‍ ആര്‍ക്കും അധികാരമില്ലായിരുന്നു. നടത്തിപ്പുകാരെ ഭയന്ന് രാത്രി കിടക്കുമ്പോള്‍ പുതപ്പിനടിയിലൂടെയാണ് എന്നോട് പല പെണ്‍കുട്ടികളും കദന കഥ വെളിപ്പെടുത്തിയത്. ഹിന്ദു മതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിക്കുന്നവരെ മാത്രമേ ഇവിടെ നിന്നും വിട്ടയക്കൂ. അങ്ങനെ സമ്മതിച്ചതിനാലാണ് ആതിരയെ വിട്ടയച്ചത്. ഇതര മതസ്ഥരെ വിവാഹം കഴിച്ചവര്‍ക്കും ഇതര മതം സ്വീകരിച്ചവര്‍ക്കുമാണ് ഇവിടെ കൊടിയ പീഢനവും മനുഷ്യാവകാശ ലംഘനവും ഏല്‍ക്കേണ്ടി വരുന്നത്’ – യുവതി കൂട്ടിച്ചേര്‍ക്കുന്നു.

ഇതേ സമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ ചട്ടങ്ങള്‍ അനുസരിച്ചല്ല എന്ന് കണ്ടെത്തിയെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹില്‍പാലസ് സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പോലീസ് സംഘം എത്തിയിരുന്നു. ഇവര്‍ ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളുടെയും അന്തേവാസികളുടെയും മൊഴി ഓരോരുത്തരുടേയുമായി എടുത്തശേഷം അവരെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

ഇതിന് ശേഷമാണ് സ്ഥാപനത്തിലെ പ്രധാനികളിലൊരാളായ മലപ്പുറം മഞ്ചേരി കാരാട്ടുകുളങ്ങര പാതപരിയാരം വീട്ടില്‍ ശ്രീജേഷിനെ (27) അറസ്റ്റു ചെയ്തത്. യുവതിയുടെ പരാതിയില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി അടക്കമുളളവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

ഇതിനിടെ സ്ഥാപനം അടച്ചു പൂട്ടുന്നത് സംബന്ധിച്ച് പോലീസും പഞ്ചായത്തധികൃതകരും തമ്മില്‍ പഴിചാരലും നടക്കുന്നുണ്ട്. അടച്ചുപൂട്ടണമെന്ന് കാണിച്ച് നിയമപ്രകാരം നോട്ടീസ് നല്‍കേണ്ട ബാധ്യതയാണ് പഞ്ചായത്തിനുളളതെന്നും അത് നടപ്പാക്കേണ്ടത് പോലീസാണെന്നുമാണ് പഞ്ചായത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തെ പോലീസ് ഖണ്ഡിക്കുകയാണ്.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍