UPDATES

പ്രതിഷേധം ശക്തം; ദലിത് പൂജാരി യദുകൃഷ്ണനെതിരായ സമരത്തിനില്ലെന്ന് യോഗക്ഷേമ സഭ

എന്നാല്‍ യദു കൃഷ്ണനെതിരെ ഇപ്പോഴും വലിയ തോതിലുള്ള അധിക്ഷേപ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

ദലിത് പൂജാരി യദുകൃഷ്ണനെതിരെ ഇന്ന് തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തിന് തങ്ങള്‍ നേതൃത്വം നല്‍കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന്‌ യോഗക്ഷേമ സഭ. സമരം പ്രഖ്യാപിച്ച അഖില കേരള ശാന്തിക്ഷേമ യൂണിയനും നിരാഹാര സമരത്തില്‍ നിന്നും പിന്മാറിയതായാണ് താന്‍ അറിഞ്ഞിരിക്കുന്നതെന്നും യോഗക്ഷേമസഭ പ്രസിഡന്റ് വൈക്കം പിഎന്‍ നമ്പൂതിരി അഴിമുഖത്തോട് പറഞ്ഞു.

തിരുവല്ല മണപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂജകളുടെ കൃത്യവിലോപത്തിനെതിരെ എന്ന പേരില്‍ അഖില കേരള ശാന്തിക്ഷേമ യൂണിയന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികള്‍ യോഗക്ഷേമസഭയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്ര ചൈതന്യത്തിന് കോട്ടം സംഭവിക്കുന്ന രീതിയില്‍ കര്‍മ്മങ്ങളില്‍ മുടക്കം വന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരം പ്രവണതകള്‍ യോഗക്ഷേമസഭയ്ക്ക് അംഗീകാരിക്കാവുന്നതല്ലെന്നും വൈക്കം പിഎന്‍ നമ്പൂതിരി പറയുന്നു.

അതേസമയം പൂജ മുടങ്ങിയെന്ന പേരില്‍ ഒരുവിഭാഗം പ്രചരണം നടത്തുകയാണെന്ന് യദുകൃഷ്ണന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. ഒക്ടോബര്‍ 26ന് തനിക്ക് പറവൂരില്‍ പോകേണ്ടിയിരുന്നതിനാല്‍ ലീവ് എഴുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ എത്താന്‍ സാധിക്കാതെ വന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് മറ്റൊരാളെ പൂജയ്ക്ക് ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നയാളായതിനാല്‍ അല്‍പം വൈകിയാണ് നടതുറക്കാന്‍ എത്തിയതെന്നും ഇതിനെ പൂജ മുടങ്ങിയെന്ന പേരില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുകയാണെന്നും യദുകൃഷ്ണന്‍ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷവും ക്ഷേത്രത്തില്‍ നിന്നോ പ്രദേശവാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും തനിക്കുണ്ടായിട്ടില്ലെന്നും യദു പറയുന്നു.

ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും നിയമനം ലഭിച്ച അബ്രാഹ്മണ പൂജാരികളില്‍ ഒരാളാണ് ദലിതനായ യദു. യോഗക്ഷേമസഭയുടെ വിശദീകരണത്തില്‍ യദു ദലിതനാണെന്നതോ യദു അവധിയെടുത്തതോ ഒന്നുമല്ല പ്രശ്‌നമെന്ന് പറയുന്നുണ്ടെങ്കിലും യദുവിനെതിരെ ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് കരുതിക്കൂട്ടി തയ്യാറാക്കിയ പ്രതിഷേധവും സമരവുമാണെന്ന് വ്യക്തമാകും. യദുവിനെ അപമാനിക്കുന്ന വിധത്തിലുള്ള കമന്റുകളായിരുന്നു ഇതില്‍ ഏറെയും. ‘നമ്മള്‍ ഇരിക്കേണ്ടിടത്ത് നമ്മള്‍ ഇരിക്കണം’, ‘കാക്ക കുളിച്ചാല്‍ കൊക്കാകില്ല’ തുടങ്ങിയ വിധത്തിലുള്ള പരിഹാസങ്ങളായിരുന്നു യദുകൃഷ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ മാസം ആദ്യമാണ് യെദുവിനെയും 36 അബ്രാഹ്മണരായ പൂജാരികളെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂജാരിമാരായി നിയമിച്ചത്. എന്നാല്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ പൂജാരിയ്ക്ക് അയിത്തം കല്‍പ്പിച്ച വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെയായിരുന്നു ആധുനിക കാലത്തെ ക്ഷേത്രപ്രവേശന വിളംബരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കം. ‘നല്ല നായന്മാരും നമ്പൂതിരിമാരും താമസിക്കുന്നിടത്ത് കണ്ട ചോകോനെ പിടിച്ച് ശാന്തിക്കാരനായി വയ്ക്കാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു ചെറുപ്പക്കാരായ നാട്ടുകാര്‍ പോലും അന്ന് പറഞ്ഞത്. യദു പറയുന്നതിനെ വിശ്വസിക്കാമെങ്കില്‍ ഇയാളില്‍ നിന്നും വിശദീകരണം തേടാതെയായിരുന്നു യോഗക്ഷേമസഭയും ശാന്തിക്ഷേമ യൂണിയനും സമരം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്.

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഈഴവനായ സുധീര്‍കുമാര്‍ എന്ന യുവാവിനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്നും ഹിന്ദുമത കണ്‍വെന്‍ഷന്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ശക്തമായ ദേവീകോപമുണ്ടാകുമെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ശബരിമല മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിച്ച അബ്രാഹ്മണരെ ഒഴിവാക്കി ബ്രാഹ്മണരെ മാത്രം ഇന്റര്‍വ്യൂവിന് വിളിച്ച നടപടിയും നാം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം തന്നെ യദുവിന് കടുത്ത എതിര്‍പ്പുകളായിരിക്കും സമൂഹത്തില്‍ നേരിടേണ്ടി വരികയെന്നും നേരത്തെ തന്നെ വിലയിരുത്തലുണ്ടായിട്ടുണ്ട്.

സമരത്തിന് നേതൃത്വം നല്‍കുന്നത് യോഗക്ഷേമ സഭയാണെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും യോഗക്ഷേമ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയത് തന്നെ സോഷ്യല്‍ മീഡിയയില്‍ യദുവിനെതിരെ പലരും നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടായതോടെയാണ്. ആ അഭിപ്രായപ്രകടനങ്ങളുടെ ഭാഷ തന്നെ പ്രധാന പ്രശ്‌നവും. എന്നാല്‍ ‘അമ്പലം ഒരു നേരം അടച്ചു പൂജ മുടങ്ങിയാല്‍ അതിനെതിരെ ക്ഷോഭിക്കാനും ഉറഞ്ഞു തുളളാനും ഈ യോഗക്ഷേമ സഭ ആരാണ്?’ എന്നാണ് സുരേഷ് കുഞ്ഞുപിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. കൂടാതെ അമ്പലത്തിന് മേല്‍ സാധാരണ ജനങ്ങള്‍ക്ക് ഇല്ലാത്ത എന്ത് അവകാശമാണ് ഈ സഭക്കാര്‍ക്ക് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം ക്ഷേത്രംവക ഭൂമികളും കുടികിടപ്പവകാശക്കാരുടെ കൈകളിലെത്തിയതോടെ ബ്രാഹ്മണര്‍ ഉപേക്ഷിച്ച് പോയതുമൂലം അനാഥമായ ക്ഷേത്രങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കാസര്‍ഗോഡ് മുതലുള്ള പ്രധാന അമ്പലങ്ങളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. നമ്പൂതിരിമാര്‍ ഉപേക്ഷിച്ചു പോയതുകൊണ്ട് ദേവസ്വം ബോര്‍ഡ് ഈ ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതും ഏറ്റെടുക്കാനാകാതെ പോയ ക്ഷേത്രങ്ങള്‍ വര്‍ഷങ്ങളോളം പൂജയും നവീകരണ പ്രവര്‍ത്തനങ്ങളുമില്ലാതെ നശിച്ചുപോയതും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘അവകാശങ്ങളും അധികാരങ്ങളും തങ്ങളില്‍ നിന്നും പോയ കാര്യം ഇവര്‍ അറിഞ്ഞില്ലേ? ഇതില്‍ പ്രതിഷേധിക്കുന്നവര്‍ പോലും നമ്പൂരിക്ക് ഇപ്പോഴും ഇതിനൊക്കെയുള്ള അവകാശമുണ്ട് എന്ന കാര്യം അംഗീകരിച്ച പോലെയാണ്. ദേവസ്വം കമ്മീഷണര്‍ ആഫീസില്‍ സത്യാഗ്രഹം ഇരിക്കാന്‍ വരുന്ന നമ്പൂരിമാരെ അനാവശ്യ സംഘര്‍ഷം ഉണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു കേസെടുത്ത് ഗവണ്‍മെന്റ് മാതൃക കാണിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- എന്നും സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സംഘപരിവാര്‍ അനുകൂല സംഘടനയായ യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്‍മാറുന്നതായി അവര്‍ പ്രഖ്യാപിച്ചത് തന്നെ ഇത്തരം എതിര്‍പ്പുകള്‍ കണ്ടിട്ടാണെന്ന് വ്യക്തമാണ്. ആദിവാസിയുടെ വീട്ടില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കാനാകില്ലെന്ന നിലപാടെടുക്കുന്ന ജാതിക്കോമരങ്ങള്‍ യദുവിനെതിരെ ഇനിയും വാളെടുക്കുമെന്ന് വ്യക്തമാണ്. അതിനാലാണ് ജോലിയില്‍ പ്രവേശിച്ച് ഒരുമാസം പോലും തികയുന്നതിനിടയില്‍ യെദുവിനെതിരെ ഉന്നയിക്കാന്‍ കിട്ടിയ ആദ്യ ആരോപണം തന്നെ അവര്‍ ഉപയോഗിക്കാന്‍ തയ്യാറായത്. ബ്രാഹ്മണാധിപത്യം മാത്രം അംഗീകരിക്കുന്ന ഇവിടുത്തെ ഹിന്ദു സമൂഹത്തിന് ദലിതന്‍ നല്‍കുന്ന പ്രസാദം സ്വീകരിക്കാനും അയാള്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശ്രീകോവിലിലേക്ക് നോക്കി കൈകൂപ്പാനുമുള്ള മടി തന്നെയാണ് ഇത്തരം ആരോപണങ്ങള്‍ക്കും സമര പ്രഖ്യാപനങ്ങള്‍ക്കുമെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രേരണ എന്നുള്ളതും വ്യക്തമാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍