UPDATES

ട്രെന്‍ഡിങ്ങ്

‘അവനെ കൊന്നത് മമ്മട്ടിക്കടിച്ച്’, വര്‍ക്കലയില്‍ അടിച്ചുകൊന്ന ദളിത്‌ യുവാവ് അനന്തുവിന്റെ ബന്ധു

പ്രതിയായ മുഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെ കഞ്ചാവ് കേസടക്കം നിരവധി കേസുകള്‍ അയിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

“രാത്രി പത്തരേയൊക്കെ ആയപ്പം അവന്റെ കൂട്ടുകാരന്റെ കൂടെ, താഴെയിട്ടിരുന്ന ഒരു ഇലക്ട്രിക് പോസിറ്റില്‍ സംസാരിച്ചോണ്ടിരിക്കേയിരുന്നു. ഞാന്‍ ആശുപത്രീ പോയിട്ട് വരുമ്പാണ് അവരെ കണ്ടത്. എടാ മക്കളേ സമയം തോനെയായി ഇനി വീട്ടില് പോവിന്‍ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് കയറി ഡ്രസ് മാറ്റീതേയൊള്ള്. അപ്പഴേക്കും താഴെ ഒരു നെലവിളി കേട്ട്. ചെന്ന് നോക്കുമ്പും അയാള്‍ മമ്മട്ടിക്ക് അവനെ അടിക്കുവാണ്. മൂന്ന് അടി അടിച്ചു. ഇനി അടിക്കരുതെന്നും പറഞ്ഞ് ഞാന്‍ അവന്റെ കൈക്ക് കേറിപ്പിടിച്ചു. പക്ഷെ അപ്പഴേക്കും അച്ചു ബോധം കെട്ട് താഴെ വീണ്”, വര്‍ക്കലയില്‍ തലക്കടിയേറ്റ് മരിച്ച അനന്തു മോഹന്റെ ബന്ധു നിര്‍മ്മലയുടെ വാക്കുകള്‍. നിര്‍മ്മലയുടെ പുഴക്കാട്ടില്‍ റോഡ് വക്കിലുള്ള വീടിന് സമീപം വച്ചാണ് അനന്തുവിനെ പ്രതിയായ മുഹമ്മദ് അബ്ദുള്ള മോഷണക്കുറ്റം ആരോപിച്ച് അടിച്ച് കൊന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അനന്തു ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു.

അച്ഛനും അമ്മയും മരിച്ച അനന്തു മോഹന്‍ മാന്തറയില്‍ അമ്മയുടെ സഹോദരിയുടെ കൂടെയായിരുന്നു താമസം. സഹോദരിയും ഇളയ സഹോദരനുമാണ് അനന്തുവിനുള്ളത്. സഹോദരിയുടെ വിവാഹം കഴിഞ്ഞതിന് ശേഷം സഹോദരനെ പഠിപ്പിക്കുന്നതും വീട്ടുചെലവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അനന്തുവായിരുന്നു നോക്കിയിരുന്നത്. 24 വയസ്സുണ്ടായിരുന്ന അച്ചു എന്ന് വിളിക്കുന്ന അനന്തുവിന് കൊല്ലത്ത് ഒരു വര്‍ക് ഷോപ്പില്‍ പോളിഷിങ് ജോലിയായിരുന്നു. അനന്തു മരിച്ചതോടെ ഈ കുടുംബത്തിന്റെ ഏക അത്താണിയും ഇല്ലാതായി. പ്രദേശവാസിയായ രാജു പറയുന്നു: “അറിയാവുന്നിടത്തോളം ഒരു ദുശ്ശീലവും ഇല്ലാത്ത പയ്യനായിരുന്നു. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ എന്തേലും ആവശ്യം വന്നാല്‍ കാശായിട്ടും ആളായിട്ടും ഉണ്ടാവുന്ന അച്ചു മോഷണം ചെയ്യുമെന്ന് പോലും ആരും വിശ്വസിക്കുന്നില്ല. പണി കഴിഞ്ഞ് വന്നാല്‍ വീട്ടില്‍ തന്നെയാവും മിക്കപ്പഴും. ചിലപ്പോ മാത്രം അടുത്ത കൂട്ടുകാര്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ പുറത്ത് പോവും എന്നല്ലാതെ വേറൊന്നിലും ഇടപെടാത്തയാളായിരുന്നു.”

മുപ്പതാം തീയതി രാത്രി ജോലി കഴിഞ്ഞ് എത്തിയ അനന്തു അടുത്ത കൂട്ടുകാരന്‍ വിളിച്ചിട്ടാണ് പുഴക്കാട്ട് പ്രദേശത്തേക്ക് പോവുന്നത്. അനന്തുവിന്റെ വീടുമായി രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണിത്. ഇവിടെയാണ് അനന്തുവിന്റെ അമ്മയുടെ സഹോദരിയുടെ മകളായ നിര്‍മ്മലയും കുടുംബവും താമസിക്കുന്നത്.

Also Read: വര്‍ക്കലയില്‍ 24 വയസ്സുള്ള ദളിതനെ മോഷണക്കുറ്റമാരോപിച്ച് അടിച്ചുകൊന്നു

പ്രതിയായ മുഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെ കഞ്ചാവ് കേസടക്കം നിരവധി കേസുകള്‍ അയിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. “കഞ്ചാവും മദ്യപാനവും ഏറി പലപ്പോഴും ശല്യമാവുമ്പോള്‍ ഞാനും മക്കളും ചോദ്യം ചെയ്തിട്ടുണ്ട്. ചെലപ്പോ അതിന് പിന്നില്‍ അച്ചുവാണെന്ന് അയാള്‍ ധരിച്ചിരിക്കും. പെട്രോള്‍ ഊറ്റിയെന്ന് പറഞ്ഞ് അവനെ തല്ലിക്കൊന്നതെന്തിനാണെന്ന് എനിക്കറിയില്ല. ഇത്തിരിപ്പോരമുള്ള ഒരു ചെറുക്കന്റെ ജീവിതം തീര്‍ത്തില്ലേ? ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരെ അടിച്ചാലും തല്ലിക്കൊന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ?” നിര്‍മ്മല ചോദിക്കുന്നു.

അടിയേറ്റ് ബോധരഹിതനായി വീണ അനന്തുവിനെ ബന്ധുക്കള്‍ തന്നെയാണ് വര്‍ക്കല ഗവ. ആശുപത്രിയില്‍ എത്തിക്കുന്നത്. പിന്നീട് പാമ്പ്രം ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. എന്നാല്‍ തലയ്ക്ക് പരിക്കേറ്റതിന്റെ കാഠിന്യത്തില്‍ അസ്വാഭാവിക പെരുമാറ്റങ്ങളായിരുന്നു രണ്ട് ദിവസമായി അനന്തു കാട്ടിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വേടര്‍ സമുദായ അംഗമായ അനന്തുവിന്റെ മരണ കാരണം തലക്കേറ്റ പരിക്കാണെന്ന് ഡോക്ടര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

പ്രദേശത്ത് ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോവുന്നത് പതിവായിരുന്നു എന്നും ഇതില്‍ സംശയം തോന്നിയാണ് അനന്തുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പ്രതി ചോദ്യം ചെയ്തതെന്നും അത് സംഘട്ടനത്തിലേക്ക് നീങ്ങുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം. പോലീസ് പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍