UPDATES

പരിസ്ഥിതിയെ തൊടാതെ വയനാട് റെയില്‍പ്പാതയോ? പറ്റുമെന്നാണ് ഈ മലയാളിയുവാക്കള്‍ പറയുന്നത്

നഞ്ചന്‍കോട്-ബത്തേരി-നിലമ്പൂര്‍ പായ്ക്ക് ബദലായി മൈസുരുവില്‍ നിന്ന് ഗുണ്ടത്തൂര്‍-കൊളവള്ളി-പുല്‍പ്പള്ളി-മുട്ടില്‍-മേപ്പാടി വഴി നിലമ്പൂരില്‍ എത്താന്‍ കഴിയുന്നതാണ് പുതിയ പാത

നഞ്ചന്‍കോട് – സുല്‍ത്താന്‍ ബത്തേരി – നിലമ്പൂര്‍ റെയില്‍വേ പാത പല കാരണങ്ങള്‍ കൊണ്ടും ചുവപ്പുനാടയിലേക്ക് ഒതുങ്ങുമ്പോള്‍ പാരിസ്ഥിതിക തടസങ്ങളോ മറ്റു തടസങ്ങളോ ഇല്ലാതെ പുതിയ പാത യാഥാര്‍ഥ്യമാക്കാമെന്ന യുവാക്കളുടെ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു. പുല്‍പ്പള്ളി സ്വദേശികളായ കിഴക്കഞ്ചേരി എല്‍ദോസ് കുര്യാക്കോസിന്റെയും കരിമ്പനായില്‍ ലിബിന്റെയും മനസ്സില്‍ തെളിഞ്ഞതാണ് പുതിയ ആശയം. പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ മൈസുരുവില്‍ നിന്ന് വയനാട് വഴി പാത നിര്‍മ്മിക്കാമെന്ന് ഇവര്‍ പറയുന്നു.

‘ഇത്തരത്തില്‍ ഒരു ആശയം രാജ്യത്ത് തന്നെ ആദ്യമാണ്. മള്‍ട്ടി പര്‍പ്പസ് ബ്രിഡ്ജ് വഴി വനത്തില്‍ കൂടിയുള്ള ഗതാഗതം സാധ്യമാക്കുന്നതിനാല്‍ തീര്‍ത്തും പാരിസ്ഥിതിക സൗഹൃദമാണ് ഈ പാത. റെയില്‍വെയുമായി ബന്ധപ്പെട്ട് ഹര്‍ത്താലില്‍ വയനാട് ജില്ല പ്രത്യേകിച്ച് പുല്‍പ്പള്ളിയിലെ ജനങ്ങള്‍ വലയുന്നതു കണ്ടപ്പോഴാണ് ഇത്തരത്തില്‍ ഒരാശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്’ എന്ന് എല്‍ദോസ് പറയുന്നു. മൈസുരുവില്‍ നിന്ന് എച്ച് ഡി കോട്ട താലൂക്കിലെ ഹാന്‍ഡ് പോസ്റ്റ്, ഗുണ്ടത്തൂര്‍, വയനാട്ടിലെ കൊളവള്ളി, പുല്‍പ്പള്ളി, മുട്ടില്‍, മേപ്പാടി വഴി നിലമ്പൂരില്‍ എത്തുന്ന പാതയാണ് എല്‍ദോസും ലിബിനും നിര്‍ദ്ദേശിക്കുന്നത്.

നിലവില്‍ നഞ്ചന്‍കോട് നിന്ന് നിലമ്പൂരിലേക്കുള്ള പാത കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയും മൈസുരു – മാനന്തവാടി – തലശ്ശേരി പാത കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലൂടെയുമാണ് കടന്നു പോകുന്നത്. എന്നാല്‍ ഈ രണ്ട് പാതകളും പ്രാവര്‍ത്തികമാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി നിയമങ്ങള്‍ തടസ്സമാകുമെന്ന് ചിന്തിക്കുന്നവരും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ഈ രണ്ടു യുവാക്കളുടെയും ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ഗൂഗിള്‍ മാപ്പിലെ ഏരിയല്‍ സെര്‍ച്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു സാധ്യത പരിശോധിച്ചതെന്നും ഇവര്‍ പറയുന്നു.

ബീച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നാഗര്‍ഹൊളെ ദേശീയോദ്യാന പരിധിയില്‍ വരുന്ന ഭാഗത്ത് ഏകദേശം ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരേ സമയം റോഡ്, റെയില്‍ ഗതാഗതത്തിന് ഉതകുന്ന പാലം പണിയുന്നതിലൂടെ മൈസുരു നിലമ്പൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാം. അതേസമയം നഞ്ചന്‍കോട് – നിലമ്പൂര്‍ പാതയില്‍ ഏകദേശം 25 കിലോമീറ്ററാണ് ബന്ദിപ്പൂര്‍ കടുവാ സങ്കേത്തതിലൂടെയും വയനാട് വന്യജീവി സങ്കേതത്തിലൂടെയും കടന്ന് പോകേണ്ടത്. ഏറ്റവും ഒടുവില്‍ കണക്കാക്കിയ അലൈന്‍മെന്റ് അനുസരിച്ച് 16 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യവും. എന്നാല്‍ മൈസുരുവില്‍ നിന്ന് ഹാന്‍ഡ് പോസ്റ്റ് – മേപ്പാടി വഴി നിലമ്പൂരിലേക്ക് പാത നിര്‍മ്മിക്കുമ്പോള്‍ ഇവിടെയും 25 കിലോമീറ്റര്‍ കുറയും. ഈ പാതയുടെ ബിച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിന് പുറമെ മേപ്പാടിക്കും നിലമ്പൂരിനും ഇടയില്‍ കുറച്ചു മാത്രമാണ് വനം ഉള്ളത്.

കരിമ്പനായില്‍ ലിബിനും എല്‍ദോസ് കുര്യാക്കോസും

റെയില്‍വെ വിദഗ്ദരുടെയും എഞ്ചിനീയര്‍മാരുടെയുമൊക്കെ കണക്കനുസരിച്ച് ഒരു കിലോമീറ്റര്‍ തുരങ്ക പാത നിര്‍മ്മിക്കുന്നതിന് 400 കോടി രൂപയും മേല്‍പ്പാലത്തിന് 200 കോടി രൂപയുമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഒപ്പം നഞ്ചന്‍കോട് – നിലമ്പൂര്‍ പാതയില്‍ 18 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ എല്‍ദോസും ലിബിനും നിര്‍ദ്ദേശിക്കുന്ന പാതയായ മൈസുരു – നിലമ്പൂര്‍ പാതയില്‍ പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ ഒന്നായ മണല്‍ ബിച്ചനഹള്ളി അണക്കെട്ടില്‍ സുലഭമാണ്. മണലെടുപ്പ് അണക്കെട്ടിന്റെ ജലസംഭരണശേഷി വര്‍ദ്ധിക്കുന്നതിന് സഹായവും ആയേക്കും. ‘ഈ ഒരു ആശയം പരമാവധി ഷെയര്‍ ചെയ്ത് വേണ്ടപ്പെട്ടവരുടെ അടുക്കല്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.കമ്മറ്റി രൂപികരിച്ച് മുന്‍പോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. അധ്യാപകരുടെയും വിദഗ്ദരുടെയുമൊക്കെ സഹായം തേടുന്നുണ്ട്’ എന്ന് ലിബിനും പറയുന്നു.

ബീച്ചനഹള്ളി വനമേഖലയില്‍ പാളം കടന്നു പോകുന്ന ഭാഗം പൂര്‍ണ്ണമായും പാലത്തിന് അടിയില്‍ വരുന്നതിനാല്‍ വന്യജീവികളുടെ വിഹാരം തടസ്സപ്പെടുത്തുന്നില്ല.അക്വാസ്റ്റിക്സ്സ് എഞ്ചിനീയറിംഗിലുടെ ശബ്ദമലിനീകരണം നിയന്ത്രണവിധേയമാക്കാനും സാധിക്കും. ഒപ്പം തന്നെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാവും ഈ പാത. ടണലിനെ അപേക്ഷിച്ച് പാലം നിര്‍മ്മിച്ചാല്‍ ചിലവും കുറയുമെന്ന് ഈ യുവാക്കള്‍ പറയുന്നു.

‘കൊളവള്ളിക്കും ഗുണ്ടത്തൂരിനും ഇടയില്‍ 9 കിലോമീറ്റര്‍ മള്‍ട്ടി പര്‍പ്പസ് ബ്രിഡ്ജാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് നൂറു ശതമാനവും പരിസ്ഥിതി സൗഹാര്‍ദ്ദമാണ്.വയനാട് എത്തിയാല്‍ തന്നെ ഈ പാത നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ഒറ്റ മരവും മുറിച്ചു മാറ്റേണ്ടി വരില്ല. കൂടുതല്‍ ജനസാന്ദ്രത ഉള്ള ഏരിയ ആയതിനാല്‍ തന്നെ റെയില്‍വെക്ക് ഈ പാത നഷ്ടവുമുണ്ടാക്കില്ല. നിര്‍മ്മാണച്ചിലവും കുറവാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്ന പാതയാണിത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പ്രൊജക്റ്റ് ആദ്യമാണ്’ എന്നും എല്‍ദോസ് വിശദമാക്കുന്നു.

ആശയത്തിന്റെ രൂപരേഖ ഇംഗ്ലീഷിലേക്കും കന്നട ഭാഷയിലേക്കുമൊക്കെ തര്‍ജ്ജമ ചെയുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ യുവാക്കള്‍. അതേസമയം അടുത്ത ദിവസം തന്നെ രൂപരേഖയുടെ പകര്‍പ്പുകള്‍ കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെടുത്താനും കര്‍ണാടക കേരള മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര റെയില്‍ മന്ത്രാലയ മേധാവികള്‍, ഗതാഗത മന്ത്രി, ഗതാഗത സെക്രട്ടറി അടക്കമുള്ളവരിലേക്ക് ആശയം എത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. എല്‍ദോസ് ദുബായിലെ അല്‍ഫാന എഞ്ചിനീയറിഗ് കമ്പനിയില്‍ കണ്‍സല്‍ട്ടന്റാണ്. ലിബിന്‍ പുല്‍പ്പള്ളിയില്‍ ഗ്രാഫിക്ക് ഡിസൈനറായി പ്രവര്‍ത്തിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍