UPDATES

ട്രെന്‍ഡിങ്ങ്

മനിതി സംഘത്തിലെ 11 പേരുൾപ്പെടെ വിധിക്കു ശേഷം ശബരിമലയിലെത്തിയത് ഇത്ര യുവതികൾ; യുവതീ പ്രവേശനം നടക്കാതെ ഈ സീസണും അവസാനിക്കുന്നു

സ്ത്രീകളെ അവരുടെ ജീവശാസ്ത്രപരമായ പ്രത്യേകതയെ മുൻനിർത്തി തടയാനാകില്ലെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിലേക്ക് പള്ളിക്കെട്ടേന്തിയും അല്ലാതെയും നിരവധി യുവ സ്വാമിനികളാണ് എത്തിയത്.

ശബരിമലയിൽ പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ അവരുടെ ജീവശാസ്ത്രപരമായ പ്രത്യേകതയെ മുൻനിർത്തി തടയാനാകില്ലെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിലേക്ക് പള്ളിക്കെട്ടേന്തിയും അല്ലാതെയും നിരവധി യുവ സ്വാമിനികളാണ് എത്തിയത്. എന്നാൽ ആരും ഈ ഉദ്യമത്തിൽ ഇതുവരെ വിജയിക്കുകയുണ്ടായില്ല. ശബരിമലയിലേക്ക് ആദ്യം തിരിച്ചത് ആലപ്പുഴ അർത്തുങ്കൽ സ്വദേശി ലിബിയാണ്. ഒക്ടോബർ 17നായിരുന്നു ഇത്. ലിബിയെ ബിജെപി പ്രവർത്തകർ പത്തനംതിട്ട ബസ്റ്റാന്റിൽ വെച്ചു തന്നെ തടഞ്ഞു. ആക്രോശവും അസഭ്യവർഷങ്ങളും ഇവർക്കു നേരെയുണ്ടായി. പൊലീസിനു നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ 38കാരിയായ ലിബി വീട്ടിലേക്ക് മടങ്ങി.

ഇതേ ദിവസം തന്നെ മറ്റൊരു യുവതിയും മല ചവിട്ടാനെത്തി. ആന്ധ്ര ഈസ്റ്റ് ഗോദാവരിയിൽ നിന്ന് എത്തിയ 45കാരിയായ മാധവി മാളികപ്പുറത്തിന് പക്ഷെ തിരികെ പോകേണ്ടി വന്നു. കരഞ്ഞു കൊണ്ടാണ് ഇവർ തിരിച്ചുപോയത്. പൊലീസ് സുരക്ഷയില്ലാതെ എത്തിയ ഇവർക്കു ചുറ്റും ബിജെപി പ്രവര്‍ത്തകർ ആക്രോശങ്ങളുമായി കൂടുകയായിരുന്നു.

ഒക്ടോബർ 19ന് കൊച്ചി സ്വദേശിയായ രഹാന ഫാത്തിമ എന്നയാള്‍ ശബരിമലയിലേക്ക് തിരിച്ചു. ഇവർക്കൊപ്പം മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയും ഉണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഇവർ. സന്നിധാനത്തെ വലിയ നടപ്പന്തൽ വരെ ഇരുവരും എത്തുകയുണ്ടായി. ഇവരുടെ സന്ദർശനത്തെ വർഗീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. ഇതിനിടെ കെ സുരേന്ദ്രനുമായി മംഗലാപുരത്തു വെച്ച് രഹാന ഫാത്തിമ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ചിലരെത്തി. ഭക്തരെ പരിഹസിച്ച് പ്രകോപനം സൃഷ്ടിക്കാനാണ് രഹാന അയ്യപ്പവേഷം ധരിച്ച് പ്രത്യേക രീതിയിൽ പോസ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലിട്ടത് എന്ന വിമർശനവും വരികയുണ്ടായി.

രഹാനയും കവിതാ ജക്കാലയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിരിച്ചിറങ്ങിയതിനു പിന്നാലെ മല കയറാൻ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എത്തി. ഒക്ടോബർ 19നായിരുന്നു ഇത്. സുരക്ഷയൊരുക്കിയില്ലെങ്കിലും താൻ മല കയറുമെന്ന് ഇവർ പറഞ്ഞു. തനിക്ക് ടെലിപ്പതിയിൽ വിശ്വാസമുണ്ടെന്നും ഒരു ആന്ധ്ര ബ്രാഹ്മണൻ തന്നെ നയിക്കുന്നുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഇവർ നവംബർ മാസത്തിൽ നട തുറന്നപ്പോൾ വീണ്ടും ദർശനത്തിനെത്തിയിരുന്നു.

ഒക്ടോബർ 20നാണ് മറ്റൊരു യുവതി ശബരിമലയിലെത്തിയത്. കൊല്ലം ചാത്തന്നൂർ സ്വദേശി എസ്‌പി മഞ്ജുവായിരുന്നു ഇത്. മഞ്ജുവിനൊപ്പം മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണിയോടെയായിരുന്നു ഇവർ പൊലീസിനെ സമീപിച്ചത്. ബിജെപി പ്രവർത്തകർ ആക്രോശങ്ങളുമായി നിലയുറപ്പിച്ചതോടെ മഞ്ജുവിനൊപ്പമുള്ള സ്ത്രീ മടങ്ങിപ്പോകാൻ തയ്യാറായി. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവു കൂടിയായ മഞ്ജു തിരികെ പോകാൻ തയ്യാറായില്ല. ഇവർക്കെതിരെ വിവിധ ജില്ലകളിലായി 15 കേസുകളുണ്ടെന്നും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കു ശേഷം മാത്രമേ മല കയറാൻ അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. ഒടുവിൽ മല കയറാൻ താൽപര്യമില്ലെന്ന് എഴുതി നൽകി മഞ്ജു മടങ്ങി.

ഒക്ടോബർ 21ന് ശബരിമലയിലേക്ക് ആന്ധ്രയിൽ നിന്ന് വീണ്ടും യുവ മാളികപ്പുറങ്ങളെത്തി. രണ്ടുപേരാണ് എത്തിയത്. ഇവർ പുരുഷന്മാരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് എത്തിയത്. ഇവരെയും ബിജെപി പ്രവർത്തകർ തടഞ്ഞു.

ഒക്ടോബർ 22ന് ശബരിമല കയറാനെത്തിയ ബിന്ദു തങ്കം കല്യാണിക്കും മടങ്ങേണ്ടി വന്നു. രാവിലെ എരുമേലിയിലെത്തിയ 35കാരിയായ ബിന്ദുവിനെ ബിജെപി പ്രവർത്തകർ ഉഫരോധിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രതിഷേധക്കാരെ നീക്കി പൊലീസ് വാഹനത്തിൽ കണമല വഴി പമ്പയിലേക്ക് പോയി. വട്ടപ്പാറയിൽ വെച്ച് ബിജെപി പ്രവർത്തകർ ബസ്സ് തടഞ്ഞു. പമ്പയിലെത്തിയപ്പോൾ പൊലീസിന് ബിന്ദു തന്റെ വിലാസം നൽകിയിരുന്നു. ഇത് ഉടൻ ചോർന്നു കിട്ടിയതോടെ ബിന്ദുവിന്റെ വീടിനു മുന്നിൽ പ്രതിഷേധക്കാരെത്തി.

ശബരിമല മണ്ഡല സീസൺ തുടങ്ങിയതിനു ശേഷം യുവ മാളികപ്പുറങ്ങൾ എത്തുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഡിസംബർ 22 വരെ ആരും എത്തുകയുണ്ടായില്ല. ഡിസംബർ 23ന് തമിഴ്നാട്ടിൽ നിന്നും മനിതി സംഘം പ്രവർത്തകർ വ്രതമെടുത്ത്, പള്ളിക്കെട്ടേന്തി മല കയറാനെത്തി. ഇവരുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍